Friday, June 17, 2011

എന്തു നല്ല പാൽ പായസം...

“സില നേരങ്ങളിൽ സില മനിതർകൾ”** എന്നു പറയും പൊലെയാണ്‌, ചില നേരത്തെ ഓരോ തോന്നലുകൾ.ഒരാഴ്ചത്തേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാനാണ്‌ സുപ്പർ മാർക്കറ്റിൽ ചെന്നത്. പഞ്ചസാര പാക്കറ്റ് എടുത്ത് ട്രോളിയിൽ വെക്കാൻ നോക്കിയപ്പോൾ അടുത്ത് വെല്ലം (ശർക്കര) പായ്ക്കറ്റ് ഇരിക്കുന്നു. അപ്പോളാണ്‌ മുൻ കാല പരിചയം ഒന്നുമില്ലാത്ത ഒരു ചിന്ത പെട്ടെന്നു തലയിൽ ഉദിച്ചത്. “നാളെ പായസം വെച്ചാലോ?” ചിന്ത അല്പ്പം ഉറക്കെ ആയിപ്പോയി. അടുത്ത് നിന്ന എന്റെ മൂത്ത മകൾ ഉമ്മു കുൽസു ചോദിച്ചു. അതിന്‌ അമ്മയ്ക്ക് പായസം വെയ്ക്കാൻ അറിയുമോ?“ നാട്ടിൽ ആണെങ്കിൽ നല്ലമ്മ** വെച്ച് തരുമായിരുന്നു. എന്നിലെ അമ്മയിലെ അഭിമാനബോധം പെട്ടെന്നു സടകുടഞ്ഞുണർന്നു..”ഓ..എനിക്ക് പായസം വെക്കാൻ ഒക്കെ അറിയാം..എന്നാൽ നമുക്ക് നാളെ സേമിയ പായസം വെക്കാം“

”അതു വേണ്ട .എനിക്ക് ചില്ലു പോലെ കിടക്കുന്ന ബ്രൗൺ കളറിലുള്ള പായസമാണ്‌ വേണ്ടത്.“ ഉമ്മുക്കുൽസു ആവശ്യം പ്രഖാപിച്ചു കഴിഞ്ഞു.

ചില്ലല്ല മോളേ അതിന്റെ പേരാണ്‌ അട. ഏതായലും അത്രയും വിവരം ഞാൻ അവൾക്ക് പകർന്നു കൊടുത്തു.

(ങ് ഹാ ഗൂഗിൾ ഉണ്ടല്ലോ..അട പ്രഥമൻ” എന്നു ടൈപ് ചെയ്തു കൊടുത്താൽ മതിയല്ലോ , എന്നാതായിരുന്നു എന്റെ ആശ്വാസം)

“പടച്ചോനെ ആ അട ഈ കടയിൽ ഉണ്ടാവരുതേ” എന്ന് പ്രാർത്ഥിച്ചിട്ട് “അടയൊക്കെ നാട്ടിലെ കിട്ട്ണ്ടാവ്ള്ളൂ ..ന്നാലും നോക്കാം” എന്നു പറഞ്ഞിട്ട് പതുക്കെ വണ്ടി ഉന്തി. അതാ ഇരിക്കുന്നു , എന്നെ നോക്കി ചിരിച്ച് കൊണ്ട് അട പായ്ക്കറ്റിൽ. “ഈ മലയാളീസ്ന്റെ ഒരു കാര്യം എല്ലാം എക്സ്പോർട്” ചെയ്തോളും.അടയായാലും വടയായാലും “ എന്നു മനോഗതം നടത്തിയിട്ട് ആ അട എടുത്ത് എന്റെ വണ്ടിയിൽ ഇട്ടു. കൂടെ അനുയായികൾ ആയ ചൌവരി,വെല്ലം, കൂടെ ഒരു ഗമ്യ്ക്ക് റെയിൻ ബൊ യുടെ കണ്ടൻസ്ഡ് മില്ക്കും എടുത്തിട്ടു.

ഫ്ളാറ്റിൽ തിരിച്ചെത്തിയപ്പോൾ, നാളത്തെ പാൽ പായസവും സ്വപ്നം കണ്ട് കൊണ്ട് അവർ അടുത്ത് വീട്ടിൽ കളിക്കാൻ പോയി. ഒരുറപ്പിന്‌ സാധങ്ങൾ ഒക്കെ കയ്യിലുണ്ടെങ്കിലും ഒരു സംശയം ..വെല്ലം ആണോ അതോ പഞ്ചസാര ആണൊ..


രണ്ടും കല്പ്പിച്ച് ഫെയ്സ്ബുക്കിന്റെ ചുമരിൽ ഒരു കീച്ചു കീച്ചി..” ഞാൻ നാളെ പായ്സം വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്.ചക്കര വേണോ, പഞ്ചാര വെണോ, നിങ്ങൾ പറയിൻ“...

”വി.എസ് ന്റെ പുത്രൻ അരുൺകുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമോ വേണ്ടയോ“ എന്നൊന്നുമല്ലോ ഇതു വെറും പായസക്കാര്യം..എന്തായലും വി.എസ്, ആയാലും പായസം ആയാലും പോസ്റ്റിന്റെ ആവശ്യമനുസരിച്ചേ നമ്മുടെ പൊന്നാങ്ങളമാർ പ്രതികരിക്കൂ...( വള്ളിക്കുന്നൻ ബ്ളൊഗറും പിന്നെ ചില കുരുത്തം കെട്ട സ്ത്രീ വിദ്വ്വേഷികളും പറയും പോലെ ഒന്നുമല്ല)


അങ്ങനെ വെള്ളിയാഴ്ച (ഇന്ന്‌ )രാവിലെ ആയി..പായസം ടെൻഷൻ ആക്കിയത് കൊണ്ട് ഉറക്കം പോലും നേരെ ആയില്ല.. ഒരുറപ്പിന്‌ അടുത്ത വീട്ടിലെ രമണിചേച്ചിയുടെ കയ്യിൽ നിന്നും എഴുതി മേടിച്ച കുറിപ്പടി ഉണ്ട്..

ജൂണ്മാസല്ലേ, അറബി സൂര്യൻ ചൂടായി നില്ക്കുന്ന സമയമാണ്‌..ചൂടു മൂക്കുന്നതിന്‌ മുൻപേ കുറിപ്പടിയുമായി ഞാൻ അടുക്കളയിലേക്ക് നടന്നു.

പായസം മണം പിടിക്കാൻ ആണേന്ന വ്യാജേന ഇടക്കിടെ ഉമ്മുക്കുൽസുവും ആമീസും അടുക്കള വിസിറ്റ് നടത്തി, എന്നെക്കാണാതെ അണ്ടിപ്പരിപ്പ് കട്ട് കൊണ്ട് പോകുന്നുണ്ട്‌.
അങ്ങനെ...

നാലു അച്ച് വെല്ലം എടുത്ത് വെള്ളത്തിൽ ഇട്ട് ഉരുക്കി വെല്ലപ്പാവ്‌ കാച്ചി മാറ്റി വെച്ചു ( അതെയ് ഈ ശർക്കരപ്പാനിക്ക് ഞങ്ങൾ പാലക്കാട്ടുകാർ പറയുന്നത് ഇങ്ങനെയാണ്‌) കുറച്ച് ചൗവ്വരി (സാഗൂ ദാന) എടുത്ത് കുതിരാൻ ഇട്ടു.

കുറച്ച് പാലിൽ വെള്ളം ചേർത്ത്, പാലു ചൂടായ ശേഷം അടയും ചൌവരിയും വേവിക്കൻ വെച്ചു. അട അടിയില്പ്പിടിക്കരുതെന്ന് രമണിച്ചേച്ചി പ്രത്യെകം പറഞ്ഞിട്ടൂണ്ട്. അതു കൊണ്ട് ക്ഷമാപൂർവ്വം അടയോട് കുശലം പറഞ്ഞ്‌ അടയെ വേദനിപ്പിക്കാതെ ഇളക്കിക്കൊടുത്തു. അട വെന്തു വന്നപ്പോൾ വെല്ലപ്പാവ്‌ ഒഴിച് കൊടുത്തു. 8 ഏലക്ക മിക്സിയിൽ ഒന്നു പൊടിച്ചെടുത്ത് വെച്ചു. അട കുറുകി വന്നപ്പോൾ കുറച്ചൂടെ പാൽ ഒഴിച്ചു. വീണ്ടും ഇളക്കി കുറച്ച് കണ്ടൻസ്ഡ് മില്ക് കൂടെ ചേർത്ത് നെയ്യിൽ മൂപ്പിച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഗാസ് ഓഫ്ഫ് ചെയ്തു.

ഇതു പാലടയാണൊ അട പ്രഥമൻ ആണോന്ന്‌ ഇനി നിങ്ങൾ പറയിൻ!



(പിൻ കുറിപ്പ്‌- പായസ പ്രശ്നത്തിന്റെ ഇടയിൽ ചോറു വെക്കാൻ മറന്നു പോയി..രമണി ചേച്ചി കാര്യങ്ങൾ മുൻ കൂട്ടി കണ്ട് ചോറും ചിക്കൻ കറി യും കൊണ്ട് തന്നില്ലായിരുന്നെകിൽ , പണ്ടത്തെ അമ്പിളി അമ്മാവന്‌ പായസച്ചോറ്‌ തരാം എന്നു പറഞ്ഞ പോളെ എങ്ങളൊക്കെ പായസച്ചൊറ്‌ കഴിക്കണ്ടി വന്നേനെ..!!)

Notes : Sila nerngalil Sila manitharkal :Tamil Writer Jayaknathan's Masterpiece Novel
            Nallamma : Grandmother of Ummukulsu & Amees

ജാലകം