Saturday, December 12, 2009

സുഭദ്ര


The Touch of Affection
The aching need of what I Sought,
Leaves me out of all the fairs
My mask, too fine and serene,
My smile ugly, words worthless,
The mask is torn into pieces.
Still I wear a self conscious laugh
Facing the world out of its beauty
To frown with disdain
(Nanditha.K.S- 1987)

സുഭദ്ര..
ഞാന്‍ സുഭദ്ര..അല്ലെങ്കില്‍ ഒരു പേരില്‍ എന്തിരിക്കുന്നു? എന്റെ ഒപ്പം സദാ ചരിക്കുന്നവള്‍ ..അവളെന്റെ നിഴലായിരിക്കാം, അല്ല അവളെന്റെ ആത്മാവു തന്നെയാണ്‌..

"അരെ..ഓ..സുഭദ്രാ..തും ക്യാ കര്‍തീ ഹെ?.." നാലാം നിലയിലെ അയല്‍ക്കാരി ബാല്‍ക്കണിയില്‍ നിന്ന് വിളിക്കുന്നുണ്ട്‌....അവളുടെ ഭര്‍ത്താവിന്റെ പുറകേ കൂടിയിരിക്കുന്ന ഗോവന്‍ പെണ്ണിനെ കുറിച്ച്‌ പറയാനാവും..അല്ലെങ്കില്‍ അവളൂടെ ജോലി ഭാരത്തെക്കുറിച്ച്‌..കേട്ടതായി നടിച്ചില്ല.ഉറങ്ങുകയാണെന്ന് കരുതിക്കോട്ടെ.അവളെപ്പോഴും അങ്ങനെയാണ്‌..ഉയര്‍ന്നു വരുന്ന സ്വര്‍ണ്ണവിലയെക്കുരിച്ച്‌ ആകുലപ്പെടാനോ.. അടുത്ത സൂപ്പര്‍മാര്‍ക്കറ്റിലെ ഒന്നു വാങ്ങുമ്പോള്‍ ഒന്നു സൗജന്യം കിട്ടുന്ന എതെങ്കിലും ഓഫറിനെപ്പറ്റി പറയാനോ ആയിരിക്കും...

സുഭദ്ര അങ്ങനെയാണ്‌..ഒരു ബന്ധങ്ങളിലും അവള്‍ സത്യസന്ധ അല്ല.

അവളുടെ പ്രണയവും അങ്ങനെയാണ്‌..ഒരിക്കലല്ല..ഒരുപാട്‌ തവണ അവള്‍ പ്രണയിച്ചു..വെറുതെ ..വിഷാദം എന്തെന്നറിയാന്‍..ആത്മാവിനെ പൊള്ളിക്കുന്ന സൂര്യ ദര്‍ശനത്തിനായ്‌..പാമ്പ്‌ പടം പൊഴിക്കുന്നത്‌ പോലെ ഒാരോ പ്രണയവും ഉറിഞ്ഞ്‌ കളഞ്ഞു.ഉറഞ്ഞ മൗനത്തിന്റെ പുറ്റിലേക്ക്‌ മടങ്ങി..ഒാരോ തവണയും താന്‍ തേടി നടന്ന അര്‍ജ്ജുനന്‍ ഇതെന്നവള്‍ കരുതി..അവള്‍ പൊഴിച്ച പടം കണ്ടവര്‍ കരുതിക്കാണണം രക്ഷപെട്ടത്‌ ഉഗ്രവിഷമുള്ള നാഗത്തില്‍ നിന്നാണല്ലൊ എന്ന്‌..ആഞ്ഞ്‌ കൊത്താന്‍ തക്കം പാര്‍ത്ത്‌ കിടക്കുന്ന കരിനാഗം..

അവളെ ഗാഢമായി പ്രണയിച്ച കൃഷ്ണവര്‍ണ്ണമുള്ള അവളുടെ പ്രണയിതാവിന്റെ നെഞ്ചോട്‌ ചേര്‍ന്ന് നിന്ന് അവള്‍ ചോദിചു..എന്റെ നെറ്റിയില്‍ നീ കുങ്കുമം ഇട്ട്‌ തരുമൊ? അവന്റെ മറുപടി സുഭദ്ര ശ്രദ്ധിച്ചുവോ? ഉത്തരങ്ങള്‍ സുഭദ്രയെ ബാധിക്കാറേ ഇല്ല..അവള്‍ സ്വാര്‍ഥ ആണല്ലോ..ആത്മസുഖത്തിന്‌ മാത്രം പ്രാധാന്യം കൊടുക്കുന്നവള്‍..

അവളുടെ അടുത്ത കൂട്ടുകാരിയോട്‌ എന്നും അവള്‍ കലഹിച്ചു.വെറുതേ..സ്നേഹം എന്തെന്നറിയാന്‍..

അവളോടടുക്കുന്ന ബന്ധു ജനങ്ങളെയൊക്കെ അവള്‍ ആട്ടിയോടിച്ചു..ദേഷ്യപ്പെട്ടു..വെറുപ്പെന്തറിയാന്‍..

ഇന്റര്‍ നെറ്റിന്റെ കൊച്ചുവര്‍ത്തമാനത്തിന്റെ ഒരു ജാലകപ്പാളിയിലിരുന്ന് ഒരു സുഹൃത്ത്‌ ഈര്‍ഷ്യയോടെ പിറുപിറുക്കുന്നു. പ്രണയം- ചത്ത കുതിര ആണത്രെ..സൗഹൃദം -ഓട്ടക്കാശാണത്രെ,.ബിയര്‍ ഗ്ലാസ്സുകള്‍ക്ക്‌ ചുറ്റും സൗഹൃദം ഒതുങ്ങുന്നു എന്ന് പരിതപിക്കുന്നു..

ആണോ? ആയിരിക്കാം..


**************

ചെകുത്താന്റെ വിരല്‍പ്പാടുകള്‍ ശരീരത്തില്‍ പാടു വീഴ്ത്തിയിരിക്കുന്നു..ആ നഖക്ഷതങ്ങളില്‍ നിന്ന് ചോര കിനിയുന്നു..സ്വന്തം ആത്മാവിനെ ചുട്ട്‌ ചാമ്പല്‍ ആക്കിയിട്ട്‌ ഇപ്പോള്‍ വെളിച്ചം തേടുകയാണ്‌.. ഇരുട്ടില്‍ വീണ്ടും ശ്വാസം മുട്ടിക്കുന്ന ഗന്ധം..

സ്റ്റുഡിയോ ഫ്ലാറ്റിന്റെ ജനാലയിലൂടെ നോക്കിയാല്‍ താഴെ പല നിറത്തിലുള്ള കാറുകള്‍ കാണാം..(നിര്‍ത്തി ഇട്ടിരിക്കുന്നതും..ഓടിക്കൊണ്ടിരിക്കുന്നതും) നീളന്‍ കുപ്പായം ധരിച്ച അറബികളൂം കറുത്ത വസ്ത്രത്താല്‍ മൂടപ്പെട്ട അറബ്‌ സ്ത്രീകളേയും കാണാം..അപ്പുറത്ത്‌ ഒരു ചതുപ്പ്‌ നിലവും അതിനുമപ്പുറത്ത്‌ തെരുവു വിളക്കുകളുടേ വെളിച്ചത്തില്‍ റൗണ്ട്‌ അബൗട്ടിനു മുകളിലൂടെ പാഞ്ഞ്‌ പോകുന്ന വാഹനങ്ങളൂം..

ഈ നഗരം ഭ്രാന്ത്‌ പിടിപ്പിക്കുന്നു..സുപ്രഭാതം കേട്ടുണര്‍ന്ന രാവിലെകളിലേക്ക്‌ മനസ്സ്‌ തിരിച്ച്‌ നടക്കുന്നു.

ഒരിക്കല്‍ രാവിലെ ഉണര്‍ന്നെണീറ്റപ്പോള്‍,പുഴയില്‍ നിന്നും മണല്‍ വാരി വരുന്ന മോഹനനെ ആണ്‌ കണ്ടത്‌..മോഹനനു സിനിമ നടന്‍ അജിത്‌ ന്റെ ഛായ തോന്നി..ഇപ്പോള്‍ താഴെ നിരത്തില്‍ ആരൊക്കെയോ നിര്‍ത്തിയിട്ടിരിക്കുന്ന വില കൂടിയ കാറുകള്‍ കഴുകുന്ന "ജിയൊര്‍ഡാനോ" യുടെ ബെല്‍റ്റും കൂളിംഗ്‌ ഗ്ലാസ്സും ഒക്കെ ഇട്ട മറ്റൊരു ചെറുപ്പക്കാരന്‍, മൊഹനനെ വീണ്ടൂം ഓര്‍മ വരുത്തി..മനസ്സിന്‌ വെറുതെ തോന്നുന്ന കോമാളിത്തരത്തില്‍ നിന്ന് ഒരു ചെറു ചിരിയോടെ പിന്‍ വലിഞ്ഞു..

വട്ടന്‍ തോന്നലുകള്‍ എന്ന പേരില്‍ കൂട്ടൂകാര്‍ ഒതുക്കാറുണ്ടങ്കിലും ഒറ്റക്കാവുമ്പോള്‍ ആ തോന്നലുകള്‍ ആരുടെയും അനുവാദത്തിനു കാത്ത്‌ നില്‍ക്കാതെ കേറി വരും..
ഒറ്റപ്പെടല്‍ എന്നാണില്ലാത്തത്‌?..ജീവിതത്തിന്റെ കണക്കുകൂട്ടലുകളിലിം ഏകാകിയാവുന്നു..

ആളും ആരവങ്ങളുമില്ലാതെ ആഘോഷങ്ങള്‍ കടന്ന് പോകുന്നു..

ആവലാതികള്‍ പറഞ്ഞ്‌ തീര്‍ക്കാമെന്ന് വെച്ചാല്‍ മൂളലുകള്‍ക്കൊടുവില്‍ പ്രിയതമന്‍ ഉറക്കത്തിലേക്ക്‌ വഴുതി വീഴുന്നു..അല്ലെങ്കിലും ആവലാതികളും ഉപദേശങ്ങളും ആരുടെയും ഇഷ്ടവിഷയം അല്ലല്ലോ..

എന്നിട്ടൂം സുഭദ്ര ജീവിക്കുന്നു..

സ്വപ്നത്തിന്റെയും സത്യത്തിന്റെയും അതിര്‍വരമ്പുകള്‍ മനസ്സിലാകാതെ.. കാലമറിയാത്ത മുഖമറിയാത്ത ദിശയറിയാത്ത പ്രണയവുമായി.

ഇന്നലെകളിലും ഇന്നുകളിലും നാളെകളിലും ആയി ജീവിച്ച്‌ കൊണ്ടേ ഇരിക്കുന്നു..പ്രണയത്തിന്റെയും നോവിന്റെയും നിഴലുകള്‍ വീഴ്ത്തിക്കൊണ്ട്‌.....അവളുടെ വിശുദ്ധ രഹസ്യങ്ങളുമ്മായി..

സുഭദ്രയെ നിങ്ങള്‍ക്കും വെറുക്കാം..സ്വഭാവശുദ്ധിയില്ലാത്തവളേന്നും ചാരിത്ര്യശുദ്ധി ഇല്ലാത്തവളെന്നും പറഞ്ഞ്‌ അപഹസിക്കാം..വചനം ആവര്‍ത്തിക്കട്ടെ..കല്ലെറിയുമ്പോല്‍ നിങ്ങളില്‍ പാപിയല്ലാത്തവര്‍ മാത്രം..

Wednesday, December 2, 2009

ഒമാന്‍ ഡയറി(21/11/2009)

ആമുഖം

ജീവിതത്തിന്റെ പച്ചച്ചുവ തിരിച്ചറിഞ്ഞ ചില ദിവസങ്ങളിലെ ഓര്‍മ്മത്തുണ്ടുകള്‍..തൊണ്ടയില്‍ ഉപ്പു ചുവയ്ക്കുമ്പോളും കാളുന്ന മനസ്സോടെ പല തീരുമാനങ്ങള്‍ എടുക്കുമ്പോളും ജീവിതം പൊരുതി ജയിക്കാനുള്ളതാണ്‌ പിന്തിരിയാനല്ല എന്ന ഉപദേശത്തോടെ പിന്‍ വിളി വിളിക്കാതെ എന്നും എനിക്ക്‌ മുന്നേറാന്‍ കരുത്ത്‌ പകരുന്ന എന്റെ ഊര്‍ജ്ജസ്രോതസ്സ്‌ ...എന്റെ പിതാവിന്‌ സമര്‍പ്പണം..പിന്നെ എന്റെ നിഴലിനും
..

ഒമാന്‍ ഡയറി(21/11/2009)


ലേബര്‍ കോര്‍ട്ട്‌..ഇന്ന് മൂന്നാം സിറ്റിംഗ്‌ ആണ്‌..സിനിമകളില്‍ കണ്ട്‌ ശീലിച്ച വിസ്താരക്കൂടോ ഉരുവിടുന്ന പ്രതിഞ്ജാവാചകങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല.ഇന്നത്തെ സിറ്റിംഗ്‌ നു ശേഷമാണ്‌ കേസ്‌ വിധി തീര്‍പ്പിന്‌ വിടുന്നത്‌.

ഏത്‌ നാട്ടുകാരായാലും ഇവിടെ പരാതി സമര്‍പ്പിക്കേണ്ടത്‌ അറബിയിലാണ്‌..ഞങ്ങളുടെ സഹപ്രവര്‍ത്തക ലമ്യ അറബിയില്‍ തയ്യാരക്കിതന്ന പരാതി സമര്‍പ്പിക്കല്‍ ആയിരുന്നു ആദ്യ ദിവസം.വെയിറ്റിംഗ്‌ റൂമില്‍ വെച്ചിരുന്ന ബ്ലു ബട്ടണ്‍ ഉള്ള പാനല്‍ അമര്‍ത്തിയപ്പോള്‍ ടോക്കണ്‍ കിട്ടി...വസീം സര്‍, സഞ്ജീവ്‌ ഭയി, ഹെരാള്‍ഡ്‌ മൂസാക്ക,ഷാസിയ, നിയാസ്‌,ഞാന്‍ എന്നിവരടങ്ങുന്ന സംഘം ടോക്കണുകളുമായി അവിടെ ഇട്ടിരുന്ന സ്റ്റീല്‍ കസേരകളില്‍ ഇരിപ്പുറപ്പിച്ചു. കമ്പനിയുടെ തകര്‍ച്ചയില്‍ നിനച്ചിരിക്കാതെ പെരുവഴിയില്‍ ആയിപ്പൊയ ഒരുപാട്‌ പേരില്‍ ചിലര്‍ മാത്രമായിരുന്നു ഞങ്ങള്‍..പലരും പല ഘട്ടങ്ങളിലായി കോറ്റതിയെ സമീപിച്ചിരുന്നു. ഞങ്ങളെകൂടാതെ കാഴ്ചയില്‍ ഹസ്‌ മെയിഡ്‌ എന്നു തോന്നിപ്പിക്കുന്ന രണ്ട്‌ ഫിലിപ്പിനൊ സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. തൊഴില്‍ സ്ഥലത്തെ പീഠനം ആവാന്‍ അവരുടെ വരവിന്റെ കാരണം.

ജോലി നഷ്ടപ്പെട്ടതില്‍ ഉള്ള വിഷമവും, കട്ട്‌ മുടിച്ച ലെബനീസ്‌ മാനേജ്മെന്റിനോടുള്ള അമര്‍ഷവും,ആറേഴു വര്‍ഷങ്ങള്‍ കൊണ്ട്‌ പടുത്തുയര്‍ത്തിയ കരിയര്‍,സ്വരുക്കൂട്ടിയ ഗ്രാറ്റിവിറ്റി,മറ്റ്‌ ബെനിഫിറ്റ്സ്‌ ഇവയൊക്കെ നഷ്ടപ്പെടുമോ എന്ന ആശങ്കകള്‍ ഇവയൊക്കെ കുത്തി നിറച്ച മുഖഭാവവുമായാണ്‌ സീനിയര്‍ പൊസ്റ്റില്‍ ഉള്ള വസീം മുതല്‍ ആര്‌ വര്‍ഷമായി ഒഫീസിന്റെ കാവലും,സമയം തെറ്റാതെ എല്ലാരുടെയും ടേബിളില്‍ ചായ എത്തിക്കുകയും ചെയ്യുന്ന മൂസാക്ക വരെ ഉള്ളവരുടെ ഇരിപ്പ്‌. ജനുവരിയില്‍ കല്യാണം നിശ്ചയിച്ച നിയാസിന്റെ ഉല്‍കണ്ഠ പറഞ്ഞ്‌ വെച്ച കല്യാണം അലങ്കോലപ്പെടുമോ എന്നതായിരുന്നു.(അല്ലെങ്കില്‍ തന്നെ ഗള്‍ഫ്‌ വരന്മാര്‍ക്ക്‌ വല്യ ഡിമാന്റില്ലാത്ത കാലമാണ്‌.അതിന്റെ കൂടെയാണ്‌ കൂനിന്മേല്‍ കുരു എന്ന് പറഞ്ഞ പോലെ പണി പൊയിരിക്കുന്നത്‌..)

അകത്ത്‌ പോയി എന്ത്‌ പറയണം എന്നത്‌ വസീമിന്റെ നേതൃത്വത്തില്‍ ഓരോരുത്തര്‍ക്കും നിര്‍ദ്ദേശം ലഭിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ ആണ്‌ എല്‍.സി.ഡി. ടെലിവിഷനില്‍ ടോക്കണ്‍ നമ്പര്‍ തെളിഞ്ഞത്‌.ആദ്യം വസീമിന്റെ ഊഴം ആയിരുന്നു. ആവെശത്തോടെ "എന്നാല്‍ ഞാന്‍ പൊയി വിവരങ്ങള്‍ ധരിപ്പിക്കാം..നിങ്ങളും അത്‌ പോലെ പറഞ്ഞാല്‍ മതി" എന്ന് പറഞ്ഞ്‌ മൂപ്പര്‍ അകത്ത്‌ കയറി.രണ്ട്‌ മിനിറ്റിനുള്ളില്‍ പുറത്ത്‌ വന്ന് "എവരിബഡി കം ഇന്‍" എന്ന് പറഞ്ഞു. "ഇങ്ങേര്‍ ഇത്ര പെട്ടെന്ന് കാര്യം അവതരിപ്പിച്ചോ, കൊള്ളാമല്ലോ!" എന്ന ആത്മഗതത്തോടെ ഞങ്ങളും ആ മുറിയിലേക്ക്‌..അഞ്ചാറ്‌ പേരെ ഒരുമിച്ച്‌ കണ്ട അറബ്‌ ഉദ്യൊഗസ്ഥന്‌ ഹാലിളകി എന്ന് തോന്നുന്നു."കുല്ലു നഫര്‍ സെയിം ഷരീക്ക?"( എല്ലാവരും ഒരേ കമ്പനിയില്‍ ജോലി ചെയ്യുനന്വര്‍ തന്നെയോ?) എന്നയാള്‍ പല തവണ ആവര്‍ത്തിച്ചു. പരാതിക്കടലസ്സ്‌ നോക്കി ഓരോരുത്തരുടെയും പേര്‍ സമചതുരത്തില്‍ ഉള്ള കട്ടിക്കടലാസ്സില്‍ എഴുതി തന്നു. അതില്‍ 10-11-2009- യവും തലാത്ത(ചൊവ്വാഴ്ചാ‍ം സാഹ്‌:ഹംസ(സമയം അഞ്ച്‌ മണി) എന്നെഴുതി ഞങ്ങളെ ഏല്‍പ്പിച്ചു. അപ്പോള്‍ ഞങ്ങളുടെ അമര്‍ഷം മുഴുവന്‍ വെളിവാക്കേണ്ട ദിനം ഇന്നല്ല.!!(വസീം ഒരു സേഫ്റ്റിക്ക്‌ ഞങ്ങളെ അകത്തേക്ക്‌ വിളിച്ചതായിരുന്നു.!!).തെല്ല് ജാള്യതയോടെ ഞങ്ങള്‍ "വസാറത്തുല്‍ ആമില"(നിയമ മന്ത്രാലയം എന്നായിരിക്കാം)യുടെ ഇടനാഴി വിട്ടു.

പകല്‍ മുഴുവന്‍ മറ്റൊരു ജോലി തേടി ഉള്ള അലച്ചിലും, എംബസി, വക്കീലോഫീസ്‌, എന്നിവിടങ്ങളില്‍ നിന്നുള്ള നിയമോപദെഷം തേടലും, സ്പ്പോണ്‍സറെ കാണാന്‍ ഉള്ള ശ്രമങ്ങളും, പലവിധ ചര്‍ച്ചകളും മറ്റുമായി പല ദിനങ്ങള്‍..ഇതിനിടക്ക്‌ കുട്ടികളുടെ പഠിത്തം,സ്കൂള്‍ ഫീസ്‌, വീട്ട്‌ വാടക തുടങ്ങിയ ജീവിതച്ചിലവുകള്‍ തരുന്ന മാനസിക സമ്മര്‍ദ്ദം മറ്റൊരു വശത്ത്‌. എങ്ങനെയും ജീവിതം മുന്നോട്ട്‌ തന്നെയാണല്ലോ.

അങ്ങനെ "യവും തലാത്ത" റൂവി ബദര്‍ അല്‍ സമാ ഹോസ്പിറ്റലിനടുത്തുള്ള ലേബര്‍ കോര്‍ട്ട്‌ മുറ്റത്‌ ഞങ്ങള്‍ ഒരുമിച്ച്‌ കൂടി..താഴെ നിന്ന് കിട്ടിയ നിര്‍ദ്ദേശം അനുസരിച്ച്‌ ഒന്നാം നിലയിലുള്ള ഇന്‍ വെസ്റ്റിഗഷന്‍ റൂമിലേക്ക്‌ ഞങ്ങള്‍ നീങ്ങി. ഞങ്ങളുടെ പരാതി വിശകലനം ചെയ്യാന്‍ നിയുക്തനായ ലേബര്‍ ഒഫീസ്‌ പ്രതിനിധി "നിങ്ങള്‍ അല്‍പ നേരം കാത്തിരിക്കൂ..നിങ്ങളുടേ കമ്പനിയെ പ്രതിനിധീകരിച്ച്‌ ആരെങ്കിലും വരുമൂ എന്ന് നോക്കാം" എന്നു പറഞ്ഞു.

കമ്പനിയെ പ്രതിനിധീകരിച്ച്‌ വരേണ്ട ഹുസ്സൈന്‍ അല്‍ ലവാതി എന്ന പി.ആര്‍.ഒ. ഉദ്യോഗസ്ഥന്‍ വരില്ലെന്നത്‌ ഞങ്ങള്‍ക്കുറപ്പായിരുന്നു. അതിന്‌ കാരണം അയാള്‍ പറയുന്നത്‌ വേദപുസ്തകത്തില്‍ കൈ വെച്ച്‌ "കസം ഖായാ" എന്നതാണ്‌..ഫൈനല്‍ സെറ്റില്‍മന്റ്‌ ഫയലുകള്‍ക്കിടയില്‍ നിന്ന് ചില ലെബനീസ്‌ ഫയലുകള്‍ മത്രം കുരുക്കുകളേതും ഇല്ലാതെ കമ്പനി വക്കീലിന്റെ ഓഫീസിലേക്ക്‌ ഊരിപ്പോകുന്നത്‌ ഞാന്‍ (അറബി നാടാണെന്ന് ഓര്‍മ്മയിലല്‍തെ ഇടക്ക്‌ പൊങ്ങി വരുന്ന തൊഴിലാളി ബൊധം! അവശേഷിക്കുന്ന വിപ്ലവ ചിന്തകളുടെ ബാക്കി പത്രം!!) ചോദ്യം ചെയ്തതിന്റെ ഫലമായാണ്‌ അങ്ങനെൂരു ചടങ്ങ്‌ അരങ്ങേറിയത്‌. ഹുസ്സൈന്‍ അല്‍ ലവാത്തി വെദപുസ്തകത്തില്‍ക്‌ കൈ വെച്ച്‌ കൊണ്ട്‌ " മെം ആപ്ലൊഗണ്‍ കെലിയെ ഖല്‍ബ്‌ ഭി ദേനെ കോ തയ്യാര്‍ താ..ലെകിന്‍ ഇസ്കി ഐസി കഹ്നേ കെ വജെ സെ മെം ഖുര്‍ ആന്‍ പെ ഖസം ഖാതാ ഹും..മെം ആപ്‌ ലൊഗൊം കെലീയേ ആയിന്ദാ ഹെല്‍പ്‌ നഹീ കരേഗാ"... എന്ന ഭീഷ്മ ശപഥം പോലെ ഉഗ്രശപഥം ചെയ്തത്‌..ലെബനീസ്‌ തല്‍പര കക്ഷികളുടെ പിന്വാതില്‍ സമീപനതിലൂടെ അല്‍പസ്വല്‍പം കീശവീര്‍പ്പിക്കുകയും ഇരട്ടത്താപ്പ്‌ നയം സ്വീകരിക്കുകയും ചെയ്യുന്ന ഹുസ്സൈനൊട്‌ "യു ആര്‍ ബയസ്ഡ്‌" എന്ന് ഈയുള്ളവള്‍ ഉരുവിട്ട്‌ പോയതാണ്‌ ഈ ഉഗ്ര ശപഥത്തിന്‍ ഹേതു. കമ്മ്യുണിസത്തിന്റെ അര്‍ഥങ്ങള്‍ പോലും നഷടപ്പെട്ട ഇന്നില്‍ വര്‍ഗ്ഗബോധം കൊണ്ട്‌ ഒന്നും നേടാനില്ലെന്ന് എന്നിലെ പഴയ സഖാവിനെ പിന്നീട്‌ ഞാന്‍ പറഞ്ഞ്‌ മനസ്സിലാക്കി. "-------, ഐ ഡോണ്ട്‌ ആക്സെപ്റ്റ്‌ യുവര്‍ വര്‍ഡ്സ്‌ എന്ന ഹുസ്സൈന്റെ കോപാവേശം പൂണ്ട വാക്കുകള്‍ക്ക്‌ മുന്നില്‍ ,"ഇഫ്‌ യു ഡൊണ്ട്‌ അക്സെപ്റ്റ്‌ ഐ ഡോണ്ട്‌ കേയര്‍ എന്ന് കൂടെ അടിവരയിട്ട്‌ പറഞ്ഞ്‌ കൊണ്ട്‌ ഞാന്‍ രംഗം വിട്ടതോടെ ഹുസ്സൈന്‍ തന്റെ ശപഥത്തിന്റെ ശക്തി കൂട്ടി.

ഞങ്ങളുടെ ടീം അംഗങ്ങള്‍ക്ക്‌ ഇതിന്റെ പേരില്‍ എന്നോട്‌ അമര്‍ഷം ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല പല ഭാഷകളില്‍ അവര്‍ ഹുസ്സൈന്‌ "ഗാലീ ദെനാ ശൂരു കിയാ.."അല്‍പസമയം കഴിഞ്ഞപ്പോള്‍ ലേബര്‍ ഓഫീസറൊട്‌ ഹുസ്സൈന്‍ വരില്ലെന്ന് ഞങ്ങള്‍ അരിയിച്ചു. "കസം" എടുതിട്ടായലും അല്ലെങ്കിലും, സ്വദേശികളൂടെ കേസിനു പോലും അയാള്‍ ഇതു വരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.ദൈവത്തെ കാണൂക എന്നത്‌ ഒരു പക്ഷെ നടന്നെക്കാം. പക്ഷേ തലാല്‍ അല്‍ സവാവി എന്ന ഞങ്ങളുടെ ആദരണീയനായ സ്പോണ്‍സരെ കണ്ട്‌ കിട്ടുക എന്നത്‌ അതിലും കഠിനം ആണ്‌. കൊട്ടാര സദ്രുശമായ അദ്ദീഹതിന്റെ വീട്ടിന്റെ ഗേറ്റില്‍ ഉള്ള ഓഫീസ്‌ വരെ പോയി അദ്ദീഹത്തിന്റെ "മഹ്ഫൂസ്‌" എന്നു പേരുള്ള ഉത്തരേന്ത്യക്കാരനായ വീട്ട്‌ മനേജറെയും വെളുത്ത മയില്‍ അടക്കമുള്ള വളര്‍ത്ത്‌ പക്ഷി മൃഗാദികളെയും കണ്ട്‌ നിരാശയാടെ മടങ്ങേണ്ടി വന്നത ഓര്‍മ്മിക്കട്ടെ.! അങ്ങനെയുള്ള ശ്രീമന്‍ സവാവിയെ, ആറു മാസത്തെ ഔദ്യൊഗിക ജീവിത്തിനിടെ ഒരിക്കല്‍ പോലും നേരിട്ട്‌ കണ്ടിട്ടില്ലാത്ത ലവാതിക്ക്‌ കോടതിയില്‍ പ്രത്യെകിച്ചൊന്നും ചെയ്യാന്‍ ഇല്ലെന്നത്‌ മറ്റൊരു പരമാര്‍ഥം.

ലേബര്‍ പ്രതിനിധിയോട്‌ വീണ്ടും ചെന്ന് ഞങ്ങള്‍ കാര്യം അവതരിപ്പിചു.ഒരു വര്‍ഷം മുന്‍പ്‌ വരെ തരക്കേടില്ലാതെ നടന്ന് വന്നിരുന്ന സ്ഥാപനം ആണെന്നും, ഒരു വര്‍ഷം മുന്‍പുണ്ടായ മാനേജ്‌മന്റ്‌/ഷെയര്‍ കൈമാറ്റത്തിലൂടെ ഇടിച്ച്‌ കയരിയ ലെബനാധിപത്യത്തിന്റെ പരിണതഫലമായുണ്ടായ കാലക്കേടാണീതെന്നും ഒക്കെ അദ്ദെഹത്തെ ധരിപ്പിചു. ആമര്‍ എന്നയിരുന്നു സുമുഖനായ ആ ചെറുപ്പക്കാരന്റെ പേര്‌.അദ്ദെഹം ഞങ്ങളുടെ പരാതികള്‍ മുഴുവനും സശ്രദ്ധം കേള്‍ക്കുകയും അത്‌ മുഴുവന്‍ പകര്‍ത്തുകയും ചെയ്തിട്ട്‌ രേഖകളിലെങ്കിലും 30% ഷെയര്‍ വഹിക്കുന്ന ഞങ്ങളുടെ സ്പോണ്‍സറൂമായി സം സാരിക്കാന്‍ ഒരു ശ്രമം നടത്തിനോക്കാം എന്ന് ആമര്‍ ഞങ്ങളെ അറിയിച്ചു.അടുത്ത ബുധനാഴ്ച രാവിലെ 9 മണിക്ക്‌ അടുത്ത സിറ്റിങ്ങിനുള്ള തിയതിയും കുറിച്ച്‌ തന്നു.

അടുത്ത സിറ്റിങ്ങില്‍ ആമെറിനു ഞങ്ങളെ അറിയിക്കാനുണ്ടായിരുന്നത്‌ ശ്രീ.സവാവി യുമായി ഫോണില്‍ സംസ്സാരിക്കുവാന്‍ കഴിഞ്ഞു എന്നതാണ്‌.പക്ഷെ കമ്പനി കൈമാറ്റം ചെയ്ത സ്ഥിതിക്ക്‌ 150 ഒാളം വരുന്ന ജോലിക്കാരുടെ പേരില്‍ ഒരല്‍പ്പം സഹതപിക്കാന്‍ അല്ലാതെ മറ്റൊന്നിനും ആ മഹനുഭാവന്‍ തയ്യാറല്ലത്രെ. ഞങ്ങളൂടെ അടുത്ത ശ്രമം "റിലീസ്‌" എന്ന പേപ്പറിനുള്ളതായിരുന്നു. ഈ കമ്പനിയില്‍ നിന്ന് ആ വിടുതല്‍ രേഖ കിട്ടിയെങ്കില്‍ മാത്രമേ മറ്റേതെങ്കിലും കമ്പനിയില്‍ നിയമപരമായി ജോലിക്ക്‌ കേറാന്‍ സാധിക്കുകയുള്ളു.ഞങ്ങളുടേ അഭ്യര്‍ഥന മാനിച്ച്‌ കമ്പനി വക്കീല്‍ റാല്‍ഫ്‌ ഹിജൈലിയുമായൊ ആശയവിനിമയം നറ്റത്തിയ ശേഷം റിലീസ്‌ കിട്ടുന്നതിന്‌ മറ്റ്‌ തടസ്സങ്ങള്‍ ഒന്നും ഇല്ലെന്ന് ആമര്‍ അറിയിചു.അടുത്ത സിറ്റിങ്ങില്‍ മി.ഹിജൈലിയുടെ സാന്നിദ്ധ്യതില്‍ റിലീസ്‌ ലഭ്യമാക്കാം എന്നുറപ്പും നല്‍കി.ഇതിനിടയില്‍ ഞങ്ങളില്‍ പലര്‍ക്കും പലയിടങ്ങളില്‍ നിന്നുമായി ജോബ്‌ ഓഫറുകള്‍ കിട്ടിത്തുടങ്ങി..


അങ്ങനെ ഇന്ന് നാലു മണിക്ക്‌ വീണ്ടൂം ഞങ്ങള്‍ ആമെറിന്റെ മുറിക്ക്‌ മുന്നില്‍ പ്രതീക്ഷകളുമായി..ഞങ്ങളൊടോപ്പം സ്വദേശികളായ ഒരുപാട്‌ സഹപ്രവര്‍തകരും ഉണ്ടായിരുന്നു. ആമെറിന്റെ ആവശ്യപ്രകാരം റാല്‍ഫ്‌ ഹിജെലിയും "കസം" തെറ്റിച്ച്‌ കൊണ്ട്‌ ഹുസ്സൈന്‍ ലവാത്തിയും സന്നിഹിതരായിരുന്നു.റാല്‍ഫ്‌ ,അറബ്‌ വംശജനായത്‌ കൊണ്ട്‌ അവരുടെ ആശയവിനിമയം ആദ്യം അറബിയിലാണ്‌ നടന്നത്‌.

അവരുടെ സംഭാഷണങ്ങളൂം മുഖഭാവങ്ങളില്‍ നിന്നുമൊക്കെ വല്ല സൂചനയും കിട്ടുന്നുണ്ടൊ എന്ന് ശ്രമിക്കുകയയിരുന്നു എന്റെ സഹപ്രവര്‍ത്തകര്‍. ഈ സമയം കൊണ്ട്‌ ചിരിക്കുമ്പോള്‍ തെളിയുന്ന റാല്‍ഫിന്റെ നുണക്കുഴികളിലേക്കും, അല്‍പം പെണ്‍ചന്തമുള്ള അയാളുടെ സം സാര ശൈലിയിലേക്കും, വെളുപ്പില്‍ അതേ നിറത്തില്‍ എംബ്രൊയ്ഡറി ചെയ്ത്‌ ഒതുക്കി കെട്ടിയിരിക്കുന്ന ആമെറിന്റെ തലപ്പാവിലേക്കും, അലാദ്ദിന്‍ ആന്‍ഡ്‌ ജീനി എന്ന അറബിക്കഥയുടേ ഡിസ്നി ആവിഷ്കാരതിലെ അലാദീനെ ഓര്‍മ്മപ്പെടുതുന്ന ആമെറിന്റെ മുഖത്ത്‌ മിന്നുന്ന പിങ്ക്‌ നിറത്തിലുള്ള മുഖക്കുരുകളിലെക്കും (അന്നേരം ആമെറിന്‌ എന്ത്‌ പ്രായം കാണും എന്നു കൂടെ വെറുതെ ഒന്നോര്‍ത്തു..) ഒക്കെ യാതൊരു ദുരുദ്ദ്യേശവും ഇല്ലാതെ വീക്ഷനം നടത്തുകയായിരുന്നു ഞാന്‍..അവര്‍ സംസാരിച്ച്‌ കഴിഞ്ഞപ്പോള്‍ ആമര്‍ ഞങ്ങള്‍ക്കത്‌ ഇംഗ്ലീഷില്‍ വിശദീകരിച്ച്‌ തന്നു.

രത്നചുരുക്കതില്‍ കിട്ടാനുള്ള "ഡ്യൂസ്‌" ഒരു പേപ്പറില്‍ കമ്പനി സീല്‍ ഓടു കൂടെ അവരവരുടെ കയ്യില്‍ തരും...ആ താമ്രപത്രം ചില്ലിട്ട്‌ സൂക്ഷിക്കുയോ തട്ടിന്‍പുറത്ത്‌ സൂക്ഷിക്കുയാ ഒക്കെ അവനവന്റെ മനോധര്‍മം പോലെ..! കോടതി നൂലാമലകളൂം കമ്പനിയുടെ ബാങ്ക്രപ്സി ഡിക്ലറേഷനും ലിക്വിഡിറ്റിയും കയ്യിട്ട്‌ വാരലുകളൂം ഒക്കെ കഴിഞ്ഞ്‌ വല്ലതും ശേഷിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ വര്‍ഷങ്ങളുടെ സ്തുത്യര്‍ഹ സേവനതിന്റെ ആകത്തുക ഏതെങ്കിലും കാലത്ത്‌ കിട്ടിയെങ്കില്‍ ആയി.!മുന്‍പേപറഞ്ഞ അമര്‍ഷവും രോഷവും മറ്റ്‌ വികാരവിചാരങ്ങളൂമൊക്കെ കോടതി വിധിക്ക്‌ വിട്ടിട്ട്‌ ഇനി അടുത്ത പടിയിലേക്ക്‌ കടക്കാന്‍ ഓരോരുത്തരും തീരുമാനിച്ച്‌ കാണണം.ഇതൊക്കെ ഇവിടെ സാധാരണമാണ്‌. പോരാട്ടവീര്യം കെടുത്തി വെച്ച്‌ അവനവന്റെ അപ്പത്തിന്‌ വേണ്ടി അദ്ധ്വാനിക്കുന്ന പ്രവാസിയുടേ തലക്ക്‌ മേല്‍ വീഴുന്ന അശനിപാതങ്ങളില്‍ ഒന്ന്‌ മാത്രം..

വിദ്യാഭ്യാസത്തിന്റെ തണലെങ്കിലും ഉള്ള ഞങ്ങളേപ്പൊലുള്ളവര്‍ക്ക്‌ അല്‍പസ്വല്‍പ്പം പൊരുതാനും മറ്റൊരു ജോലി സംഘടിപ്പിക്കാനും വലുതായ ബുദ്ധിമുട്ടൂകള്‍ ഒന്നും വരില്ല. പക്ഷെ ഇതിലും കഠിനമായ സാഹചര്യങ്ങളോട്‌ പൊരുതുന്ന എത്രയോ അണ്‍സ്കില്‍ഡ്‌ ലേബേര്‍സ്‌ ഈ നാടുകളില്‍ ഉണ്ട്‌..

കടന്ന് വന്ന വഴികളില്‍ മറക്കാനാവാത്ത ചിലരുണ്ട്‌..

അമേരിക്കന്‍ പാസ്സ്പൊര്‍ട്ടും വെളുത്ത തൊലിയുടെ അഹങ്കാരവും കാണിച്‌ ഭിന്നിപ്പിച്‌ ഭരിക്കുക എന്ന പഴയ തന്ത്രം വീണ്ടും ഏഷ്യന്‍ മനസ്സുകളില്‍ പരീക്ഷിച അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്തവരെ തൊലി നിറത്തിന്റെ വ്യത്യാസത്തില്‍ മാത്രം വന്‍ ശമ്പളതില്‍ നിയൊഗിച്ച്‌ കമ്പനിയുടെ ആണിക്കല്ലിളക്കി അവസാനം രായ്ക്കുരാമാനം സ്ഥലം വിട്ട ബഹുമാനപ്പെട്ട എം.ഡി. "ജോസഫ്‌ അത്തയ." വംശീയതയുടേ മറ്റൊരു പതിപ്പ്‌..

വാനിഷിംഗ്‌ ആക്റ്റ്‌ നടതുന്ന വമ്പന്‍ മജീഷ്യന്മാരെ പോലും അമ്പരന്ന് പോകും വിധം മെര്‍സിഡിയസ്‌ ബെന്‍സും വൊക്സ്‌ വാഗണൂം ഉള്‍പ്പെടേയുള്ള കമ്പനി കാറുകള്‍ നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമാക്കിയ ജലാല്‍ ഗൊസ്സെന്‍ എന്ന എച്‌.ആര്‍ വിദഗ്ദനും ഒത്താശ ചെയ്ത്‌ കൊടുത്ത ലവാതിയും...അങ്ങനെ പറഞ്ഞാല്‍ അമ്പലം വിഴുങ്ങികള്‍ ഒരുപാടുണ്ട്‌..

എന്തിന്‌ വെറുതേ നിരാശയൂടെ കട്ടി കൂട്ടുന്നു! "എതിര്‍ വാ" മിണ്ടാന്‍ നിന്നാല്‍ നമ്മുടെ അടുപ്പത്ത്‌ അരി വേവാന്‍ ഇനിയും സമയം പിടിക്കും.. "കാട്ടിലെ തടി..തേവരുടെ ആന...നമുക്കെന്ത്‌ ചേതം.. " നമ്മര്‍ കൊയ്ത്‌ കൂട്ടിയത്‌ മറ്റാരൊക്കെയോ അളന്ന് കൂട്ടുന്നത്‌ നെടുവീര്‍പ്പോടെ നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട മിഡില്‍ക്ലാസ്സ്‌ ജന്മങ്ങള്‍..!

നന്ദി പൂര്‍വം ചിലരെ സ്മരിക്കട്ടെ..

ഒരു ലാഭേഛയും കൂടാതെ ഒമാനിലെ സാമൂഹ്യ പ്രശ്നങ്ങളിലെ നിതാന്ത സാനിദ്ധ്യമായ പി.എം.ജാബിര്‍ എന്ന ജാബിര്‍ ഇക്ക. വ്യക്തമായ ഉപദേശം തന്ന അദ്ദെഹം, എല്ലാ ഘട്ടത്തിലും ഏത്‌ സഹാത്തിനും സന്നദ്ധനായ ഇന്ത്യന്‍ എംബസി സെക്കന്റ്‌ സെക്രട്ടരി ശ്രി.ബാനര്‍ജീ.എംബസ്സി ലായര്‍ ശ്രീമതി ദീപ, പിന്നെ ഞങ്ങളുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മീതെ വളരെ ക്ഷ്മയോടെ ഞങ്ങളൂടെ പരാതികള്‍ കൈകാര്യം ചെയ്ത ലേബര്‍ ഉദ്യൊഗസ്ഥന്‍ ആമര്‍ തുടങ്ങിയവര്‍....അവകാശങ്ങള്‍ കിട്ടൂന്നതും കിട്ടാതിരിക്കുന്നതും ഇനി വിധി ഹിതം പോലെ..