Monday, October 25, 2010

I dont know how to name..

നീ മുന്‍പേ നടന്നത്‌ ഞാന്‍ വാക്കുകള്‍
സൂക്ഷിച്ച്‌ വെച്ച ചെപ്പുമായാണ്‌.
ഒരു പിന്‍ വിളി വിളിക്കാന്‍ പോലും
ഒന്നും ബാക്കി വെക്കാതെ നീ എന്നില്‍ മൗനം നിറച്ചു.

മുടി കോതിയൊതുക്കിയും കണ്ണില്‍ മഷിയെഴുതിയും
നിനക്കായി കാത്തിരിക്കേണ്ടുന്ന വൈകുന്നേരങ്ങള്‍ ഞാന്‍ കടലിനു കൊടുത്തു..
കടല്‍ച്ചൂരിന്‌ ഞാന്‍ എന്റെ ഗന്ധം പങ്ക്‌ നല്‍കി.

തിളക്കമുള്ള നിന്റെ കണ്ണുകളിലേക്ക്‌
ഉയിര്‍ത്തെഴുനേല്‍ക്കേണ്ട പ്രഭാതങ്ങള്‍
                                                      വെയിലൂറ്റി എടുത്തു.
നിനക്ക്‌ ഞാന്‍ തന്ന ചെന്നിറമുള്ള എന്റെ ഹൃദയം
നീ പാതവക്കില്‍ ഉപേക്ഷിച്ചുവല്ലെ!
കളിപ്പാട്ടമെന്ന് കരുതി ഏതൊ കുസൃതിക്കിടാങ്ങള്‍ അതെടുത്തുവത്രേ..
പുതിയ കളിപ്പാട്ടത്തിന്റെ ഉത്സാഹം ശമിച്ച്‌ കഴിഞ്ഞപ്പോള്‍
അവരും അത്‌ കളഞ്ഞ്‌ കാണും.
അങ്ങനെ ഞാന്‍ ഫൃദയമില്ലാത്തവളായി..

എന്നാലും നീ തിരിഞ്ഞു നോക്കാതെ മുന്‍പേ നടന്ന് കൊള്ളുക
എന്റെ വഴികള്‍ അവസാനിക്കുന്നിടത്ത്‌
നിന്റെ വഴികള്‍ തുറന്ന് കണ്ടേക്കാം..

Wednesday, October 13, 2010

മിഥ്യ

അതൊരു സുഖകരമായ സ്വപ്നം ആയിരുന്നു
ഇന്നുണരും വരേയ്ക്കും..
അല്ലെങ്കിലും സ്വപ്നത്തിനും സത്യത്തിനും ഇടയ്ക്ക്‌ ഒരു നേര്‍ത്ത അതിരേ ഉണ്ടായിരുന്നുള്ളൂ.
വെളുത്ത കുതിരപ്പുറമേറി വന്ന
ബലിഷ്ഠകായന്‍..
മാനസ ചോരന്‍ എന്നൊക്കെ പറയും പോലെ മനസ്സാണാദ്യം കവര്‍ന്നെടുത്തത്‌..
പിന്നെ കയ്യടക്കത്തോടെ നെഞ്ചോടടുക്കിപ്പിടിച്ചു
A symbolized dream
Inbox ഇലെത്തിയ കറുത്ത്‌ കുനുത്ത അക്ഷരങ്ങള്‍ സ്വപ്നത്തിന്‌ പട്ടടയൊരുക്കി..
എല്ലാം ശുദ്ധമാക്കുന്ന അഗ്നിക്ക്‌
ആഹരിക്കുവാന്‍ ഒന്നു കൂടി.
മാപ്പ്‌!
ദൈവം സ്വീകരിക്കാത്ത ഏറ്റു പറച്ചില്‍!
ഇനി ഒരുയിര്‍ത്തെഴുന്നേല്‍പ്പില്ലാതെ..
എല്ലാം ഇന്നില്‍ എരിഞ്ഞ്‌ തീരണം..
അകം മുഴുവനും ദ്രവിച്ച്‌ പോയ പൊള്ളയായ പുറന്തോടുമായ്‌ ഇനിയും എത്ര നാള്‍?
അറിയില്ല!

Tuesday, September 21, 2010

"കഥക്കാലത്തിലേക്ക്‌" സ്വാഗതം!

കഥകള്‍ കുട്ടിക്കാലത്തിന്റെ കവാടങ്ങള്‍ ആണ്‌. എന്റെ കഥക്കൂട്‌ എന്റെ പിതാവായിരുന്നു. കാസിം മാസ്റ്റര്‍ എന്ന അദ്ധ്യാപകനായ എന്റെ പിതാവ്‌.ഭൗതിക ശാസ്ത്രവും രസതന്ത്രവും ആയിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങളെങ്കിലും ഹോം റ്റ്യൂഷനില്‍ ഇംഗ്ലീഷും ഒരു വിഷയം ആയിരുന്നു. മുടപ്പല്ലൂര്‍ എന്ന ഞങ്ങളൂടെ ചെറുഗ്രാമത്തിലെ കുട്ടികളുടെ ഹബ്‌ ആയിരുന്നു ഞങ്ങളുടെ വീട്‌.ഇംഗ്ലീഷ്‌ ക്ലാസ്സുകളില്‍ കഥ കേള്‍ക്കാന്‍ മാത്രമായിട്ട്‌ ഏട്ടന്മാരുടെയും ചേച്ചിമാരുടെയും ഒപ്പം ഞാനും കൂടുമായിരുന്നു.

ഒലിവര്‍ ട്വിസ്റ്റിന്റെ അനാഥത്വത്തിന്റെ വേദനകളില്‍ കണ്ണ്‍ നിറച്ചും ടോം സോയറിന്റെ കുസൃതിത്തരങ്ങളില്‍ കുലുങ്ങിച്ചിരിച്ചും കൃസ്തുമസ്‌ സമ്മാനത്തിലെ ജിമ്മിന്റെയും ഡെല്ലായുടെയും ത്യാഗപൂര്‍ണ്ണമായ സ്നേഹത്തില്‍ അതിശയിച്ചുമൊക്കെ കഥക്കാലത്തിലേക്ക്‌ പതുക്കെ ഞാന്‍ നടന്ന് കയറുകയായിരുന്നു.

ബാലരമയും പൂമ്പാറ്റയും മലര്‍വാടിക്കും യുറീക്ക യ്ക്കും ഒക്കെ ഒപ്പം കുട്ടികളുടെ പ്രിയദര്‍ശിനിയും ചാച്ചാനെഹ്രുവും മുഹമ്മദ്‌ നബി(സ.അ) യും പുരാണകഥകളൂം തന്ന് കാഴ്ച്ചപ്പാട്‌ വിശാലമാക്കുന്നതിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു തന്നു.

എന്റെ മൂന്നാം ക്ലാസ്‌ വേനലവധിക്കാലത്താണ്‌ '101 ബാലകഥകള്‍' എനിക്കും ചേച്ചിക്കുമായി അച്ഛന്‍ തന്നത്‌. അതുകൊണ്ട്‌ തന്നെ എന്റെ കഥക്കാലത്തിന്‌ വേനലിന്റെ സമ്മിശ്ര സന്ധമാണ്‌ കിളിമൂക്കന്‍ മാവിന്റെ താണ കൊമ്പത്തിരുന്ന് ആയതില്‍ കുലുങ്ങി വായനയെ സ്നേഹിച്ച്‌ തുടങ്ങിയ ആ കാലത്തിന്‌ പഴുത്ത മാങ്ങയുടെ, ചേരിന്‍ പഴത്തിന്റെ വേലിപ്പടര്‍പ്പില്‍ വിരിഞ്ഞ്‌ കൊഴിഞ്ഞ്‌ നില്‍ക്കുന്ന മുല്ലപ്പ്പൂവിന്റെ, ഇഷ്ടികച്ചൂളയില്‍ നിന്ന് വരുന്ന ചൂട്‌ കാറ്റിന്റെ -പിന്നെ ആകാശം പൊട്ടിപ്പ്പ്പിളര്‍ന്ന് പെയ്യുന്ന പുതു മഴയുടെ ഒക്കെ മണമാണ്‌

കാലങ്ങളായി ഞാന്‍ കാത്ത്‌ വെച്ച ആ പുസ്ത്കം പൊടിഞ്ഞ്‌ പോകുന്നതിന്‌ മുന്‍പ്‌ കഥക്കാലത്തിലൂടെ നന്മന്‍സ്സുകള്‍ക്ക്‌ ആ ലോകം തുറന്നിടുകയാണ്‌..ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എന്റെ സ്നേഹസമ്പന്നനായ പിതാവിന്‌, ആയിരങ്ങളുടെ പ്രിയ ഗുരുനാഥന്‌ ഞാനീ ശ്രമം സമര്‍പ്പിക്കുന്നു.. എന്റെ ദക്ഷിണയായി..

...........
തസ്മൈ ശ്രീ ഗുരവേ നമ: "...

കഥക്കാലത്തിലേക്ക്‌ ഇതിലെ.. http://www.kadhakkaalam.blogspot.com/

കഥക്കാലം


ബ്ലോഗ്‌ ന്റെ അലങ്കാരപ്പണികള്‍ ചെയ്ത്‌ ഭംഗിയാക്കിത്തന്ന ഫൈസലിനുള്ള നന്ദി ഞാന്‍ കടമായി വയ്ക്കുന്നു...

Wednesday, September 15, 2010

പര്‍ദ്ദയും ചില അനുബന്ധ ചിന്തകളും.

http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-124443

ഈ ഒരു ലിങ്കും റൈഹാന ഖാസിയും മലയാളിയുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട്‌ കുറച്ച്‌ ദിവസങ്ങള്‍ ആയി..

അനുബന്ധമായി എനിക്കും ചിലത്‌ പറയണമെന്ന് തോന്നുന്നു..പര്‍ദ്ദ ഉപയോഗിക്കാനും ഉപയോഗിക്കതിരിക്കനും സ്വാതന്ത്ര്യം ഉള്ള ഗള്‍ഫ്‌ രാജ്യത്തിലാണ്‌(ഒമാന്‍) ഞാന്‍ ജീവിക്കുന്നത്‌.

പര്‍ദ്ദ ഉപയോഗിക്കാത്ത ഒരു വ്യക്തിയാണ്‌ ഞാന്‍.ദൈവത്തില്‍ വിശ്വാസം ഇല്ലാത്തത്‌ കൊണ്ടല്ല അത്‌.മാന്യമായി ഞാന്‍ വസ്ത്രം ധരിക്കുന്നു എന്ന് വിശ്വസിക്കുന്നത്‌ കൊണ്ടാണ്‌.വര്‍ണ്ണാഭമായ ഈ ലോകത്ത്‌ ഒരു കറുത്ത ശീലക്കുള്ളില്‍ എന്നെ പൊതിഞ്ഞ്‌ വെക്കേണ്ടതില്ലെന്ന് തിരിച്ചറിയുന്നത്‌ കൊണ്ടും..ഈ വേഷം സ്ത്രീയെ കാമക്കണ്ണൂകളില്‍ നിന്ന് പരിരക്ഷിക്കുന്നുവെങ്കില്‍ , പര്‍ദ്ദയണിഞ്ഞ്‌ ശിരോവസ്ത്രം ധരിച്ച്‌ റോഡിലൂടെ "നടന്ന്"(വാഹനത്തിലോ ഭര്‍ത്താവിന്റെ അകമ്പടിയോടെയോ പോകുന്നവര്‍ അല്ല) സാധാരണ സ്ത്രീകള്‍ക്ക്‌(പ്രത്യേകിച്ച്‌ ഹൗസ്‌ മെയിഡുകള്‍, ഏഷ്യന്‍ വംശജര്‍) കിട്ടാറുള്ള "ഹോങ്ക്‌' സും.."അസ്സ്ലലാമു അലൈക്കും" എന്ന ഏറ്റവും മാന്യമായ പദം പോലും ശ്ലീലതയുടെ അതിരിനപ്പുറം ഉപയൊഗിക്കുന്നതും എന്റെ നേര്‍ക്കാഴ്ചകളാണ്‌.

അപ്പോള്‍ അതവര്‍ക്ക്‌ ശരീരം മറയ്ക്കാനോ കാമക്കണ്ണുകളില്‍ നിന്ന് രക്ഷപ്പെടുകയോ എന്നതല്ല വിവക്ഷിക്കപ്പെടുന്നത്‌ മറിച്ച്‌ "availabilty യുടെ" അടയാളമായാണ്‌ ഇവിടുത്തെ മിക്ക ലോക്കല്‍സും എന്തിന്‌ വിദ്യാസമ്പന്നര്‍ എന്നു വിശേഷിപ്പിക്കപെടുന്ന വിദേശികള്‍ വരെ കാണുന്നത്‌.. പര്‍ദ്ദ ധരിച്ച്‌ കാറോടിച്ച്‌ പോവുകയായിരുന്ന എന്റെ ഒരു സുഹൃത്തിനെ മറ്റൊരാള്‍ പിന്തുടര്‍ന്നതും അതേ തുടര്‍ന്ന് അവള്‍ സാധാരണ വേഷത്തിലേക്ക്‌ ചുവട്‌ മാറിയതും അടുത്തിടെയാണ്‌. അത്‌ ഏഷ്യന്‍ വംശജയാണെന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ്‌. മറിച്ച്‌ ഒരു അറബ്‌ സ്ത്രീ പര്‍ദ്ദക്കുള്ളില്‍ (അല്ലാതെയും) പരിപൂര്‍ണ്ണ സുരക്ഷിതയാണ്‌ താനും.( എന്നാല്‍ നമ്മുടെ നാട്ടില്‍ ഏത്‌ പര്‍ദ്ദയ്ക്കുള്ളിലും സ്ത്രീ സുരക്ഷിതയല്ല. നമ്മുടെ സമൂഹത്തിന്റെ Mass വൈകല്യം ആണെന്ന് തോന്നുന്നു) തനിയെ സഞ്ചരിക്കേണ്ടുന്ന ഏഷ്യന്‍ സ്ത്രീകള്‍ക്ക്‌ സുരക്ഷിതത്വത്തെക്കാളേറെ അരക്ഷിതാവസ്തയാണ്‌ ഇതു നല്‍കുന്നത്‌.
മറ്റൊന്ന് ശരീരഭാഗങ്ങള്‍ മറയാനാണ്‌ പര്‍ദ്ദ ധരിക്കുന്നതെങ്കില്‍, ഇപ്പോള്‍ അധികം പേരും ശരീരത്തില്‍ വെച്ച്‌ തയ്പ്പിചത്‌ പോലുള്ള പര്‍ദ്ദയാണ്‌ ഇടുന്നത്‌.അത്‌ വിപരീത ഫലമാണുണ്ടാക്കുന്നതെന്ന് എടുത്ത്‌ പറയേണ്ട കാര്യം ഇല്ലല്ലോ!

മറ്റൊന്ന് മുസ്ലിം പെണ്‍കുട്ടി എന്ന പ്രശ്നം.. മുസ്ലിം പെണ്‍കുട്ടിയും ഒരു സാമൂഹ്യ ജീവിയാണ്‌ എന്നത്‌ ഈ സമൂഹം എന്നു മനസ്സിലാക്കുമൊ എന്തോ! സമൂഹത്തിലെ സദാചര കാവല്‍ക്കാര്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ ആദ്യം വൃത്തിയാക്കേണ്ടത്‌ സ്വന്തം അകമാണ്‌..ജോലിപരമായ കാരണങ്ങളാന്‍ കുറച്ച്‌ കാലം തനിയെ താമസിക്കേണ്ടി വന്നു എനിക്ക്‌..ചില ദിവസങ്ങളില്‍ തനിച്ചിരിക്കലിന്റെ മുഷിവ്‌ മാറ്റാനും മറ്റുമുള്ള സുഹൃത്‌ സന്ദര്‍ശങ്ങള്‍ക്ക്‌ ശേഷം കുറച്ച്‌ വൈകി വീട്ടില്‍ എത്തിയതിന്‌ ഒരു മുസ്ലിം പെണ്‍കുട്ടിക്ക്‌ ഇങ്ങനെ ആകാമൊ? എന്നാണ്‌ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തന്നെ ചോദിച്ചത്‌! ഒളിഞ്ഞും തെളിഞ്ഞുമുള്ള ആരോപണങ്ങള്‍ വേറെ!..

മുഴുവനും പര്‍ദ്ദയണിഞ്ഞ്‌ നടക്കുന്ന രാജ്യങ്ങളില്‍ പെണ്ണിന്റെ വെളിവാകുന്ന പാദങ്ങള്‍ പോലും വികാരത്തിനടിമപ്പെടുത്തുമത്രേ.പുറത്ത്‌ വരാത്ത ലൈംഗീക അരാജകത്വത്തിന്റെ മുഖങ്ങള്‍ ഏറെയുള്ളതും ഇവിടങ്ങളിലാണെന്നും ഓര്‍ക്കുക..

പര്‍ദ്ദ മുസ്ലിം വനിതയുടെ ഗ്ലോബല്‍ യൂണിഫോം ആക്കാന്‍ ശ്രമിക്കുന്നവര്‍ പുരുഷന്മാര്‍ തന്നെയാണ്‌.(അവര്‍ എന്ത്‌ കൊണ്ട്‌ നബിചര്യയുടെ ഭാഗമായ താടി വെക്കുന്നില്ല? കണങ്കാലിനു മുകളില്‍ വസ്ത്രം ഉയര്ത്തി ഉടുക്കുന്നില്ല? താടി വക്കാത്ത ആളൂകളുടെ തല വെട്ടുമോ ആവോ ഇനി!)..

ഗള്‍ഫുകാരുടെ ഭാര്യമാര്‍ വഴി(ഹൂറുല്‍ ഈന്‍ തുറക്കുന്നതിനും മുന്‍പ്‌ ാ‍മുന്‍പും നമ്മുടെ നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ ദേഹം മുഴുവനും മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചിരുന്നു. Obsolete ആയിപ്പോയ കാച്ചിയും മുണ്ടും ഒക്കെ തന്നെ ഉദാഹരണങ്ങള്‍..നെരിയാണിക്ക്‌ മുകളില്‍ മാത്രമേ അന്നത്തെ പുരുഷന്മാര്‍ തുണി ഉടുത്തിരുന്നുള്ളൂ.. ആ നമ്മുടെ സമൂഹത്തിനിടയിലേക്ക്‌, പുത്തന്‍ അറിവുകളും പുത്തന്‍ കൂറ്റ്‌ സംസ്കാരങ്ങളുമായി പല പല സംഘടനകള്‍ കടന്ന് വന്നു(അഹ്ലു സുന്നത്‌ വല്‍ ജമാ അത്ത്‌, മുജാഹിദ്‌ ഇരു വിഭാഗങ്ങളും, ജമാ അത്തെ ഇസ്ലാമി..പിന്നെ ഇസ്ലാം നാമധാരികളായ ഒരുപാട്‌ സംഘടനകളും..) ഇവയൊക്കെ സംസ്കാരത്തിന്റെ മൂല്യം ഉയര്‍ത്തുന്നതിന്‍ പകരം മൂല്യ ശോഷണം ആണ്‌ നമ്മുക്ക്‌ സംഭാവന ചെയ്തത്‌.! അറിവ്‌ കൂടുന്തോറും നമ്മുടെ മാനസിക നില കൂടുതല്‍ സങ്കുചിതം ആവുകയാണ്‌ ചെയ്ത്തത്‌.. (ഇത്‌ കേരളത്തില്‍ മാത്രം ദേശീയ തലത്തില്‍ എത്രയോ വേറെ..) ഇവയൊക്കെ നമ്മിലെ സഹിഷ്ണുത ഊട്ടിയുറപ്പിക്കുന്നതിനു പകരം അറിഞ്ഞോ അറിയാതെയോ എതോക്കെയോ വൈരങ്ങള്‍ക്ക്‌ വളമിടുകയാണ്‌ ചെയ്തത്‌..
ഫലമോ ആരാധനാലയങ്ങള്‍ വടിവാളുടെയും ബോംബിന്റെയും ഒക്കെ സൂക്ഷിപ്പ്‌ കേന്ദ്രങ്ങള്‍ ആയി!

ഉടല്‍ മൂടുന്ന വസ്ത്ര ധാരണവും ശിരോവസ്ത്രവും ഇസ്ലാമിക വസ്ത്രധാരണ രീതി മാത്രം അല്ല. ക്രൈസ്തവ സംസ്കാരത്തിലെ പുരാതന ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്‌ ശിരോ വസ്ത്രം ധരിച്ച സ്ത്രീകളെയാണ്‌.ഇന്നും ദേവാലയ സന്ദര്‍ശനങ്ങളില്‍ അവര്‍ തല മറയ്കാറുണ്ട്‌. സനാതന ധര്‍മ്മത്തിന്റെ പല സംസ്കാരങ്ങളിലും ഇത്‌ കാണാന്‍ കഴിയും. ഉത്തരെന്ത്യന്‍ സംസ്കാരത്തില്‍ ഇന്നും ഭര്‍ത്താവിന്റെ പിതാവിന്റെ മുന്‍പിലും മറ്റ്‌ മുതിര്‍ന്നവരുടെ മുന്‍പിലും അവര്‍ ഇന്നും ആ മര്യാദകള്‍ പാലിക്കുന്നും ഉണ്ട്‌.

നേര്‍മ്മയല്ലാത്തതും പ്രദര്‍ശന പരതയില്ലാത്തതും മാന്യവുമായ വസ്ത്രം ധരിക്കുന്നിടത്തോളം ഇങ്ങനെയൊറു രീതി അടിച്ചേല്‍പ്പിക്കാമോ? പിന്‍ബലമായി വധ ഭീഷണി പോലുള്ള കാടത്തങ്ങളും. പര്‍ദ്ദയില്‍ വസ്ത്ര ധാരണ സുഖവും സ്വാതന്ത്ര്യവും അനുഭവിക്കുന്ന ഒരുപാട്‌ പേരുണ്ട്‌.. അവര്‍ അത്‌ ധരിക്കട്ടെ.എല്ലാറ്റിനും മുകളില്‍ അമ്മയും ഭാര്യയും പെങ്ങളും സ്നേഹിതയും ഒക്കെ ആയ സ്ത്രീയെ ഉപഭോഗം എന്നുള്ള ഒരൊറ്റ ചിന്ത കൊണ്ട്‌ മാത്രം കാണാതിരിക്കുക.. ഒളിക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്‌ ഇന്നു പലരുടെയും മനസിലാണ്‌.ജിഹാദ്‌ അഥവാ വിശുദ്ധ യുദ്ധം നടത്തേണ്ടത്‌ ഒരോരുത്തരും സ്വന്തം സ്വത്വത്തോടാണ്‌..

ഒരു റിഹാന ഖാസിയുടെയോ മൈന ഉമൈബാന്റെയോ ഷരീഫ ഖാനത്തിന്റെയോ ഒക്കെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രം.

നിറങ്ങള്‍ മോഹിച്ച്‌ കരിമ്പടത്തിനുള്ളില്‍ ശ്വാസം മുട്ടുന്ന എത്രയൊ ജന്മങ്ങള്‍ ഉണ്ടായിരിക്കാം..

Sunday, September 5, 2010

പെരിയത്ത

ഓര്‍മ്മവഴികളില്‍ തട്ടിത്തടഞ്ഞെത്തിയ പഴയ ഒരു പെരുന്നാള്‍ക്കാലം...


"നൂര്‍ജാനും കൊളന്തൈകളും വന്താച്ച്‌..." വൈകുന്നേരം ആറ്‌ മണിക്ക്‌ വരേണ്ടുന്ന കെ.ഇ.എം. ബസ്സിനെ രാവിലെ ആറു മണി മുതല്‍ കാത്ത്‌ നില്‍ക്കുന്നതാണ്‌ പെരിയത്ത.

അമ്മയുടെ കയ്യിലിരുന്ന ബാഗും പിടിച്ച്‌ മേടിച്ച്‌ എന്റെയും അക്കയുടെയും കയ്യും പിടിച്ച്‌ പെരിയത്ത ഓടാന്‍ തുടങ്ങി.. വഴി നീളെ പറയുന്നുണ്ടായിരുന്നു. "നൂര്‍ജാനും കൊളന്തൈകളും മരുമകനും വന്താച്ച്‌.." പെരിയത്ത ,എന്റെ അമ്മയുടെ അത്തയുടെ ജ്യെഷ്ടന്‍ ആണ്‌. വളര്‍ന്ന് പോയ ഒരു അപ്പുക്കിളിയുടെ ഭാവങ്ങളുള്ള ഒരു നീണ്ട മനുഷ്യന്‍.

പെരുന്നാള്‍ ഒലവക്കോട്ടുള്ള അമ്മ വീട്ടില്‍ കൂടാന്‍ ഞങ്ങള്‍ എത്തുമെന്നറിഞ്ഞിട്ടാണ്‌ രാവിലെ മുതല്‍ക്കുള്ള കാത്ത്‌ നില്‍പ്പ്‌.

"ചെല്ലാ..മെതുവാ..ടാ..കൊളന്തൈകളുക്ക്‌ വലിക്കും"..ഇറം കോലായില്‍ വെറ്റിലച്ചെല്ലവുമായി കാലു നീട്ടി ഇരിക്കുകയായിരുന്ന കാലാമ ശാസിച്ചു,..വയലറ്റ്‌ നിറത്തിലുള്ള മുറി മുണ്ടും വെളുത്ത പെണ്‍കുപ്പായവും വെളുത്ത മേല്‍മുണ്ടും ഇട്ട്‌ പൊകല ഇടിക്കുക്യയിരുന്ന കാലാമ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച്‌ കൊണ്ട്‌ വിളിച്ചു.."പാപ്പാത്തീ... വാ:.."

ഇതിനിടയില്‍ പെരിയത്തായെ നോക്കി കാലാമ ഒരു ചെറിയ ഭീഷണി സ്വരത്തില്‍ പറഞ്ഞു. "കാലയിലെ പോനതാക്കും നീ. ഇര്‌ ചിന്നക്കണ്ണന്‍ വരട്ടും"

"നൂര്‍ജാന്‍ വരറതിനാലെ ല്ലിയാ..നീ ചിന്നക്കണ്ണങ്കിട്ടെ ചൊല്ലവേണ്ടാ..അവന്‍ എന്നെ മൂച്ചിത്തോട്ടത്തിലെ കൂട്ടീട്ട്‌ പോയി ചങ്ങല പോട്ടിടും"..സ്ഥാനം തെറ്റി ബട്ടണ്‍സിട്ട ഷര്‍ട്ടില്‍ തെരുപ്പിടിപ്പിച്ച്‌ കൊണ്ട്‌ പെരിയത്ത പറഞ്ഞു.
ഭ്രാന്തന്മാരെ ചങ്ങലക്കിടുന്ന കല്‍പ്പാത്തിയിലെ ഭ്രാന്താസ്പത്രിയെപറ്റിയുള്ള പേടിപ്പിക്കുന്ന കേട്ടറിവുകള്‍ ഉള്ളത്‌ കൊണ്ടാവാം പെരിയത്തായുടെ കണ്ണുകളില്‍ അകാരണമായ ഒരു ഭീതി നിറഞ്ഞത്‌ പോലെ..

കാലാമ വാല്‍സല്യത്തോടെ പറഞ്ഞു."സരി ..നീ പൊയി എതാവത്‌ ചാപ്പിട്‌..ചെല്ലാ.."

കാലാമ പെരിയത്തയുടെയും അത്തായുടെയും ഇളയമ്മയാണ്‌. അത്തയെ പ്രസവിച്ച്‌ കുറച്ച്‌ നാളുകള്‍ ക്ഴിഞ്ഞപ്പോളെക്കും അത്തായുടെ അമ്മ മരിച്ചത്രെ. അങ്ങനെ മമ്മുസാകുട്ടി രാവുത്തര്‍ എന്ന വലിയത്ത രണ്ടാമത്‌ കല്യാണം കഴിച്ചു. അതില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായി. പക്ഷേ അവര്‍ക്ക്‌ ബുദ്ധിക്കുറവുള്ള ചെല്ലനെ കണ്ട്‌ കൂടായിരുന്നു..ഒരു നാള്‍ സമയത്തിന്‌ ചോറു കിട്ടാതെ കുട്ടികളായ ചെല്ലനും ചിന്നക്കണ്ണനും വീടിനടുത്തുള്ള കല്‍പാത്തി പുഴയുടെ പാലത്തിന്റെ ചുവട്ടില്‍ പിണങ്ങിയിരിക്കുകയായിരുന്നുവത്രേ..ആ നേരത്താണ്‌ മമ്മുസാകുട്ടി രാവുത്തര്‍ പാടത്തു നിന്നും കാളവണ്ടിയില്‍ കറ്റ കയറ്റി വരുന്നത്‌."എന്ത്ക്ക്‌ ടാ ഇന്ത വെയിലിലെ ഇങ്കെ ഉക്കാന്തിട്ടിരുക്ക്‌?"

"ചിന്നമ്മ ചെല്ലനുക്ക്‌ ചാപ്പാട്‌ പോടലെ" ചിന്നക്കണ്ണന്‍ പറഞ്ഞു. മക്കള്‍ക്ക്‌ ചോറു കൊടുക്കാതിരുന്ന ചിന്നമ്മയെ അപ്പോല്‍ തന്നെ മൂന്നും കൂട്ടി തലാക്ക്‌ ചൊല്ലിയത്രെ ഉഗ്രകോപിയായ രാവുത്തര്‍..

പിന്നെ കല്യാണം കഴിച്ചതാണ്‌ കാലാമയെ..കാലാമ ചിന്നക്കണ്ണന്റെയും ചെല്ലന്റെയും അമ്മയുടെ അനുജത്തി തന്നെയാണ്‌..

അത്‌ കൊണ്ട്‌ അവര്‍ കാലാമ എന്നു തന്നെ വിളിച്ച്‌ പോന്നു..അവര്‍ മമ്മുസാകുട്ടി രാവുത്തരുടെ അഞ്ച്‌ മക്കളെകൂടി പെറ്റു. അധികം ദൂരത്തല്ലാതെയാണ്‌ മക്കളായ തമ്പിക്കുട്ടിയും അത്ത്‌റും കാസീനും സ്വലയയും ഖയറും ഒക്കെ താമസിക്കുന്നതെങ്കിലും കാലാമ ചിന്നക്കണ്ണനെയും ചെല്ലനെയും വിട്ട്‌ എങ്ങും പോയില്ല..

എല്ലവരുടെയും വാല്‍സല്യമായിരുന്ന എന്റെ അമ്മ എത്തിയത്‌ കൊണ്ട്‌ ആ പെരുന്നാള്‍ തലേന്ന്‌ വീട്ടില്‍ ചിന്നത്തമാരുടെയും കുപ്പീമ്മമാരുടെയും ബഹളമായിരുന്നു.

കൊളന്തൈകളുക്ക്‌ കടയിരുന്നു എതാവത്‌ വാങ്കിക്കുടുക്കകൂടാത്‌ എന്ന അത്തയുടെ ശാസനം ഉണ്ടെങ്കിലും അത്തയുടെ ഹെര്‍ക്കുലീസ്‌ സൈക്കിള്‍ കണ്ണില്‍ നിന്ന് മറയുന്നതിന്‌ മുന്‍പേ പെരിയത്ത ഓടിയിരിക്കും പിന്നെ വരുന്നത്‌. മുണ്ടിന്റെ കോന്തലയില്‍ പൊതിഞ്ഞ ജിലേബി, തേന്‍ മുട്ടായി, മുറുക്ക്‌ ഒക്കെ കൊണ്ടായിരിക്കും...

ഫ്ലാഷ്‌ ബാക്‌ മെമ്മറിയില്‍ ഫിതര്‍ സക്കാത്തിന്‌ അളന്നെടുക്കുന്ന അരിയുടെ, പുതിയ ഉടുപ്പിന്റെ, മയിലാഞ്ചിയുടെ, ഉരുക്കുന്ന പശുവിന്‍ നെയ്യിന്റെ, അദുക്കള ഭാഗത്തെ കലമ്പലുകളും പിന്നെ ഏതൊക്കെയോ പേരറിയാത്ത ഗന്ധസ്മൃതികളും..

കാലാമയെയും പെരിയത്തയെയും എന്റെ അമ്മയെയും സ്വലയക്കുപ്പിയെയും ഒക്കെ കാലം തുടച്ചെടുത്തു..മയിലാഞ്ചി മണമുള്ള എത്രയോ പെരുന്നാളുകള്‍ കഴിഞ്ഞു..നാവിലെ തേന്‍ മുട്ടായിയുടെയും മുഷിഞ്ഞ ജിലേബിയുടെയും മധുരം ഇന്നും ബാക്കിയാവുന്നു...

**********************

കുറിപ്പ്‌ : പാലക്കാട്ടെ രാവുത്തര്‍ മുസ്ലീങ്ങള്‍ തമിഴ്‌ കലര്‍ന്ന മലയാളം ആണ്‌ സംസാരിക്കുക.
അക്ക:ചേച്ചി
കാലാമ :അമ്മയുടെ അനുജത്തി.
കുപ്പീമ്മ: അച്ഛന്റെ പെങ്ങള്‍(ഇവിടെ അമ്മയുടെ അച്ഛന്റെ പെങ്ങള്‍)
അത്ത: അച്ഛന്‍(അമ്മയുടെ അച്ഛനെയാണ്‌ ഇവിടെ അത്ത എന്ന് റഫര്‍ ചെയ്തിരിക്കുന്നത്‌)
പെരിയത്ത:(അച്ഛന്റെ ചേട്ടന്‍. ഇവിടെ മുത്തച്ഛന്റെ ചേട്ടന്‍)
വലിയത്ത: മുത്തച്ഛന്റെ അച്ഛന്‍
അപ്പുക്കിളി : ഖസാകിന്റെ ഇതിഹാസതിലെ ഒരു കഥാപാത്രം.
ചിന്നമ്മ:ഇളയമ്മ

മലബാര്‍ മുസ്ലീങ്ങളെപ്പൊലെ വെളുത്ത കാച്ചിമുണ്ടല്ല രാവുത്തര്‍ സ്ത്രീകള്‍ ധരിക്കുക്ക. കടും നിറങ്ങളിലുള്ള ആ മുണ്ടിനെ മുറി മുണ്ട്‌ എന്നാണ്‌ പറയുക

Sunday, August 22, 2010

(21 മാര്‍ച്ച്‌ ......)

(21 മാര്‍ച്ച്‌ ......)


ചിരിക്കുന്ന എന്റെ മുഖത്തിനു പിന്നിലെ കടുത്ത
ഏകാന്തതയെ നീ തിരിച്ചറിയുന്നുവൊ?

ആത്മാവ്‌ ഉരുകുന്നപ്പോഴാണെന്നറിയുമോ?
പ്രണയിക്കുമ്പോള്‍..
ഹൃദയത്തിന്‌ കനം വെക്കുന്നതെപ്പൊഴെന്നറിയുമൊ?
പ്രണയവും വിരഹവും ഒന്നെന്നറിയുമ്പോള്‍..

എന്നിലേക്കുള്ള വഴികള്‍ ഇരുള്‍ മൂടിയതാണ്‌..ദുര്‍ഘടവും
നീ പിന്‍ വാങ്ങിക്കൊള്‍ക..
ഞാന്‍ തനിയെ താണ്ടേണ്ടുന്ന ഇരുള്‍വഴികള്‍..

എന്റെ മൗനം മുറിഞ്ഞ്‌ പോകുന്നു..
എന്റെ തേങ്ങലുകള്‍ നിന്റെ കേള്‍വിക്കുമപ്പുറം..

നിനക്ക്‌ തിരിച്ചറിയാനാവാത്ത ശബ്ദങ്ങളില്‍
ഒന്നിനി എന്റെ ശബ്ദവും..

പ്രണയം അഗ്നിയാണെങ്കില്‍ ഞാന്‍
എരിഞ്ഞടങ്ങട്ടെ..
പ്രണയം ശൈത്യമാണെങ്കില്‍ ഞാന്‍
ഉറഞ്ഞ്‌ പോകട്ടെ..
പ്രണയം വര്‍ഷമാണെങ്കില്‍ ഞാന്‍
അലിഞ്ഞില്ലാതകട്ടെ..
അറിയുക എനിക്ക്‌ പൂത്തുലയാന്‍
ഇനി ഒരു വസന്തം ബാക്കി ഇല്ലെന്ന്‌..
അവശേഷിക്കുന്നത്‌ കൊടുംഗ്രീഷ്മത്തിന്റെ
ഉള്‍ത്തപം മാത്രം..

തുള വീണുപോയ എന്റെ ആത്മാവ്‌
ഇനി കുപ്പക്കൂനയില്‍..
എരിയുന്ന മുറിവുകളിലേക്ക്‌ വെള്ളിച്ചിറകുള്ള
മാലാഖമാരുടെ മൃദു സ്പര്‍ശം..സ്വപ്നങ്ങളില്‍...

Sunday, August 15, 2010

നിങ്ങളെ ഞാന്‍ വെറുക്കുന്നില്ല..!!

എനിക്ക്‌ കേള്‍ക്കേണ്ടാത്ത ശബ്ദങ്ങള്‍..
എനിക്ക്‌ നേരെ കല്ലെറിയുന്നുവരുടെ വിശുദ്ധ വചസ്സുകള്‍
എനിക്ക്‌ കാണേണ്ടാത്ത കാഴ്ചകള്‍..
രഹസ്യങ്ങള്‍ ചൂഴാന്‍ എനിക്ക്‌ ചുറ്റും
കൂര്‍ത്ത്‌ നില്‍ക്കുന്ന നോട്ടങ്ങള്‍..
നിങ്ങളുടെ കണ്ണുകളില്‍ കത്തുന്ന
സംശയത്തിന്റെ തീമുനകള്‍
ഞാനറിയാതെ പോവുന്നുവെന്നാണോ?
നിങ്ങളുടെ മനസ്സുകളില്‍ എനിക്കുള്ള
ഊരുവിലക്ക്‌ ഞാന്‍ അറിയുന്നില്ലെന്നാണോ?

തെറ്റുകള്‍ എന്റേത്‌..
തെറ്റുകള്‍ക്കിടയിലെ ശരിയും..
ശരികള്‍ എന്റേത്‌..
ശരികള്‍ക്കിടയിലെ തെറ്റും..

ഞാന്‍ മനുഷ്യരെ സ്നേഹിച്ചു..
അതേറ്റവും വലിയ തെറ്റ്‌..(ശരി?!!)
അന്നേരം ഒരു മരത്തെയാണ്‌
സ്നേഹിച്ചതെങ്കില്‍ ഒരിത്തിരി
തണലെങ്കിലും ബാക്കിയായേനെ..!

Wednesday, July 28, 2010

വെറുതേ...

തെളിച്ചമില്ലാത്ത സ്വപ്നങ്ങള്‍..
തിരയടങ്ങിയ സമുദ്രം..
അറിയാത്ത ആഴങ്ങള്‍...
പിന്നെ പച്ചച്ച കാടുകള്‍..
തെളിഞ്ഞ്‌ കാണപ്പെട്ട നീര്‍ത്തടാകം..
ചവിട്ടടികളില്‍ ഉള്ളം കാലിലറിയുന്ന നനവ്‌..
അടക്കമില്ലാതെ പായുന്ന തൃഷ്ണകള്‍....
ഒരു ഫ്രെയിമില്‍ നിന്ന് മറ്റൊന്നിലേക്കിള്ള ഉറക്കത്തിലെ അടുക്കില്ലാത്ത ട്രാന്‍സിഷനുകള്‍....

Wednesday, June 9, 2010

ചോക്ലേറ്റ്‌ നിറമുള്ള കുട്ടി

                          ചോക്ലേറ്റ്‌ നിറമുള്ള കുട്ടി




ഒരു അഭിനവ തത്വം:ജീവിതവും പ്രണയവും കാമവും വെവ്വേറെ ആണ്‌.അതല്ല, അത്‌ ഒന്നിനോടൊന്ന് ഇഴ ചേര്‍ന്നതാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ മൂഢന്മാരും മൂഢത്തികളും ആണ്‌.


 1.
വൈബ്രേഷന്‍ മോഡില്‍ ഇട്ടിരിക്കുന്ന മൊബൈലിന്റെ മുരള്‍ച്ചയാണ്‌ പാതി മയക്കതില്‍ നിന്നും കാതറീനെ ഉണര്‍ത്തിയത്‌.
"വണ്‍ മെസ്സേജ്‌ ഇന്‍ ഇന്‍ബോക്സ്‌." 3 ദിവസമായി ഒരായിരം തവണയെങ്കിലും അതെടുത്ത്‌ നോക്കിയിട്ടുണ്ട്‌.പ്രതീക്ഷാപൂര്‍വ്വം..  
'സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍-ശ്യാം.'  
ഒരു വല്ലാത്ത ഈര്‍ഷ്യയാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.വലത്‌ കൈ അറിയാതെ അടിവയറ്റിന്റെ പതുപതുപ്പില്‍ അമര്‍ന്നു.  
എന്റെ കുഞ്ഞു ഘനശ്യാം...  
പല രാത്രികളില്‍ തങ്ങള്‍ ഒന്നിച്ചുറങ്ങിയ നഗരത്തിലെ വാടകമുറി വിട്ട്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ശ്യാം ,അവന്റെ സ്ഥായിയായ സ്നേഹത്തിലേക്ക്‌, ജീവിതത്തിലേക്ക്‌ തിരിച്ച്‌ നടന്നത്‌.
-ജീവിതം, അല്ലെങ്കില്‍ സൗകര്യപൂര്‍വ്വമുള്ള പൊളിച്ചെഴുത്തുകള്‍ - 



2

അസാധാരണമാം വിധം മിടിയ്ക്കുന്ന ഹൃദയത്തോടെ ഒരു സാധാരണ ജോലി ദിവസത്തേയ്ക്ക്‌ അവള്‍ ശ്രദ്ധ തിരിച്ചു. 
വാലെന്റൈന്‍സ്‌ ഡേ അടുത്തിരിക്കുന്നത്‌ കൊണ്ട്‌ "ബെല്ല ഡെ റൊസ്‌"ന്റെ അലങ്കാരങ്ങള്‍ മുഴുവനും മാറ്റാനുള്ള തിരക്കിലായിരുന്നു പകല്‍ മുഴുവന്‍..ചുവന്ന ഹൃദയങ്ങള്‍ കൊണ്ട്‌ കടയ്ക്കു മുഴുവനും പുതു ചന്തം നല്‍കി, ഹൃദയാകൃതിയില്‍ അലങ്കരിച്ചു വെക്കേണ്ട ഡാര്‍ക്ക്‌ ചൊക്കൊലേറ്റുകള്‍..അജ്ഞാതരായ ഏതൊക്കെയോ പ്രണയികളെ കാത്തിരിക്കുന്ന കടും മധുരങ്ങള്‍...  
എന്നിട്ടും അയഞ്ഞ എതോ നിമിഷത്തില്‍ മനസ്സ്‌ തിരിച്ച്‌ നടന്ന് പ്രഗ്നന്‍സി ഹോം ചെക്കിംഗ്‌ കിറ്റില്‍ പോസിറ്റിവ്‌ ഫലം തെളിയിച്ച രണ്ട്‌ ചുകന്ന വരകളില്‍ തങ്ങി നിന്നു.നിഗൂഢമായ ഒരു ഭാവത്തൊടെയാണ്‌ കാതറീന്റെ വിരലുകള്‍ മൊബെയില്‍ കീ പാഡില്‍ ദ്രുത ഗതിയില്‍ ചലിച്ചത്‌.."ഇറ്റ്‌ ഈസ്‌ യെസ്‌!"..ഇളം ചൂടുള്ള, രോമക്കാടായ അവന്റെ നെഞ്ചില്‍ തല ചായചു നില്‍ക്കാനാണ്‌ അവള്‍ക്കന്നേരം തോന്നിയത്‌..മയില്‍പ്പീലിക്കണ്ണുള്ള കുഞ്ഞു ഘനശ്യാമിനെ സ്വപ്നം കണ്ട്‌ കൊണ്ട്‌.. 
നിമിഷങ്ങള്‍ക്ക്‌ ശേഷം ഫോണ്‍ ശബ്ദിച്ചപ്പോള്‍, ആദി മനുഷ്യന്റെ ശബ്ദമാണ്‌ മറു തലയ്ക്കല്‍ കേട്ടത്‌...വെളിവാക്കപ്പെട്ട നഗ്നത അത്തിയിലകളാല്‍ മറയ്ക്കാന്‍ ശ്രമിച്ച ആദി മനുഷ്യന്റെ...പാപബോധം തീണ്ടിയ ആദി മനുഷ്യന്‍!.സ്ത്രീയാല്‍ വഞ്ചിക്കപ്പെട്ട ആദിമനുഷ്യന്‍...സര്‍പ്പത്താല്‍ വഞ്ചിക്കപ്പെട്ട സ്ത്രീ. 
വീണ്ടും.. 
സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍-ശ്യാം.
3. 
ഫെബ്രുവരിയുടെ വൈകുന്നേരങ്ങളിലെ തണുപ്പ്‌ പതുക്കെ വിട്ടു തുടങ്ങി..പെറ്റ്‌ പെരുകാനിരിക്കുന്ന ഉഷ്ണത്തിന്റെ മുന്നൊരുക്കമെന്നോണം.. 
നഗരത്തെ പച്ച പുതപ്പിക്കുന്ന പുല്‍ത്തകിടികളെ സ്പ്രിംഗ്ലറില്‍ നിന്നും ചീറ്റിത്തെറിക്കുന്ന വെള്ളം നനയ്ക്കുന്നുണ്ടായിരുന്നു. സൂര്യ രശ്മികള്‍ അതില്‍ മഴവില്ലു തീര്‍ക്കുന്നതും നോക്കി കാതറീന്‍ വേഗം നടന്നു..നടപ്പാത്തയില്‍ നിന്ന് വിട്ട്‌ പുല്‍ത്തകിടിയിലൂടെയായൈരുന്നു അവള്‍ നടന്നിരുന്നത്‌. പോയിന്റെട്‌ ഹീല്‍സ്‌ ഉള്ള ചെരുപ്പ്‌ പുല്‍ത്തകിടിയില്‍ പൂണ്ട്‌ പോകുന്നത്‌ കൊണ്ടാവാം അതു ഒരു കയ്യില്‍ കോര്‍ത്ത്‌ പിടിച്ചായിരുന്നു അവള്‍ നടക്കുനന്ത്‌. ചവിട്ടടികളില്‍ നനവ്‌..
 4. 
ഹൃദയവും ആമാശയവും വന്‍ കുടലും ചെറു കുടലും ഒക്കെ വെളിവാക്കുന്ന വിധത്തില്‍ ശരീരത്തിന്റെ മുന്‍ഭാഗം ചെത്തിയിറക്കിയ അനാട്ടമിക്കല്‍ മോഡല്‍.ഡോ.മധുശ്രീഗുപ്തയുടെ മേശപ്പുറം. 
കുഞ്ഞുഘനശ്യാമന്മാര്‍ എവിടെയാവും കൈവിരലുണ്ട്‌ കൊണ്ട്‌ പതുങ്ങിക്കിടക്കുക? അല്ല അത്‌ ആദി മനുഷ്യന്റെ ശരീരം ആണ്‌..പുരുഷനെ വഞ്ചിച്ച കുറ്റത്തിന്‌ സൃഷ്ടിയുടെ നോവറിയാന്‍ ദൈവ ശാപം ലഭിച്ച സ്ത്രീയുടെതല്ല. 
ഡോ.മധു ശ്രീ ഗുപ്തയുടെ മുന്നില്‍ കുറ്റവാളിയുടെ കണ്ണുകളോടെ അവള്‍ ഇരുന്നു.ലിപ്‌ ലൈനര്‍ അതിരിട്ട ചെറിയ ചുണ്ടുകളില്‍ ഭംഗിയുള്ള പുഞ്ചിരി വിരിയിച്ച്‌ ഡോ.മധുശ്രീ പറഞ്ഞു.."റിലാക്സ്‌..ഐ വില്‍ ഡു ഇറ്റ്‌". 
എ.റ്റി.എം ഇലെ അവസാന നാണയവും ചുരണ്ടി കൗണ്ടറില്‍ പണമടച്ച്‌ ഊഴത്തിനായി കാതറിന്‍ കാത്തു. 
കൈകോര്‍ത്ത്‌ പിടിച്ച്‌ കണ്ണുകളില്‍ സന്തോഷം നിറച്ച ഒരു ഭാര്യയും ഭര്‍ത്താവും എതിരില്‍.അവളുടെ കൈ അയാളുടെ മടിയില്‍ വിശ്രമിക്കുന്നു.ഗര്‍ഭപാത്രത്തില്‍ കിഴുക്കാം തൂക്കായി കിടക്കുന്ന ഉണ്ണിയുടെ ഘട്ടം ഘട്ടമായുള്ള വളര്‍ച്ച വ്യക്തമാക്കുന്ന പോസ്റ്ററില്‍ അവര്‍ സാകൂതം നോക്കിക്കൊണ്ടിരുന്നു... 
കാതറീന്റെ മൗനം പിടഞ്ഞു. 
കുഞ്ഞേ..നീ ഭാഗ്യവാന്‍..സ്നേഹത്തില്‍ കുരുത്ത്‌ സ്നേഹത്തില്‍ പിറക്കാന്‍ വിധിക്കപ്പെട്ടവന്‍..കുഞ്ഞു ഘനശ്യാം..അമ്മയോട്‌ പൊറുക്കുക..നീ അംഗീകരിക്കപ്പെടാത്തവനാണ്‌..പിതൃത്വം നിഷേധിക്കപ്പെട്ടവനാണ്‌.സൂര്യ തേജസ്സ്‌ ആവാഹിക്കുവാന്‍ ഈ അമ്മ കുന്തീദേവിയല്ല..നിന്നെ വളര്‍ത്താന്‍ ഒരു അതിരഥനും അവശേഷിക്കുന്നുമില്ല..
ഒബ്സര്‍വേഷന്‍ ടേബിളില്‍, കിടക്കുവാന്‍ ജീന്‍സിന്റെ ബട്ടണ്‍ അഴിച്ചപ്പോള്‍ അകത്തെവിടെയോ ഒരു സ്പന്ദനം..കിഴുക്കാം തൂക്കായി തുടയൊടുരസി നീ പിറന്നു വീഴേണ്ട യോനീമുഖത്തേക്ക്‌,ഡോക്റ്ററുടെ വെളുത്ത ഗ്ലൗസിട്ട കൈ കൊണ്ട്‌ നിനക്കുള്ള വിഷം തിരുകി.. മുലക്കണ്ണില്‍ വിഷം തേച്ച പൂതന!-നിന്റെ അമ്മ!
-കാമത്തിന്റെ ഒടുക്കം-
5. 
ഇഞ്ചക്ഷനുകള്‍ നല്‍കിയ തളര്‍ന്ന മയക്കം..എണ്ണ മിനുപ്പും, മയില്‍പ്പീലിക്കണ്ണും ഇരുണ്ട മുടിയഴകുമുള്ള കുഞ്ഞു ഘനശ്യാം അവളുടെ സ്വപ്നങ്ങളില്‍ കൈകാല്‍ കുടഞ്ഞ്‌ ചിരിച്ചു. 
ഉണര്‍ച്ചയില്‍... 
തൊണ്ടയിലേയ്ക്ക്‌ തികട്ടി വരുന്ന മരുന്നിന്റെ കയ്പ്പിനൊപ്പം വീണ്ടും മൊബൈല്‍ അതേ മെസ്സേജ്‌ ശര്‍ദ്ദിക്കുന്നു.."സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍.." തുടരെത്തുടരെ വരുന്ന മുരള്‍ച്ച കട്ട്‌ ചെയ്ത്‌ റിപ്ലൈ ബട്ടനില്‍ അവള്‍ വിരലമര്‍ത്തി..
"സംഹാരതിനു ചിലവഴിക്കേണ്ടി വന്ന അക്കങ്ങളുടെ കണക്കെടുക്കുന്നതിനു മുന്‍പ്‌ എന്റെ ഘനശ്യാം നീയറിയുക..നമ്മുടെ കുഞ്ഞുഘനശ്യാം ചോക്ലേറ്റ്‌ ബ്രൗണ്‍ നിറത്തിലുള്ള രക്തക്കട്ടകളായി സാനിറ്ററി നാപ്കിന്റെ വെളുപ്പില്‍ അലിഞ്ഞില്ല്ലാതായി..എങ്കിലും ഘനശ്യാം നീയറിയുക.പ്രണയവും ജീവിതവും കാമവും വെവ്വെറെയാവുന്ന നീ നവയുഗത്തില്‍..ഞാന്‍ നിനക്കുള്ള പ്രണയം കരുതി വെച്ച്‌ കൊണ്ട്‌ യുഗങ്ങള്‍ക്കപ്പുറം...ഒരു യമുനാതീരവും ഇനി അതിന്റെ ഉള്ളുരക്കം അറിയാതിരിക്കട്ടെ" 
"മെസ്സേജ്‌ ഡെലിവേഡ്‌" 
-പ്രണയം മാത്രം..തുടര്‍ച്ച-
ശേഷം... 
മൊബൈലിന്റെ ചുവന്ന ബട്ടണില്‍ അവള്‍ അമര്‍ത്തി പ്രസ്സ്‌ ചെയ്തു..

Sunday, February 21, 2010

പഴയൊരോണം..

ഇത്‌ ഇന്നിന്റെ ബാല്യമല്ല..ഇച്ഛാനുസൃതം റെഡിമെയ്ഡുകള്‍ കിട്ടൂന്ന കാലത്തിനു മുന്‍പേ..

മുറ്റത്തെ പൂക്കളത്തിന്‌ തമിഴന്റെ പൊള്ളുന്ന വിലയുള്ള പൂക്കളെ ആശ്രയിക്കേണ്ടീ വരുന്നതിനും മുന്‍പെ...


ഓണസദ്യ ചാനല്‍ വിരുന്നുകള്‍ക്ക്‌ വഴി മാറുന്നതിന്‌ മുന്‍പേ ഉള്ള ഒരാറു വയസ്സുകാരിയുടെ ഓണനിനവുകള്‍..
ആറും നാലും ഒന്നരയും വയസ്സുള്ള എന്റെ മക്കള്‍ക്ക്‌ സമര്‍പ്പണം.



പഴയൊരോണം..



രാവിലെ മുതല്‍ ഗേറ്റില്‍ കാത്ത്‌ നില്‍ക്കുകയാണ്‌ ദേവൂട്ടി. കണ്ണൊന്ന് തെറ്റിയാല്‍ തുന്നക്കാരന്‍ വാസേവേട്ടന്‍ പോകും. രാത്രി മഴ പെയ്തത്‌ കൊണ്ട്‌, ഗേറ്റിന്റെ കമ്പിയില്‍ കുറേ വെള്ളത്തുള്ളികള്‍ ഉണ്ട്‌., അത്‌ ഓരോന്നായി ഉള്ളം കയ്യില്‍ എടുക്കുകയാണ്‌ അവള്‍. വെള്ളത്തുള്ളികള്‍ക്ക്‌ നനഞ്ഞ ഇരുമ്പിന്റെ മണം. ഇടക്കിടെ വാസേവേട്ടനെയും നോക്കുന്നുണ്ട്‌.എന്നും വെളുത്ത മുണ്ടും ഷര്‍ട്ടുമിട്ട്‌, കുടവയറും കുലുക്കി, കക്ഷത്ത്‌ നീളത്തിലുള്ളൊരു കുടയും വെച്ചിട്ടാണ്‌ മൂപ്പര്‍ വരിക.കൃത്യം ഏഴേ മുക്കാലിന്‌. ഹൊ! ഇനിയെന്നാണാവോ മഞ്ഞപ്പട്ട്‌ പാവാട തുന്നിക്കിട്ടുക. ഓണത്തിന്‌ ഇനി എത്ര ദൂസന്നെണ്ട്‌.. അങ്ങനെ ദെവൂട്ടി അക്ഷമയോടെ നില്‍ക്കുമ്പോളാണ്‌, പിച്ചകപ്പന്തലിന്റെ ചുവട്ടില്‍ അമ്മ വച്ചിരിക്കുന്ന ഏതോ പൂച്ചട്ടിയുടെ വലിയ ഇലയ്ക്ക്‌ കീഴെയായി ഒരു കുരുവിക്കൂട്‌ കണ്ടത്‌. അതില്‍ രണ്ട്‌ കിളിക്കുഞ്ഞുങ്ങള്‍.! തൂവലൊന്നും വന്നിട്ടില്ല.പാവങ്ങള്‍, പറക്കാന്‍ ആയിട്ട്ല്ലാ തോന്നുണു.അമ്മക്കിളീ എവിടെ? തീറ്റ തേടി പൊയതാവും ല്ലെ..നിങ്ങളെ ഞാന്‍ തൊടില്ല .തൊട്ടാപിന്നെ അമ്മക്കിളീ അടുത്ത്‌ വരില്യാത്രെ..അവടെ ഇരുന്നോ വൈന്നെരം വന്ന് നോക്കാം..അയ്യോ..വാസേവേട്ടന്‍ പൊയിട്ടുണ്ടാവും..മറന്നു..ഈ കിളിക്കുഞ്ഞുങ്ങള്‍ കാരണം.ഇനീപ്പൊ നാളെയാവണം തുന്നിക്കഴഞ്ഞൊന്നറിയണെങ്കില്‌...
ഉം.. അമ്മ വിളിക്ക്ണ്ട്‌..ദോശക്കല്ലില്‍ എണ്ണ പെരട്ടാന്‍ വാഴക്കണ മുറിക്കാനാവും..ഇന്നാള്‌ അലക്കണ കല്ലിന്റെ മോളില്‍ കേറി നിന്നാണ്‌ വാഴക്കണ മുറിച്ചത്‌.അങ്ങനെ വെള്ള ഷിമ്മീസില്‍ കറയും ആയി. തേങ്ങ പൊട്ടിക്ക്ണ്ട്‌ ആരോ..കുട്ടേട്ടന്‍ ആണോ എന്തോ..കുട്ടേട്ടന്‍ ആണെങ്കില്‍ ഓടിപ്പൊയിട്ടും ഒരു കാര്യൂല്ല.ഒരു തുള്ളീ തേങ്ങ വെള്ളം കിട്ടില്ല.കോളെജില്‍ പോവാന്‍ തൊടങ്ങിയ ശേഷം വല്യ ഗമയാ കുട്ടേട്ടന്‌..ബൈക്കില്‍ ഒന്ന്‌ കേറ്റാന്‍ പറഞ്ഞിട്ട്‌ ഇത്‌ വരെ കേട്ടില്ല..വല്യ ഗമക്കാരന്‍. മുറ്റത്തെ ചെമ്പക മരത്തില്‍ മുത്തച്ഛന്‍ ഇട്ട്‌ തന്ന ഊഞ്ഞാലില്‍ കുട്ടേട്ടനെയും ഇരുത്തില്ല..മണിക്കുട്ടനെയും സ്വപ്നേം ദീപെയും മാത്രേ ഇരുത്തൂ.

അവരെ എന്താണാവോ കാണാത്തത്‌.അവര്‍ വന്നിട്ട്‌ വേണം പൂവിറുക്കാന്‍ പോകാന്‍..തൊടീല്‍ മുക്കുറ്റീം തുമ്പക്കുടവും ഒക്കെ ണ്ടാകും.എത്ര തുമ്പക്കുടം വേണം ഇത്തിരി പൂ കിട്ടണെങ്കില്‍..വേലീന്ന് മഞ്ഞരളിപ്പൂവും മുറ്റത്ത്ന്ന് നന്ദിയാര്‍ വട്ടവും വലിക്കാം ബാക്കിക്ക്‌.

തുമ്പികളും പൂമ്പാറ്റകളും ഒക്കെണ്ട്‌ മുറ്റത്തും തൊടി നിറച്ചും.മിനിഞ്ഞാന്ന് ഒരു തുമ്പിയെ പിടിക്കാന്‍ നോക്കിയതാ..കാലില്‍ മുള്ള്‌ കൊണ്ടു. ചോരയും വന്നു.അതീപ്പിന്നെ നൊണ്ടിയായി നടത്തം.ഇപ്പൊഴും ണ്ട്‌ കുറേശ്ശെ വേദന. അമ്മ പറഞ്ഞത്‌ തുമ്പിയെ പിടിക്കുന്നത്‌ പാപാണെന്നാ..അതോണ്ട്‌ ദൈവാത്രെ കാലില്‍ മുള്ള്‌ കുത്തിച്ചത്‌..ദൈവത്തിന്‌ ഭയങ്കര ശക്തിയാവും..ദൈവത്തിന്‌ ദേവൂട്ടിയോട്‌ ദേഷ്യം തോന്നീട്ടുണ്ടാവ്വൊ എന്തോ..

അവരെ കാണാനില്ല ..എന്നാ പിന്നെ കൊളത്തില്‍ പോയാലോ..വേണ്ട ഒറ്റയ്ക്ക്‌ പോയിട്ട്‌ പിന്നെ അമ്മ കണ്ടാ അത്‌ മതി.വേനക്കാലത്ത്‌ കനാലില്‌ വെള്ളം വരാത്തപ്പോ തൊടീലെ കൊളത്ത്ന്നാ പാടത്തേക്ക്‌ വെള്ളം തിരിച്ച്‌ വിടുക.നടുക്ക്‌ നെറയെ താമരപ്പൂക്കളാ..അടീല്‌ മല്‍സ്യകന്യകയും ഉണ്ടാവും.കുട്ടേട്ടനോട്‌ ചോദിച്ചപ്പോ, "നിനക്ക്‌ വട്ടാടി ദെവൂട്ടി" ന്ന് പറഞ്ഞു.വട്ടൊന്നും അല്ല. ചിത്രകഥാ പുസ്തകത്തിലുണ്ടല്ലോ. പിന്നെ സ്വപ്ന ഒരിക്കല്‍ കണ്ടിട്ടൂണ്ടത്രെ.!!

കൊളത്തിന്റെ മറ്റേ ഭാഗത്ത്‌ കൈതക്കാടാ..കൈത പൂക്കുമ്പൊ നല്ല മണാ..പക്ഷേ, കൈതക്കാട്ടില്‍ പാമ്പുണ്ടാവും. അതോണ്ട്‌ ഞങ്ങള്‍ അവിടെ പോവില്ല. ഒരിക്ക അവിടെ പോയ ദിവസാണ്‌ പാദസരം കാണാതെ പോയത്‌. എന്നിട്ട്‌ എവെടെയൊക്കെ നോക്കി. പാടത്തും തൊടീലും കൊളക്കടവിലും ഒക്കെ തെരഞ്ഞു. അമ്മയോടു ചോദിച്ചപ്പൊ കണ്ടില്ലാന്ന് പറഞ്ഞു. എന്നിട്‌ ശ്രദ്ധ ഇല്ലാതെ നടക്കണതിന്‌ ചീത്തയും പറഞ്ഞു.

പിറ്റേ ദിവസം ഉറങ്ങി എണീറ്റപ്പോ പാദസരം ഉണ്ട്‌ കാലില്‍.! അമ്മേടെ മുഖത്ത്‌ ഒരു കള്ളച്ചിരി. അമ്മയ്ക്ക്‌ വിരിപ്പിന്റെ ഉള്ളീന്ന് കിട്ടീയതാത്രെ.

ഈ സ്വപനെം മണീക്കുട്ടനും എവെടെപ്പോയി .ഇനി ഇന്നവര്‍ വരണീല്ലെ ആവോ..ഇന്നലെ ണ്ടാക്കിയ പൂക്കളം ഒക്കെ മഴയത്ത ഒലിച്ച്‌ പോയതിന്റെ സങ്കടം കൊണ്ടാവും. ഇന്നലെ നല്ല ഭങ്ങീള്ള പൂക്കളമായിരുന്നു. ഇത്തിരി കഴിഞ്ഞപ്പൊ ഒരു പെരും മഴയത്ത്‌ ഒക്കെ ഒലിച്ച്‌ പോയി.

ങാ..ഇന്നവര്‍ വരില്ലായിരിക്കും.. ഇന്നവടെ മാതോല്‌ ഉണ്ടക്ക്ണ്ടാവും. അമ്മേം മുതശ്ശീം കൂടെ ഇവിടെം ണ്ടാക്കും മണ്ണ്‍ കുഴച്ച്‌ നീളത്തില്‌ എന്നിട്‌ അതിന്റെ മോളില്‍ പച്ഛീര്‍ക്കില്‍ കുത്തി നിര്‍ത്തും.ഈര്‍ക്കിലില്‍ ചെണ്ട്‌ മല്ലി പൂ കുത്തി നിര്‍ത്തും..എന്നിട്ട്‌ മാതോലിന്റെ നെറുകയില്‍ അരിമാവു കലക്കി ഒഴിക്കും. തിരുവോണതിന്റെ അന്നുണ്ടാക്കണ വല്യ പൂക്കളതിന്റെ നടുക്ക്‌ വെക്കും എന്നിട്ട്‌..നോക്കട്ടെ അവര്‌ മാതോല്‌ ണ്ടാക്ക്ക്കി കഴിഞ്ഞോാ എന്ന്.

ഇനി നാളേയാവാന്‍ എത്ര നേരണ്ടാവോ..വാസെവേട്ടനോട്‌ പറയണം വേഗം മഞ്ഞപ്പട്ട്‌ പാവാട തുന്നി തരാന്‍.

ദേവൂട്ടി പതുക്കെ സ്വപ്നയുടേയും മണിക്കുട്ടന്റെയും വീട്ടീലെക്കു നടന്നു. ഒരു കാല്‍ പൊക്കി വെച്ചാണ്‌ നടത്തം.എന്തായലും ഇനി തുമ്പിയെയും പൂമ്പാറ്റയെയും ഒന്നും പിടിക്കാന്‍ പോവില്ലെന്ന് അവള്‍ തീരുമാനിച്ചിട്ടുണ്ട്‌.



(മാതോല്‍= മാവേലിയെ പ്രതിനിധീകരിച്ച്‌ മണ്ണീല്‍ തീര്‍ത്ത്‌ വെയ്ക്കുന്ന രൂപത്തിന്റെ പാലക്കാടന്‍ വാമൊഴി.)

Monday, January 11, 2010

ഉത്തിഷ്ഠതാ.. ജാഗ്രതാ..







ഉത്തിഷ്ഠതാ ജാഗ്രതാ... പ്രാപ്യവരാന്‍ നിബോധതാ.. (എഴുന്നേല്‍ക്കൂ... ഉണര്‍ന്നിരിക്കൂ... ലക്ഷ്യപ്രാപ്തി വരെ യത്നിക്കൂ...)


ലോകം പരക്കെ അറിയപ്പെടുന്ന ഈ ആഹ്വാനം, നമുക്കെല്ലാവര്‍ക്കുമറിയുന്ന ഒരു യുവസന്ന്യാസിയുടേതായിരുന്നു... സ്വാമി വിവേകാനന്ദന്‍... നരേന്ദ്രനാഥ്‌ ദത്ത എന്ന പേരില്‍ പൂര്‍വ്വാശ്രമത്തില്‍ അറിയപ്പെട്ട അദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ്‌ ഭാരതം എല്ലാവര്‍ഷവും ജനുവരി 12-ന്‌ ദേശീയ യുവജനദിനം ആചരിക്കുന്നത്‌. 1984 മുതലാണ്‌ ഇന്ത്യ ഗവണ്‍മന്റ്‌ ഇത്‌ ആചരിച്ച്‌ തുടങ്ങിയത്‌.


1863 ജനുവരി 12-ന്‌ കല്‍ക്കട്ടയില്‍ വിശ്വനാഥ ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും പുത്രനായാണ്‌ അദ്ദേഹം പിറന്നത്‌. ബാല്ല്യത്തില്‍ തന്നെ അപാരമായ ആത്മീയ ചിന്തകളുമായി ഇഴുകിച്ചേര്‍ന്നിരുന്നു നരേന്ദ്രന്‍... വേദപുരാണേതിഹാസങ്ങളില്‍ എന്ന പോലെ സംഗീതത്തിലും ഗുരു ബെനിഗുപ്തന്റെയും ഉസ്താദ്‌ അഹമ്മദ്‌ ഖാന്റെയും കീഴില്‍ അദ്ദേഹം പ്രാവീണ്യം നേടി.


മെട്രോപോളിറ്റന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും പ്രസിഡന്‍സി കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസകാലഘട്ടം. ഈ കാലയളവിലാണ്‌ പാശ്ചാത്യ ചിന്തകരായ ഇമ്മാനുവെല്‍ കാന്റിന്റെയും ഹെര്‍ബര്‍ട്ട്‌ സ്പെന്‍സറിന്റെയും പോലുള്ളവരുടെ തത്ത്വങ്ങളില്‍ അദ്ദേഹം ആകൃഷ്ടനാവുന്നത്‌. പിന്നീട്‌ സ്പെന്‍സറിന്റെ 'ഇല്യൂഷന്‍' അദ്ദേഹം ബംഗാളിയിലേക്ക്‌ തര്‍ജ്ജമ ചെയ്തു.


ശ്രീരാമകൃഷ്ണ പരമഹംസരുമായുള്ള സമാഗമം ആണ്‌ അദ്ദേഹത്തിന്റെ ജീവിതഗതിയെ മാറ്റിമറിക്കുന്നത്‌... പരമഹംസരില്‍ നിന്ന് അദ്വൈതവേദാന്തവും, എല്ലാ മതങ്ങളും പരമമായ ഏകസത്യത്തിലേക്ക്‌ മനുഷ്യനെ നയിക്കുന്നു എന്ന തത്വവും അദ്ദേഹം തിരിച്ചറിഞ്ഞു.
 
ഭാരതത്തിന്റെ സ്വാതന്ത്ര്യ മോഹങ്ങളിലും സ്വാമിജി ചെലുത്തിയ സ്വാധീനം ചെറുതല്ല. അദ്ദേഹത്തിന്റെ ചിന്താധാരകള്‍ ദേശീയനേതാക്കളായ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ്‌ ചന്ദ്രബോസ്‌, അരബിന്ദോ ഘോഷ്‌ തുടങ്ങിയവരെ വളരെയധികം സ്വാധീനിച്ചിരുന്നു.


1893-ല്‍ ചിക്കാഗോയില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലൂടെ, ഭാരതീയ ദര്‍ശനങ്ങളുടെയും സനാതന മൂല്യങ്ങളുടെയും ആഴം പശ്ചിമദിക്കുകളിലും വ്യാപിക്കുകയും ഈ യുവസന്ന്യാസിക്ക്‌ അവിടങ്ങളിലും ആരാധകരും ശിഷ്യഗണങ്ങളും ഉണ്ടാവുകയും ചെയ്തു...
 
ഭവഗത്‌ ഗീതയും ഇമിറ്റേഷന്‍സ്‌ ഓഫ്‌ ക്രൈസ്റ്റും ഒരു കമണ്ഡലുവുമായി ഭാരതത്തിലങ്ങോളമിങ്ങോളം കാല്‍നടയായും തീവണ്ടിയിലുമായി ചുറ്റിനടന്ന ആ പരിവ്രാജകന്‍ എവിടെ.. പുഷ്പഹാരങ്ങളും പരിവാരങ്ങളുമായി ആള്‍ ദൈവങ്ങള്‍ ചമഞ്ഞ്‌ അനല്‍പമായ ആര്‍ഭാട ജീവിതചര്യകളുമായി ഭക്തിക്കച്ചവടം നടത്തുന്ന ഇന്നത്തെ ആത്മീയാചാര്യന്മാര്‍ എവിടെ..!


തീണ്ടലും അയിത്തവും കൊടികുത്തിവാണിരുന്ന യുഗത്തില്‍ ഭാരതത്തിന്‌ അദ്ദേഹം എറിഞ്ഞുകൊടുത്ത ചോദ്യം, "കണ്മുന്നില്‍ കാണുന്ന മനുഷ്യരെ സ്നേഹിക്കാന്‍ കഴിയാത്ത നമുക്ക്‌ അദൃശ്യനായ ദൈവത്തെ എങ്ങനെ സ്നേഹിക്കാന്‍ കഴിയും?" എന്നതായിരുന്നു..


നോവുന്ന ആത്മാക്കളെ സ്നേഹിക്കാതെ, മതവാദ തത്വശാസ്ത്രങ്ങളില്‍ ആണ്ടുപോകുന്ന യുവജനത ആ സിംഹഗര്‍ജ്ജനം ഹൃദയത്തില്‍ ഏറ്റുവാങ്ങണം... 'ഉത്തിഷ്ഠതാ ജാഗ്രതാ...'


നൂറ്റാണ്ട്‌ മുന്‍പ്‌ ജീവിച്ചുമരിച്ച ആ സന്ന്യാസിവര്യന്‍, കാവിയെ 'സിംബല്‍' ആക്കിത്തീര്‍ത്ത പാര്‍ട്ടി മന്ദിരങ്ങളിലല്ല, ഓരോ ഭാരതീയന്റെയും ഹൃദയത്തിലാണ്‌ കുടിയിരിക്കേണ്ടത്‌...


ആ തീക്ഷ്ണസന്ന്യാസം പൊലിഞ്ഞത്‌ 1902 ജൂലൈ 4-ന്‌ അദ്ദേഹത്തിന്റെ 39-ആം വയസ്സിലായിരുന്നു.



അനുബന്ധം:

സ്വാമി വിവേകാനന്ദന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന പത്രങ്ങള്‍:

പ്രബുദ്ധഭാരത്‌, ഉദ്ബോധന്‍.






ജാലകം