Sunday, March 25, 2012

ഇതെന്തൊരാനന്ദമിതെന്തു കൗതുകം!

സൊഹാറിലെ എന്റെ വീടിനു മുന്‍പില്‍ രണ്ടു പേരറിയാ മരങ്ങള്‍ ഉണ്ട്. ആ മരങ്ങളില്‍ നിറയെ ചെറു കിളികളും.പള്ളി മിനാരങ്ങളില്‍ നിന്ന് സുബഹി ബാങ്ക് ഉയരുമ്പോഴും സന്ധ്യ സമയത്തെ മഗ്-രിബ് ബാങ്കിനൊപ്പവും ഈ കുഞ്ഞു കിളികളുടെയും എന്റെ വീടിന്റെയും കലപില സമന്വയ താളം കണ്ടെത്തിയിരിക്കും. അങ്ങാടിക്കുരുവികള്‍ എന്നും അടയ്ക്കാകുരുവികള്‍ എന്നും നമ്മള്‍ വിളിക്കാറുള്ള ചെറു കിളികളാണ് എന്റെ പ്രഭാതങ്ങള്‍ക്ക് ഈ സംഗീതം ഒരുക്കുന്നത്. ഈ കിളിയൊച്ചകള്‍ മനസ്സിലെക്കെത്തിക്കുന്ന പഠിച്ചു മറന്ന ഒരു പദ്യ ശകലം ഉണ്ട്.

  " ഉണരുവിന്‍ വേഗമുണരുവിന്‍ സ്വര- ഗുണമേലും ചെറു കിളിക്കിടാങ്ങളേ. ഉണര്‍ന്നു  നോക്കുവിനുലകിതുള്‍ക്കാംപില്‍ ..."

എത്ര ആലോചിച്ചിട്ടും അതിന്റെ ബാക്കി വരികള്‍ ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല.!!

ചെലു ചെലെ ചിലച്ചു വായാടിത്തം കാട്ടി ബാല്‍ക്കണിയുടെ ഒരറ്റത്ത് പറന്നു വന്നിരുന്ന കുഞ്ഞിക്കിളിയേ നോക്കി അച്ഛന്‍ പറഞ്ഞു തുടങ്ങി. " നാട്ടിലെങ്ങും ഇപ്പോള്‍ അങ്ങാടിക്കുരുവികളെ കാണാന്‍ ഇല്ല ,കുറ്റിയറ്റു പോയെന്നു തോന്നുന്നു. " ."അങ്ങാടിക്കുരുവി ദിനം" എന്ന അടിക്കുറുപ്പില്‍ വന്ന ഒരു പത്ര ചിത്രം അലസമായി നോക്കി കൊണ്ട് മധുരമില്ലാത്ത ചായ ഒരു കവിള്‍ ഇറക്കി കൊണ്ട് അച്ഛന്‍ തെല്ലിട ഏതോ ചിന്തയില്‍ ആണ്ടു. പിന്നെ പൂമ്പാറ്റ എന്നാല്‍ butter fly ആണെന്നും പൂത്തുമ്പി എന്നാല്‍ dragaon fly ആണെന്നും മിന്നാമിനുങ്ങ്‌ എന്നാല്‍ glow worm ആണെന്നും അദ്ദേഹം എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുത്തു കൊണ്ട് അവരുടെ കലപിലകള്‍ക്ക് കാതു കൊടുത്തു.വൈദ്യുതി വിളക്കുകാലുകളിലും  പീടികയുടെ ഉത്തരങ്ങളിലും അടുക്കളപ്പിന്നാമ്പുറങ്ങളിലും യഥേഷ്ടം കണ്ടു വന്നിരുന്ന നാടന്‍ കിളികള്‍ ആണ് അവ. അവയൊക്കെ എവിടെ പോയിക്കാണും..ചത്തൊടുങ്ങിക്കാണുമോ? കൊയ്ത്തു കഴിഞ്ഞ പാടത്തിനു മുകളിലൂടെ തെളിഞ്ഞ സ്വര്‍ണ്ണ വെയിലില്‍ നെല്ലിന്റെയും വൈക്കോലിന്റെയും മദ ഗന്ധങ്ങള്‍ക്ക്  മീതെ പറന്നു പൊങ്ങിയ തുമ്പിക്കൂട്ടങ്ങള്‍  എവിടെ? ഓണക്കാലത്ത് പോലും ഇപ്പോള്‍ ഒരു തുമ്പി വഴി തെറ്റി വന്നെങ്കിലായി..ചന്തമേറിയ പൂക്കളും ശബളാഭമാം   ശലഭങ്ങളും ഒക്കെ തുറക്കാത്ത പുസ്തകങ്ങളുടെ താളുകളില്‍ സുഖ സുഷുപ്തിയില്‍ ആയിക്കഴിഞ്ഞു.ചിരിച്ചു പൂക്കുന്ന മുക്കുറ്റികള്‍  ,തുമ്പക്കുടങ്ങള്‍ ഒക്കെ വംശമറ്റു  കഴിഞ്ഞു. പാട വരമ്പത്ത് ചാഞ്ഞു നിന്നിരുന്ന തെങ്ങുകളുടെ ഓലത്തുമ്പത്ത് തൂങ്ങിയാടിയിരുന്ന തൂക്കണാം കുരുവിക്കൂടുകള്‍ (ഓലഞ്ഞാലിക്കുരുവി), തത്തി ചാടി നടക്കുന്ന പൂത്താം കീരികള്‍, വണ്ണാത്തിപ്പുള്ളുകള്‍ ഇവര്‍ക്കൊക്കെ നമ്മുടെ നാട്ടില്‍ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടുവോ..


കോലായില്‍ മലര്‍ന്നു കിടന്നു കാറ്റിന്റെ ദിക്കനുസരിച് പാഞ്ഞു പോകുന്ന മേഘങ്ങള്‍ ചമയ്ക്കുന്ന രൂപങ്ങളില്‍ മാനിനേയും കുതിരയേയും മാലാഖയെയും കണ്ടു പിടിച്ചിരുന്ന കുട്ടിക്കാലങ്ങളിലെ ആകാശ കാഴചകള്‍ ആയിരുന്നു V ആകൃതിയില്‍ പറന്നു പോകുന്നു കൊറ്റികളും പിന്നെ നിലാവുള്ള രാത്രികളില്‍ കൂട്ടമായി പറന്നു പോകുന്ന വാവലുകളും . അവ ഇപ്പോള്‍ ആകാശ യാത്ര നടത്താറുണ്ടോ ആവോ.. വഴിയറിയാതെ ചിലപ്പോള്‍ മുറിയ്ക്കകത്ത് പെട്ട് പോകുന്ന മിന്നാമിനുങ്ങുകളെ പിടിച്ചു കണ്ണന്‍ ചിരട്ടയില്‍ ഇട്ടു കടലാസ്സു കൊണ്ട് മൂടി ടോര്‍ച് ഉണ്ടാക്കിയിരുന്ന കുട്ടിക്കാലത്തിന് ഇരുളും വെളിച്ചവും ഉണ്ടായിരുന്നു. രാത്രികളുടെ പശ്ചാത്തല സംഗീതം ചീവീടുകളും തവളകളും ചേര്‍ന്നൊരുക്കുന്ന ജുഗല്‍ബന്ദികള്‍ ആയിരുന്നു..  

രാത്രിയില്‍ കൂമന്‍ മൂളുന്നതിന്റെ ഒപ്പം താളത്തില്‍ മൂളുന്ന ഒരു പക്ഷിയുണ്ട്.കുറ്റിചൂടന്‍ ,റൂഹാന്‍ കിളി അല്ലെങ്കില്‍  കാലന്‍ കോഴി  എന്നൊക്കെ വിളിപ്പേരുള്ള ഈ കിളി ...."പൂവാ" എന്ന് ഈ കിളി മൂളുമ്പോള്‍ മറു മോഴിയെന്നോണം കൂമന്‍ (മൂങ്ങ) ഊം...എന്ന് മൂളും..ആ താളം ആവര്‍ത്തിക്കുമ്പോള്‍ അടുത്ത് മരണം കേള്‍ക്കേണ്ടി വരും എന്നാണു നാട്ടു വിശ്വാസം.. ഒപ്പം ഓലിയിടുന്ന നായ്ക്കള്‍ കൂടെ ആവുമ്പോള്‍ രാത്രിയുടെ ശബ്ദത്തിന് പേടിപ്പെടുത്തുന്ന ഭാവം കൈവരും. ആ കുട്ടി പേടിക്ക്‌ മുകളിലായി അമ്മയുടെയോ മുത്തശിയുടെയോ കൈചൂടിന്റെ ആശ്വാസവും .. ഈ കാഴ്ചകളും ശബ്ദങ്ങളും ഒക്കെ നാടിനെ വിട്ടൊഴിഞ്ഞുവോ..അതോ ഞാന്‍ കാണാതെ പോകുന്നതോ..?


എന്റെ കാഴ്ച്ചയുടെ ഇപ്പോഴത്തെ ഫ്രെയിമില്‍ ദിവസവും രാവിലെ എവിടെ നിന്നോ പറന്നു വരുന്ന ഒരു കൂട്ടം പ്രാവുകള്‍ക്ക് അരിയെറിഞ്ഞു കൊടുക്കുന്ന  പാക്കിസ്ഥാനി ഹോട്ടല്‍ തൊഴിലാളി ഉണ്ട്..പതിനായിരക്കണക്കിനു മൈനകള്‍ ചേക്കേറുന്ന റൌണ്ട് അബൌട്ടിനടുത്തുള്ള "മൈന മരം" ഉണ്ട്. ഈത്തപ്പനന്തോട്ടത്തിലെ പൊത്തുകളെ ലക്ഷ്യമിട്ട് പറക്കുന്ന പച്ച പനന്തത്തകള്‍ ഉണ്ട്‌. കടല്‍ത്തീരത്ത് ശാന്തരായി വിശ്രമിക്കുന്ന കടല്‍ക്കാക്കകള്‍ ഉണ്ട്..രാത്രികളെ കീറിമുറിക്കുന്ന വാഹങ്ങളുടെ ഹുങ്കാരങ്ങള്‍ ഉണ്ട്‌.

അകലെ എവിടെ നിന്നോ അന്തിക്കള്ളിന്റെ ലഹരിയില്‍ വരി മുറിഞ്ഞു പോകുന്ന പിന്നെ നേര്‍ത്തു നേര്‍ത്തു പോകുന്ന ഏതോ പാട്ടിന്റെ ശീലുമായി രാത്രിയെ മുറിച്ചു പോകുന്ന ഞൊണ്ടിക്കാലന്‍ പൊന്‍മലയുടെ ശബ്ദവും കാളവണ്ടിയുടെ കുടമണിയൊച്ചയും വാഹനങ്ങളുടെ 
ഹുങ്കാര ശബ്ദത്തിനും മീതെ എന്നിലേക്ക് കിനിഞ്ഞിറങ്ങുന്നു.

****
ഇതെന്തൊരാനന്ദമിതെന്തു കൗതുകം!

സ്വതന്ത്രമായ് സുന്ദരമിപ്രഭാകണം
ഇതാ പറന്നെത്തിയടുത്തു ഹാ! പറ-
ന്നിതാ തൊടുമ്മുമ്പിതു വിണ്ണിലായിതേ!

 കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതാ സമാഹാരത്തിലെ "മിന്ന മിനുങ്ങ്‌" എന്ന കവിതയില്‍ നിന്ന്..52 comments:

 1. ഇരിക്കൊലാ പൊങ്ങുക, വിണ്ണിലോമനേ,
  ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ,
  വരിഷ്ഠമാം തങ്കമുരച്ച രേഖപോ-
  ലിരുട്ടു കീറുന്നൊരു വജ്രസൂചിപോല്‍ !!

  ***പ്രകൃതിയോടിണങ്ങി ആയിരുന്നു നമ്മുടെ ജീവിതം എന്നത് വെറുതെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചതാണ്..!***

  ReplyDelete
 2. കാലൻ കോഴിയും ,മൂങ്ങയും കൂടി ഒന്നിച്ചുകൂവിയാൽ ആരെങ്കിലും എപ്പ്യോ ചത്തിട്ടുണ്ടാകുമെന്ന് ചോദിച്ചാൽ മതിയല്ലോ അല്ലേ..

  ReplyDelete
  Replies
  1. മുരളിയേട്ടാ,
   "കാലന് കോഴികള് കൂവി. കഴുകന് ചുറ്റി നടന്നൂ. "..ഇങ്ങനെ ഒരു പാട്ടില്ലേ..ഇത് പോലെ പ്രതീകവല്‍ക്കരിക്കപ്പെട്ട പക്ഷിമൃഗാദികള്‍ അനേകമാണ്. അവ എന്ത്
   പിഴച്ചു എന്നറിയില്ല..അല്ലെങ്കില്‍ അവയ്ക്ക് പ്രപഞ്ചം എന്തെങ്കിലും മുന്നറിവുകള്‍ കൊടുക്കുന്നുവോ എന്നും അറിയില്ല..പക്ഷെ വിശ്വാസങ്ങള്‍ അങ്ങനെയാണ്..
   യാഥാര്ത്ത്യങ്ങളും അയാഥാര്ത്ത്യങ്ങളും ആയി കേട്ട് പിണഞ്ഞു അങ്ങനെ..

   Delete
 3. പണ്ട് വഴിതെറ്റി വന്നു കുറുഞ്ഞിയുടെ "സ്വപ്നം" വായിച്ചപ്പോള്‍ ഉണ്ടായ ഒരു വേദനിക്കുന്ന തുടിപ്പ് , ഇതിലുടനീളം എനിക്കനുഭവപ്പെട്ടു .
  ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ് പൊയ്പ്പോയ ഋതുക്കള്‍ എന്ന സ്തബ്ധത !
  പ്രകൃതിയുടെ രസരാജികളിലെയ്ക്ക് , ഗന്ധഭേതങ്ങളിലെയ്ക്ക് , ജീവനിലെയ്ക്ക് .., ഉറ്റുനോക്കുന്ന എഴുത്തുകാരന്‍ അടിമുടി 'മനുഷ്യനാവുന്ന' കാഴ്ച , മനുഷ്യന്‍ ' എഴുത്തുകാരനാവുന്ന കാഴ്ച !!

  ReplyDelete
  Replies
  1. വഴി തെറ്റി വന്നുവെങ്കിലും വഴിത്തിരിവുകളില്‍ എവിടെയോ നല്ല ഒരു സൗഹൃദം എനിക്കും നിനക്കുമിടയില്‍ കാലം കരുതി വെച്ചിരുന്നു! സ്വപ്നമാണ് ഇതെല്ലാം അമര്‍..കണ്ടു മറന്നവ ഇനി സ്വപ്നങ്ങളിലെ പുനര്ജ്ജനിക്കൂ എന്ന അറിവ് ഉണ്ടാക്കുന്ന നോവ്‌ ചെറുതല്ല..!

   Delete
 4. ഇന്നു ആശാന്റെ പ്രഭാത നക്ഷത്രത്തിലേക്ക് ഓർമ്മകൾ നടന്നു:

  ഉണരുവിന്‍ വേഗമുണരുവിന്‍ സ്വര-
  ഗുണമേലും ചെറു കിളിക്കിടാങ്ങളേ.
  ഉണര്‍ന്നു നോക്കുവിനുലകിതുള്‍ക്കാമ്പില്‍
  മണമേലുമോമല്‍മലര്‍മൊട്ടുകളേ
  അണയ്ക്കുമമ്മമാരുടെ ചിറകു-
  ട്ടുണര്‍ന്നു വണ്ണാത്തിക്കിളികള്‍ പാടുവിന്‍
  തണുത്ത നീര്‍ശയ്യാഞ്ചലം വിട്ടു തല
  ക്ഷണം പൊക്കിത്തണ്ടാര്‍നിരകളാടുവിന്‍
  അകലുന്നൂ തമസ്സടിവാനില്‍ വര്‍ണ്ണ-
  ത്തികവേലും പട്ടുകൊടികള്‍ പൊങ്ങുന്നു
  സകലലോകബാന്ധവന്‍ കൃപാകരന്‍
  പകലിന്‍ നായകനെഴുന്നള്ളീടുന്നു
  ഒരുരാജ്യം നിങ്ങള്‍ക്കൊരുഭാഷ നിങ്ങള്‍-
  ക്കൊരു ദേവന്‍ നിങ്ങള്‍ക്കൊരു സമുദായം
  ഒരുമതേടുവിനെഴുന്നള്ളത്തിതു
  വിരഞ്ഞെതിരേല്പിന്‍ വരിന്‍ കിടാങ്ങളേ
  ഉരയ്ക്കല്ലിങ്ങനെയുദാരമായ്
  സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം?
  കരത്തില്‍ വെള്ളിനൂല്‍ക്കതിരിളംചൂരല്‍
  ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?

  നന്ദി. അക്ഷരസ്നേഹത്തോടെ..

  ReplyDelete
  Replies
  1. ഒരുരാജ്യം നിങ്ങള്‍ക്കൊരുഭാഷ നിങ്ങള്‍-
   ക്കൊരു ദേവന്‍ നിങ്ങള്‍ക്കൊരു സമുദായം
   ഒരുമതേടുവിനെഴുന്നള്ളത്തിതു
   വിരഞ്ഞെതിരേല്പിന്‍ വരിന്‍ കിടാങ്ങളേ

   മറന്നു പോയ വരികള്‍ തിരികെ തന്നതിന് നന്ദി!

   Delete
 5. പ്രീയപെട്ട റെജി , കുറെയായ് റെജിയുടെ
  വരികള്‍ കണ്ടിട്ട് , ആ ശൈലി കൈവിട്ടു
  പൊയിട്ടില്ലാ എന്നറിഞ്ഞതില്‍ സന്തൊഷം
  കൂടെ ഇതിങ്ങനെ അനാഥമാക്കിയിടരുതെന്നും ...
  ഈ പൊസ്റ്റ് വായിച്ച് തുടങ്ങിയപ്പൊള്‍ തന്നെ
  മനസ്സിലേക്ക് ഓടിയെത്തിയത് ഈ കഴിഞ്ഞ
  ദിവസങ്ങളില്‍ കേരളത്തിലെ ഇത്തിരി മനുഷ്യസ്നേഹികള്‍
  കൂടി കൊണ്ട " അങ്ങാടി കുരുവി ദിനം " ആണ്..
  അതു പിന്നേ വരികളിലൂടെ കൂട്ടുകാരിയില്‍
  നിന്നും വായിക്കുകയും ചെയ്തു ..
  മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ പഠനം
  നടത്തിയവര്‍ പറഞ്ഞിരുന്നു , അങ്ങാടി കുരിവികള്‍
  നമ്മളില്‍ നിന്നും അപ്രത്യഷ്യമായി തുടങ്ങിയെന്ന് ..
  കുരുവികള്‍ ഇടുന്ന മുട്ടകള്‍ വിരിയുന്നതിനെ മുന്നെ
  മോബൈല്‍ ടവറില്‍ നിന്നും റേഡിയേഷന്‍ മൂലം
  അവയൊക്കെ പൊട്ടി പൊകുന്നതാണ് കാരണമായി
  ചൂണ്ടി കാട്ടിയത് അന്ന് ..
  ടെക്നോളജിയില്‍ നാം മുന്നോട്ട് കുതിക്കുമ്പൊള്‍
  നമ്മുക്ക് വിരുന്നൊരിക്കിയിരുന്ന ദൈവത്തിന്റെ
  നല്ല നല്ല കാഴ്ചകളെ കുരുതി കൊടുക്കുന്നുവെന്ന്
  നാം അറിയാതെ പൊകുന്നുണ്ടൊ അവോ ...
  എന്റെ പ്രീയ കൂട്ടുകാരിയുടെ വരികളില്‍
  എവിടെയോ നഷ്ടമായി പൊകുന്നതിന്റെ
  ഗദ്ഗദം ഉണ്ട് , മരുഭൂവില്‍ പൊലും നമ്മെ
  വിരുന്നൊരുക്കുന്ന ചിലതൊക്കെ നമ്മുടെ
  സ്വന്തം ദേശത്ത് നിന്നുവരെ മാഞ്ഞു പൊകുന്നു ..
  രാത്രിയും , നമ്മുടെ മാത്രമയുള്ള പ്രകൃതിയും
  അതിന്റെ ഇമ്പമാര്‍ന്ന സംഗീതവുമൊക്കെ
  ഇന്നലെയുടെ ഓര്‍മകളില്‍ മനസ്സില്‍ നിറയുന്നതല്ലതെ
  നമ്മുടെ കുട്ടികള്‍ക്ക് കൂടി പകരാന്‍ നമ്മുക്കാകുന്നില്ല
  നമ്മുടെ തന്നെ പ്രവര്‍ത്തികള്‍ കൊണ്ട് നമ്മുക്ക്
  അന്യമായി കൊണ്ടിരിക്കുന്ന ചിലതൊക്കെ
  എന്തു വില കൊടുത്താണ് മടക്കി കൊണ്ടു വരുക ......
  ആ അച്ഛന്‍ ഇടക്ക് ചിന്തകള്‍ക്ക് ഇടം കൊടുത്തത്
  ഒന്നു നെടുവീര്‍പെട്ടത് ഇത്നെല്ലാമായിരിക്കാം ..
  ഒന്നും കരുതി വയ്ക്കാതെ നമ്മുക്ക് പടി ഇറങ്ങേണ്ടീ വരുമോ ..?
  ആകുലകള്‍ നിറക്കുന്ന വരികളൊടെ , ആര്‍ദ്രമായ ചിന്തകള്‍
  ഇന്നും കാഴ്ചകളായി നിറയുന്നുവെന്നും വരികളിലൂടെ
  മനസ്സ് പറയുന്നു .... സ്നേഹപൂര്‍വം .. റിനി ..

  ReplyDelete
  Replies
  1. പ്രിയ റിനീ, അറിഞ്ഞതില്‍ പാതി പറയാതെയും പറഞ്ഞതില്‍ പാതി പതിരായും പോയെന്നാനല്ലോ കവി വാക്യം. പാതി പറഞ്ഞും പിന്നെ പറയാതെയും ഒക്കെ പോവുന്ന ഈ ചെറു കുറിപ്പുകള്‍ക്ക് കാതോര്‍ക്കുന്നുവെന്നു അറിയുമ്പോള്‍ നിറഞ്ഞ സന്തോഷം. മൊബൈല്‍ ടവറുകളും കോണ്‍ക്രീറ്റ് സൌധങ്ങളും അന്തക വിത്തുകളും എന്ന് വേണ്ട, പ്രപഞ്ച നിയമങ്ങള്‍ക്ക് അഹിതമായാണ് "എങ്ങാണ്ട് ഒരിടത്തിരുന്ന് നോക്കുന്ന മര്‍ത്യന്‍ കഥയോന്നുമരിയാതെ " പ്രവര്ത്തികുന്നത്. ന്യുട്ടന്റെ മൂന്നാം ചലന നിയമ പ്രപഞ്ചം പ്രാവര്‍ത്തികമാക്കുന്ന ദിനം അതി വിദൂരമല്ലെന്ന് തോന്നുന്നു..

   Delete
 6. regi.....
  nannayirikkunuuuu........

  ReplyDelete
  Replies
  1. പേരൊന്ന് പറഞ്ഞു പോകാമായിരുന്നു..പരസ്പരം അറിയുന്നവര്‍ ആയിരിക്കും എന്നെനിക്കറിയാം...എന്നാലും..

   Delete
 7. അകലെ എവിടെ നിന്നോ അന്തിക്കള്ളിന്റെ ലഹരിയില്‍ വരി മുറിഞ്ഞു പോകുന്ന പിന്നെ നേര്‍ത്തു നേര്‍ത്തു പോകുന്ന ഏതോ പാട്ടിന്റെ ശീലുമായി രാത്രിയെ മുറിച്ചു പോകുന്ന ഞൊണ്ടിക്കാലന്‍ പൊന്‍മലയുടെ ശബ്ദവും കാളവണ്ടിയുടെ കുടമണിയൊച്ചയും വാഹനങ്ങളുടെ
  ഹുങ്കാര ശബ്ദത്തിനും മീതെ എന്നിലേക്ക് കിനിഞ്ഞിറങ്ങുന്നു


  വായിച്ചു വായിച്ചു, അവസാന വരികളിലെക്കെത്തിയപ്പോള്‍ ശരിക്കും വേറേതോ ലോകത്തെത്തി... പറഞ്ഞിട്ടെന്ത അപ്പോഴേക്ക് തീര്‍ന്നു പോയി...

  ReplyDelete
  Replies
  1. ഖാദൂ.. രാവിനും പകലിനുമൊക്കെ ചില ശബ്ദങ്ങള്‍ ഉണ്ടായിരുന്നു..താളാത്മകമായ ശബ്ദങ്ങള്‍.. ചിലപ്പോള്‍ കാതോര്താല്‍ കേള്‍ക്കാം.. ആന നടന്നു പോകുന്നതിന്റെ ചങ്ങല കിലുക്കങ്ങള്‍.. വെളിച്ചപ്പാടിന്റെ ചിലമ്പൊച്ചകള്‍ ...അകലെ ഏതോ അമ്പലത്തില്‍ നിന്നും കേള്‍ക്കുന്ന ചെണ്ട മേളം...പാടതിനപ്പുരതുള്ള വീട്ടില്‍ നിന്നുയരുന്ന കല്യാണ തിരക്കിന്റെ നാദസ്വരമേളം...അങ്ങനെ അങ്ങനെ..

   Delete
 8. പഴയ കാലത്തിലെക്കും അതിന്റെ ഒച്ചകളിലെക്കും കാതോര്ത്താല്‍ ഓര്‍മ്മകള്‍ അല്ലാതെ ഇന്ന് ഒന്നും അവശേഷിച്ചിട്ടില്ലെന്നു തിരിച്ചറിയുമ്പോള്‍ വന്നു ചേരുന്ന ഒരു പ്രയാസം നമ്മള്‍ തന്നെ കാരണക്കാര്‍ എന്നതിലേക്ക് എത്തിനില്‍ക്കും. മനുഷ്യന് തന്നെ എന്തെങ്കിലും തിന്ന് ജീവിക്കാന്‍ വിഷം സമ്മതിക്കാതിരിക്കുമ്പോള്‍ പഴി സ്വയം തിരിഞ്ഞു കുത്തുന്നു. റിനി സൂചിപ്പിച്ചത്‌ പോലെ ടവറുകള്‍ പോലുള്ള മനുഷ്യന്റെ അത്യന്താധുനിക ജീവിത രീതികള്‍ക്ക്‌ എല്ലാം നശിപ്പിച്ചു കൊണ്ട് തയ്യാറെടുക്കുമ്പോള്‍ കാലന്‍ കോഴിയുടെ കൂവല്‍ കേള്‍ക്കുന്നോ എന്ന് സംശയം.
  നഷ്ടത്തിന്റെ സൌന്ദര്യം നിറഞ്ഞ എഴുത്ത്‌.

  ReplyDelete
  Replies
  1. കാലന്‍ കോഴിയുടെ മനുഷ്യ രാശിക്കാന് കേള്‍ക്കുന്നത് രാംജി .ഈ സ്വയം കൃതാനര്‍ഥത്തിന്റെ ഫലം പേരേന്ടവരോ വരും തലമുറയും !

   Delete
 9. എന്റെ കാഴ്ച്ചയുടെ ഇപ്പോഴത്തെ ഫ്രെയിമില്‍ ദിവസവും രാവിലെ എവിടെ നിന്നോ പറന്നു വരുന്ന ഒരു കൂട്ടം പ്രാവുകള്‍ക്ക് അരിയെറിഞ്ഞു കൊടുക്കുന്ന പാക്കിസ്ഥാനി ഹോട്ടല്‍ തൊഴിലാളി ഉണ്ട്..പതിനായിരക്കണക്കിനു മൈനകള്‍ ചേക്കേറുന്ന റൌണ്ട് അബൌട്ടിനടുത്തുള്ള "മൈന മരം" ഉണ്ട്.

  യഥാതഥമായി വായനക്കാരനെ കൂടെ നിര്‍ത്തി ചില ചിത്രങ്ങള്‍ കാണിക്കുന്ന ഈ കുറിപ്പ് ഏറെ ഇഷ്ട്ടമായി ... ആശംസകള്‍ റെജി......

  ReplyDelete
  Replies
  1. വേണുവേട്ടാ..ഞാന്‍ എന്റെ നാട്ടില്‍ കാണുന്നതില്‍ ഏറെ കിളികളെ മരുഭൂവ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശത് കാണുന്നു..വിശാലമായ ഈന്തപ്പനതോട്ടങ്ങള്‍ കാണുമ്പോള്‍ നഷ്ടപ്പെട്ടു പോവുന്ന തെങ്ങിന്‍ തോട്ടങ്ങളും നെല്‍ വയലുകളും ഓര്‍മ്മയില്‍ എത്തുക സ്വാഭാവികം..പ്രത്യേകിച്ചും പാലകക്ടിന്റെ നാട്ടിന്‍പുറം അടുത്തറിഞ്ഞവര്‍ക്ക്..

   Delete
 10. മനോഹരമായൊരു അക്ഷരക്കൂട്ട്‌..!
  ഓര്‍മകളിലെ കിളിക്കൂടുകളെ ഇളക്കിവിട്ടിരിക്കുന്നു..!

  "അകലെ എവിടെ നിന്നോ അന്തിക്കള്ളിന്റെ ലഹരിയില്‍ വരി മുറിഞ്ഞു പോകുന്ന പിന്നെ നേര്‍ത്തു നേര്‍ത്തു പോകുന്ന ഏതോ പാട്ടിന്റെ ശീലുമായി രാത്രിയെ മുറിച്ചു പോകുന്ന ഞൊണ്ടിക്കാലന്‍ പൊന്‍മലയുടെ ശബ്ദവും കാളവണ്ടിയുടെ കുടമണിയൊച്ചയും വാഹനങ്ങളുടെ ഹുങ്കാര ശബ്ദത്തിനും മീതെ എന്നിലേക്ക് കിനിഞ്ഞിറങ്ങുന്നു...."

  എന്റെ കാഴ്ച്ചയുടെ ഫ്രെഇമില്‍ ഇപ്പോള്‍ ഓര്‍മകളുടെ മിന്നാമിനുങ്ങുകള്‍ മാത്രം...!
  നന്ദി റെജി..! നല്ലൊരു വായനാനുഭവത്തിന്..!!

  ReplyDelete
  Replies
  1. പൊന്‍മലയെ ഓര്‍മ്മയുണ്ടോ ..കൊഴുക്കുള്ളിയിലെ പൊന്‍മലയെ? ഓര്‍മ്മയുടെ ഫ്രെയിമുകള്‍ ഇപ്പോളും അവിടെ തന്നെ ആണ് ..മുടപ്പല്ലൂരില്‍..

   Delete
 11. നല്ല പോസ്റ്റ്, നന്നായി എഴുതി.

  ReplyDelete
  Replies
  1. നന്ദി ശ്രീ.. വരവിനും വായനയ്ക്കും

   Delete
 12. വൈക്കോലിന്റെയും മദ ഗന്ധങ്ങള്‍ക്ക് മീതെ പറന്നു പൊങ്ങിയ തുമ്പിക്കൂട്ടങ്ങള്‍ എവിടെ? ഓണക്കാലത്ത് പോലും ഇപ്പോള്‍ ഒരു തുമ്പി വഴി തെറ്റി വന്നെങ്കിലായി..ചന്തമേറിയ പൂക്കളും ശഭളാഭമാം ശലഭങ്ങളും ഒക്കെ തുറക്കാത്ത പുസ്തകങ്ങളുടെ താളുകളില്‍ സുഖ സുഷുപ്തിയില്‍ ആയിക്കഴിഞ്ഞു.ചിരിച്ചു പൂക്കുന്ന മുക്കുറ്റികള്‍ ,തുമ്പക്കുടങ്ങള്‍ ഒക്കെ വംശമറ്റു കഴിഞ്ഞു. പാട വരമ്പത്ത് ചാഞ്ഞു നിന്നിരുന്ന തെങ്ങുകളുടെ ഓലത്തുമ്പത്ത് തൂങ്ങിയാടിയിരുന്ന തൂക്കണാം കുരുവിക്കൂടുകള്‍ (ഓലഞ്ഞാലിക്കുരുവി), തത്തി ചാടി നടക്കുന്ന പൂത്താം കീരികള്‍, വണ്ണാത്തിപ്പുള്ളുകള്‍ ഇവര്‍ക്കൊക്കെ നമ്മുടെ നാട്ടില്‍ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടുവോ.

  ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇപ്പോഴും ചുറ്റുപാടുകളിൽ കാണുന്ന് ഒരു പ്രദേശത്താണ് ഞാനിപ്പോഴും താമസിക്കുന്നത്. അത് കൊണ്ട് തന്നെ ഞാൻ വളാരെ സന്തോഷവാനാന്. കാലങ്കോഴിയെ പറ്റി നല്ല ഓർമ്മകൾ എനിക്ക് പാലക്കാട് മലമ്പുഴ ഡാമിന് മുകളിൽ നിന്ന് കിട്ടിയിട്ടുണ്ട്. അമ്മേ... അതോർക്കുമ്പോഴെ ചിരി പൊട്ടും. വളരെ നല്ല പോസ്റ്റ്,വിവരണം. ആശംസകൾ.

  ReplyDelete
  Replies
  1. മനേഷ് നന്ദി..പാലക്കാടിന്റെ തന്നെ മറ്റൊരു വശത്താണ് എന്റെ യും വീട് എങ്കിലും ഈ കാഴ്ചകള്‍ ഒക്കെ മാഞ്ഞു തുടങ്ങി ഇരിക്കുന്നു..അല്ലെങ്കില്‍ പറഞ്ഞ പോലെ ഞാന്‍ കാണാതെ പോവുന്നതാവാം..

   Delete
 13. ഇവിടെ ഈ ദുബായ്‌ മഹാനഗരത്തില്‍ കൊല്ലത്തിന്‍റെ പകുതിമുക്കാലും ചുട്ടു വറുക്കുന്ന ചൂടായത് കൊണ്ട് ആകാശം സദാ ധൂസരവും വന്ധ്യവും ധൂളീഭരിതവുമാണ്. അക്കാലത്ത് പക്ഷികള്‍ കൂട്ടങ്കൂടി പറന്നു പോകാറില്ല, കളകൂജനം കേള്‍ക്കാറില്ല, കാല്‍ക്കല്‍ വന്ന് കൊത്തിപ്പെറുക്കാറില്ല. വര്‍ഷത്തിലേതാണ്ട് എല്ലാ ദിവസങ്ങളിലും കൊറ്റികളോടും കുളക്കോഴികളോടും പൂമ്പാറ്റകളോടും സംവദിച്ചിരുന്ന നാട്ടിലെ ജീവിതം നമുക്ക്‌ വല്ലാതെ മിസ്‌ ചെയ്യും.
  എന്നാല്‍ ഒക്ടോബര്‍ അന്ത്യത്തോടെ പലപല പക്ഷികളും പതുക്കെ തല കാണിക്കാന്‍ തുടങ്ങും. ഇവിടെ ഓഫിസിന്‍റെ പിന്നിലുള്ള പച്ചപ്പുല്‍ തകിടിയില്‍ തണുപ്പുകാലത്തിന്റെ വരവരീച്ചു കൊണ്ട് ഹുദ്ഹുദ് പക്ഷികള്‍ ചിക്കിചികയുമ്പോള്‍ നമുക്ക്‌, ബഹാറോ കോ ചമന്‍ യാദാഗയാ ഹേ.... (വസന്തത്തിന് പൂങ്കാവനം ഓര്‍മ വന്നിരിക്കുന്നു..) എന്ന് തുടങ്ങുന്ന ഗുലാം അലിയുടെ ശബ്ദം തികട്ടി വരും. ഇന്ന് ഇവിടെ മനോഹരമായ കാലാവസ്ഥയാണ്. മഴക്കുള്ള മുന്നൊരുക്കങ്ങള്‍ എവിടെയോ മഴ പെയ്യുന്നതിന്റെ കുളിര്‍കാറ്റ്, പക്ഷികള്‍ ചിലക്കുന്നതിന്റെ ശബ്ദം കുറച്ചകലെയുള്ള റാസല്‍ ഖുര്‍ പക്ഷി സങ്കേതത്തില്‍ ഫ്ലെമിംഗോകള്‍ വരിവരിയായി തൂങ്ങിയുരങ്ങുന്നുണ്ടാകും.
  തമ്പുരാനേ, ഇത് നില്‍ക്കുന്നില്ലല്ലോ. എന്‍റെ മനസ്സിനെ വാചാലമാക്കിയ ഈ പോസ്റ്റിനു ഒരായിരം നന്ദി റജിയാ. തികഞ്ഞ നിരീക്ഷണ പാടവത്തോടെ കവ്യാത്മകമായി എഴുതി. ആശംസകള്‍.

  ReplyDelete
  Replies
  1. അല്ലെങ്കിലും ആകാശതിനോളം ഉയരമുള്ള കെട്ടിടങ്ങളെ മാറി കടന്നു വേണമല്ലോ അവിടെ പക്ഷികള്‍ക്ക് പറക്കാന്‍..ഒരു കാക്കയെകണ്ടാല്‍ വരെ അന്തം വിട്ടു നോക്കും പ്രവാസി..ഹുദ്‌ ഹുദ്‌ പക്ഷികള്‍ എന്ന് പറഞ്ഞപ്പോള്‍ സുലൈമാന്‍ നബിയുടെയും ബല്കീസ് രാജ്ഞി യുടെ കഥയില്‍ എവിടെയോ കേട്ടത് പോലെ...ഗുലാം അലിയുടെ പാട്ടോര്‍മ്മിപ്പിച്ച്താവട്ടെ കുഞ്ഞു പൂവിലും വസന്തം കാണുന്ന കവി മനസ്സുകളെയും..ആരിഫ് ഭായി ഓര്‍മ്മകളുടെ മണി മുഴങ്ങുന്നു!

   Delete
 14. ഒരിക്കൽ എയർ ഗണ്ണെടുത്ത് അനുജനേയും കൂട്ടി ഇറങ്ങി. വഴിയിൽ കണ്ട രണ്ടു മൈനകളിൽ ഒന്നിനെ താഴെയിട്ടപ്പോൾ കൂടെ ഇണകിളിയും താഴോട്ട് പറന്നു വന്നു, വെടിയേറ്റു വീണ തുണയെ രക്ഷിക്കാനുള്ള ശ്രമം കണ്ടു മനസ്സ് വല്ലാതെ പതറി.., അനുജനു കണ്ടു സഹിക്കാനാവാതെ വീട്ടിലേക്ക് തിരിഞ്ഞോടി. വീണുകിടന്ന മൈനയെ എടുത്തു നോക്കി, ചിറകിനോ സാരമില്ലാത്ത മുറിവുകളാണെങ്കിൽ ശുശ്രൂഷ നൽകി വിടാമായിരുന്നു, പക്ഷെ.., കൂടുതൽ വേദനപ്പിക്കുന്നത് തെറ്റായത് കൊണ്ട് അവിടെ അവസാനിപ്പിച്ചു. കിളിയെ എടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇണക്കിളി എന്നെ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു, അതിന്റെ കരച്ചിൽ ദിവസങ്ങളോളം മനസ്സിൽ മുഴങ്ങി. അതിനു ശേഷം ഇണകളായി ജീവിക്കുന്ന പക്ഷികളെ പിടിക്കുന്നത് നിർത്തി, പിന്നീട് പൂർണ്ണമായും മാറി നിന്നു.
  ചെറുപ്പത്തിൽ ഭക്ഷണത്തിനും വിനോദത്തിനു വേണ്ടിയും അനുവദിക്കപെട്ട പക്ഷികളെ (ഭക്ഷണം കാലുകൊണ്ട് പിടിക്കാത്തവ) പിടികൂടിയിട്ടുണ്ട്. കിളികളുടെ പെരുമാറ്റവും രീതികളും എല്ലാം കൂടെ പഠിച്ചെടുത്തിരുന്നു. ഇന്ന് നിയമം മൂലം പക്ഷി വേട്ട നിരോധിച്ചിരിക്കുന്നു. പക്ഷി വേട്ടയല്ല വംശനാശമുണ്ടാക്കിയത്, അവക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഇല്ലാതായതിലൂടെ അവ നശിച്ചു.. കിളികളെന്നല്ല, കണ്ടുവളർന്ന പലതരം ചെടികൾ, ജീവികൾ.. അങ്ങിനെ എത്ര! അവരും ഈ ലോകത്തിന്റെ അവകാശികളായിരുന്നു, മനുഷ്യർ അതിക്രമകാരികുമ്പോൾ സുന്ദരലോകം തകർന്നടിയുന്നു.

  ReplyDelete
 15. വായനക്കൊടുവില്‍ കിളികളുടെ കളകൂജനങ്ങളും, ആര്ത്തനാദവും ഒരുമിച്ചു മുഴങ്ങുന്നു. വേറിട്ടൊരു വായന. അഭിനന്ദനങ്ങള്‍..

  ReplyDelete
 16. ജെഫു പറഞ്ഞതുപോലെ വേറിട്ടൊരു വായനാനുഭവം സമ്മാനിച്ചു. മികച്ച എഴുത്ത്.. ഓരോവരികളിലൂടേയും ഞാനുമെന്‍റെ ബാല്യത്തില്‍ ജീവിക്കുകയായിരുന്നു. ഇവിടെ പറഞ്ഞ ഓരോ ശബ്ദങ്ങളും ജീവികളും എന്‍റേയും കുട്ടിക്കാലത്തിന്‍റെ നേര്‍കാഴ്ച്ചകളായിരുന്നു. ഇവിടെയിരുന്ന് ഇതുവായിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീല്‍., നന്ദി സുഹൃത്തേ..

  ReplyDelete
 17. വെറും സുഖിപ്പിക്കലല്ല..സത്യം..വായിച്ചുതീര്‍ന്നതറിഞ്ഞില്ല..ഇന്ന്‍ നമ്മുടെ ഗ്രാമങ്ങളില്‍ നിന്നു പോലും ചെറുകിളികളും തുമ്പയും കാശിയും വയല്‍ച്ചെടികളും എല്ലാം മറഞ്ഞുകഴിഞ്ഞു..ആറേഴു കിലോമീറ്റര്‍ നീളത്തില്‍ നിറഞ്ഞുകിടന്ന് പാടശേഖരമുണ്ടായിരുന്ന നാടായിരുന്നു എന്റേത്..രാവിലെ മഞ്ഞുമൂടിയ നെല്‍ക്കതിരുകളുടെ തുമ്പത്ത് തങ്ങി നില്‍ക്കുന്ന മഞ്ഞുതുള്ളികള്‍ കൈകൊണ്ട് തട്ടിക്കൊണ്ട് മെല്ലെ നടക്കുന്ന ആ സുഖം..സന്ധ്യയാവുമ്പോഴേ വയലുകളില്‍ നിന്നും വല്ലാത്ത ഒച്ചയിലുള്ള പോക്കാച്ചിത്തവളകളുടെ ക്രോം ക്രോം വിളികള്‍..നെല്‍ മണികള്‍ കൊത്തിത്തിന്നാനെത്തുന്ന പ്രാവുകളും തവളകളേയും മറ്റും ശാപ്പിടാനെത്തുന്ന കൊറ്റികളും സീസണിലെത്തുന്ന താറാക്കൂട്ടങ്ങളും വയലിനു കുറുകേയുള്ള തോടിനകത്ത് നിറയെ പിടിച്ചു നില്‍ക്കുന്ന ഒരു റോസ് കളറിലുള്ള പൂക്കളും.കുരുവികളും കരിയിലക്കിളികളും തത്തമ്മയും എന്നു വേണ്ടാ മിക്കതും അപ്രത്യക്ഷമായിരിക്കുന്നുമ്പ്രവാസ ജീവിതത്തിന്റെ ഇടവേളയിലൊരിക്കള്‍ എന്റെ നാട്റ്റിലെത്തിയപ്പോള്‍ ഹാ .കഷ്ടമേ..വെറും മൂന്ന്‍ വര്‍ഷങ്ങള്‍‍ മാത്രം കൊണ്ട് എന്റെ ഗ്രാമത്തിനു വന്ന മാറ്റം സത്യത്തില്‍ എന്നെ സ്തബ്ധനാക്കിക്കളഞ്ഞു..എന്റെ നാട്ടിലാണോ ഞാന്‍ വന്നത് എന്നുപോലും സംശയിച്ചുപോയി..(ഒരു പോസ്റ്റ് ഞാനെഴുതിയിട്ടുണ്ട്).നഷ്ടപ്പെടുത്തലുകള്‍ എത്ര വലുതായിരുന്നുവെന്ന്‍ എന്നാണിനി നാം തിരിച്ചറിയുക..

  അഭിനന്ദനങ്ങള്‍ റെജീ...കുറച്ചുനേരത്തേയ്ക്ക് മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുപോയതിനു

  ReplyDelete
 18. ശരിയാണ്..നമ്മളുടെ കണ്മുന്നിലുണ്ടായിരുന്ന ഒരു പാട് കാഴ്ചകള്‍ നമുക്കന്യമായി തുടങ്ങിയിരിക്കുന്നു..
  എന്നിട്ടും നാം അതേക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നില്ല..അവയുടെ ഓര്‍മ്മകളെപ്പോലും തിരയുന്നില്ല..ഈ പോസ്റ്റ് റെജിയ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മനോഹരമായി തന്നെ എഴുതിയിരിക്കുന്നു.

  "..കൊയ്ത്തു കഴിഞ്ഞ പാടത്തിനു മുകളിലൂടെ തെളിഞ്ഞ സ്വര്‍ണ്ണ വെയിലില്‍ നെല്ലിന്റെയും വൈക്കോലിന്റെയും മദ ഗന്ധങ്ങള്‍ക്ക് മീതെ പറന്നു പൊങ്ങിയ തുമ്പിക്കൂട്ടങ്ങള്‍ എവിടെ?..."

  അതെ..പാടവരമ്പത്ത് പൈക്കളും എരുമകളും മുറ്റത്ത് കൊയ്യാന്‍ നെല്ലും പുഴുങ്ങിയ കുത്തരൈയുടെ മണവുമുള്ള ചങ്ങാതിമാരുടെ തറവാട് വീടുകളില്‍ പണ്ട് കളിക്കാന്‍ പോകുമ്പോള്‍ പാടവരത്ത് കൊതിയോടെ കാത്തിരിക്കുന്ന കൊക്ക് തൊട്ട് പച്ചക്കിളിയും പനന്തത്തയും പൊന്മാനും മൈനയും
  ഒക്കെയുണ്ടായിരുന്നു. .... പൊന്‍‌വെയിലില്‍ വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണത്തുമ്പിയുടെ ചിറകുകളും
  അവയെ പിടിക്കാന്‍ പിന്നാലേ ഓടിയതും...

  ഓര്‍മ്മകളുടെ ഖജനാവ് തുറക്കാന്‍ പലപ്പോഴും റെജിയ എഴുതിയ പോലെ നാലു വരികള്‍ മതി..
  അവ താനേ നിര്‍ഗ്ഗളിക്കും...മറന്നുപോയവ തിരികെയെത്തിക്കും...

  "...അകലെ എവിടെ നിന്നോ അന്തിക്കള്ളിന്റെ ലഹരിയില്‍ വരി മുറിഞ്ഞു പോകുന്ന പിന്നെ നേര്‍ത്തു നേര്‍ത്തു പോകുന്ന ഏതോ പാട്ടിന്റെ ശീലുമായി രാത്രിയെ മുറിച്ചു പോകുന്ന ഞൊണ്ടിക്കാലന്‍ പൊന്‍മലയുടെ ശബ്ദവും കാളവണ്ടിയുടെ കുടമണിയൊച്ചയും വാഹനങ്ങളുടെ
  ഹുങ്കാര ശബ്ദത്തിനും മീതെ എന്നിലേക്ക് കിനിഞ്ഞിറങ്ങുന്നു.
  .."

  പാടവും തോടും പുഴയും പൈക്കളും പൈങ്കിളികളും നിറഞ്ഞ ഒരു ബാല്യമുള്ള
  ഒരു തനിനാടന്‍ പാലക്കാട്ടുകാരിയുടെ ഓര്‍മ്മകളെ ഇതിലും ഭംഗിയായ് എങ്ങനെ എഴുതും?

  ReplyDelete
 19. റെജി, ആദ്യമായാണ് ഇവിടെ എത്തുന്നത്‌.

  പ്രകൃതിയില്‍ മനുഷ്യ കരങ്ങള്‍ അനിയന്ത്രിതമായി ഇടപെടാന്‍ തുടങ്ങിയതോതെ കാണാമറയത്ത് പോയ പക്ഷികളും, കൂട്ടത്തോടെ അപ്രത്യക്ഷമായ പ്രാണികളും ജലജീവികളും,സ്മൃതിപഥത്തിലേക്ക്‌ ഓടിയെത്തി. ഒരു ചെറിയ കൈതത്തോട്ടില്‍ തന്നെ എത്ര ജന്തുജീവികള്‍ ഉണ്ടായിരുന്നു. അതൊക്കെ ഓര്‍ത്തെടുക്കാനും അവയെ കുറിച്ച് ആകുലപ്പെടാനും പ്രകൃതി സ്നേഹികള്‍ പോലുമില്ലാത്ത കാലത്ത് റെജിയുടെ ഒരു പ്രകൃതിയോടുള്ള ഔദാര്യമാണ് ഈ പോസ്റ്റ്‌...

  എല്ലാ ഭാവുകങ്ങളും നേരുന്നു!

  ReplyDelete
 20. ഞാനെത്തി :)

  ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ജോലിത്തിരക്കിനിടയിലും കസേരയിലേക്ക്‌ ചാരി കണ്ണന്നൊടച്ചു. പിന്നെ, ഞാനും കണ്ടു...! ഞാനും കേട്ടു...!!

  ഗൃഹാതുരതയുടെ ഈ മധുരിക്കുന്ന നോവിലേക്ക് കൂട്ടിക്കൊണ്ടുപോയത്തിനു നന്ദി.

  ReplyDelete
 21. നല്ല നിരീക്ഷണത്തിനു അഭിനന്ദനങ്ങള്‍ ...എന്താ പറയുക..വായിക്കുമ്പോള്‍ വിഷമം തോന്നുന്നു. ഈ പ്രകൃതി എന്ന അമ്മക്ക് ഈ കിളികളെ പോലെ വേറെ എത്ര മക്കളെ നഷ്ടമായിട്ടുണ്ട് എന്നറിയുമോ..പാവം..മനുഷ്യന്മാര്‍ വളരെ നിസ്സാരമായി പറയും "വംശനാശം " വന്നു പോയി എന്നൊക്കെ..സത്യത്തില്‍ എങ്ങനെയാ അതൊക്കെ സംഭവിക്കുന്നത്‌..കാടും മേടും പറമ്പും ഒക്കെ ഇല്ലാതാക്കിയിട്ടു ഗീര്‍വാണ പ്രസംഗം നടത്തിയിട്ട് എന്ത് കാര്യം..തൂക്കാനം കുരുവിയെ കണ്ടിട്ട് ഒരുപാട് നാളായി. ഞാന്‍ ഈ അടുത്തു കട്ടുറുമ്പ് എവിടെയെന്നു അന്വേഷിച്ചു നടന്നു..അങ്ങനെ പഴയ കാലത്ത് ഉണ്ടായിരുന്ന പലതും ഇന്നില്ല..മറുപടി ഞാന്‍ ഒരു ദീര്‍ഘ നിശ്വാസത്തില്‍ അവസാനിപ്പിക്കുന്നു..

  ReplyDelete
 22. Yoosuf. ThottasseriMay 16, 2012 at 2:16 PM

  ഒരു നോസ്ടാല്‍ജിക് ഒര്മയിലെക് കൊണ്ടുപോകുന്നു. അഭിനന്ദനങ്ങള്‍

  ReplyDelete
 23. സത്യം.അടക്കാക്കുരുവികളെ കാണാനേയില്ല കെട്ടൊ. ഇപ്പോഴുള്ള മൊബൈൽ ടവറുകളും, അതിന്റെ റേഡിയേഷനുമൊക്കെ ആ അടക്കാക്കുരുവികളെയും തേനീച്ചകളെയും ഒക്കെ അഫെക്ട് ചെയ്യുന്നു എന്ന് എവിടെയോ വായിച്ചിരുന്നു... ലോകമേ തറവാട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
  പ്രസക്റ്റം

  ReplyDelete
 24. വഴി തെറ്റി വന്നത് വെറുതെ ആയില്ല ..നല്ലൊരു പോസ്റ്റ്‌ വായിക്കാനും ..കുട്ടിക്കാലത്തിലേക്ക് മനസ്സ് കൊണ്ട് മടങ്ങാനും പറ്റി ..കാടുകള്‍ വെട്ടിമാറ്റിയും നശിപ്പിച്ചും കുറെ പ്രകൃതി സമ്പത്ത് നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു ..

  ReplyDelete
 25. കൊയ്ത്തു കഴിഞ്ഞ പാടത്തിനു മുകളിലൂടെ തെളിഞ്ഞ സ്വര്‍ണ്ണ വെയിലില്‍ നെല്ലിന്റെയും വൈക്കോലിന്റെയും മദ ഗന്ധങ്ങള്‍ക്ക് മീതെ പറന്നു പൊങ്ങിയ തുമ്പിക്കൂട്ടങ്ങള്‍

  ഒരു ചിറ്റൂര്‍ കാഴ്ച
  നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍

  ശിവപ്രസാദ്‌ പാലോട്
  www.kavibhasha.blogspot.com

  ReplyDelete
 26. നമ്മുടെയോര്‍മ്മകള്‍ ഇരുപതു വര്ഷം പിന്നോട്ടാണ്.!
  ഇന്നു വാഹനങ്ങളുടെ ഇരംബലില്‍, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ചൂടില്‍, പ്രകൃതി കരിനീലിച്ചു നില്‍ക്കുകയാണ്. പച്ചപ്പിന് പകരം പകലിന് വിളറിയ മഞ്ഞ നിറം!
  ഒക്കെ റെജിയ നന്നായി കുറിച്ചിട്ടു.!!
  ആശംസകള്‍.

  ReplyDelete
 27. വൈകിയാണ് എത്തിയത് .മനസ്സില്‍ തോന്നിയത് മിക്കവാറും മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. നല്ല ഒരു വായന.....

  ReplyDelete
 28. എന്റെ കാഴ്ച്ചയുടെ ഇപ്പോഴത്തെ ഫ്രെയിമില്‍ ദിവസവും രാവിലെ എവിടെ നിന്നോ പറന്നു വരുന്ന ഒരു കൂട്ടം പ്രാവുകള്‍ക്ക് അരിയെറിഞ്ഞു കൊടുക്കുന്ന പാക്കിസ്ഥാനി ഹോട്ടല്‍ തൊഴിലാളി ഉണ്ട്..പതിനായിരക്കണക്കിനു മൈനകള്‍ ചേക്കേറുന്ന റൌണ്ട് അബൌട്ടിനടുത്തുള്ള "മൈന മരം" ഉണ്ട്.
  -----------------------------------------------
  മെക്കയിലും ,മദീനയിലും വിശുദ്ധ ഹറമിന് പുറത്ത് ഇതു പോലെയൊരു കാഴ്ച്ചകാണാം ,ആയിരക്കണക്കിന് പ്രാവുകള്‍ സന്തര്‍ഷകര്‍ എറിഞ്ഞു കൊടുക്കുന്ന ധാന്യങ്ങള്‍ തിന്നുന്നതും അവറ്റകളുടെ ചലപില ശബ്ദങ്ങളും കണ്ടു നില്‍ക്കാനുമൊക്കെ എന്തു രസമാണെന്നോ ,,പലതും ഓര്‍മ്മിപ്പിച്ചു ഈ കുറിപ്പ് ,വായനക്കിടയില്‍ പോസ്റ്റ്‌ തീര്‍ന്നത് അറിഞ്ഞതേയില്ല ,,

  ReplyDelete
 29. വായിച്ചു കഴിഞ്ഞതറിഞ്ഞില്ല. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനുള്ളില്‍ വല്ലാത്തൊരു വിങ്ങല്‍. കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് ഒരുപാട് കൂട്ടികൊണ്ട് പോയി. നമ്മുടെ മക്കള്‍ക്കൊക്കെ അത്തരം അനുഭവങ്ങള്‍ കിട്ടുമോ എന്നൊരു സംശയം വീണ്ടും ബാക്കിയായി.

  ReplyDelete
 30. ഒരു പ്രിയപ്പെട്ട സിനിമയിലെ രംഗം പോലെ എന്റെ വായന ഈ വരികളിൽ മാത്രം ഉടക്കി നിന്നു . നല്ലൊരു വിഷ്വൽ മൂഡ്‌ ഉണ്ട് ഈ വരികൾക്ക് . ശബ്ദവും ദൃശ്യവും കൂടി ചേർന്നത്‌

  "അകലെ എവിടെ നിന്നോ അന്തിക്കള്ളിന്റെ ലഹരിയില്‍ വരി മുറിഞ്ഞു പോകുന്ന പിന്നെ നേര്‍ത്തു നേര്‍ത്തു പോകുന്ന ഏതോ പാട്ടിന്റെ ശീലുമായി രാത്രിയെ മുറിച്ചു പോകുന്ന ഞൊണ്ടിക്കാലന്‍ പൊന്‍മലയുടെ ശബ്ദവും കാളവണ്ടിയുടെ കുടമണിയൊച്ചയും വാഹനങ്ങളുടെ
  ഹുങ്കാര ശബ്ദത്തിനും മീതെ എന്നിലേക്ക് കിനിഞ്ഞിറങ്ങുന്നു. "

  ReplyDelete
 31. പക്ഷികളെ പോലെയാകാന്‍ കഴിയണം. എവിടേക്കും പറന്നകലാന്‍ കഴിയുന്ന പക്ഷികള്‍.. ,അതിര്‍ത്തികളില്ലാതെ..

  ReplyDelete
 32. എല്ലാവര്ക്കും ഉള്ള അനുഭവങ്ങള്‍.....,....ഇങ്ങനെ മനോഹരമായി എഴുതാന്‍ കഴിയുന്നത്‌ ഭാഗ്യം.

  ReplyDelete
 33. ഓന്തുകലക്കും രെക്റ്റൊഡലൈറ്റുകൾക്കും മുൻപ് നടക്കാനിറങ്ങിയ സഹോദരിമാരിൽ ഒന്ന് ജീവനും മറ്റൊന്ന് പ്രകൃതിയുമായി മാറിയ ദർശനം ഓര്മ്മ വരികയാണ് .
  കാലങ്ങള്ക്കു ശേഷം ചെതലിയുടെ താഴ്വാരങ്ങളി പൂ പറിക്കാൻ പോയ മനുഷ്യ സഹോദരിയോടു പ്രകൃതി ജ്യെഷ്ടത്തി ചോദിക്കുന്ന കരളലിയിപ്പിക്കുന്ന ഒരു ചോദ്യമുണ്ട് .
  " അനിയത്തീ എന്നെ മറന്നു പോയോ ?" എന്ന് !
  നഷ്ടങ്ങൾ നഷ്ടങ്ങളായി നില നില്ക്കും .
  ശ്ശെ --- ഒരു പൈങ്കിളികാരൻ ഇങ്ങനെ എഴുതാമോ ? ഒരാവേശം കിട്ടുന്നില്ല .
  വലിയ ബോറിംഗ് ഇല്ലാതെ അവതരിപ്പിച്ചത് കൊണ്ട് തൽക്കാലം ആശംസ അറിയിക്കുന്നു . 10 പോയിന്റ്സ് !!
  (നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങളോക്കെ എല്ലാ പേനയുന്തികളും പറഞ്ഞു കൊണ്ടെയിരിക്കുന്നതാ കേട്ടോ --- എന്നാലും ! )

  ReplyDelete
 34. ഇന്നിങ്ങനെയൊരു ലിങ്ക് ഇട്ടതുകൊണ്ട് വായിയ്ക്കാന്‍ സാധിച്ചു
  അജിത് കെ.സി യുടെ കമന്റില്‍ നിന്ന് ആ കവിതയുടെ വരികളും ഒന്ന് ഉറക്കെ പാടാന്‍ സാധിച്ചു

  താങ്ക്സ്

  ReplyDelete
 35. കാലന്‍ കോഴി കുഴിക്കെ വാ കുഴിക്കെ വാ എന്ന് നീട്ടി പാടാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായി ,,ആരെയാണ് വിളിക്കുന്നത്‌? , നാട്ടിലെ സംസാരം ഇത് തന്നെ .

  ReplyDelete
 36. ആരും എങ്ങും വഴിതെറ്റി ചെല്ലുന്നില്ല . ചെന്ന് കശിഞ്ഞാണ് തെറ്റിയൊ ഇല്ലയോ എന്ന് തീരുമാനിക്ക്കേണ്ടത് . എന്റെ എത്തിചേരൽ നല്ലതിനെന്ന് തിരിച്ചറിയുന്നു. കഥ മനോഹരം! ആശംസകളോടെ............

  ReplyDelete
 37. പിന്നെയും പിന്നെയും.. ആരോ............ :)

  ReplyDelete

www.anaan.noor@gmail.com