Friday, July 5, 2013

Miles to go Before I Sleep....


ചെറിയ കുട്ടിയായിരുന്നപ്പോൾ ജാതിപരമായി നേരിടേണ്ടി വന്ന ഏറ്റവും നിഷ്കളങ്കമായ ചോദ്യം ‘നീ എന്താ പൊട്ട് വെയ്ക്കാത്തത്‌ എന്നായിരുന്നു. മുസ്ലീം എന്തു കൊണ്ട് പൊട്ട് വെയ്ക്കാൻ പാടില്ല എന്ന് അറിയില്ലായിരുന്നു. “പാടില്ല ” എന്ന് പാടിപ്പതിഞ്ഞ ഉത്തരം ഞാൻ എന്റെ കൂട്ടുകാർക്ക് കൊടുത്തു. എന്നിട്ട് ആരും കാണാതെ അവർ തരുന്ന പൊട്ടുകൾ വെച്ച് നോക്കി എനിക്ക് ചേരുന്നുണ്ടോ എന്നു ചോദിച്ചു. നെറ്റിയോട് നെറ്റി ചേർത്ത് ഒട്ടിച്ച് തരാറുള്ള ചാന്ത് ചിലപ്പോൾ മായ്ക്കാൻ മറന്ന് വീട്ടിൽ പോകും. കർശന നിലപാടുകൾ ഒന്നുമില്ലെങ്കിലും “അത് നമുക്ക് പാടില്ല, മുഖം കഴുകി വരൂ” എന്ന ശാസനത്തുമ്പിൽ പൊട്ട് അലിഞ്ഞില്ലാതെയായി.

കുറച്ച് കൂടെ വലുതായി തട്ടമിടാൻ തുടങ്ങിയപ്പോൾ കൂട്ടുകാരിൽ നിന്ന് നേരിട്ട ചോദ്യം മുസ്ലീമിൽ നിങ്ങളേതാ ജാതി സുന്നിയോ മുജാഹിദോ എന്നതായിരുന്നു. ചങ്ങാതീ ഇസ്ലാമിൽ ജാതി വ്യവസ്ഥ ഇല്ലെന്നും സമത്വവും ഏകത്വവും മാത്രമാണ്‌ അതിന്റെ അസ്ഥിത്വം എന്നും ഒക്കെ എന്റെ ചെറിയ അറിവുകൾ ഞാൻ അവരിലേക്കും പകർന്നു. എന്നിട്ടും കൂട്ടുകാരിൽ അവിശ്വാസം തെളിഞ്ഞു നിന്നു.എങ്ങിനെ അവിശ്വാസം ഇല്ലാതിരിക്കും..? നോട്ടീസ് യുദ്ധങ്ങളും മൈക്ക് യുദ്ധങ്ങളുംകൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ കൈക്കൊള്ളൂന്ന പുരോഗമനാശയ സംഘടനകളും, കുറച്ച് കൂടെ പരമ്പര്യ വാദങ്ങൾ ഉള്ള സംഘടനകളും ഞങ്ങളുടെ ആരോഗ്യപരമായ സംവാദങ്ങളിൽ പലപ്പോഴും കടന്നു വന്നു.
മുസ്ലീം സ്ത്രീകളുടെ സാമൂഹ്യ ജീവിതത്തിലെയും വിദ്യാഭ്യാസത്തിലെയും വലിയ മുന്നേറ്റങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന, സമൂഹത്തിലെ വിപത്തുകളായ സ്ത്രീധനത്തിനും മറ്റുമൊക്കെ എതിരേ യുദ്ധം പ്രഖ്യാപിച്ച മുജാഹിദ് ആദർശങ്ങളോട് താദാത്മ്യം പ്രാപിച്ചപ്പോൾ ഞാൻ കരുതി ഞാൻ സുന്നി അല്ല മുജാഹിദ് ആണെന്ന്.

പിന്നെയും ലോകമെന്റെ മുന്നിൽ വിശാലമായി. അറബി നാട്ടിൽ കൂടെ ജോലി ചെയ്യുന്ന അറബ് കൂട്ടുകാരികൾ ചില സൌഹൃദ ഭാഷണങ്ങൾക്കിടയ്ക്ക് ചോദിച്ചു. നീ സുന്നി ആണോ ഷിയാ ആണോ? അതിനു മുൻപ് ഇറാഖിലും പാകിസ്ഥാനിലുമൊക്കെ കേട്ടിട്ടുള്ള സംഘട്ടന വാർത്തകളിലെ ഒരു പദം മാത്രം ആയിരുന്നു ഷിയ എനിക്ക്. ഞാൻ വീണ്ടും എന്നെ തിരുത്തി. ഞാൻ സുന്നി തന്നെ ആയിരിക്കും. പ്രവാചക ഗുരു ജീവിതത്തിൽ പകർത്തെണ്ടുന്ന കാര്യങ്ങൾ സ്വന്തം ജീവിതം തന്നെ ഉദാഹരണമാക്കി കാണിച്ച് തന മഹാ മനീഷി ആണല്ലൊ. (സുന്നത് )അതു പിൻ പറ്റുന്നവർ (അതിനു ശ്രമിക്കുന്നവർ) ആണല്ലോ സുന്നികൾ ..അപ്പോൾ ഞാൻ സുന്നി തന്നെ. ഞാൻ ഉറപ്പിച്ചു.

പിന്നെ ഷിയാ എന്തെന്നായി എന്റെ അന്വേഷണം. പലരിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെ വിവരം ശേഖരിച്ചു. പ്രവാചക കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്നവർ ആണ്‌ ഷിയാക്കൾ. അവർ ഖുലഫാ ഉർ റാഷിദുനിലെ (Rightly Guided Caliphs)ആദ്യ മൂന്നു ഖലീഫമാരെ അവർ മാനിക്കുന്നില്ല(അബൂ ബക്കർ, ഉമർ , ഉത്മാൻ).മറിച്ച് പ്രവാചകനു ശേഷം മരുമകനയ അലിയിൽ ആണ്‌ അവർ നേതൃത്വം കാണുന്നത്.
ബദർ ഉഹദ് യുദ്ധങ്ങൾക്ക് ശേഷം കർബലയിൽ നടന്ന രക്തവിപ്ലവത്തെ അവർ നെഞ്ചോട് ചേർക്കുന്നു...പ്രവാചക പുത്രിയെയും പൗത്രന്മാരെയും അതിരറ്റ് സ്നേഹിക്കുന്നു. ചാന്ദ്രമാസങ്ങളിലെ മുഹറത്തിൽ യുദ്ധാനുസ്മറണ നടത്തുകയും ’മാതം‘ എന്ന പ്രതീകാത്മകമായ ദുഖാചരണം നടത്തുകയും ചെയ്യുന്നു.!

അവിടെയും നില്ക്കുന്നില്ല സംശയം. ഷിയാ വിഭാഗത്തിലും അനേകം വിഭാഗങ്ങൾ.ഇസ്മായിലി വിഭാഗവും ഇന്ത്യയിലെ ബൊഹ്ര വിഭാഗവും അവയിൽ ചിലത് മാത്രം.

തൗഹീദ് അഥവാ ഏകദൈവ സന്ദേശവും മനുഷ്യന്‌ വർഗ്ഗ വർണ്ണ വിവേചനം ഇല്ലെന്നും പഠിപ്പിക്കുന്ന സുന്ദരമായ ആശയങ്ങൾ ഉള്ള ഇസ്ലാമിൽ ഇത്ര അധികം വിഭാഗങ്ങളോ?! സംശയങ്ങൾ തീരുന്നില്ല. അന്വേഷണങ്ങളും.!

തന്നെ എല്ലാദിവസവും അധിക്ഷേപങ്ങളാലും മാലിന്യങ്ങളാലും ഉപദ്രവിച്ച സ്ത്രീയെ പല ദിവസം കാണാതെ ആയപ്പോൾ അവരുടെ സുഖ വിവരം അന്വേഷിച്ച് പോയ, ക്ഷമ ആയുധമാക്കിയ , പ്രവാചക ഗുരുവിന്റെ അനുയായികളെ എവീടെയാണ്‌ കാണാനാവുക? കീഴൊതുങ്ങി ജീവിക്കുന്ന ,അയല്പക്കത്തെ വിശപ്പിനുത്തരം നല്കുന്ന, ക്ഷമ കവചമാക്കിയ അന്യനെ ഭർത്സിക്കാത്ത പ്രവാചകാനുയായികളെ എവിടെയാണ്‌ കാണാനാവുക? യഥാർത്ഥ മനുഷ്യനിലേക്കും മാനവികതയിലേക്കും നീളുന്ന പാതകളിൽ എവിടെ വച്ചെങ്കിലും ആർദ്ര മാനസമുള്ള മനുഷ്യരെ കണ്ടെത്തും എന്ന വിശ്വാസത്തോടെ , ഏവർക്കും നന്മയുടെ വ്രത ദിനങ്ങൾ നേരുന്നു.

Smiling in your brother’s face is an act of charity.
So is enjoining good and forbidding evil,
giving directions to the lost traveller,
aiding the blind and
removing obstacles from the path.

(Graded authentic by Ibn Hajar and al-Albani: Hidaayat-ur-Ruwaah, 2/293)”
― Muhammad (PBUH)
 —

Monday, July 1, 2013

കൽപന ചൗള : ഒരു സ്മരണാഞ്ജലി.




ആകാശവിശ്മയങ്ങള്‍ എന്നും മനുഷ്യനെ കൊതിപ്പിച്ചിട്ടുണ്ട്‌. ആകാശത്തോളം വളര്‍ന്ന മനുഷ്യസ്വപ്നങ്ങള്‍ ആകാശവാതിലും താണ്ടി വിദൂരതയിലേക്ക്‌ പറന്നു. അനന്തകോടി നക്ഷത്രങ്ങളിലും ആകാശഗോളങ്ങളിലും കൈയ്യെത്തിച്ചു.ആകാശയാനങ്ങളുടെ സാക്ഷാത്‌ കാരത്തില്‍ മനുഷ്യര്‍ സ്വപ്നത്തില്‍ നിന്നും സ്വപ്നസാക്ഷാത്‌ കാരത്തിന്റെ ദൂരങ്ങള്‍ താണ്ടി. ഡിസ്കവറിയും വൊയേജറും അറ്റ്‌-ലാന്റിസുമൊക്കെ മനുഷ്യഗന്ധം ബഹിരാകാശപഥങ്ങളില്‍ എത്തിച്ചു. ചിലപ്പോഴൊക്കെ ആകാശഗോളങ്ങള്‍ ആയി ചില സ്വപ്നങ്ങള്‍ അനന്തതയില്‍ എരിഞ്ഞമര്‍ന്നു. ചാലഞ്ചറും കൊളംബിയയും അങ്ങനെ അഗ്നിപേടകങ്ങളും ആയി. 1961 ജുലായ്‌ ഒന്നിനാണ് കല്പന ചൗള എന്ന ശാസ്ത്ര പ്രതിഭയുടെ ജനനം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  



ഒരു സ്മരണാഞ്ജലി.



  കല്‍പന! -ആകാശസ്വപ്നങ്ങള്‍ കണ്ണുകളില്‍ ഒളിപ്പിച്ച പെണ്‍കുട്ടി!പിന്നീട്‌ ആകാശ വാതിലുകള്‍ താണ്ടി കണ്ട സ്വപ്നങ്ങള്‍ കയ്യെത്തിപ്പിടിച്ച്‌ ഒടുവില്‍ ആകാശച്ചെരുവില്‍ കത്തിയമര്‍ന്ന അഗ്നിനക്ഷത്രം.

ഹരിയാനയിലെ കര്‍ണ്ണാലിലേക്ക്‌ കുടിയേറിപ്പാര്‍ത്ത ഒരു പഞ്ചാബി കുടുംബത്തില്‍ ആയിരുന്നു കല്‍പനയുടെ ജനനം.വിഭജനത്തെത്തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ കലാപം മൂലം ജന്മദേശം ആയ ഷേഖോപുരയില്‍ നിന്ന് (മുൾട്ടാൻ ജില്ലപാകിസ്താന്‍ ) സര്‍വ്വതും ഉപേക്ഷിച്ച്‌ ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. ബന്‍സാരിലാല്‍ ചൗളയും കുടുംബവും. കല്‍പന ജനിക്കുമ്പോഴും പതിനാറ്‌ അംഗങ്ങള്‍ ഉള്ള കൂട്ടു കുടുംബത്തെ മുന്നോട്ട്‌ നയിക്കാന്‍ പല വിധത്തിലുള്ള ചെറുകിട വ്യാപാരങ്ങളും നടത്തി വരികയായിരുന്നു ബന്‍സിലാല്‍... മിട്ടായിയും നിലക്കടലയും വില്‍ക്കുന്ന തെരുവ്‌ കച്ചവടക്കാരനായും വസ്ത്രവ്യാപാരിയായും ഒക്കെ അദ്ദേഹം ജീവിതത്തെ പടുത്തുയര്‍ത്താന്‍ പരിശ്രമിച്ചു. പിന്നീട്‌ സ്വപരിശ്രമത്താല്‍ അദ്ദേഹം ഒരു ടയര്‍ നിര്‍മ്മാണ ശാല തുടങ്ങി. കല്‍പ്പനയുടെ അമ്മയായ സംയോഗിത ഉയര്‍ന്ന ധാര്‍മ്മികമൂല്യവും മതത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നവളും വിദ്യാസമ്പന്നയും ആയിരുന്നു.

സാധാരണ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വളരുന്ന മറ്റേതൊരു പെണ്‍കുട്ടിയെ പോലെ തന്നെ ആയിരുന്നു കല്‍പനയും വളര്‍ന്നത്‌മൂന്നു പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കും ഇളയതായിജനിച്ച കുട്ടി 'മോണ്ടു" എന്ന വിളിപ്പേരിലാണ്‌ സ്കൂളില്‍ പോകുന്നത്‌ വരെ അറിയപ്പെട്ടിരുന്നത്‌.ഔപചാരികമായ ഒരു നാമകരണം എന്തു കൊണ്ടോ മാതാപിതാക്കള്‍ നടത്തിയിരുന്നില്ല. ജവഹര്‍ ബാലഭവനില്‍ ചേരുമ്പോള്‍ ജ്യേഷ്ടത്തി സുനിത കണ്ട്‌ വച്ച ജ്യോല്‍സ്നകല്‍പനസുനൈന എന്നീ പേരുകളില്‍ നിന്ന് ' സ്വപ്നം  എന്ന അര്‍ത്ഥം വരുന്ന 'കല്‍പന'എന്ന പേരു മോണ്ടു സ്വയം സ്വീകരിച്ചു. നക്ഷത്രങ്ങളെ സ്നേഹിച്ചിരുന്ന പെണ്‍കുട്ടി ആയിരുന്നിരിക്കണം കല്‍പ്പന. ജവഹര്‍ ബാലഭവനിലെ സ്കൂള്‍ പ്രൊജക്റ്റില്‍ കുട്ടികള്‍ ക്ലാസ്‌ മുറിയില്‍ ഇന്ത്യ ഒരുക്കിയപ്പോള്‍ കല്‍പ്പന ചെയ്തത്  ന്യൂസ്‌ പേപ്പറില്‍ കറുത്ത ചായം തേച്ച്‌ അതില്‍ നക്ഷത്രങ്ങളെ ഉണ്ടാക്കി ഇന്ത്യയുടെ ആകാശം താരനിബിഡം ആക്കുകയായിരുന്നു!
നക്ഷത്രങ്ങളെ പോലെ തന്നെ കല്‍പ്പനയെ മോഹിപ്പിച്ച മറ്റൊന്നാണ്‌ കര്‍ണ്ണാലിന്റെ ആകാശത്ത്‌ എപ്പോഴും പറന്ന് കൊണ്ടിരുന്ന വിമാനങ്ങൾ. ഫ്ലയിംഗ്‌ ക്ലബ്‌ ഉള്ള ചുരുക്കം ഇന്ത്യന്‍ പട്ടണങ്ങളില്‍ ഒന്നാണ്‌ കർണ്ണാൽ . ചെറിയ പുഷ്പക്‌ വിമാനങ്ങളും ഗ്ലൈഡറുകളും അവളുടെ കാഴ്ചവട്ടങ്ങളില്‍ സ്ഥിരമായി ഉണ്ടായിരുന്നു. ചെറിയ ക്ലാസ്സുകളില്‍ അദ്ധ്യാപകര്‍ ഒരു ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മറ്റു കുട്ടികള്‍ പുഴകളും മലകളും വരയ്ക്കുമ്പോൾ   കുഞ്ഞുകല്‍പനയു ടെ ചിത്രങ്ങളില്‍ തെളിഞ്ഞു കണ്ടത്‌ നീലാകാശവും വിമാനവും ആയിരുന്നു.

ഒരിക്കൽ അച്ഛനെ പാട്ടിലാക്കി ഫ്ലയിങ്ങ് ക്ലബ് വഴി ഒരു ചെറിയ ആകാശയാത്ര തരപ്പെടുത്തി.അ തിനു ശേഷം കല്പനയിൽ രൂപപ്പെട്ട ചിന്ത ഒരു ഫ്ലൈറ്റ് എഞ്ചിനീയർ ആവുക എന്നതായിരുന്നു.ഫ്ലൈറ്റ് എഞ്ചിനീയർ ആണ്  വിമാനനിർമ്മാണത്തിലെ ഡിസൈനിങ്ങ് ചുമതലകൾ വഹിക്കുന്നത് എന്നതായിരുന്നു കുഞ്ഞുകല്‍പനയുടെ ധാരണ. ഒരു പക്ഷേ അ നിശ്ചയ ദാർഡ്യം ആവാം ഇന്ത്യയിലെ ആദ്യ വനിതാ ബഹിരാകാശഞ്ചാരി എന്ന നേട്ടത്തിലേക്ക് കല്പനയെ കൊണ്ടെത്തിച്ചത്.

ടാഗോർ പബ്ലിക്ക് സ്കൂളിൽ നിന്നു 1976 ഇൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ് എഞ്ചിനീയരിങ്ങ് കൊളെജിൽ നിന്ന് 1982ഇൽ ഏയറോ നോട്ടിക്കൽ എഞ്ചിനീയരിങ്ങിൽ ബിരുദം സമ്പാദിച്ചു.അതിനു ശേഷം വിദ്യാഭ്യാസർത്ഥം അമേരിക്കയിലേക്ക് പോവുകയും  യുനിവെർസിറ്റി ഓഫ് ടെക്സാസിൽ നിന്ന് എയറൊ സ്പേസ് എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്സ്  കരസ്ഥമാക്കുകയും ചെയ്തു. ഇതേ വിഷയത്തിൽ യുനിവെർസിറ്റി ഒഫ് കൊളരാഡൊ യിൽ നിന്ന് പി എച്ച് ഡി യും ചെയ്തു. ആ വർഷം തന്നെ ആണ്‌ കൽപനയുടെ ജീവിതത്തിൽ നാസ യിലേക്കുള്ള പ്രവേശനം.1988 ഇൽ . 

1996 ഇലാണ്‌ ആദ്യബഹിരാകാശ യാത്രയ്ക്കായി കല്പന തെരഞ്ഞെടുക്കപ്പെടുന്നത്. ഭാരതത്തിന്റെ രണ്ടാമാത്തെ ബഹിരാകാശ സഞ്ചാരിയും ആദ്യത്തെ വനിതാ സഞ്ചാരിയും ആയി അവർ. (ആദ്യ ഭാരതീയ ബഹിരാകാശ സഞ്ചാരി:രാകേഷ് ശർമ്മ).

 2003 ജനുവരി 16 നു ആയിരുന്നുകൽപനയുടെ രണ്ടാമത്തെയും അവസാനത്തെയും ബഹിരാകാശ യാത്ര . ഫെബ്രുവരി ഒന്നിനു ദൗത്യം പൂർത്തിയാക്കി മടങ്ങിയ കൊളംബിയ ആണ്‌ കൽപന  അടക്കം ഏഴു പേരുടെ മരണപേടകം ആയി മാറിയത്. പതിനാറു ദിവസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ കൊളംബിയ ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരികെ പ്രവേശിക്കവേയാണ് കത്തിയമര്‍ന്നത്. 63 കിലോമീറ്റര്‍ മാത്രം ഉയരത്തിൽ .

 കൊളംബിയ ഷട്ടിലിന്‍റെ ഇന്ധനടാങ്കിനു ചുറ്റുമുണ്ടായിരുന്ന ഫോം കവചത്തിലെ ഒരുഭാഗം വിക്ഷേപണ വേളയില്‍ അടര്‍ന്നുപോയിരുന്നു. ഇത് ഷട്ടിലിന്‍റെ ചിറകില്‍ വന്നിടിച്ച് അവിടത്തെ സിറാമിക് ടൈല്‍ കവചത്തിന്‍റെ ഒരുഭാഗം ഇളകി. ഇതോടെ ഷട്ടിലിനു കടുത്ത ചൂടില്‍നിന്നു രക്ഷനേടാനുള്ള കഴിവു നഷ്ടപ്പെട്ടു. മടക്കയാത്രയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്നപ്പോഴുള്ള ഭയങ്കരമായ ചൂടില്‍ കൊളംബിയ അഗ്നിഗോളമായി മാറുകയായിരുന്നു. കല്‍പന ചൗള(42)യ്ക്കു പുറമേ ഇസ്രയേലുകാരനായ ഇയാന്‍ റമണ്‍(48), യുഎസ് വ്യോമസേനയില്‍ കമാന്‍ഡറായിരുന്ന റിക് ഹസ്ബന്‍ഡ്(45), ടെക്സസിലെ ലൂബോക്കില്‍ നിന്നുള്ള നേവി കമാന്‍ഡര്‍ വില്യം മക്ലൂല്‍(41), വാഷിങ്ടണില്‍ നിന്നുള്ള മൈക്കല്‍ ആന്‍ഡേഴ്സണ്‍(43), നേവി ക്യാപ്റ്റനും പൈലറ്റും ഡോക്ടറുമായ ഡേവിഡ് ബ്രൗണ്‍ (46), വിസ്‌കോണ്‍സിന്‍ സ്വദേശി ലാറല്‍ ക്ലര്‍ക്ക് (41) എന്നിവരാണ് കൊളംബിയ ദുരന്തത്തിനിരയായത്

 ടെക്സസ്ലൂയിസിയാന എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുത്ത കൊളംബിയയുടെ അവശിഷ്ടങ്ങളായ 84,000 കഷണങ്ങള്‍ ഫ്ളോറിഡയില്‍ കെന്നഡി സ്‌പെയ്സ് സെന്‍ററില്‍ സൂക്ഷിച്ചിരിക്കുന്നു.



ജാലകം