Wednesday, May 9, 2012

ഹവ്വ കേഴുന്നു..

ഫാലക്‌ എന്നാല്‍ ആകാശം എന്നത്രെ അര്‍ത്ഥം.വായിച്ചു മറന്നു പോയ ഒരു കോളം വാര്‍ത്ത ആയി, ചിലരുടെ മനസ്സിലെങ്കിലും ഫാലക്‌ ഇപ്പോഴും ഉണ്ടാകാം. നുറുങ്ങി പോയ തലയോട്ടിയും ഒടിഞ്ഞ സന്ധികളും മേലാസകലം മനുഷ്യ ദംശനവും ഏറ്റ ആ രണ്ടര വയസ്സുകാരി കുറച്ച്‌ ദിവസം ജീവനു വേണ്ടി പൊരുതി. പിന്നീട്‌ അവള്‍ അനിവാര്യമായ വിധിക്ക്‌ കീഴടങ്ങി.


ഫാലക്‌ മനസ്സില്‍ നിന്നു മായുന്നതിനു മുന്‍പേ ആണ്‌ സമാനമായ രീതിയില്‍ അഫ്രീനും സ്വപിതാവിനാല്‍ കൊല്ലപ്പെട്ടത്‌. സ്വപ്നം കണ്ടുറങ്ങുമ്പോഴുള്ള ഏറ്റവും നിഷ്കളങ്കമായ അവളുടെ ഇളം പുഞ്ചിരി ഒരിക്കലെങ്കിലും ആ നരാധമന്‍ കണ്ടിരിക്കുമോ? അവള്‍ കമഴ്‌ന്നു വീണില്ല..അമ്മയ്ക്കു മാത്രം മനസ്സിലാവുന്ന ഭാഷയില്‍ അവള്‍ കൊഞ്ചിക്കുറുകിയില്ല..അതിനു മുന്നേ അവളുടെ കുരുന്നുജീവനില്‍ കറുത്ത പിടി വീണിരുന്നു..സിഗരറ്റ്‌ കൊണ്ടു പൊള്ളിച്ച പാടുകള്‍ അവളുടെ ദേഹത്ത്‌ ഉണ്ടായിരുന്നുവത്രെ.മാരകമായ പ്രഹരത്താല്‍ നട്ടെല്ലില്‍ നിന്ന് തലച്ചോറിലേക്കുള്ള നാഡീ ബന്ധം വിച്ഛേദിക്കപ്പെട്ട്‌ മരണം സംഭവിച്ചു.നടുക്കത്തോടെ അല്ലാതെ വായിച്ചു തീര്‍ക്കാന്‍ ആയില്ല!

മദ്രസാപഠനത്തില്‍ ജാഹിലിയ്യാ കാലഘട്ടത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. പെണ്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന കിരാതമായ പുരാതന അറേബ്യന്‍ സംസ്കാരത്തെക്കുറിച്ച്‌ പഠിച്ച നാളുകളില്‍ വല്ലാത്ത ഭയത്തോടെ രാത്രികാലങ്ങളില്‍ ഞെട്ടി ഉണര്‍ന്നിട്ടുണ്ട്‌.

"യത്ര നാര്യസ്തു പൂജ്യന്തെ രമ ന്തെ തത്ര ദേവതാ:" എന്നു പഠിപ്പിക്കുന്ന ആര്‍ഷ ഭാരത സംസ്കാരത്തില്‍ തന്നെ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി സതി അനുഷ്ഠിക്കുന്ന ഭാര്യയുടെ ഗതി ഓര്‍ത്ത്‌ , അതിന്റെ വൈരുദ്ധ്യമോര്‍ത്ത്‌ സങ്കടപ്പെട്ടിട്ടുണ്ട്‌. പിന്നീട്‌ രാജാറാം മോഹന്‍ റായിയെയും വി ടി ഭട്ടതിരിപ്പാടിനെയും പോലുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കളെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ അഭിമാനം തോന്നിയിട്ടുണ്ട്‌.

എവിടെയാണ്‌ താളം പിഴയ്ക്കുന്നത്‌? എന്തിനാണ്‌ ഭ്രൂണാവസ്ഥ മുതല്‍ക്ക്‌ തന്നെ ഒരു പെണ്‍ കുഞ്ഞ്‌ പിതാവിനാലും മാതാവിനാലും അവള്‍ ഉള്‍ക്കൊള്ളേണ്ട സമൂഹത്തിനാലും ഭ്രഷ്ട ആക്കപ്പെടുന്നത്‌? "ആണ്‍കുട്ടി" എന്ന പദം എങ്ങനെയാണ്‌ സമൂഹത്തെ ഒന്നടങ്കം ഭ്രമിപ്പിക്കുന്നത്‌? പെണ്‍കുട്ടി മാത്രം എങ്ങനെയാണ്‌ ബാദ്ധ്യത ആവുന്നത്‌? "വിവാഹം കഴിപ്പിച്ചയക്കല്‍" എന്ന ഒരൊറ്റ ലക്ഷ്യം വെച്ചാണോ ഒരോ പെണ്‍കുട്ടിയും വളര്‍ത്തപ്പെടുന്നത്‌? ഇന്ത്യന്‍ സാഹചര്യം അനുസരിച്ച്‌ അവള്‍ക്ക്‌ നല്‍കേണ്ടി വരുന്ന "വിവാഹ ധനം" ആണോ അവളെ "ബാദ്ധ്യത" ആക്കുന്നത്‌? വിവാഹ ധനം അല്ലെങ്കില്‍ സ്ത്രീധനം നല്‍കി വിവാഹം കഴിച്ചയക്കപ്പെടുന്ന എത്രയോ പെണ്‍കുട്ടികള്‍ എന്നിട്ടുമെന്തേ സസുഖം ജീവിക്കുന്നില്ല? ധനം സമ്പാദിച്ചു കൊണ്ടു വരുമെന്നും വാര്‍ദ്ധക്യത്തില്‍ തങ്ങളെ സംരക്ഷിക്കുമെന്നും ഉള്ള തികച്ചും സ്വാര്‍ത്ഥമായ ചിന്ത ആയിരിക്കുമോ കാലാകാലങ്ങളായി ആണ്‍കുഞ്ഞിനെ പ്രിയങ്കരനാക്കുന്നതും പെണ്‍കുഞ്ഞിനെ ഇരുളില്‍ തള്ളുന്നതും?

പ്രതിഭാ പാട്ടീലും മീരാകുമാറും സോണിയ ഗാന്ധിയും മമത ബാനര്‍ജീയും ജയലളിതയുംസുഷമ സ്വരാജും അടക്കമുള്ള പ്രമുഖ വനിതകള്‍ അധികാര സ്ഥാനങ്ങളില്‍ ഉണ്ട്‌ അഭിനവ ഭാരതത്തില്‍. റാണി ലക്ഷ്മി ബായി മുതല്‍ ഇന്ദിരാഗാന്ധി വരെ അനേകം ഉരുക്ക്‌ വനിതകള്‍ ചരിത്രത്തിലേക്ക്‌ നടന്ന് കയറിയിട്ടും ഉണ്ട്‌.

സ്ത്രീ ശാക്തീകരണങ്ങളും സ്ത്രീ വിമോചന പ്രസ്ഥാങ്ങളും ഒരു വശത്ത്‌ ,പല നിറത്തിലുള്ള കൊടികള്‍ക്ക്‌ കീഴില്‍ അണി നിരക്കുമ്പോഴും കുഞ്ഞു പെണ്‍ നിലവിളികള്‍ വനരോദങ്ങള്‍ ആവുന്നതെന്തെ? എങ്ങനെയാണ്‌ രക്ഷിച്ചെടുക്കുക നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ? ഗര്‍ഭ പാത്രത്തിനകത്തെ വാള്‍ മുനമ്പില്‍ നിന്നും? പിറന്നു പോയാല്‍ ചാപ്പ കുത്തപ്പെടുന്ന സമൂഹത്തില്‍ നിന്നും? കാമവെറി പൂണ്ടടുക്കുന്ന അച്ഛനില്‍ നിന്നും സഹോദരനില്‍ നിന്നും? കൂട്ടിക്കൊടുക്കുന്ന അമ്മയില്‍ നിന്നും?

ഉത്തരം തേടുന്ന ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ തേഞ്ഞു തീരുമ്പോള്‍ ആദി മാതാവായ ഹവ്വ വിലപിക്കുന്നുണ്ടാവാം.. ജന്മാന്തരങ്ങള്‍ക്കിപ്പുറം അവളുടെ സന്തതി പരമ്പരകളെ വെളിച്ചപ്പെടുന്നതിനു മുന്‍പേ അരിഞ്ഞെറിയുന്നത്‌ അറിയുമ്പോള്‍..

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്‌ 750,000 പെണ്‍ ഭ്രൂണങ്ങള്‍ ആണ്‌ ഓരോ വര്‍ഷവും ഹനിക്കപ്പെടുന്നത്‌.അതിന്റെ തോത്‌ ഏറ്റവും കൂടുതല്‍ പഞ്ചാബിലും ഹരിയാനയിലും ആണത്രെ.

അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്‌ ഒട്ടഭിമാനിക്കാം എന്നു തോന്നുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും നമ്മുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരത്തിന്റെ തോത്‌ ഉയര്‍ന്നത്‌ തന്നെ ആണ്‌. കള്ളിപ്പാലും നെന്മണിയും കൊടുത്ത്‌ പെണ്‍പ്രാണനുകള്‍ എടുക്കുന്നത്‌ അകലെ എവിടെയോ ആണെന്ന് വെറുതെ സമാധാനിക്കാം.വിഷ്ണുപ്രിയ എന്ന ബാലികയെ പീഡിപ്പിച്ച്‌ കൊന്ന കൊലയാളിയെ പിന്തുടര്‍ന്നു കൊലപ്പെടുത്തിയ മകളെ അതിരറ്റ്‌ സ്നേഹിച്ച അവളുടെ അച്ഛനെ ഓര്‍ത്ത്‌ അഭിമാനിക്കാം. സൗമ്യ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കാമവെറിയന്‍ അന്യ നാട്ടുകാരന്‍ എന്നോര്‍ത്ത്‌ നെടുവീര്‍പ്പിടാം..സഹജമായ നിസ്സംഗതയോടെ മറ്റൊരു പത്രവാര്‍ത്തയിലേക്കോ ചടുലമായ താളത്തില്‍ നൃത്തം ചവിട്ടുന്ന ദൃശ്യങ്ങള്‍ പകര്‍ന്നു തരുന്ന ചാനലിലേക്കോ ദൃഷ്ടിയൂന്നാം..

ഫാലകിനും അഫ്രീനും ശേഷം ഇനി ഒരു പത്ര കോളം വാര്‍ത്ത ഇനി നമുക്കരികില്‍ എത്താന്‍ ഇടയാവാതിരിക്കട്ടെ.

പിറക്കാതെ പോകട്ടെ നീയെന്‍ "മകളേ" എന്നു ഇനി കവി മാറ്റി പാടുന്ന കാലം പോലും വിദൂരമായിരിക്കില്ല.

ഫാലകിന്റെയും അഫ്രീന്റെയും ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നില്ല.കുട്ടികളുടെ മേലുള്ള പൈശാചികാക്രമണങ്ങളുടെ നീചമായ ചിത്രങ്ങളില്‍ ചിലതാണ്‌ അവ.പകരം ഒരു നിമിഷാര്‍ദ്ധമെങ്കിലും പ്രാര്‍ത്ഥിക്കാം..ആ കുഞ്ഞു നക്ഷത്രങ്ങള്‍ക്കും ദിനേനയെന്നോണം അരും കൊല ചെയ്യപ്പെടുന്ന മറ്റനേകം പെണ്‍കുരുന്നുകള്‍ക്കുമായി.



ജാലകം