Saturday, June 15, 2019

ഓരോരോ പായാരം തങ്ങളില്‍ ചൊല്ലി ഓരായിരം കിളി ഒത്തുവന്നു


അതിരാവിലെ അടുക്കളക്കണ്ണാടിജനൽ തുറക്കുമ്പോൾ മുഖമൊട്ടി മേലാകെപ്പടരുന്നൊരു തണുപ്പൻ കാറ്റുണ്ട്. അതിലാണൊരു ദിവസം തുടങ്ങുക ചിലപ്പോളൊരു ചൂടൻ സൂര്യനും മഴക്കാലത്ത് കുഞ്ഞുകുഞ്ഞു മഴത്തുളളികളും മുഖമൊപ്പും . ഒരു കപ്പ് ചായ അടുക്കളത്തിണ്ണമേൽ വെച്ച് തുടങ്ങുന്ന ദിവസം പതുക്കെയതിന്റെ താളത്തിലാവുന്നത് അവിടെ നിന്നാണ്  .കണ്ണാടിജനലിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന പറമ്പിൽ ചെറുകിളിയൊച്ചകളുണ്ടാവും .

ഇടയ്ക്കിടെ  പുല്ലുവെട്ടൻ യന്ത്രത്തിന്റെ കിരുകിരുപ്പിൽ വളർന്നു നിൽക്കുന്ന പുല്ലുകളൊക്കെ നിലപരിശാകാറുണ്ട് ആ പറമ്പിൽ.
രാവിലത്തെ ഉറക്കപ്പശിമയിൽ നിന്ന് ഇന്നും തണുത്ത കണ്ണാടിജനൽ വലിച്ചു തുറന്നു. ആദ്യം കണ്ടത് ഒരു കുഞ്ഞു മരത്തിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുന്ന രണ്ടു ബുൾബുളുകളെയാണ്. ചുവന്ന തൊപ്പിയൊക്കെ വെച്ചുള്ള ഒരു സുന്ദരൻ ബുള്ബുളും അവന്റെ ചങ്ങാതിപ്പക്ഷിയും പിന്നെയടുത്ത മരക്കൊമ്പിലേക്കും മതിലിലേയ്ക്കും മാറിമാറിപറന്നിരുന്നു .
പിന്നെ നിലത്ത് ഒരു പട പൂത്താങ്കീരികൾ ...seven സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന അവരവിടെ മുഴുവൻ ബഹളമയമാക്കികൊണ്ടിരുന്നു .
ആദ്യമേ സ്ഥാനം പിടിച്ച കുറച്ച് കാക്കകൾ  , പിന്നെയവിടെയ്ക്ക് പറന്നിറങ്ങുന്ന അഞ്ചാറു കൊറ്റികൾ ..
വഴി തെറ്റി വന്നതെന്ന് തോന്നുന്ന ഒരേയൊരു ചങ്ങാലിപ്രാവ് ഇവരൊക്കെയും നിലത്ത് കൂടെ ചാടിയും പറന്നും നടക്കുന്നു.
അപ്പോഴേക്കും മൂന്നു നാല് ഓലഞ്ഞാലിക്കുരുവികൾ വന്നു..നിലത്തു നിന്ന് അടുത്തുള്ള ഒരു തെങ്ങോലത്തുമ്പിലേക്ക് പാറിക്കളിച്ചു കൊണ്ടേയിരുന്നു.
കൂട്ടിനു നീളൻ വാലുള്ള കാക്കതമ്പുരാട്ടികുട്ടികൾ ..വെള്ളയും കറുപ്പും നിറത്തിലുള്ള വാലാട്ടിക്കിളികളും കൂടെച്ചേർന്നു . അപ്പോഴേക്കും എവിടെ നിന്നോ പാറി വന്ന വേലിത്തത്തകൾ ഇരുമ്പ് വേലിയിൽ ബാലൻസ് ചെയ്ത് ഇരുന്നു. തൊട്ടരികിലിലുള്ള ഒരു വീടിന്റെ മേൽപ്പുരയിൽ ഇരുന്നു രംഗം വീക്ഷിച്ചു കൊണ്ട് ഒരു നീലപൊന്മാനും ...
ഒരു മഴപ്പൊട്ടലിനു ശേഷം തൊടിയിൽ ഉണ്ടായ ഈയാംപാറ്റകളെയും മറ്റു പ്രാണികളെയും ഭക്ഷണമാക്കാനാണ് ഈ  പക്ഷികളൊക്കെ എവിടെ നിന്നൊക്കെയോ എന്റെ പുലർകാലത്തിലേക്ക് കൂടി പറന്ന് ഇറങ്ങിയത് .ഒടുക്കം താഴ്ന്നു പറന്നു വന്ന രണ്ടു ചെമ്പരുന്തുകൾ കൂടി രംഗത്തെത്തിയതോടെ ഓരോരുത്തരുടെയും  കുഞ്ഞു വയറിൽ കൊള്ളും വിധം മൃഷ്ടാന്നം കഴിച്ച് അവർ അവരുടെ ഇടങ്ങളിലേക്ക് തിരികെപ്പറന്നു . ഞാൻ എന്റെ അടുക്കളയിലേക്കും .

-------------
ഓരോരോ പായാരം ചൊല്ലി
പിന്നെ ഓരോ കിളികളും പറന്നു പോയി



Sunday, November 11, 2018

നാടില്ലാത്തവർക്ക് ..പല കാലങ്ങളിൽ പല നാടായവർക്ക് ..

നാടില്ലാത്തവർക്ക് ..പല കാലങ്ങളിൽ പല നാടായവർക്ക് .

ഒരു  വേനലിന്റെ ഓർമ്മയായിരിക്കണം അത്. അല്ലെങ്കിൽ ചെമ്മണ്ണ് പറക്കുന്ന ഒരു വഴിയുടെ.
അങ്ങനെ പോകുമ്പോൾ ഓർമ്മയുടെ അറ്റത്ത്  ഇപ്പോഴും തങ്ങി  നിൽക്കുന്ന ഒരു വീടിൻറെ ...
മുൻവശം നിറയെ കടമുറികളുള്ള ഒരു വീട്. ആ വീടിന് പലതരം നിഗൂഢമായ വാതിലുകൾ ഉണ്ടെന്നാണ് കുട്ടിക്കാലം തോന്നിച്ചത്.
ഇന്നും ആ വീടുണ്ട് . അനവധി സ്വത്ത് തർക്കങ്ങളിൽപ്പെട്ട് ജീർണ്ണാവസ്ഥയിൽ ആരുടൊക്കെയോ നിശ്വാസങ്ങൾ ജനിച്ചു മരിച്ചൊരിടമായി , ഒരു ജീർണ്ണസ്ഥലിയായി ആ വീട് നിൽക്കുന്നു. ഒരുപക്ഷേ നാട് തുടങ്ങുന്നത് അവിടുന്നായിരിക്കും.  മുൻവശത്ത് കടമുറികളിൽ ഒന്നിൽ ആ വീടിന്റെ ഉടമയുടെ ചിത്രം തൂക്കിയിട്ടിരുന്നു. ഉമ്മർ സാഹിബ് എന്ന് പിന്നീട് ആരൊക്കെയാലോ പറഞ്ഞു കേട്ടിരുന്ന എന്റെ വലിയുപ്പ . ഞാൻകണ്ടിട്ടില്ല.   പഴകി  മഞ്ഞച്ച ഏതോ ഒരാൽബത്തിലാണ് വലിയുമ്മയുടെ ചിത്രം കണ്ടിട്ടുള്ളത് .
പക്ഷെ , അതാണെന്റെ വീട്.
എന്റെ എന്നത് വെറുതെ   ഓർമ്മയ്ക്ക് വേണ്ടിയുള്ള ഒരാവകാശമാണ്. ശരീഅത്ത് നിയമം അനുസരിച്ചുള്ള അവകാശമല്ല .  പെണ്ണുങ്ങൾക്ക് പൊതുവിൽ അവകാശക്കുറവും കയ്യൂക്കുള്ളവർ  സ്വത്തവകാശത്തതിനായി അനേകമനേകം വ്യവഹാരങ്ങൾ നടത്തുകയും ചെയ്തിരുന്ന  വീടാണത് .
അനേകം ഉൾവേവുകളുടെ ഗന്ധമായിരുന്നു ആ വീടിന് .ഒരേ വീട്ടിലെ  പലയകങ്ങളിലെ പലതരം ഉൾ വേവുകളുടെ ഗന്ധം .


musaafir hun yaaron,
na ghar hai na thhikaana
Mujhe chalate jaana hai,
bas chalate jaana
(വീണ്ടും നാടെന്ന് ഓർക്കുമ്പോൾ )
ജാലകം