Wednesday, March 25, 2020

പേരില്ലാത്തത്


കവിതയെഴുതുമ്പോൾ സ്വപ്നവും നിറങ്ങളും വെയിൽപ്പഴുതുകളും
ഒരേയിടങ്ങളിൽ നനയുന്ന മഴയുമൊക്കെയുള്ള ഒരു കാലം എനിക്കുമുണ്ടായിരുന്നു .
എല്ലാരുടെയും ഉള്ളിലുള്ള കവിത ..അത്രയ്ക്ക് നിർമലമായത് .
എന്നാൽ വാക്കുകളെ പേടിയാണിപ്പോൾ .
സന്തോഷമെന്നും ജീവിതാനന്ദമെന്നും വാക്ക് തൊടുമ്പോൾ നിർമമം ആവുന്നു.

ഏതൊരെഴുത്തും ഒരു വായനക്കാരനെയോ വായനക്കാരിയെയോ എങ്കിലും കാത്തിരിക്കുന്നുണ്ടാവും .
എഴുതാനാവാത്തതിലാണ് കഥാകാരി രാജലക്ഷ്മി ജീവിതം നിർത്തിപ്പോയതെന്ന് എവിടെയോ വായിച്ചിട്ടുണ്ട് .
അത് പറഞ്ഞപ്പോളാണ് , അടുത്ത തവണ ലൈബ്രറിയിൽ പോകുമ്പോൾ ഒരു വഴിയും കുറെ നിഴലുകളും വീണ്ടുമെടുത്ത് വായിക്കണമെന്ന് എന്ന് തോന്നുന്നത് .
കുറെ നാളായി അങ്ങോട്ട് പോയിട്ട് .
ഇനി എന്ന് പോകാൻ ആവുമെന്നും അറിയില്ല.
  കേരളം  ഇത് വരെ അറിഞ്ഞിട്ടിലാത്ത ലോക്ക് ഡൗണിന്റെ രണ്ടാം ദിവസമാണ് ഇന്ന് .
രാജ്യത്തിന്റെ ലോക്ക് ഡൗണിന്റെ ഒന്നാം ദിവസവും ..

ഓരോ എഴുത്തിനുമവസാനം കൺ കോണിൽ ആ എരിച്ചിലുണ്ട് .മാറുമായിരിക്കും .

Sunday, March 22, 2020

ഓർമ്മയെന്നത്


പറിച്ച് നടലും ജിപ്സികളുടേത് പോലുള്ള പെറുക്കിക്കെട്ടലുമായിട്ട് എത്ര നാളായി.  ഒരിടത്ത് നിന്നും അന്യമായ മറ്റൊരിടത്തേയ്ക്ക്.  സ്നേഹ ബന്ധങ്ങളിൽ നിന്ന് സ്നേഹ ബന്ധങ്ങളിലേയ്ക്ക് . മറവിയിൽ നിന്ന് മറവിയിലേയ്ക്ക് .

വീണ്ടുമൊരു പെറുക്കിക്കെട്ടലിൽ കുട്ടികളുടെ ടീ സീ മുതൽ ക്ക്  പൊട്ടാതെ അടുത്ത ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്തിക്കേണ്ട മീൻചട്ടി വരെ മനസ്സിൽ ലിസ്റ്റിടുന്ന നേരത്താണ് മൊബൈൽ കിലുകിലുത്തത്. .   'കെം  ജോ ' നാളുകളായി ഒരു മെസേജു കൊണ്ട് പോലും അങ്ങോട്ട്‌ വിവരം അന്വേഷിക്കാതിരുന്ന ജാള്യത മറച്ച് വെച്ചു കൊണ്ട് ' മജാ മാ .. :)  ജീ ഭാഭി ഓർ ബച്ചെ കൈസേ ഹേ " എന്ന സേഫ് സോണ്‍ മറുപടി സിഗ്നൽച്ചുകപ്പിൽ വെച്ചു  കുറിച്ചയച്ചു .

 ഇടയ്ക്കൊരു വിളിയോ സ്നേഹന്വേഷണമോ ഞാൻ മറന്നു പോയിരുന്നു. അല്ലെങ്കിലും ഞാൻ ഇങ്ങനെ ആണ് . സ്നേഹിക്കുന്നവരെ പകുതി വഴിയിൽ മറന്നു വെച്ചു  നടക്കുക. കാലു വെന്ത പട്ടിയെ പോലെ ജീവിതം കൊണ്ട് ഓടുക ആണെന്ന് പറഞ്ഞാൽ ഒന്നും അധികം ആർക്കും മനസ്സിലാവില്ല. ലോകത്തെ മറ്റൊരാൾ ചെയ്യുന്നതിൽ കൂടുതൽ ഒന്നും ഞാനും  ചെയുന്നൊന്നുമില്ല.. സ്ഥലം മാറ്റം എന്ന നിവർത്തി കേട് കൊണ്ട്  വിട്ടു വന്ന  പ്രിയപ്പെട്ട  നഗരത്തിലെ അയൽക്കാരായിരുന്നു 14 കാ രികളായ ഇരട്ടപ്പെണ്‍ കുട്ടികൾ ആണ് ആവ്നിയും ഫൽഗുനിയും  . കുട്ടിപ്പാവാട ഇടുന്നത് മുതൽക്ക് ഇന്റർ നെറ്റ് ഉപയോഗിക്കുന്നതിനും കൂട്ടുകാരികളുടെ കൂടെ കറങ്ങി നടക്കുന്നതിനും ഉണങ്ങിയ തുണികൾ മടക്കി വെക്കാത്തതിനുമൊക്കെ അമ്മ  വഴക്കുകളോട് കലമ്പി കഴിയുന്ന കുട്ടികൾ.

കിഷോർ ഭായി ഹോട്ടലിലെ ചില്ലലമാരകളിലെ മധുര പലഹാരങ്ങളുടെ കൈക്കണക്കുകൾ പരിശോധിച്ചും തേപ് ലയും തൈരും വഴുതനങ്ങ ചുട്ട ചമ്മന്തിയും ചേർത്ത് സ്നേഹത്തോടെ തീറ്റിച്ചും ചമ്പാ ഭാഭിയുടെ ചിരിമുഖവും എപ്പോഴും ഉണ്ടാകും.

സിഗ്നൽ ചുവപ്പ് തെളിച്ചപ്പോൾ പതിവ് പോലെ വാട്സ് അപ് കിലുക്കത്തിനെ അണ്‍ലോക്ക്   ചെയ്ത് " ആപ് കോ പതാ നഹീ വോ ചലി  ഗയി " എന്നെഴുതിയത്  പലവട്ടം വായിച്ചു.  ഉള്ളിൽ പിടഞ്ഞെണീറ്റ   മരണ ചിന്തയെ പച്ച സിഗ്നലിൽ പറഞ്ഞയച്ചു ചെറിയ കാര്യങ്ങൾക്ക്  നെഗറ്റീവ് ആവുന്നു എന്ന് പറയാറുള്ള എന്റെ സ്വന്തം ചിന്തയെ പഴി പറഞ്ഞു. എന്നിട്ടും വഴി മാറാതെ വന്ന ചിന്തയിൽ കിഷോർ  ഭായി എന്ന് സേവ് ചെയ്ത നമ്പരിൽ തിരികെ വിളിക്കുക തന്നെ  ചെയ്തു .
ഉല്ലാസം ശബ്ദത്തിൽ വരുത്തി ചോദിച്ച് കിഷോർ  ഭായി ചമ്പ ഭാഭി  സുഖായി ഇരിക്കുന്നല്ലോ അല്ലെ. വിളിക്കണം എന്നു പലവട്ടം കരുതിയതാണ് ..ക്ഷമാപണം..

കുട്ടി ചമ്പ ഭഗവാന്റെ അടുത്തെക്കാണല്ലോ പോയത്. വാക്ക് വറ്റി പ്പോയി കേട്ടിരുന്നു. വൈകി വരുന്ന നേരങ്ങളിൽ വീട്ടു താക്കോൽ വാങ്ങാൻ വാതിലിൽ മുട്ടുമ്പോൾ ചിലപ്പോഴൊക്കെ പറയുമായിരുന്നു. വല്ലാത്ത തലവേദനെയെന്ന് . അതേ തലവേദനയാണ് ട്യൂമരിന്റെ രൂപത്തിൽ മരണമായി എത്തിയത്.

ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ താഴെ മരച്ചുവട്ടിൽ ഷാൾ പുതച്ചിരിന്നു വൈകുന്നേരങ്ങളിൽ എത്താറുള്ള ഗുജറാത്തി കൂട്ടങ്ങളോട് വിശേഷം പറഞ്ഞും  രണ്ടു കൈകളിലും ആട്ട മാവുമായി  ചുറു ചുറുക്കോടെ പടിക്കെട്ട് കയറി വരുന്നതും നവരാത്രി ദിവസങ്ങളിലെ ഭജനയ്ക്കും ദാണ്ടിയ ഒരുക്കങ്ങൾക്കുമിടയ്ക്ക് പതിവ് തെറ്റിക്കാതെ എത്തിക്കുന്ന മധുരപലഹാരങ്ങൾക്കും ഉമ്മറത്തെ രംഗോലിക്കും കത്തിച്ചു വെച്ച നെയ്‌ വിളക്കിനും ഇടയിലൂടെ ഓർമ്മകൾ പഴകിത്തിരിഞ്ഞു. മൌന സൂചികളുടെ അതിപുരാതനമായ തണുപ്പ് കാറിനകത്ത് നിറഞ്ഞു വന്നു . എട്ടുമാസക്കാലമായി പ്രിയപ്പെട്ടൊരാളെ തിരഞ്ഞ് ചെല്ലാത്തതിലുള്ള മനുഷ്യത്വമില്ലാമ എന്നെയപ്പോൾ  മരവിപ്പിക്കുന്നുണ്ടായിരുന്നു.
ഇക്കാലത്തെ ഓർമ്മകൾ അങ്ങനെ ആണല്ലോ പഴകി പിഞ്ഞാൻ അധിക നേരം വേണ്ടല്ലോ

Hush...


ഒരു പോസ്റ്റ് ഇടാൻ മാത്രമാണ് ഞാൻ വന്നത് .

എഴുതിക്കഴിഞ്ഞപ്പോൾ തൊണ്ടയിൽ ചില്ല് കുത്തിയിരിക്കുന്ന പോലെ .
കണ്ണിനറ്റം ഇറങ്ങി വരാത്തൊരു തുള്ളിയിൽ  എരിയുകയും തൊണ്ട കയ്ക്കുകയും ചെയ്യുന്നു .
സ്വാഭാവികമായ നീർച്ചാലുകൾ ...

കൊറോണക്കാലം എന്നെ ശീലിപ്പിക്കുന്നതും സോഷ്യൽ ഡിസ്റ്റൻസിങ് ആണ്.
ഒരൊറ്റ ദ്വീപിലേക്കുള്ള പോക്ക് .അതത്ര എളുപ്പമല്ലെങ്കിലും അതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല .
കുറ്റവാളിയായി നിരന്തരം മുദ്രിതമായി എങ്ങനെയാണു മുന്നോട്ട് പോവുക .
മുന്നോട്ടല്ലെങ്കിൽ പിന്നോട്ട് ...
ആലങ്കാരികമായി പറയാനെനിക്ക് വാക്കുകൾ കുറവാണ് .
അത്രയേറെ മുറിപ്പെട്ടിരിക്കുന്നു.
മനസ്സിന്റെ മുറിവുകൾക്ക് വെച്ച് കെട്ടാൻ മരുന്നിലയൊന്നുമില്ലല്ലോ .
ഏത് പരീക്ഷണശാലയിലും മരുന്ന് കണ്ടുപിടിക്കാത്ത ചിലത് .

എന്നാലും 

Silence






ഏകദേശം  എല്ലാം നിശബ്ദമാണ് .

അങ്ങനെ ഒരു കാലത്തിലാണ് നിൽക്കുന്നത് . കൊറോണ വൈറസ് പതുക്കെപ്പതുക്കെ കൊന്നൊടുക്കി കൊണ്ടിരിക്കുകയാണ് . ലോകം ആവുന്നത്ര പൊരുതിക്കൊണ്ട് നിൽക്കുന്നു . ലോകം ഇങ്ങനെ നിശബ്ദമാക്കപ്പെടുന്നത് ഈ കാലയളവിൽ ജീവിച്ചിരിക്കുന്ന ആരും കണ്ടുകാണില്ല
സ്വയം നിശബ്ദതയിലേക്കൂളിയിടുന്ന ഒരു  കൂടിയാണ് ഇതെനിക്ക് .
അത്രയേറെ ആത്മാനുരാഗത്തോടെ നിന്ന സമൂഹ മാധ്യമങ്ങൾ  . ഊർജസ്വലമായി മിണ്ടിയിരുന്ന കൂട്ടുകാർ .
ഹൃദത്തോളം ആഴത്തിലുള്ള ബന്ധം സൂക്ഷിച്ചിരുന്ന മനുഷ്യർ . പക്ഷെ പതിയെ ഒരു ചുവട് പിന്നോട്ട് വെക്കുകയാണ് .
എന്നാൽ , വീണു പോകാതിരിക്കാൻ മാത്രം , ഓ ഹെൻട്രിയുടെ ജോൺസിയെ ജീവിപ്പിച്ച അവസാനത്തെ ഇല പോലെ , ഇപ്പോളാരും വരാത്ത ഈയിടം കയറി നിൽക്കാനുള്ള ഇപ്പോളും ബാക്കിയുള്ള  ഒരു തണലിടം ആയി കരുതട്ടെ .
അടുക്കോ ചിട്ടയോ ഇല്ലാതെ .. ദിവസങ്ങളെ കുറിച്ചിടാനുള്ള ഒരേട് .
ഉള്ളിലെ തണലറ്റു പോയ ഇടങ്ങളിൽ നിന്നും ആർക്കുമല്ലാതെ കുറിക്കുന്ന ചിലത് .

സ്നേഹപൂർവ്വം



ജാലകം