Sunday, March 25, 2012

ഇതെന്തൊരാനന്ദമിതെന്തു കൗതുകം!

സൊഹാറിലെ എന്റെ വീടിനു മുന്‍പില്‍ രണ്ടു പേരറിയാ മരങ്ങള്‍ ഉണ്ട്. ആ മരങ്ങളില്‍ നിറയെ ചെറു കിളികളും.പള്ളി മിനാരങ്ങളില്‍ നിന്ന് സുബഹി ബാങ്ക് ഉയരുമ്പോഴും സന്ധ്യ സമയത്തെ മഗ്-രിബ് ബാങ്കിനൊപ്പവും ഈ കുഞ്ഞു കിളികളുടെയും എന്റെ വീടിന്റെയും കലപില സമന്വയ താളം കണ്ടെത്തിയിരിക്കും. അങ്ങാടിക്കുരുവികള്‍ എന്നും അടയ്ക്കാകുരുവികള്‍ എന്നും നമ്മള്‍ വിളിക്കാറുള്ള ചെറു കിളികളാണ് എന്റെ പ്രഭാതങ്ങള്‍ക്ക് ഈ സംഗീതം ഒരുക്കുന്നത്. ഈ കിളിയൊച്ചകള്‍ മനസ്സിലെക്കെത്തിക്കുന്ന പഠിച്ചു മറന്ന ഒരു പദ്യ ശകലം ഉണ്ട്.

  " ഉണരുവിന്‍ വേഗമുണരുവിന്‍ സ്വര- ഗുണമേലും ചെറു കിളിക്കിടാങ്ങളേ. ഉണര്‍ന്നു  നോക്കുവിനുലകിതുള്‍ക്കാംപില്‍ ..."

എത്ര ആലോചിച്ചിട്ടും അതിന്റെ ബാക്കി വരികള്‍ ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല.!!

ചെലു ചെലെ ചിലച്ചു വായാടിത്തം കാട്ടി ബാല്‍ക്കണിയുടെ ഒരറ്റത്ത് പറന്നു വന്നിരുന്ന കുഞ്ഞിക്കിളിയേ നോക്കി അച്ഛന്‍ പറഞ്ഞു തുടങ്ങി. " നാട്ടിലെങ്ങും ഇപ്പോള്‍ അങ്ങാടിക്കുരുവികളെ കാണാന്‍ ഇല്ല ,കുറ്റിയറ്റു പോയെന്നു തോന്നുന്നു. " ."അങ്ങാടിക്കുരുവി ദിനം" എന്ന അടിക്കുറുപ്പില്‍ വന്ന ഒരു പത്ര ചിത്രം അലസമായി നോക്കി കൊണ്ട് മധുരമില്ലാത്ത ചായ ഒരു കവിള്‍ ഇറക്കി കൊണ്ട് അച്ഛന്‍ തെല്ലിട ഏതോ ചിന്തയില്‍ ആണ്ടു. പിന്നെ പൂമ്പാറ്റ എന്നാല്‍ butter fly ആണെന്നും പൂത്തുമ്പി എന്നാല്‍ dragaon fly ആണെന്നും മിന്നാമിനുങ്ങ്‌ എന്നാല്‍ glow worm ആണെന്നും അദ്ദേഹം എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുത്തു കൊണ്ട് അവരുടെ കലപിലകള്‍ക്ക് കാതു കൊടുത്തു.



വൈദ്യുതി വിളക്കുകാലുകളിലും  പീടികയുടെ ഉത്തരങ്ങളിലും അടുക്കളപ്പിന്നാമ്പുറങ്ങളിലും യഥേഷ്ടം കണ്ടു വന്നിരുന്ന നാടന്‍ കിളികള്‍ ആണ് അവ. അവയൊക്കെ എവിടെ പോയിക്കാണും..ചത്തൊടുങ്ങിക്കാണുമോ? കൊയ്ത്തു കഴിഞ്ഞ പാടത്തിനു മുകളിലൂടെ തെളിഞ്ഞ സ്വര്‍ണ്ണ വെയിലില്‍ നെല്ലിന്റെയും വൈക്കോലിന്റെയും മദ ഗന്ധങ്ങള്‍ക്ക്  മീതെ പറന്നു പൊങ്ങിയ തുമ്പിക്കൂട്ടങ്ങള്‍  എവിടെ? ഓണക്കാലത്ത് പോലും ഇപ്പോള്‍ ഒരു തുമ്പി വഴി തെറ്റി വന്നെങ്കിലായി..ചന്തമേറിയ പൂക്കളും ശബളാഭമാം   ശലഭങ്ങളും ഒക്കെ തുറക്കാത്ത പുസ്തകങ്ങളുടെ താളുകളില്‍ സുഖ സുഷുപ്തിയില്‍ ആയിക്കഴിഞ്ഞു.ചിരിച്ചു പൂക്കുന്ന മുക്കുറ്റികള്‍  ,തുമ്പക്കുടങ്ങള്‍ ഒക്കെ വംശമറ്റു  കഴിഞ്ഞു. പാട വരമ്പത്ത് ചാഞ്ഞു നിന്നിരുന്ന തെങ്ങുകളുടെ ഓലത്തുമ്പത്ത് തൂങ്ങിയാടിയിരുന്ന തൂക്കണാം കുരുവിക്കൂടുകള്‍ (ഓലഞ്ഞാലിക്കുരുവി), തത്തി ചാടി നടക്കുന്ന പൂത്താം കീരികള്‍, വണ്ണാത്തിപ്പുള്ളുകള്‍ ഇവര്‍ക്കൊക്കെ നമ്മുടെ നാട്ടില്‍ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടുവോ..


കോലായില്‍ മലര്‍ന്നു കിടന്നു കാറ്റിന്റെ ദിക്കനുസരിച് പാഞ്ഞു പോകുന്ന മേഘങ്ങള്‍ ചമയ്ക്കുന്ന രൂപങ്ങളില്‍ മാനിനേയും കുതിരയേയും മാലാഖയെയും കണ്ടു പിടിച്ചിരുന്ന കുട്ടിക്കാലങ്ങളിലെ ആകാശ കാഴചകള്‍ ആയിരുന്നു V ആകൃതിയില്‍ പറന്നു പോകുന്നു കൊറ്റികളും പിന്നെ നിലാവുള്ള രാത്രികളില്‍ കൂട്ടമായി പറന്നു പോകുന്ന വാവലുകളും . അവ ഇപ്പോള്‍ ആകാശ യാത്ര നടത്താറുണ്ടോ ആവോ.. വഴിയറിയാതെ ചിലപ്പോള്‍ മുറിയ്ക്കകത്ത് പെട്ട് പോകുന്ന മിന്നാമിനുങ്ങുകളെ പിടിച്ചു കണ്ണന്‍ ചിരട്ടയില്‍ ഇട്ടു കടലാസ്സു കൊണ്ട് മൂടി ടോര്‍ച് ഉണ്ടാക്കിയിരുന്ന കുട്ടിക്കാലത്തിന് ഇരുളും വെളിച്ചവും ഉണ്ടായിരുന്നു. രാത്രികളുടെ പശ്ചാത്തല സംഗീതം ചീവീടുകളും തവളകളും ചേര്‍ന്നൊരുക്കുന്ന ജുഗല്‍ബന്ദികള്‍ ആയിരുന്നു..  

രാത്രിയില്‍ കൂമന്‍ മൂളുന്നതിന്റെ ഒപ്പം താളത്തില്‍ മൂളുന്ന ഒരു പക്ഷിയുണ്ട്.കുറ്റിചൂടന്‍ ,റൂഹാന്‍ കിളി അല്ലെങ്കില്‍  കാലന്‍ കോഴി  എന്നൊക്കെ വിളിപ്പേരുള്ള ഈ കിളി ...."പൂവാ" എന്ന് ഈ കിളി മൂളുമ്പോള്‍ മറു മോഴിയെന്നോണം കൂമന്‍ (മൂങ്ങ) ഊം...എന്ന് മൂളും..ആ താളം ആവര്‍ത്തിക്കുമ്പോള്‍ അടുത്ത് മരണം കേള്‍ക്കേണ്ടി വരും എന്നാണു നാട്ടു വിശ്വാസം.. ഒപ്പം ഓലിയിടുന്ന നായ്ക്കള്‍ കൂടെ ആവുമ്പോള്‍ രാത്രിയുടെ ശബ്ദത്തിന് പേടിപ്പെടുത്തുന്ന ഭാവം കൈവരും. ആ കുട്ടി പേടിക്ക്‌ മുകളിലായി അമ്മയുടെയോ മുത്തശിയുടെയോ കൈചൂടിന്റെ ആശ്വാസവും .. ഈ കാഴ്ചകളും ശബ്ദങ്ങളും ഒക്കെ നാടിനെ വിട്ടൊഴിഞ്ഞുവോ..അതോ ഞാന്‍ കാണാതെ പോകുന്നതോ..?


എന്റെ കാഴ്ച്ചയുടെ ഇപ്പോഴത്തെ ഫ്രെയിമില്‍ ദിവസവും രാവിലെ എവിടെ നിന്നോ പറന്നു വരുന്ന ഒരു കൂട്ടം പ്രാവുകള്‍ക്ക് അരിയെറിഞ്ഞു കൊടുക്കുന്ന  പാക്കിസ്ഥാനി ഹോട്ടല്‍ തൊഴിലാളി ഉണ്ട്..പതിനായിരക്കണക്കിനു മൈനകള്‍ ചേക്കേറുന്ന റൌണ്ട് അബൌട്ടിനടുത്തുള്ള "മൈന മരം" ഉണ്ട്. ഈത്തപ്പനന്തോട്ടത്തിലെ പൊത്തുകളെ ലക്ഷ്യമിട്ട് പറക്കുന്ന പച്ച പനന്തത്തകള്‍ ഉണ്ട്‌. കടല്‍ത്തീരത്ത് ശാന്തരായി വിശ്രമിക്കുന്ന കടല്‍ക്കാക്കകള്‍ ഉണ്ട്..രാത്രികളെ കീറിമുറിക്കുന്ന വാഹങ്ങളുടെ ഹുങ്കാരങ്ങള്‍ ഉണ്ട്‌.

അകലെ എവിടെ നിന്നോ അന്തിക്കള്ളിന്റെ ലഹരിയില്‍ വരി മുറിഞ്ഞു പോകുന്ന പിന്നെ നേര്‍ത്തു നേര്‍ത്തു പോകുന്ന ഏതോ പാട്ടിന്റെ ശീലുമായി രാത്രിയെ മുറിച്ചു പോകുന്ന ഞൊണ്ടിക്കാലന്‍ പൊന്‍മലയുടെ ശബ്ദവും കാളവണ്ടിയുടെ കുടമണിയൊച്ചയും വാഹനങ്ങളുടെ 
ഹുങ്കാര ശബ്ദത്തിനും മീതെ എന്നിലേക്ക് കിനിഞ്ഞിറങ്ങുന്നു.

****
ഇതെന്തൊരാനന്ദമിതെന്തു കൗതുകം!

സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ!

 കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതാ സമാഹാരത്തിലെ "മിന്ന മിനുങ്ങ്‌" എന്ന കവിതയില്‍ നിന്ന്..







ജാലകം