Thursday, April 13, 2023

ലൂസി ക്രാഫ്റ്റ് ലെനെ : അഗസ്റ്റയുടെ അയ്യൻ‌കാളി

 


കറുത്ത വർഗ്ഗക്കാർക്ക് എഴുത്തും വായനയും നിയമവിരുദ്ധമായിരുന്ന ഒരു കാലമുണ്ടായിരുന്നു. 

അധഃസ്ഥിതരുടെയും കീഴാളരുടെയും അവസ്ഥ ലോകത്തെമ്പാടും അങ്ങനെ തന്നെ ആയിരുന്നല്ലോ. അക്കാലത്താണ് മലയാളം എന്ന നാട്ടുഭാഷ സംസാരിക്കുന്ന ലോകത്തിന്റെ ഒരു മൂലയിൽ  തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയിൽ അയ്യൻകാളി ജനിച്ചത്. അതിനും ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപാണ് ജോർജിയയിലെ ഒരുൾനാടൻ ഗ്രാമമായ അഗസ്റ്റയിൽ കറുത്ത വർഗ്ഗക്കാരായ ഡേവിസ് ലെനെ യുടെയും ലൗസിയയുടെ പത്ത് മക്കളിൽ ഒരുവളായി ലൂസി ജനിക്കുന്നത്. ലൂസി ലെനെ ജനിക്കുന്നതിന് ഒരു ദശകം മുൻപ് മാത്രമാണ് അടിമക്കച്ചവടം നിയമം മൂലം നിരോധിക്കുന്നത്. ലൂസിയുടെ മാതാപിതാക്കൾ അതിനും മുൻപേ തന്നെ  അടിമ ജീവിതത്തിൽ നിന്നുള്ള മോചനം വില കൊടുത്ത് വാങ്ങിയിരുന്നു. യജമാനന്റെ അനുവാദം ഉണ്ടെങ്കിൽ സ്വന്തമായി സമ്പാദിച്ച തുക കൊണ്ട് അവർക്ക് സ്വന്തം ജീവിതത്തിന്റെ സ്വാതന്ത്ര്യം വിലയ്ക്ക്  വാങ്ങാമായിരുന്നു എന്ന് ! അത്തരത്തിൽ സ്വാതന്ത്ര്യം വിലയ്ക്ക്  വാങ്ങിയ ആളുകൾ ആയിരുന്നു ലൂസിയുടെ മാതാപിതാക്കൾ. 

റോമൻ കത്തോലിക്കരുടെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ തന്നെ പരിഷ്കൃതമായ പ്രെസ്ബെറ്റീരിയൻ സഭയുടെ ദൈവ ശുശ്രൂഷകൻ ആയിരുന്നു ലൂസിയുടെ പിതാവ് ഡേവിസ്. ഒപ്പം നല്ലൊരു മരപ്പണിക്കാരനും. ലൂസിയുടെ 'അമ്മയുടെ തൊഴിലുടമ ആയിരുന്ന ലേഡി കാംപ്ബെൽ ആണ് നാല് വയസ്സായിരിക്കുമ്പോൾ തന്നെ ലൂസിക്ക് ഇംഗ്ലീഷ് എഴുത്തും വായനയും പഠിപ്പിച്ചത്. പന്ത്രണ്ട് വയസ്സാവുമ്പോളേക്കും ലാറ്റിൻ ഭാഷയിൽ നിന്ന് ബുദ്ധിമുട്ടേറിയ ഗദ്യങ്ങൾ പോലും പരിഭാഷപ്പെടുത്താനുള്ള കഴിവ് ലൂസി നേടിയെടുത്തു. 

കറുത്ത വർഗ്ഗക്കാർക്ക് വിദ്യാഭ്യാസം  നിഷേധിക്കപ്പെട്ട കാലമായിട്ട് കൂടി ലൂസിയുടെ മാതാപിതാക്കൾ വിലകൊടുത്ത് വാങ്ങിയ സ്വാതന്ത്ര്യത്തിന്റെ സൗകര്യത്തിൽ  അറ്റ്ലാന്റ യൂണിവേഴ്സിറ്റിയിലെ ആദ്യ ബിരുദ ബാച്ചിലേക്ക് പ്രവേശനം നേടാൻ ആയി. ബിരുദധാരിയായ ലൂസി , സ്വന്തം സമൂഹത്തിലേക്ക് തന്നെയാണ് തിരിച്ച് ചെന്നത് . മെക്കോൺ ,സാവന്ന ,അഗസ്റ്റ തുടങ്ങിയ ഇടങ്ങളിലൊക്കെ കറുത്ത വർഗ്ഗക്കാരായ കുട്ടികളെ പഠിപ്പിക്കാനുള്ള പരമാവധി സാദ്ധ്യതകൾ ലൂസി പ്രയോജനപ്പെട്ടുത്തിക്കൊണ്ടേ ഇരുന്നു . ലോകത്തെവിടെയും അധഃസ്ഥിത വിമോചനം വിദ്യാഭ്യാസത്തിലൂടെ മാത്രമാണല്ലോ  സാധ്യമായിട്ടുള്ളത്. ആഫ്രിക്കൻ അമേരിക്കൻ കുട്ടികൾക്കായുള്ള ആദ്യത്തെ കിന്റർഗാർട്ടൻ സ്ഥാപിക്കുന്നത് വരെ ആ ശ്രമം തുടർന്നു .അത് തെക്കേ അമേരിക്കയിലെ തന്നെ ആദ്യത്തേതാണ്. ലൂസിയുടെ നിരന്തര ശ്രമങ്ങളുടെ ഫലമായി സ്‌കൂളിന് സ്വന്തമായ കെട്ടിടം ഉണ്ടായി . 1909 ൽ യു എസ് പ്രസിഡന്റ്  William Howard Taft സ്‌കൂൾ സന്ദർശിച്ച ശേഷം പറഞ്ഞത് മിസ് ലെനേയുടെ കാര്യശേഷിയും ആത്മത്യാഗവുമാണ് ഈ കെട്ടിടമായി ഉയർന്നു നിൽക്കുന്നത് എന്നാണ്. സ്‌കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി പതിനായിരം ഡോളർ സംഭാവന നൽകിയ പ്രെസ്ബെറ്റീരിയൻ ചർച്ചിലെ വനിതാ വിഭാഗം പ്രസിഡന്റ് ആയ Mrs. Haines ന്റെ പേരാണ് സ്‌കൂളിനും അനുബന്ധ സ്ഥാപങ്ങൾക്കും ലൂസി നൽകിയത് .പിന്നീട്  ആദ്യത്തെ കിന്റർ ഗാർട്ടണിൽ നിന്ന് സ്ഥാപനങ്ങളെ ബഹുദൂരം മുന്നോട്ട് നയിക്കാൻ ലൂസിക്ക് കഴിഞ്ഞു .

ലൂസി ക്രാഫ്റ്റ് ലെനെ കുട്ടികൾക്കിടയിൽ
ലൂസി ക്രാഫ്റ്റ് ലെനെ കുട്ടികൾക്കിടയിൽ 

ആഫ്രോ അമേരിക്കൻ പെൺകുട്ടികൾക്കുള്ള നഴ്സിങ് സ്‌കൂൾ ,ആഫ്രോ അമേരിക്കൻ ആദ്യ ഹൈസ്‌കൂൾ ഫുട്ബാൾ ടീം ,പരമ്പരാഗത കലകളും ശാസ്ത്രവും സമന്വയിപ്പിച്ച പരിഷ്കൃത സിലബസ് , അങ്ങനെ സാമൂഹ്യ പുനരുദ്ധാരണത്തിന്റെ ഒരു വമ്പൻ കുതിച്ചു ചാട്ടമാണ് ലൂസി ലെനെയുടെ മുൻ നടത്തത്തിൽ അഗസ്റ്റയിൽ ഉണ്ടായത്. ലൂസി ലെനെയുടെ മരണ ശേഷം ലൂസിയുടെ പേരിൽ തന്നെ സ്ഥാപനങ്ങൾ പുനർ നാമകരണം ചെയ്യപ്പെട്ടു.

 October 23, 1933 അഗസ്റ്റയിൽ തന്നെയാണ്  ലൂസി ക്രാഫ്റ്റ് ലെനെ അന്തരിക്കുന്നത്.  അറ്റ്ലാന്റയിലെ ജോർജിയ സ്റ്റേറ്റ് കാപിറ്റലിൽ പ്രദർശിപ്പിച്ച ലൂസിയുടെ കൂറ്റൻ ഛായാപടം കറുത്ത വർഗ്ഗക്കാരിയായ ആ പോരാളിയുടെ  ജീവിതത്തോടുള്ള ആദരമാണ്. 

ലോകത്തിന്റെ ഇങ്ങേ അറ്റത്ത് തിരുവനന്തപുരത്തെ വെങ്ങാനൂരിൽ മഹാത്മാ അയ്യൻകാളിയുടെ പ്രക്ഷോഭങ്ങളുടെ ഫലമായി അവർണ്ണരുടെ വിദ്യാഭ്യസത്തിന് വേണ്ടി ഒരു മലയാളപള്ളിക്കൂടം ഉയർന്നപ്പോൾ ലോകത്തിന്റെ മറ്റൊരിടത്ത്  ജോർജിയയിലെ അഗസ്റ്റയിൽ മറ്റൊരു സ്ത്രീ അവർണ്ണർക്കെതിരെയുള്ള നീതി നിഷേധത്തിനെ നടത്തിയ പോരാട്ടത്തിന്റെ ഫലമായി മറ്റൊരു പള്ളിക്കൂടം ഉയർന്നു. 

ലോകത്തെമ്പാടും  നീതി നിഷേധങ്ങൾക്ക് എതിരെയുള്ള പോരാട്ടങ്ങൾക്ക് ഒരേ ഭാഷയാണ് . പുതു തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ ഒരേ വൈബാണ് ! 


Prepared by Adv. Regina MK

 

 

Lucy Craft Laney (April 13, 1854 – October 23, 1933)

 founded the first school for black children in Augusta, Georgia

Born Day April 13th

#women 

#day5

 #april13 

#Inspiringwomenseries 

#30daysproject 

#ecriturefeminine 

#educator  

#couloredwoman  

#educator 


No comments:

Post a Comment

www.anaan.noor@gmail.com

ജാലകം