Monday, April 17, 2023

നാൻസി ഹോഗ്ഷെഡ് മെക്കാർ : ഒളിമ്പ്യൻ വക്കീൽ



നാൻസി ഹോഗ്ഷെഡ് മെക്കാർ ആരാണ് എന്ന് ചോദിച്ചാൽ എളുപ്പത്തിൽ പറയാവുന്ന ഉത്തരം  ഒളിമ്പ്യനുമാണ് , വക്കീലുമാണ് എന്നായിരിക്കും .


 ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ നീന്തലിനുള്ള  ആദ്യ സ്കോളർഷിപ് നേടുന്ന വനിത. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ മൂന്നു സ്വർണ്ണമെഡലും ഒരു വെള്ളിമെഡലും രാജ്യത്തിന് നേടിക്കൊടുത്ത നീന്തൽ താരം. 

ആ വിജയത്തെക്കുറിച്ച് പറയുമ്പോൾ ഒന്ന് കൂടി പറയേണ്ടതുണ്ട്; യൂണിവേഴ്സിറ്റി കാമ്പസിന് പുറത്ത് വ്യായാമം ചെയ്തു കൊണ്ടിരിക്കെ  അപരിചിതനായ ഒരാളാൽ ബലാൽസംഗം ചെയ്യപ്പെടുകയും മൂന്നു കൊല്ലം എടുത്ത് അതിന്റെ ആഘാതത്തിൽ നിന്ന് പുറത്ത് കടക്കുമ്പോൾ ലോകത്തിന്   ഒളിമ്പിക് മെഡൽ കാണിച്ചു കൊടുത്ത അതിജീവിത !

 ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ബിരുദത്തിന് ശേഷം Georgetown Law School ൽ നിന്ന് നിയമ ബിരുദം നേടിയ നാൻസി  പിന്നീട് അഭിഭാഷകനും സഹപ്രവർത്തകനായ സ്‌കോട്ട് ഡഗ്ലസ് മേക്കറെ വിവാഹം കഴിച്ചു.

 ഇന്ന് അറുപത്തി ഒന്ന് വയസുകാരിയായ അഭിഭാഷകയും  നിയമ അദ്ധ്യാപകയും പൗരാവകാശ പ്രവർത്തകയും  മൂന്നു മക്കളുടെ അമ്മയുമായ നാൻസി ഹോഗ്ഷെഡ് മെക്കാർ   തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നത് കായിക രംഗത്ത് സ്ത്രീകൾക്ക് വേണ്ട ലിംഗ സമത്വത്തിനും ലൈംഗികാതിക്രമങ്ങൾക്കും എതിരെ ആണ്.

  ഈയടുത്ത കാലത്ത് നാൻസി ഹോഗ്ഷെഡ് മെക്കാർ വാർത്തകളിൽ നിറഞ്ഞത് ട്രാൻസ് നീന്തൽ താരം ലിയ തോംസണെ വനിതാ നീന്തൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ചതിന് എതിരെ പ്രതിഷേധിച്ചു കൊണ്ടാണ്. ട്രാൻസ് സ്പോർട്സ് താരങ്ങൾ മുഖ്യധാരയിലേക്ക് വരുന്നതിന് ഒരിക്കലും എതിരല്ലെങ്കിലും ജീവശാസ്ത്രപരമായ പ്രത്യേകതകൾ നിലനിൽക്കുന്നതിനാൽ വനിതാ മത്സരങ്ങളിൽ അവർ പങ്കെടുക്കുന്നതിൽ നൈതികമായ പ്രശ്നമുണ്ട് എന്ന്  നാൻസി അഭിപ്രായപ്പെട്ടത് വൻ വിവാദങ്ങൾക്ക് വഴി വെച്ചു. കായിക മത്സരങ്ങളിൽ സ്വത്വമല്ല പ്രധാനം, പുരുഷ ശാരീരിക ശേഷി കൂടി ഉൾക്കൊള്ളുന്ന ട്രാൻസ് വിഭാഗത്തെ ഉൾപ്പെടുത്തുന്നത് വനിതാ നീന്തൽ താരങ്ങളോടുള്ള അനീതിയാണെന്ന് നാൻസി പറഞ്ഞു.

 കോളേജ് ഇന്റേൺ കാലം മുതൽക്ക് മുപ്പത് വർഷത്തോളമായി Women’s Sports Foundation, നുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നാൻസി , 1992 -94 കാലഘട്ടത്തിൽ ഫൗണ്ടേഷന്റെ പ്രസിഡന്റും 2003-10 വരെ നിയമോപദേശകയായും 2104 വരെ സീനിയർ ഡയറക്ടർ ആയും തുടർന്നു.  All girls.All women.All sports. എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചു വരുന്ന Women’s Sports Foundation സ്ഥാപിച്ചത് പ്രശസ്ത വനിതാ ടെന്നീസ് താരമായ Billie Jean King ആണ് .

  ലിംഗവിവേചനകളും ലൈംഗിക അതിക്രമങ്ങളും മറ്റേത് തൊഴിൽ രംഗം എന്ന പോലെ കായിക രംഗത്തും തീവ്രമായി തുടരുന്ന ഒന്നാണ്. വിനേഷ് ഫോഗാട്ട് എന്ന ഇന്ത്യൻ വനിതാ റെസ്‌ലിങ് താരം ഇതേ കാര്യത്തിൽ  മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറഞ്ഞു നിന്നിട്ട് അധികകാലമായില്ല . അത്ര സഹികെട്ട് കൊണ്ടാണ് ഓരോ വനിതാ താരവും ഓരോ രാജ്യത്തും ഉണ്ടാവുന്നത്.

 ഒളിമ്പിക് മെഡൽ വീട്ടിലെ അലമാരയ്ക്ക് അലങ്കാരമാക്കി മാത്രം വെക്കാതെ , ലൈംഗികാതിക്രമമായും വിവേചനമായും കായിക  രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ നിയമപരമായി കൈകാര്യം ചെയ്യുന്നതിലാണ് നാൻസി ശ്രദ്ധ കൊടുക്കുന്നത്. പൊതു രംഗത്തെ ഈ വിവേചനത്തെ മറികടന്ന് സ്ത്രീകൾക്ക് തുല്യത നേടാനാവുന്ന സാഹചര്യമാണ് നാൻസി ജീവിതം കൊണ്ടും തൊഴിൽ കൊണ്ടും ഒരുക്കി എടുക്കാൻ ശ്രമിക്കുന്നത് . സ്ത്രീകളുടെ കായിക മേഖലകളിൽ തുടർ പ്രവർത്തനങ്ങൾ നടത്തുന്ന നാൻസി സ്പോർട്സിലൂടെ സാദ്ധ്യമാകാവുന്ന അല്ലെങ്കില്‍ ആക്കാവുന്ന  സാമൂഹ്യ മാറ്റത്തിനാണ് തൊഴിൽ കൊണ്ടും ജീവിതം കൊണ്ടും ശ്രമിക്കുന്നത് .അത്ലറ്റിക്സിലെ ലിംഗസമത്വം എന്ന വിഷയത്തിൽ  എഴുത്തും പറച്ചിലും നിയമ വൈദഗ്ധ്യവും ഒക്കെ ആ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തങ്ങളാണ്.  നിരവധി  ലേഖനങ്ങൾ എഴുതിയിട്ടുണ്ട്, കൂടാതെ 60 മിനിറ്റ്സ്, ഫോക്സ് ന്യൂസ്, സിഎൻഎൻ, ഇഎസ്പിഎൻ, എൻപിആർ, എംഎസ്എൻബിസി, നെറ്റ്വർക്ക് മോണിംഗ് ന്യൂസ് പ്രോഗ്രാമിംഗ് എന്നിവയുൾപ്പെടെ ഈ വിഷയത്തെക്കുറിച്ചുള്ള ദേശീയ വാർത്താ പരിപാടികളിൽ പതിവായി അതിഥിയായിരുന്നു. 2003 മുതൽ 2012 വരെ അമേരിക്കൻ ബാർ അസോസിയേഷൻ കമ്മിറ്റി ഓൺ ദി റൈറ്റ്സ് ഓഫ് വിമന്റെ കോ-ചെയർ ആയിരുന്നു. 

 April 17, 1962 ൽ ജനിച്ച  നാൻസി ഹോഗ്ഷെഡ് മെക്കാർ, കായികരംഗത്തെ  പെൺകുട്ടികൾക്കും സ്ത്രീകൾക്കും നിയമപരമായ ഉപദേശം നൽകുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ  ചാമ്പ്യൻ വിമെൻ ന്റെ  ( Champion Women)  സ്ഥാപകയും സി ഇ ഓ യുമാണ് നിലവിൽ .



Prepared by Adv. Regina MK

 

Nancy Hogshead-Makar (born April 17, 1962) 

 Nancy Hogshead-Makar (born April 17, 1962)

നാൻസി ഹോഗ്ഷെഡ് മെക്കാർ : ഒളിമ്പ്യൻ വക്കീൽ

Born Day April 17th

#women

#day8

#april17

#Inspiringwomenseries

#30daysproject

#EcritureFeminine

#sportwomen

#olympian

#advocate


No comments:

Post a Comment

www.anaan.noor@gmail.com

ജാലകം