Sunday, April 16, 2023

മുസൂണ്‍ അല്മെഹല്ലന്‍ : യുദ്ധകാലത്ത് ഒരു പെണ്‍കുട്ടി

എന്റെ പാവം രാജ്യം

ഒറ്റ നിമിഷം കൊണ്ടെന്നെ മാറ്റി മറിച്ചു

അഭിലാഷങ്ങളെയും പ്രണയങ്ങളെയും

എഴുതുന്ന ഒരു കവിയെ

കത്തി കൊണ്ടെഴുതുന്ന ഒരുത്തനാക്കി

നിസാര്‍ ഗബ്ബാനി –സിറിയന്‍ കവി

 

അഭിലാഷങ്ങളെയും പ്രണയങ്ങളെയും കുറിച്ച് സ്വപ്നം കാണേണ്ട ഒരു സിറിയന്‍ പെണ്‍കുട്ടി യുണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ ആകുന്നത് അവളുടെ കൌമാരം തീരും മുന്നേയാണ്‌. അതിന് കാരണം സിറിയയുടെ തെരുവുകളില്‍ ഒഴുകുന്ന ചോരയും !

മുസൂണ്‍ അല്മെഹല്ലന്‍  Muzoon Almellehan, അവളുടെ കുടുംബത്തോടൊപ്പം സാധാരണ ജീവിതം ഒരു പെണ്‍കുട്ടി ആയിരുന്നു. യുദ്ധം അവളുടെ വീടില്ലാതാക്കുകയും അവളുടെ കുടുംബത്തെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിക്കുകയും ചെയ്യുന്നത് വരെ. തെക്കുകിഴക്കന്‍ സിറിയയിലെ പ്രവിശ്യയായ ദാര പട്ടണത്തില്‍ 1999 ലാണ് മുസൂണ്‍ ജനിക്കുന്നത് . സിറിയന്‍ അഭ്യന്തര കലാപത്തെ തുടര്‍ന്ന്‍ അദ്ധ്യാപകനായ അച്ഛന്‍ രാകാന്‍ അല്മെല്ലെഹാനും അമ്മ ഈമാനും സഹോദരങ്ങള്‍ക്കുമൊപ്പം 2014 ല്‍ ജോര്‍ദ്ദാനിലേക്ക് പലായനം ചെയ്തു. മൂന്നു കൊല്ലത്തോളം വിവിധ ക്യാമ്പുകളിലായി മാറിത്താമാസിക്കുമ്പോഴും മുസൂണ്‍ തന്നെ പുസ്തകങ്ങള്‍ കൈവിട്ടിരുന്നില്ല. ക്യാമ്പ് ജീവിതമാണ്‌ മുസൂണിനു യുദ്ധത്തിന്റെ ഇരുട്ടില്‍ വിദ്യഭ്യാസം കൊണ്ട് മാത്രമേ വെളിച്ചം സാധ്യമാവുകയുള്ളൂ എന്ന് പഠിപ്പിച്ചത് . പൊതുവില്‍ ബാല്യ വിവാഹം നിലവില്‍ ഇല്ലാത്ത സിറിയയില്‍ യുദ്ധകാലത്ത് ബാല്യ വിവാഹങ്ങളുടെ എണ്ണം കൂടി . ക്യാമ്പിലെ കുട്ടികളെ പഠനത്തിന്റെ പാതയിലേക്ക് തിരികെ എത്തിക്കാനാണ് പിന്നീട് മുസൂണ്‍ നടത്തിയ ശ്രമങ്ങള്‍ അത്രയും. അങ്ങനെ യുണിസെഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗുഡ് വില്‍ അംബാസഡര്‍ ആയി. ഇപ്പോള്‍ ഇരുപ്പത്തി നാല് വയസ്സ് മാത്രം പ്രായമുള്ള മുസൂണ്‍ യു കെ യിലെ ന്യൂ കാസിലില്‍ തുടര്‍ വിദ്യാഭ്യാസം നടത്തുന്നു .

 സിറിയയുടെ മലാല എന്നാണ് മുസൂണ്‍ അല്മെല്ലെഹന്‍  അറിയപ്പെടുന്നത് .


( പ്രവാസത്തിലെ അവധിക്കാലത്ത്‌ നാട്ടിലേക്ക് പോകാന്‍ ഒരുക്കം കൂട്ടുമ്പോള്‍ നിങ്ങള്‍ക്ക് പോകാന്‍ ഒരു നാടെങ്കിലും ഉണ്ടല്ലോ , നാട്ടില്‍ വീടും കുടുംബവും ഉണ്ടല്ലോ .എന്റെ രണ്ട് അനുജത്തിമാര്‍ യുദ്ധത്തില്‍ മരിച്ചു പോയി ..വീട് നിന്നിടത്ത്‌ ഇപ്പോള്‍ എന്തെങ്കിലും ഉണ്ടോ ആവോ എന്ന് കണ്ണ് നിറയ്ക്കുന്ന സിറിയന്‍ കൂട്ടുകാരന്‍ ഖല്‍ദൂന് സമര്‍പ്പിക്കുന്നു .കഴിഞ്ഞ വേനല്‍ കൊറോണ കാലം അവന്റെ ജീവനെടുത്തു . )

Prepared by Adv.Regina MK


No comments:

Post a Comment

www.anaan.noor@gmail.com

ജാലകം