Sunday, April 9, 2023

പോർക്കളത്തിലെ പെൺപാത

 ആത്യന്തികമായി  സ്ത്രീ ആയിരിക്കുക എന്നത് മാത്രമായിരുന്നിരിക്കും എമിലി ഹോബ്ഹൌസ് ( Emily Hobhouse) അവരുടെ ജീവിതം കൊണ്ട് ചെയ്തത് . എമിലി ചരിത്രത്തിൽ അറിയപ്പെടുന്നത് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കോൺസെൻട്രേഷൻ ക്യാമ്പുകളിലെ മനുഷ്യത്വവിരുദ്ധതയ്ക്ക് എതിരെ സ്വന്തം ഭരണകൂടത്തോട് പടപൊരുതിയ സ്ത്രീ ആയിട്ടാണ്. യുദ്ധവിരുദ്ധപ്രവർത്തനങ്ങളായിരുന്നു എമിലിയുടെ കർമ്മമേഖല.

 

യുദ്ധമെന്നത് എല്ലാക്കാലത്തും ആൺപോർക്കളങ്ങൾ ആണ് .ദേശീയതയുടെ എന്ത് തരം കവചം അണിഞ്ഞാലും യുദ്ധാനന്തര ഫലങ്ങൾ അങ്ങേയറ്റം കിരാതമായിരിക്കും .അതനുഭവിക്കുന്നവർ ഏതു ലോകത്തായാലും  സ്ത്രീകളും കുട്ടികളുമാണ്   .അങ്ങനെ ഒരു കാലത്ത് സ്വന്തം രാജ്യം വരുത്തിവെച്ച യുദ്ധക്കെടുതികളുടെ ഭീകരത അനുഭവിക്കുന്നവർക്കിടയിലേക്കാണ് എമിലി കടന്നു ചെല്ലുന്നത്. ബ്രിട്ടീഷ് കോൺസ്ട്രഷൻ ക്യാമ്പുകളെക്കുറിച്ച് അധികമൊന്നും കേട്ടു കേൾവി ഇല്ലായിരുന്ന എമിലി കടന്നു ചെല്ലുന്നത് സ്വന്തം രാജ്യം സൗത്ത് ആഫ്രിക്കയിൽ ഒരുക്കി വെച്ചിരുന്ന നാൽപ്പത്തി അഞ്ചോളം കോൺസെൻട്രേഷൻ ക്യാമ്പുകളുടെ കൊടും ഭീകരതയിലേക്കാണ് .

 

ബ്രിട്ടീഷ് സാമ്രജ്യത്തിന് സൗത്ത്  ആഫ്രിക്കയുടെ സ്വർണ്ണ ഖനി ശേഖരത്തിലേക്കുള്ള ആർത്തിയാണ്  ബോ യുദ്ധങ്ങളുടെ ചരിത്രം . രണ്ടാം ബോ യുദ്ധകാലത്താണ്  ( Boer war ) എമിലി ഹോബ്ഹൌസ്, ബ്രിട്ടീഷ്  യുദ്ധ വിരുദ്ധ സംഘടനയായ സൗത്ത് ആഫ്രിക്കൻ കൺസിലിയേഷൻ കമ്മിറ്റിയുടെ സെക്രട്ടറി ആയി എത്തുന്നത്.

 

എമിലി ഇങ്ങനെ എഴുതി : ആയിരത്തി തൊള്ളായിരത്തിന്റെ വേനൽക്കാലത്തിലാണ് ,ഞങ്ങളുടെ സൈനിക ഭീകരതയ്ക്ക് ഇരയായ അനവധി മനുഷ്യർ ദരിദ്രരാക്കപ്പെട്ടിട്ടുണ്ട് എന്ന് .സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന മനുഷ്യത്വരഹിതമായ ദുർഘടങ്ങൾക്ക് അറുതി വരണമെങ്കിൽ സംഘടിതമായ സഹായം അവർക്ക് ആവശ്യമുണ്ട് എന്ന് .

 

വാടിയ പൂക്കൾ വലിച്ചെറിയുന്നത് പോലെ എന്നാണ് കോൺസെൻട്രേഷൻ ക്യാമ്പുകളിലെ ടെന്റുകളിൽ മനുഷ്യർ മരിച്ചു വീഴുന്ന മനുഷ്യരുടെ അവസ്ഥയെക്കുറിച്ച് അതീവദുഃഖത്തോടെ എമിലി എഴുതിയത് .  തിരികെ ബ്രിട്ടനിൽ എത്തിയ എമിലിയ്ക്ക് നേരിടേണ്ടി വന്നത് , ശത്രു രാജ്യത്തിലെ മനുഷ്യർക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ  ഒരു ദാക്ഷിണ്യവുമില്ലാത്ത   ഭരണകൂടം  വിമർശനമാണ്. That Bloody Woman എന്നാണ് ലോർഡ് കിച്ചനെർ ( Lord Kitchener) എമിലിയെ അടയാളപ്പെടുത്തിയത് , ആ ശപിക്കപ്പെട്ട സ്ത്രീയെന്നോ മറ്റോ നമുക്ക് എളുപ്പത്തിൽ അതിനെ ഭാഷാന്തരപ്പെടുത്താം .

 

ഏതായാലും ക്യാമ്പുകളിൽ ബോ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന  നരകാവസ്ഥ മനസ്സിലാക്കുന്നതിനായി  ഒരു കമ്മീഷനെ നിയോഗിക്കാൻ ഭരണകൂടം തയ്യാറായി. അതിനായി നിയോഗിക്കപ്പെട്ട ഫാസെറ്റ് കമ്മീഷൻ  ( Fawcett Commission) എമിലി ഹോബ്ഹൌസ്ന്റെ കണ്ടെത്തലുകൾ ശരി വെച്ചു.  1901 ൽ കേപ് ടൗണിലേക്ക് തിരിച്ചു വന്ന എമിലിയെ ലോർഡ് കിച്ചനെർ കാരണം ബോധിപ്പിക്കാതെ നാട് കടത്തി .

 

 1913 ൽ തിരികെ സൗത്ത് ആഫ്രിക്കയിൽ എത്തിയ എമിലി അക്കാലത്ത് സൗത്താഫ്രിക്കയിലെ ഇന്ത്യർക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ഗാന്ധിയെ പരിചയപ്പെടുകയും പിന്നീട് അതൊരു അപൂർവ്വ സൗഹൃദം ആവുകയും ചെയ്തു . മഹാത്മാഗാന്ധിയുടെ അക്രമ രാഹിത്യത്തിന്റെയും സത്യഗ്രഹത്തിന്റെയും തത്വങ്ങളിൽ ആകൃഷ്ടയായ എമിലി , ഒന്നാം ലോക മഹായുദ്ധത്തിനെതിരെ ശക്തമായ ശബ്ദമുയർത്തിയവരിൽ ഒരാളാണ്.

 

ഐക്യ രാഷ്ട്ര സഭ ഉണ്ടാവുന്നതിന് മുൻപ് , യുദ്ധരംഗങ്ങളിലെ മനുഷ്യാവകാശ നിയമങ്ങൾ എഴുതപ്പെടുന്നതിന് മുൻപ് മനുഷ്യാവകാശ ഭൂമികയിൽ യുദ്ധത്തടവുകാരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തിയവരിൽ എമിലി  ഹോബ്ഹൌസ് എന്ന സ്ത്രീയുമായിരുന്നു .

 

സ്വാഭാവികമായി ഞാനെത്തി ചേർന്നത് സ്‌ത്രീത്വത്തിന്റെ സഹജമായ  ഏക ശിലാഭാവത്തിലാണ്. അസ്ഥിവാരമിളകിയ  ഒരു സമൂഹത്തിന്റെ അടിയാഴങ്ങളിൽ ആത്യന്തികമായി മനുഷ്യനേ ഉള്ളൂ .. പീഡിതരായ  മനുഷ്യരുമായി  ഐക്യപ്പെടലേ ഉള്ളൂ, എന്നാണ് എമിലി സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തുന്നത്

 

ഇന്ന് ഏപ്രിൽ ഒൻപത് എമിലിയുടെ ജന്മദിനമാണ് .

 

 

Emily Hobhouse

(9 April 1860 – 8 June 1926)

Born Day April 9th

(9 April 1860 – 8 June 1926)

#feminist

#antiwaractivist

#pacifist

#Inspiringwomenseries

#30daysproject

#Day1

#ecriturefeminine

#easterday


Posted by Adv Regina MK

No comments:

Post a Comment

www.anaan.noor@gmail.com

ജാലകം