Monday, September 10, 2012

No Conditions Apply…..*

പ്രണയം പോലെ എന്തോ ഒന്നു അവനും അവള്‍ക്കുമിടയില്‍ വന്നു വീണു. സോള്‍ മേറ്റ്‌ എന്നതാണ്‌ കൊര്‍പോറേറ്റ്‌ ഡിക്ഷ്ണറികളില്‍ അതിനു കാണുന്ന പുതിയ നിര്‍വചനം. ടാര്‍ഗ്ഗെറ്റും ഡെഡ്‌ ലൈനും തലക്ക്‌ പിടിച്ച ഒരു ദിവസത്തിനൊടുവില്‍ കമ്പനി പാര്‍ട്ടില്‍ വെളിച്ചം മങ്ങിയ ഒരു മേശക്കിരുപുറവും ഇരിക്കെ കോണിയാക്കില്‍ രണ്ടാാമതും തണുപ്പിന്‍ തുണ്ടുകളിടവേ അയാള്‍ അവളോട്‌ പറഞ്ഞു..വല്ലാത്തൊരു ആകര്‍ഷണീയത നിന്നിലുണ്ട്‌. പുരുഷന്മാരെ ആകര്‍ഷിപ്പിക്കുന്ന ,സിരകളെ ത്രസിപ്പിക്കുന്ന എന്തോ ഒന്ന്..ഒരു പാട്‌ ആണ്‍ സുഹൃത്തുക്കളില്‍ നിന്നും കേട്ടു മടുത്തത്‌ കൊണ്ടാവാം മുഖം കോട്ടി ഒന്നു ചിരിച്ചതേ ഉള്ളൂ അവള്‍..


സദാചാരത്തിന്റെ ചതുരക്കളത്തിനു അകത്തു നില്‍ക്കുന്ന ബന്ധം ഒന്നും അല്ല ഇതും.. എല്ലാ അവിഹിത ബന്ധങ്ങളിലും എന്നതു പോലെ മറ്റൊരു നഗരത്തില്‍ ജീവിക്കുന്ന ഭര്‍ത്താവും ഹോം വര്‍ക്കിലും കമ്പ്യൂട്ടര്‍ ഗെയിമിലും മുങ്ങിയമരുന്ന മക്കള്‍ അവള്‍ക്കുമുണ്ടായിരുന്നു.. മുഷിഞ്ഞ ജനാലകര്‍ട്ടനുകള്‍ മാറ്റിയും മേശപ്പുറത്തെ പൂ പാത്രങ്ങള്‍ മോടി പിടിപ്പിച്ചും കുഞ്ഞിന്റെ ഡയപ്പറുകള്‍ മാറ്റിയും സമയാസമയത്ത്‌ മിസ്സ്‌ കാള്‍ ചെയ്ത്‌ "സ്വീറ്റ്‌ ഹാര്‍ട്ട്‌" എന്ന് അയാളുടെ മോബെയില്‍ സ്ക്രീനില്‍ തെളിയിച്ചും അധികം ദൂരെ അല്ലാതെ ഒരു പട്ടണത്തില്‍ ജീവിക്കുന്ന ഭാര്യ അയാള്‍ക്കും ഉണ്ടായിരുന്നു..

അവരോട്‌ പ്രണയം ഇല്ലാത്തത്‌ കൊണ്ടൊന്നും അല്ല, എന്നാലും പ്രണയം പോലെ എന്തൊ ഒന്നു അവനും അവള്‍ക്കുമിടയില്‍ വന്നു വീണു.

ആ എന്തോ ഒന്നു അവരുടെ ഹൃദയ മിടിപ്പുകള്‍ കൂട്ടുകയും , അവളെ കൂടുതല്‍ തുടുപ്പുള്ളവളും സുന്ദരിയും ആക്കി തീര്‍ത്തു.. അവനെ കൂടുതല്‍ പ്രസരിപ്പുള്ളവനും ആക്കിതീര്‍ത്തു. ടാര്‍ഗ്ഗെട്ടുകളും ഡെഡ്‌ ലൈനുകളും അച്ചീവ്‌മന്റ്‌ കോളങ്ങളില്‍, എക്സലന്റ്‌ ഗ്രീന്‍ തെളിയിച്ചു.

മെയ്‌ മാസത്തിലെ അവസാന രാത്രിയില്‍ കത്തിച്ചു വെച്ച ഒരു മെഴുകുതിരിക്ക്‌ ഇരു പുറവുമായി ഇരുന്ന് അലങ്കോലമായി കിടക്കുന്ന ഒറ്റ മുറിയില്‍ ഇരുന്ന് അവര്‍ ഒന്നിച്ച്‌ അത്താഴം കഴിച്ചു. വന്യമായ (പ്രണയം പോലെ എന്തോ ഒന്ന് ഉള്ള?) ഭോഗങ്ങള്‍ക്ക്‌ ശേഷം പ്രസരിപ്പില്ലാത്ത ജൂണ്‍ മാസത്തിലെ ആദ്യ പകലിലേക്ക്‌ അവര്‍ വെറും ശരീങ്ങള്‍ ആയി ഉണര്‍ന്നെഴുന്നേറ്റു. പിന്നീട്‌ അപരിചിതത്വത്തിന്റെ ഉടയാടകള്‍ എടുത്തണിഞ്ഞു.

പിന്നീട്‌ വളരെക്കാലം പരസ്പരം കാണുമ്പോള്‍ പ്രണയം പോലത്തെ എന്തോ ഒന്നു മറന്ന് വെച്ച്‌ കൊണ്ട്‌ അവര്‍ പുഞ്ചിരിച്ചു. പരിചയം പുതുക്കി. ഹസ്ത ദാനം ചെയ്തു. കുടുംബാംഗങ്ങളെ പരസ്പരം പരിചയപ്പെടുത്തി.

ഈ കൃസ്തുമസ്‌ രാവില്‍ ഒരുമിച്ച്‌ അത്താഴം കഴിക്കാമെന്ന അവന്റെ ഫോണ്‍ സന്ദേശം എന്തു കൊണ്ടോ അവളുടെ ഹൃദയത്തെ പെരുമ്പറയോളം മുഴക്കി. അവള്‍ക്ക്‌ മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍. അത്താഴ വിരുന്നില്‍ ആണുങ്ങള്‍ വീണ്ടും കോണിയാക്കിന്റെ തണുപ്പില്‍ അലിഞ്ഞു. പെണ്ണുങ്ങള്‍ ചിക്കന്‍ വറുക്കുമ്പോള്‍ ചോളപ്പൊടി ചേര്‍ക്കുന്നതിനെപ്പറ്റിയും അജിനോമോട്ടൊയുടെ അനാരോഗ്യ വശങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്ത്‌ സമയം കളഞ്ഞു. കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിമില്‍ പുല്‍മേടുകള്‍ തേടിയലഞ്ഞു.

അപ്പോള്‍ ജനാലയ്ക്കപ്പുറം ഇരുട്ടിനൊപ്പം കനത്ത മഞ്ഞും പെയ്തിറങ്ങുന്നുണ്ടായിരുന്നു..കാഴ്ചകള്‍ മറയ്ക്കുന്ന മഞ്ഞ്‌...

Wednesday, May 9, 2012

ഹവ്വ കേഴുന്നു..

ഫാലക്‌ എന്നാല്‍ ആകാശം എന്നത്രെ അര്‍ത്ഥം.വായിച്ചു മറന്നു പോയ ഒരു കോളം വാര്‍ത്ത ആയി, ചിലരുടെ മനസ്സിലെങ്കിലും ഫാലക്‌ ഇപ്പോഴും ഉണ്ടാകാം. നുറുങ്ങി പോയ തലയോട്ടിയും ഒടിഞ്ഞ സന്ധികളും മേലാസകലം മനുഷ്യ ദംശനവും ഏറ്റ ആ രണ്ടര വയസ്സുകാരി കുറച്ച്‌ ദിവസം ജീവനു വേണ്ടി പൊരുതി. പിന്നീട്‌ അവള്‍ അനിവാര്യമായ വിധിക്ക്‌ കീഴടങ്ങി.


ഫാലക്‌ മനസ്സില്‍ നിന്നു മായുന്നതിനു മുന്‍പേ ആണ്‌ സമാനമായ രീതിയില്‍ അഫ്രീനും സ്വപിതാവിനാല്‍ കൊല്ലപ്പെട്ടത്‌. സ്വപ്നം കണ്ടുറങ്ങുമ്പോഴുള്ള ഏറ്റവും നിഷ്കളങ്കമായ അവളുടെ ഇളം പുഞ്ചിരി ഒരിക്കലെങ്കിലും ആ നരാധമന്‍ കണ്ടിരിക്കുമോ? അവള്‍ കമഴ്‌ന്നു വീണില്ല..അമ്മയ്ക്കു മാത്രം മനസ്സിലാവുന്ന ഭാഷയില്‍ അവള്‍ കൊഞ്ചിക്കുറുകിയില്ല..അതിനു മുന്നേ അവളുടെ കുരുന്നുജീവനില്‍ കറുത്ത പിടി വീണിരുന്നു..സിഗരറ്റ്‌ കൊണ്ടു പൊള്ളിച്ച പാടുകള്‍ അവളുടെ ദേഹത്ത്‌ ഉണ്ടായിരുന്നുവത്രെ.മാരകമായ പ്രഹരത്താല്‍ നട്ടെല്ലില്‍ നിന്ന് തലച്ചോറിലേക്കുള്ള നാഡീ ബന്ധം വിച്ഛേദിക്കപ്പെട്ട്‌ മരണം സംഭവിച്ചു.നടുക്കത്തോടെ അല്ലാതെ വായിച്ചു തീര്‍ക്കാന്‍ ആയില്ല!

മദ്രസാപഠനത്തില്‍ ജാഹിലിയ്യാ കാലഘട്ടത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. പെണ്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന കിരാതമായ പുരാതന അറേബ്യന്‍ സംസ്കാരത്തെക്കുറിച്ച്‌ പഠിച്ച നാളുകളില്‍ വല്ലാത്ത ഭയത്തോടെ രാത്രികാലങ്ങളില്‍ ഞെട്ടി ഉണര്‍ന്നിട്ടുണ്ട്‌.

"യത്ര നാര്യസ്തു പൂജ്യന്തെ രമ ന്തെ തത്ര ദേവതാ:" എന്നു പഠിപ്പിക്കുന്ന ആര്‍ഷ ഭാരത സംസ്കാരത്തില്‍ തന്നെ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി സതി അനുഷ്ഠിക്കുന്ന ഭാര്യയുടെ ഗതി ഓര്‍ത്ത്‌ , അതിന്റെ വൈരുദ്ധ്യമോര്‍ത്ത്‌ സങ്കടപ്പെട്ടിട്ടുണ്ട്‌. പിന്നീട്‌ രാജാറാം മോഹന്‍ റായിയെയും വി ടി ഭട്ടതിരിപ്പാടിനെയും പോലുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ അഭിമാനം തോന്നിയിട്ടുണ്ട്‌.

എവിടെയാണ്‌ താളം പിഴയ്ക്കുന്നത്‌? എന്തിനാണ്‌ ഭ്രൂണാവസ്ഥ മുതല്‍ക്ക്‌ തന്നെ ഒരു പെണ്‍ കുഞ്ഞ്‌ പിതാവിനാലും മാതാവിനാലും അവള്‍ ഉള്‍ക്കൊള്ളേണ്ട സമൂഹത്തിനാലും ഭ്രഷ്ട ആക്കപ്പെടുന്നത്‌? "ആണ്‍കുട്ടി" എന്ന പദം എങ്ങനെയാണ്‌ സമൂഹത്തെ ഒന്നടങ്കം ഭ്രമിപ്പിക്കുന്നത്‌? പെണ്‍കുട്ടി മാത്രം എങ്ങനെയാണ്‌ ബാദ്ധ്യത ആവുന്നത്‌? "വിവാഹം കഴിപ്പിച്ചയക്കല്‍" എന്ന ഒരൊറ്റ ലക്ഷ്യം വെച്ചാണോ ഒരോ പെണ്‍കുട്ടിയും വളര്‍ത്തപ്പെടുന്നത്‌? ഇന്ത്യന്‍ സാഹചര്യം അനുസരിച്ച്‌ അവള്‍ക്ക്‌ നല്‍കേണ്ടി വരുന്ന "വിവാഹ ധനം" ആണോ അവളെ "ബാദ്ധ്യത" ആക്കുന്നത്‌? വിവാഹ ധനം അല്ലെങ്കില്‍ സ്ത്രീധനം നല്‍കി വിവാഹം കഴിച്ചയക്കപ്പെടുന്ന എത്രയോ പെണ്‍കുട്ടികള്‍ എന്നിട്ടുമെന്തേ സസുഖം ജീവിക്കുന്നില്ല? ധനം സമ്പാദിച്ചു കൊണ്ടു വരുമെന്നും വാര്‍ദ്ധക്യത്തില്‍ തങ്ങളെ സംരക്ഷിക്കുമെന്നും ഉള്ള തികച്ചും സ്വാര്‍ത്ഥമായ ചിന്ത ആയിരിക്കുമോ കാലാകാലങ്ങളായി ആണ്‍കുഞ്ഞിനെ പ്രിയങ്കരനാക്കുന്നതും പെണ്‍കുഞ്ഞിനെ ഇരുളില്‍ തള്ളുന്നതും?

പ്രതിഭാ പാട്ടീലും മീരാകുമാറും സോണിയ ഗാന്ധിയും മമത ബാനര്‍ജീയും ജയലളിതയുംസുഷമ സ്വരാജും അടക്കമുള്ള പ്രമുഖ വനിതകള്‍ അധികാര സ്ഥാനങ്ങളില്‍ ഉണ്ട്‌ അഭിനവ ഭാരതത്തില്‍. റാണി ലക്ഷ്മി ബായി മുതല്‍ ഇന്ദിരാഗാന്ധി വരെ അനേകം ഉരുക്ക്‌ വനിതകള്‍ ചരിത്രത്തിലേക്ക്‌ നടന്ന് കയറിയിട്ടും ഉണ്ട്‌.

സ്ത്രീ ശാക്തീകരണങ്ങളും സ്ത്രീ വിമോചന പ്രസ്ഥാങ്ങളും ഒരു വശത്ത്‌ ,പല നിറത്തിലുള്ള കൊടികള്‍ക്ക്‌ കീഴില്‍ അണി നിരക്കുമ്പോഴും കുഞ്ഞു പെണ്‍ നിലവിളികള്‍ വനരോദങ്ങള്‍ ആവുന്നതെന്തെ? എങ്ങനെയാണ്‌ രക്ഷിച്ചെടുക്കുക നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ? ഗര്‍ഭ പാത്രത്തിനകത്തെ വാള്‍ മുനമ്പില്‍ നിന്നും? പിറന്നു പോയാല്‍ ചാപ്പ കുത്തപ്പെടുന്ന സമൂഹത്തില്‍ നിന്നും? കാമവെറി പൂണ്ടടുക്കുന്ന അച്ഛനില്‍ നിന്നും സഹോദരനില്‍ നിന്നും? കൂട്ടിക്കൊടുക്കുന്ന അമ്മയില്‍ നിന്നും?

ഉത്തരം തേടുന്ന ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ തേഞ്ഞു തീരുമ്പോള്‍ ആദി മാതാവായ ഹവ്വ വിലപിക്കുന്നുണ്ടാവാം.. ജന്മാന്തരങ്ങള്‍ക്കിപ്പുറം അവളുടെ സന്തതി പരമ്പരകളെ വെളിച്ചപ്പെടുന്നതിനു മുന്‍പേ അരിഞ്ഞെറിയുന്നത്‌ അറിയുമ്പോള്‍..

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്‌ 750,000 പെണ്‍ ഭ്രൂണങ്ങള്‍ ആണ്‌ ഓരോ വര്‍ഷവും ഹനിക്കപ്പെടുന്നത്‌.അതിന്റെ തോത്‌ ഏറ്റവും കൂടുതല്‍ പഞ്ചാബിലും ഹരിയാനയിലും ആണത്രെ.

അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്‌ ഒട്ടഭിമാനിക്കാം എന്നു തോന്നുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും നമ്മുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരത്തിന്റെ തോത്‌ ഉയര്‍ന്നത്‌ തന്നെ ആണ്‌. കള്ളിപ്പാലും നെന്മണിയും കൊടുത്ത്‌ പെണ്‍പ്രാണനുകള്‍ എടുക്കുന്നത്‌ അകലെ എവിടെയോ ആണെന്ന് വെറുതെ സമാധാനിക്കാം.വിഷ്ണുപ്രിയ എന്ന ബാലികയെ പീഡിപ്പിച്ച്‌ കൊന്ന കൊലയാളിയെ പിന്തുടര്‍ന്നു കൊലപ്പെടുത്തിയ മകളെ അതിരറ്റ്‌ സ്നേഹിച്ച അവളുടെ അച്ഛനെ ഓര്‍ത്ത്‌ അഭിമാനിക്കാം. സൗമ്യ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കാമവെറിയന്‍ അന്യ നാട്ടുകാരന്‍ എന്നോര്‍ത്ത്‌ നെടുവീര്‍പ്പിടാം..സഹജമായ നിസ്സംഗതയോടെ മറ്റൊരു പത്രവാര്‍ത്തയിലേക്കോ ചടുലമായ താളത്തില്‍ നൃത്തം ചവിട്ടുന്ന ദൃശ്യങ്ങള്‍ പകര്‍ന്നു തരുന്ന ചാനലിലേക്കോ ദൃഷ്ടിയൂന്നാം..

ഫാലകിനും അഫ്രീനും ശേഷം ഇനി ഒരു പത്ര കോളം വാര്‍ത്ത ഇനി നമുക്കരികില്‍ എത്താന്‍ ഇടയാവാതിരിക്കട്ടെ.

പിറക്കാതെ പോകട്ടെ നീയെന്‍ "മകളേ" എന്നു ഇനി കവി മാറ്റി പാടുന്ന കാലം പോലും വിദൂരമായിരിക്കില്ല.

ഫാലകിന്റെയും അഫ്രീന്റെയും ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നില്ല.കുട്ടികളുടെ മേലുള്ള പൈശാചികാക്രമണങ്ങളുടെ നീചമായ ചിത്രങ്ങളില്‍ ചിലതാണ്‌ അവ.പകരം ഒരു നിമിഷാര്‍ദ്ധമെങ്കിലും പ്രാര്‍ത്ഥിക്കാം..ആ കുഞ്ഞു നക്ഷത്രങ്ങള്‍ക്കും ദിനേനയെന്നോണം അരും കൊല ചെയ്യപ്പെടുന്ന മറ്റനേകം പെണ്‍കുരുന്നുകള്‍ക്കുമായി.Sunday, March 25, 2012

ഇതെന്തൊരാനന്ദമിതെന്തു കൗതുകം!

സൊഹാറിലെ എന്റെ വീടിനു മുന്‍പില്‍ രണ്ടു പേരറിയാ മരങ്ങള്‍ ഉണ്ട്. ആ മരങ്ങളില്‍ നിറയെ ചെറു കിളികളും.പള്ളി മിനാരങ്ങളില്‍ നിന്ന് സുബഹി ബാങ്ക് ഉയരുമ്പോഴും സന്ധ്യ സമയത്തെ മഗ്-രിബ് ബാങ്കിനൊപ്പവും ഈ കുഞ്ഞു കിളികളുടെയും എന്റെ വീടിന്റെയും കലപില സമന്വയ താളം കണ്ടെത്തിയിരിക്കും. അങ്ങാടിക്കുരുവികള്‍ എന്നും അടയ്ക്കാകുരുവികള്‍ എന്നും നമ്മള്‍ വിളിക്കാറുള്ള ചെറു കിളികളാണ് എന്റെ പ്രഭാതങ്ങള്‍ക്ക് ഈ സംഗീതം ഒരുക്കുന്നത്. ഈ കിളിയൊച്ചകള്‍ മനസ്സിലെക്കെത്തിക്കുന്ന പഠിച്ചു മറന്ന ഒരു പദ്യ ശകലം ഉണ്ട്.

  " ഉണരുവിന്‍ വേഗമുണരുവിന്‍ സ്വര- ഗുണമേലും ചെറു കിളിക്കിടാങ്ങളേ. ഉണര്‍ന്നു  നോക്കുവിനുലകിതുള്‍ക്കാംപില്‍ ..."

എത്ര ആലോചിച്ചിട്ടും അതിന്റെ ബാക്കി വരികള്‍ ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല.!!

ചെലു ചെലെ ചിലച്ചു വായാടിത്തം കാട്ടി ബാല്‍ക്കണിയുടെ ഒരറ്റത്ത് പറന്നു വന്നിരുന്ന കുഞ്ഞിക്കിളിയേ നോക്കി അച്ഛന്‍ പറഞ്ഞു തുടങ്ങി. " നാട്ടിലെങ്ങും ഇപ്പോള്‍ അങ്ങാടിക്കുരുവികളെ കാണാന്‍ ഇല്ല ,കുറ്റിയറ്റു പോയെന്നു തോന്നുന്നു. " ."അങ്ങാടിക്കുരുവി ദിനം" എന്ന അടിക്കുറുപ്പില്‍ വന്ന ഒരു പത്ര ചിത്രം അലസമായി നോക്കി കൊണ്ട് മധുരമില്ലാത്ത ചായ ഒരു കവിള്‍ ഇറക്കി കൊണ്ട് അച്ഛന്‍ തെല്ലിട ഏതോ ചിന്തയില്‍ ആണ്ടു. പിന്നെ പൂമ്പാറ്റ എന്നാല്‍ butter fly ആണെന്നും പൂത്തുമ്പി എന്നാല്‍ dragaon fly ആണെന്നും മിന്നാമിനുങ്ങ്‌ എന്നാല്‍ glow worm ആണെന്നും അദ്ദേഹം എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുത്തു കൊണ്ട് അവരുടെ കലപിലകള്‍ക്ക് കാതു കൊടുത്തു.വൈദ്യുതി വിളക്കുകാലുകളിലും  പീടികയുടെ ഉത്തരങ്ങളിലും അടുക്കളപ്പിന്നാമ്പുറങ്ങളിലും യഥേഷ്ടം കണ്ടു വന്നിരുന്ന നാടന്‍ കിളികള്‍ ആണ് അവ. അവയൊക്കെ എവിടെ പോയിക്കാണും..ചത്തൊടുങ്ങിക്കാണുമോ? കൊയ്ത്തു കഴിഞ്ഞ പാടത്തിനു മുകളിലൂടെ തെളിഞ്ഞ സ്വര്‍ണ്ണ വെയിലില്‍ നെല്ലിന്റെയും വൈക്കോലിന്റെയും മദ ഗന്ധങ്ങള്‍ക്ക്  മീതെ പറന്നു പൊങ്ങിയ തുമ്പിക്കൂട്ടങ്ങള്‍  എവിടെ? ഓണക്കാലത്ത് പോലും ഇപ്പോള്‍ ഒരു തുമ്പി വഴി തെറ്റി വന്നെങ്കിലായി..ചന്തമേറിയ പൂക്കളും ശബളാഭമാം   ശലഭങ്ങളും ഒക്കെ തുറക്കാത്ത പുസ്തകങ്ങളുടെ താളുകളില്‍ സുഖ സുഷുപ്തിയില്‍ ആയിക്കഴിഞ്ഞു.ചിരിച്ചു പൂക്കുന്ന മുക്കുറ്റികള്‍  ,തുമ്പക്കുടങ്ങള്‍ ഒക്കെ വംശമറ്റു  കഴിഞ്ഞു. പാട വരമ്പത്ത് ചാഞ്ഞു നിന്നിരുന്ന തെങ്ങുകളുടെ ഓലത്തുമ്പത്ത് തൂങ്ങിയാടിയിരുന്ന തൂക്കണാം കുരുവിക്കൂടുകള്‍ (ഓലഞ്ഞാലിക്കുരുവി), തത്തി ചാടി നടക്കുന്ന പൂത്താം കീരികള്‍, വണ്ണാത്തിപ്പുള്ളുകള്‍ ഇവര്‍ക്കൊക്കെ നമ്മുടെ നാട്ടില്‍ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടുവോ..


കോലായില്‍ മലര്‍ന്നു കിടന്നു കാറ്റിന്റെ ദിക്കനുസരിച് പാഞ്ഞു പോകുന്ന മേഘങ്ങള്‍ ചമയ്ക്കുന്ന രൂപങ്ങളില്‍ മാനിനേയും കുതിരയേയും മാലാഖയെയും കണ്ടു പിടിച്ചിരുന്ന കുട്ടിക്കാലങ്ങളിലെ ആകാശ കാഴചകള്‍ ആയിരുന്നു V ആകൃതിയില്‍ പറന്നു പോകുന്നു കൊറ്റികളും പിന്നെ നിലാവുള്ള രാത്രികളില്‍ കൂട്ടമായി പറന്നു പോകുന്ന വാവലുകളും . അവ ഇപ്പോള്‍ ആകാശ യാത്ര നടത്താറുണ്ടോ ആവോ.. വഴിയറിയാതെ ചിലപ്പോള്‍ മുറിയ്ക്കകത്ത് പെട്ട് പോകുന്ന മിന്നാമിനുങ്ങുകളെ പിടിച്ചു കണ്ണന്‍ ചിരട്ടയില്‍ ഇട്ടു കടലാസ്സു കൊണ്ട് മൂടി ടോര്‍ച് ഉണ്ടാക്കിയിരുന്ന കുട്ടിക്കാലത്തിന് ഇരുളും വെളിച്ചവും ഉണ്ടായിരുന്നു. രാത്രികളുടെ പശ്ചാത്തല സംഗീതം ചീവീടുകളും തവളകളും ചേര്‍ന്നൊരുക്കുന്ന ജുഗല്‍ബന്ദികള്‍ ആയിരുന്നു..  

രാത്രിയില്‍ കൂമന്‍ മൂളുന്നതിന്റെ ഒപ്പം താളത്തില്‍ മൂളുന്ന ഒരു പക്ഷിയുണ്ട്.കുറ്റിചൂടന്‍ ,റൂഹാന്‍ കിളി അല്ലെങ്കില്‍  കാലന്‍ കോഴി  എന്നൊക്കെ വിളിപ്പേരുള്ള ഈ കിളി ...."പൂവാ" എന്ന് ഈ കിളി മൂളുമ്പോള്‍ മറു മോഴിയെന്നോണം കൂമന്‍ (മൂങ്ങ) ഊം...എന്ന് മൂളും..ആ താളം ആവര്‍ത്തിക്കുമ്പോള്‍ അടുത്ത് മരണം കേള്‍ക്കേണ്ടി വരും എന്നാണു നാട്ടു വിശ്വാസം.. ഒപ്പം ഓലിയിടുന്ന നായ്ക്കള്‍ കൂടെ ആവുമ്പോള്‍ രാത്രിയുടെ ശബ്ദത്തിന് പേടിപ്പെടുത്തുന്ന ഭാവം കൈവരും. ആ കുട്ടി പേടിക്ക്‌ മുകളിലായി അമ്മയുടെയോ മുത്തശിയുടെയോ കൈചൂടിന്റെ ആശ്വാസവും .. ഈ കാഴ്ചകളും ശബ്ദങ്ങളും ഒക്കെ നാടിനെ വിട്ടൊഴിഞ്ഞുവോ..അതോ ഞാന്‍ കാണാതെ പോകുന്നതോ..?


എന്റെ കാഴ്ച്ചയുടെ ഇപ്പോഴത്തെ ഫ്രെയിമില്‍ ദിവസവും രാവിലെ എവിടെ നിന്നോ പറന്നു വരുന്ന ഒരു കൂട്ടം പ്രാവുകള്‍ക്ക് അരിയെറിഞ്ഞു കൊടുക്കുന്ന  പാക്കിസ്ഥാനി ഹോട്ടല്‍ തൊഴിലാളി ഉണ്ട്..പതിനായിരക്കണക്കിനു മൈനകള്‍ ചേക്കേറുന്ന റൌണ്ട് അബൌട്ടിനടുത്തുള്ള "മൈന മരം" ഉണ്ട്. ഈത്തപ്പനന്തോട്ടത്തിലെ പൊത്തുകളെ ലക്ഷ്യമിട്ട് പറക്കുന്ന പച്ച പനന്തത്തകള്‍ ഉണ്ട്‌. കടല്‍ത്തീരത്ത് ശാന്തരായി വിശ്രമിക്കുന്ന കടല്‍ക്കാക്കകള്‍ ഉണ്ട്..രാത്രികളെ കീറിമുറിക്കുന്ന വാഹങ്ങളുടെ ഹുങ്കാരങ്ങള്‍ ഉണ്ട്‌.

അകലെ എവിടെ നിന്നോ അന്തിക്കള്ളിന്റെ ലഹരിയില്‍ വരി മുറിഞ്ഞു പോകുന്ന പിന്നെ നേര്‍ത്തു നേര്‍ത്തു പോകുന്ന ഏതോ പാട്ടിന്റെ ശീലുമായി രാത്രിയെ മുറിച്ചു പോകുന്ന ഞൊണ്ടിക്കാലന്‍ പൊന്‍മലയുടെ ശബ്ദവും കാളവണ്ടിയുടെ കുടമണിയൊച്ചയും വാഹനങ്ങളുടെ 
ഹുങ്കാര ശബ്ദത്തിനും മീതെ എന്നിലേക്ക് കിനിഞ്ഞിറങ്ങുന്നു.

****
ഇതെന്തൊരാനന്ദമിതെന്തു കൗതുകം!

സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ!

 കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതാ സമാഹാരത്തിലെ "മിന്ന മിനുങ്ങ്‌" എന്ന കവിതയില്‍ നിന്ന്..