Wednesday, November 2, 2011

കടല്‍മഴ!

വഴികളില്‍ വെയില്‍ വീണു കിടക്കുന്നുണ്ടായിരുന്നു. ആകാശത്തിന്റെ പടിഞ്ഞാറെ ചെരുവ്‌ കറുത്ത്‌ കനത്തും. അതു കൊണ്ടാവാം പ്രകൃതിക്ക്‌ അത്യപൂര്‍വ്വമായൊരു ഭാവം!

മഴ വഴികളില്‍ തെളിഞ്ഞു കിടക്കുന്ന വെയില്‍!
അറബിക്കടലിലെ ന്യൂനമര്‍ദ്ദം പെയ്തൊഴിയുമെന്നാണ്‌ കാലാവസ്ഥാപ്രവചനം.

പൊടുന്നനേ വഴിയിലെ വെയില്‍ ആകാശം കിനിഞ്ഞിറങ്ങുന്ന മഴത്തുള്ളികള്‍ക്ക്‌ വഴിമാറി. കാറിന്റെ ചില്ലില്‍ വീണു കൊണ്ടിരുന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റാന്‍ വൈപര്‍ പ്രവര്‍ത്തിച്ചു തുടങ്ങി.വരണ്ടു വിണ്ടു കിടക്കുന്ന മരുഭൂമിക്ക്‌ വല്ലപ്പോഴും കിട്ടുന്ന അമൃതധാര!

ഓഫീസിലേക്കുള്ള യാത്രകളില്‍ തോരാമഴ പോലെ സംസാരിച്ചു കൊണ്ടിരിക്കാറുള്ള സുഹൃത്ത്‌ ഇന്നു പൊതുവേ നിശ്ശബ്ദനാണ്‌. മഴ അയാളെ എതെങ്കിലും ഓര്‍മ്മായനങ്ങളില്‍ കൊണ്ടെത്തിച്ചിരിക്കാം.അയാളെ ചിന്തകളുടെ വഴിയേ വിടാമെന്നു കരുതിയെങ്കിലും സഹജമായ ജിജ്ഞാസ എന്നെക്കൊണ്ടു ചോദിപ്പിക്കുക തന്നെ ചെയ്തു. ഒന്നുമില്ല എന്ന ഉത്തരത്തില്‍ അയാള്‍ വഴുക്കിക്കളഞ്ഞു.

മരുഭൂമി വരണ്ടുണങ്ങിക്കിടക്കുമെങ്കിലും ഉള്ളറകളിലേക്ക്‌ ജലം സ്വരൂപിച്ചു വെക്കാന്‍ മരുഭൂമിക്ക്‌ കെല്‍പ്പ്‌ കുറവാണ്‌.ഉറപ്പില്ലാത്ത മണ്ണ്‍.അതു കൊണ്ടു തന്നെ ഒരു ചെറുമഴ പോലും വലിയ വെള്ളച്ചാലുകള്‍ തീര്‍ക്കും. പെയ്യാന്‍ ബാക്കി വെച്ചുകൊണ്ട്‌ മഴ മേഘച്ചിറകുകളില്‍ മുഖം പൂഴ്ത്തി.

അയാള്‍ പതുക്കെ പറഞ്ഞു തുടങ്ങി."നീയുമായുള്ള സൗഹൃദം ഞാന്‍ ഏറെ വിലമതിക്കുന്നു. പക്ഷേ സുജ...അവള്‍ക്ക്‌ മനസ്സിലാവുന്നില്ല.."

ഇനിയത്‌ തുടരണമെന്നില്ലായിരുന്നു..

കടലില്‍ മഴ പെയ്യുന്നുണ്ട്‌.പൊതുവേ ശാന്തമായ തിരമാലകള്‍ ഇന്നു മഴയ്ക്കൊപ്പം വന്യമായ താളത്തിലാണ്‌. പെയ്തിറങ്ങുന്ന ന്യൂന മര്‍ദ്ദം.! പക്ഷേ മനസ്സുകളിലെ ന്യൂനമര്‍ദ്ദം എവിടെ പെയ്തിറങ്ങാന്‍!..സുജ യെ എനിക്ക്‌ മനസ്സിലാവും..ഭര്‍ത്താവിന്റെ സംസാരങ്ങളില്‍ നിറയുന്ന സ്നേഹിതയെ അവള്‍ ഒട്ടൊരു ഭീതിയോടെ കണ്ടു തുടങ്ങിയിരിക്കുന്നു.

ഒപ്പം സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കുമെന്നും സൗഹൃദങ്ങളുടെ അതിരുകള്‍ മനസ്സിലാണ്‌ എന്നൊക്കെ ഉള്ള എന്റെ ധാരണകള്‍ പെയ്തിറങ്ങുന്ന മഴയ്ക്കൊപ്പം ഞാന്‍ ഒഴുക്കിക്കളഞ്ഞു..ഒരു നിമിഷം കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ ഞാന്‍ മഴയിലേക്ക്‌ നനഞ്ഞിറങ്ങി. മഴ തീര്‍ത്ത ചാലുകള്‍ കടലിലേക്ക്‌ ചെന്നു ചേരുന്നുണ്ടായിരുന്നു. കാല്‍ക്കീഴിലെ മണല്‍ത്തരികളും..ഒരു നല്ല സൗഹൃദം കടലാഴങ്ങളിലേക്കും..






Thursday, October 27, 2011

ഒരു സ്വപ്നാടകനുള്ള മറുകുറി..


മഞ്ഞില്‍ പുതഞ്ഞ ക്രിസ്തുമസ് രാവുകള്‍
എന്നിലെ സ്വപ്നാടകയെ  ഉയിര്ത്തെഴുനെല്‍പ്പിക്കുന്നു
 പ്രിയനെ! ജന്മാന്തരങ്ങളിലും ദേശാന്തരങ്ങളിലും...
എന്റെ നിശ്വാസം നീ തിരിച്ചറിയുമ്പോള്‍.,
കാലം നിശ്ചലമാവുന്നു!
ഗോതമ്പ് പാടങ്ങളും കൊയ്ത്തോഴിഞ്ഞു വിജനം ആയിരിക്കുന്നു.
കാവല്‍ മാടങ്ങളിലെ വിളക്കണ ഞ്ഞിരിക്കുന്നു.
സാന്താക്ലോസിന്റെ  ചവിട്ടടിപ്പാടുകളെ  ഓര്‍മ്മിപ്പിക്കുന്ന ,
മഞ്ഞ നിറമുള്ള മേപിള്‍ ഇലകള്‍ വീണുകിടക്കുന്ന വഴിയിലൂടെ
നിറയെ ചില്ല് ജനാലകളുള്ള, വെളിച്ചം മുനിഞ്ഞു കത്തുന്ന
വീടിന്റെ ഒതുക്കുകളില്‍.. എന്നോടൊപ്പം നീ തന്നെ!
മഞ്ഞില്‍ പുതഞ്ഞ ട്യുലിപ്‌ പുഷപങ്ങള്‍ നിദ്രയിലാണ്.
ഒരു നിറവസന്തം സ്വപ്നം കണ്ടു കൊണ്ട്..















Note : Please read Amarnath  here(from whom I inspired for this) : http://www.mycraze.amarnathsankar.in/2011/10/dream-walk.html

Tuesday, October 4, 2011

അപൂര്‍ണ്ണം.

നീ പറഞ്ഞത്‌ നേരു തന്നെ!

നിന്റെ കണ്ണുകളില്‍ നീ വലിച്ചിട്ടത്‌ അപരിചിതത്വത്തിന്റെ തിരശ്ശീല.
നിഴല്‍പ്പാടുകളില്‍ ഏകാകിനിയായപ്പോല്‍
എന്നിലെ പുഴുക്കം നിറയ്ക്കുന്ന ഓര്‍മ്മകളെ ഞാന്‍ കാറ്റിന്‌ കൊടുത്തു.
സഞ്ചാരിയായ കാറ്റ്‌ അതിനെ ദൂരദേശങ്ങളില്‍ എത്തിച്ചു പോലും!


നീ പറഞ്ഞത്‌ നേരു തന്നെ!
നിന്റെ ഗന്ധസ്മൃതികള്‍ സിരകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ ആയപ്പോള്‍
എരിഞ്ഞമര്‍ന്നത്‌ മനസ്സ്‌ തന്നെയാണ്‌..
ഒരു അമര്‍ത്തിയ നിലവിളി പോലും ബാക്കിയില്ലാതെ എല്ലാം തീപ്പെട്ടു.
നിനക്കിനി ഉദകക്രിയകള്‍ ചെയ്യാം...








Thursday, August 11, 2011

സ്വപ്നം!

അവിടവിടെ വളർന്നു നില്‍ക്കുന്ന നിത്യ കല്യാണിയും മന്ദാരവും കാശിത്തുമ്പയും...
ഇത്തിരി തല ഉയർത്തി നില്‍ക്കുന്ന നീർ‍ മാതളവും.. കെട്ട് പിണഞ്ഞു പന്തലില്‍ പടർന്നു നില്‍ക്കുന്ന സൂചിമുല്ലയും പിച്ചകവും...
പിന്നെ പവിഴം മുറ്റത്ത് പൊഴിക്കുന്ന എന്റെ പ്രിയപ്പെട്ട മഞ്ചാടി മരം..

ഓര്‍ക്കിടിന്റെയും ആന്തൂരിയത്തിന്റെയും മൊസാന്തയുടെയും 
പ്രൌഢിയില്ലാത്ത  , വാടാമല്ലിയും ജമന്തിയും കമ്മല്‍പ്പൂക്കളും അതിരിട്ടു  നില്‍ക്കുന്ന  ഒരു പൂമുറ്റം..
മുറ്റം കടന്നു ഒതുക്കുകള്‍ കയറുമ്പോള്‍ ചുവന്ന തറയോടുകള്‍ പതിച്ച അകം. ദീവാന്റെയും കുഷ്യനുകളുടെയും ധാരാളിത്തം ഇല്ലാത്ത ഉമ്മറത്ത് ഒന്നോ രണ്ടോ ചൂരല്ക്കസേരകളും കാലു നീട്ടി ഇരുന്നു സൊറ പറയാന്‍ ഒരു ചാരുപടിയും.. മഴക്കാലം മനസ്സ് നിറഞ്ഞു പെയ്യുമ്പോള്‍ മഴ നനഞ്ഞു ഓടുന്ന എന്റെ കുട്ടികളുടെ പുറകെ ഓടാന്‍ ഒരു നടുമുറ്റം.. എന്റെ മഴ മുറ്റം..

വെറുതെ അന്തം വിട്ടിരിക്കാനും പിന്നെ ഒരലസ വായനയ്ക്കും തോന്ന്യാസങ്ങള്‍ കുത്തിക്കുറിക്കാനും നിലാവ് നോക്കിയിരിക്കാനും  ആട്ടുകട്ടില്‍ ഞാത്തിയ ഒരു പിന്‍ വരാന്ത..
അടുക്കലപ്പിന്നാമ്പുറത്തെ കിണർ‍..അതിനപ്പുറം വയലറ്റ് നിറത്തില്‍  പൂവിട്ടിരിക്കുന്ന അമരപ്പന്തല്‍..
കാര്‍ട്ടൂണ്‍ ചാനലുകളുടെയും പ്ലേ സ്റ്റെഷന്റെയും കംപ്യുട്ടര്‍ ഗെയിമുകളുടെയും ഒന്നും പിടിയില്‍ അമരരുത് എന്നെ ഞാന്‍ ആഗ്രഹിക്കുന്ന എന്റെ മക്കള്‍ക്ക് കളിച്ചു തിമിര്‍ക്കാന്‍   ഒരു ചക്കരമാവിന്‍  ചുവട്...പോന്മയെയും താറാവിനേയും നോക്കിയിരിക്കാനും നീന്തിത്തുടിക്കാനും അരികില്‍ കല്ല്‌ പാകിയ ആമ്പല്‍ വിരിഞ്ഞു നില്‍ക്കുന്ന തൊടിയിലെ കുളം...
കഴനിയും വെപ്പും മുളന്കൂട്ടവുമോക്കെ പരിഭവമില്ലാതെ വളര്‍ന്നു നില്‍ക്കുന്ന തൊടി.. മാമ്പൂ തിന്നു മദിച്ച് പാടുന്ന എവിടെയോ ഒളിഞ്ഞു പാർക്കുന്ന കുയില്‍  ശീല്‍ക്കാര ശബ്ദത്തോടെ ഇടയ്ക്കൊക്കെ പേടിപ്പിക്കുന്ന പാമ്പുകള്‍....

പിന്നെ ഒരു ചന്ദന മരം കൂടി..പാലക്കാടന്‍ കാറ്റ് ആഞ്ഞു വീശുമ്പോള്‍ എന്റെ വീടിനകം നിറയെ ചന്ദന ഗന്ധം നിറയാന്‍....അവിടെ ഒരുപാട് കാലം ..പൂമുഖ വാതില്‍ക്കലെ പൂന്തിങ്കളായി.. വഴിക്കണ്ണ്‍~ ഉം ആയി കാത്തു നില്‍ക്കുന്ന അമ്മ മനസ്സായി......

വെറുതെ നുണഞ്ഞ ഒരു സ്വപ്നമാണിത്..വൃഥാ സ്വപ്നം! ഈ സ്വപ്നത്തിന്റെ  കൈവഴികള്‍ അവസാനിക്കുന്നത് മീസാങ്കല്ലുകള്‍ പൂര്‍ത്തിയാകാത്ത സ്വപ്നങ്ങളെക്കുറിച്ച്‌ കാറ്റിനോട്  പറയുന്ന പുഴക്കരയിലാണ്..

Friday, June 17, 2011

എന്തു നല്ല പാൽ പായസം...

“സില നേരങ്ങളിൽ സില മനിതർകൾ”** എന്നു പറയും പൊലെയാണ്‌, ചില നേരത്തെ ഓരോ തോന്നലുകൾ.ഒരാഴ്ചത്തേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാനാണ്‌ സുപ്പർ മാർക്കറ്റിൽ ചെന്നത്. പഞ്ചസാര പാക്കറ്റ് എടുത്ത് ട്രോളിയിൽ വെക്കാൻ നോക്കിയപ്പോൾ അടുത്ത് വെല്ലം (ശർക്കര) പായ്ക്കറ്റ് ഇരിക്കുന്നു. അപ്പോളാണ്‌ മുൻ കാല പരിചയം ഒന്നുമില്ലാത്ത ഒരു ചിന്ത പെട്ടെന്നു തലയിൽ ഉദിച്ചത്. “നാളെ പായസം വെച്ചാലോ?” ചിന്ത അല്പ്പം ഉറക്കെ ആയിപ്പോയി. അടുത്ത് നിന്ന എന്റെ മൂത്ത മകൾ ഉമ്മു കുൽസു ചോദിച്ചു. അതിന്‌ അമ്മയ്ക്ക് പായസം വെയ്ക്കാൻ അറിയുമോ?“ നാട്ടിൽ ആണെങ്കിൽ നല്ലമ്മ** വെച്ച് തരുമായിരുന്നു. എന്നിലെ അമ്മയിലെ അഭിമാനബോധം പെട്ടെന്നു സടകുടഞ്ഞുണർന്നു..”ഓ..എനിക്ക് പായസം വെക്കാൻ ഒക്കെ അറിയാം..എന്നാൽ നമുക്ക് നാളെ സേമിയ പായസം വെക്കാം“

”അതു വേണ്ട .എനിക്ക് ചില്ലു പോലെ കിടക്കുന്ന ബ്രൗൺ കളറിലുള്ള പായസമാണ്‌ വേണ്ടത്.“ ഉമ്മുക്കുൽസു ആവശ്യം പ്രഖാപിച്ചു കഴിഞ്ഞു.

ചില്ലല്ല മോളേ അതിന്റെ പേരാണ്‌ അട. ഏതായലും അത്രയും വിവരം ഞാൻ അവൾക്ക് പകർന്നു കൊടുത്തു.

(ങ് ഹാ ഗൂഗിൾ ഉണ്ടല്ലോ..അട പ്രഥമൻ” എന്നു ടൈപ് ചെയ്തു കൊടുത്താൽ മതിയല്ലോ , എന്നാതായിരുന്നു എന്റെ ആശ്വാസം)

“പടച്ചോനെ ആ അട ഈ കടയിൽ ഉണ്ടാവരുതേ” എന്ന് പ്രാർത്ഥിച്ചിട്ട് “അടയൊക്കെ നാട്ടിലെ കിട്ട്ണ്ടാവ്ള്ളൂ ..ന്നാലും നോക്കാം” എന്നു പറഞ്ഞിട്ട് പതുക്കെ വണ്ടി ഉന്തി. അതാ ഇരിക്കുന്നു , എന്നെ നോക്കി ചിരിച്ച് കൊണ്ട് അട പായ്ക്കറ്റിൽ. “ഈ മലയാളീസ്ന്റെ ഒരു കാര്യം എല്ലാം എക്സ്പോർട്” ചെയ്തോളും.അടയായാലും വടയായാലും “ എന്നു മനോഗതം നടത്തിയിട്ട് ആ അട എടുത്ത് എന്റെ വണ്ടിയിൽ ഇട്ടു. കൂടെ അനുയായികൾ ആയ ചൌവരി,വെല്ലം, കൂടെ ഒരു ഗമ്യ്ക്ക് റെയിൻ ബൊ യുടെ കണ്ടൻസ്ഡ് മില്ക്കും എടുത്തിട്ടു.

ഫ്ളാറ്റിൽ തിരിച്ചെത്തിയപ്പോൾ, നാളത്തെ പാൽ പായസവും സ്വപ്നം കണ്ട് കൊണ്ട് അവർ അടുത്ത് വീട്ടിൽ കളിക്കാൻ പോയി. ഒരുറപ്പിന്‌ സാധങ്ങൾ ഒക്കെ കയ്യിലുണ്ടെങ്കിലും ഒരു സംശയം ..വെല്ലം ആണോ അതോ പഞ്ചസാര ആണൊ..


രണ്ടും കല്പ്പിച്ച് ഫെയ്സ്ബുക്കിന്റെ ചുമരിൽ ഒരു കീച്ചു കീച്ചി..” ഞാൻ നാളെ പായ്സം വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്.ചക്കര വേണോ, പഞ്ചാര വെണോ, നിങ്ങൾ പറയിൻ“...

”വി.എസ് ന്റെ പുത്രൻ അരുൺകുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമോ വേണ്ടയോ“ എന്നൊന്നുമല്ലോ ഇതു വെറും പായസക്കാര്യം..എന്തായലും വി.എസ്, ആയാലും പായസം ആയാലും പോസ്റ്റിന്റെ ആവശ്യമനുസരിച്ചേ നമ്മുടെ പൊന്നാങ്ങളമാർ പ്രതികരിക്കൂ...( വള്ളിക്കുന്നൻ ബ്ളൊഗറും പിന്നെ ചില കുരുത്തം കെട്ട സ്ത്രീ വിദ്വ്വേഷികളും പറയും പോലെ ഒന്നുമല്ല)


അങ്ങനെ വെള്ളിയാഴ്ച (ഇന്ന്‌ )രാവിലെ ആയി..പായസം ടെൻഷൻ ആക്കിയത് കൊണ്ട് ഉറക്കം പോലും നേരെ ആയില്ല.. ഒരുറപ്പിന്‌ അടുത്ത വീട്ടിലെ രമണിചേച്ചിയുടെ കയ്യിൽ നിന്നും എഴുതി മേടിച്ച കുറിപ്പടി ഉണ്ട്..

ജൂണ്മാസല്ലേ, അറബി സൂര്യൻ ചൂടായി നില്ക്കുന്ന സമയമാണ്‌..ചൂടു മൂക്കുന്നതിന്‌ മുൻപേ കുറിപ്പടിയുമായി ഞാൻ അടുക്കളയിലേക്ക് നടന്നു.

പായസം മണം പിടിക്കാൻ ആണേന്ന വ്യാജേന ഇടക്കിടെ ഉമ്മുക്കുൽസുവും ആമീസും അടുക്കള വിസിറ്റ് നടത്തി, എന്നെക്കാണാതെ അണ്ടിപ്പരിപ്പ് കട്ട് കൊണ്ട് പോകുന്നുണ്ട്‌.
അങ്ങനെ...

നാലു അച്ച് വെല്ലം എടുത്ത് വെള്ളത്തിൽ ഇട്ട് ഉരുക്കി വെല്ലപ്പാവ്‌ കാച്ചി മാറ്റി വെച്ചു ( അതെയ് ഈ ശർക്കരപ്പാനിക്ക് ഞങ്ങൾ പാലക്കാട്ടുകാർ പറയുന്നത് ഇങ്ങനെയാണ്‌) കുറച്ച് ചൗവ്വരി (സാഗൂ ദാന) എടുത്ത് കുതിരാൻ ഇട്ടു.

കുറച്ച് പാലിൽ വെള്ളം ചേർത്ത്, പാലു ചൂടായ ശേഷം അടയും ചൌവരിയും വേവിക്കൻ വെച്ചു. അട അടിയില്പ്പിടിക്കരുതെന്ന് രമണിച്ചേച്ചി പ്രത്യെകം പറഞ്ഞിട്ടൂണ്ട്. അതു കൊണ്ട് ക്ഷമാപൂർവ്വം അടയോട് കുശലം പറഞ്ഞ്‌ അടയെ വേദനിപ്പിക്കാതെ ഇളക്കിക്കൊടുത്തു. അട വെന്തു വന്നപ്പോൾ വെല്ലപ്പാവ്‌ ഒഴിച് കൊടുത്തു. 8 ഏലക്ക മിക്സിയിൽ ഒന്നു പൊടിച്ചെടുത്ത് വെച്ചു. അട കുറുകി വന്നപ്പോൾ കുറച്ചൂടെ പാൽ ഒഴിച്ചു. വീണ്ടും ഇളക്കി കുറച്ച് കണ്ടൻസ്ഡ് മില്ക് കൂടെ ചേർത്ത് നെയ്യിൽ മൂപ്പിച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഗാസ് ഓഫ്ഫ് ചെയ്തു.

ഇതു പാലടയാണൊ അട പ്രഥമൻ ആണോന്ന്‌ ഇനി നിങ്ങൾ പറയിൻ!



(പിൻ കുറിപ്പ്‌- പായസ പ്രശ്നത്തിന്റെ ഇടയിൽ ചോറു വെക്കാൻ മറന്നു പോയി..രമണി ചേച്ചി കാര്യങ്ങൾ മുൻ കൂട്ടി കണ്ട് ചോറും ചിക്കൻ കറി യും കൊണ്ട് തന്നില്ലായിരുന്നെകിൽ , പണ്ടത്തെ അമ്പിളി അമ്മാവന്‌ പായസച്ചോറ്‌ തരാം എന്നു പറഞ്ഞ പോളെ എങ്ങളൊക്കെ പായസച്ചൊറ്‌ കഴിക്കണ്ടി വന്നേനെ..!!)

Notes : Sila nerngalil Sila manitharkal :Tamil Writer Jayaknathan's Masterpiece Novel
            Nallamma : Grandmother of Ummukulsu & Amees

ജാലകം