Friday, April 14, 2023

ഷംഷാദ് ബീഗം : ലാഹോറിൽ നിന്നൊരു പാട്ടുവാതിൽ


 
ചില പാട്ടുകൾ കേൾക്കുമ്പോൾ നമുക്കാ നേരത്തെ ആഹ്ളാദം  എന്ന് മാറ്റി എഴുതാൻ പറ്റും. ഏത്   മൂടിക്കെട്ടിയ മനസ്സും തൂവൽക്കനത്തിലേക്ക് കുറയും

 ഹിന്ദിപ്പാട്ട് പ്രേമികളുടെ വിരലുകൾ ഒരിക്കലെങ്കിലും തിരഞ്ഞിരിക്കാവുന്ന പാട്ടുകളാണ് കഹിൻ പേ നിഗാഹേ ..കഹിൻ പേ നിശാനെ (  Kahin Pe Nigahen Kahin P


e Nishana ), കജ് രാ മൊഹബ്ബത്ത് വാലാ(Kajra Mohabbat Wala ) തുടങ്ങിയവ. ഗ്രാമഫോൺ കാലം മുതൽക്ക് ഇന്ന് സ്‌പോട്ടിഫൈ കാലം വരെ എത്തി നിൽക്കുന്ന  പാട്ടിന്റെ  മറ്റൊരു പേരാണ് ഷംഷാദ് ബീഗം .

 പാകിസ്ഥാൻ, അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്ത് ലാഹോറിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ 1919 ഏപ്രിൽ 14 നാണ് ഷംഷാദ്  ബീഗം ജനിക്കുന്നത് .

ഷംഷാദിന് പാട്ടിലുള്ള അസാമാന്യ അഭിരുചി ആദ്യമായി മനസിലാക്കിയ  സ്‌കൂൾ പ്രിൻസിപ്പൽ അഞ്ചു വയസ്സുകാരിയായ കുഞ്ഞു ഷംഷാദിനെ  സ്‌കൂളിലെ പ്രാർത്ഥനപ്പാട്ടുകാരിൽ ഒരാളാക്കി. വൈറൽ ആവാൻ ഒരു സാധ്യതയുമില്ലാത്ത  കാലം ആണെന്നോർക്കണം! എന്നിട്ടും പത്ത് വയസ്സോടെ അക്കാലത്തെ  കല്യാണ വീടുകളിൽ ഷംഷാദ് പഠിച്ചെടുത്ത നാടോടിപ്പാട്ടുകളും ഭക്തിഗാനങ്ങളും  ഹിറ്റ് ആയിരുന്നു . ഷംഷാദിന്റെ പാട്ടു കേട്ട എല്ലാവരും  തലകുലുക്കി  ആസ്വദിച്ചെങ്കിലും അതിലെ പ്രതിഭ  അമ്മാവനായ അമീറുദ്ദീൻ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ. പത്ത് വയസ്സ് മാത്രം പ്രായമുള്ള , പാട്ടിൽ യാതൊരു വിധ ഔപചാരിക പരിശീലനവും നേടിയിട്ടില്ലാത്ത ഷംഷാദിനെ അദ്ദേഹം ലാഹോറിലെ  അക്കാലത്തെ പ്രമുഖ സംഗീതജ്ഞനായ ഗുലാം ഹൈദറിന്റെ അടുത്തേക്ക് കൊണ്ടുപോയി. അതിനുള്ള സമ്മതം പിതാവായ മിയാൻ ഹുസ്സൈനിൽ നിന്ന് ഒരു വിധത്തിലാണ് തരപ്പെടുത്തിയത് . തികച്ചും യാഥാസ്ഥികനായിരുന്ന മിയാൻ ഹുസൈൻ ബുർഖ എന്ന മേൽവസ്ത്രം അണിയണമെന്നും ഷംഷാദിന്റെ ഫോട്ടോ  എടുക്കാൻ പാടില്ലെന്നുമുള്ള  വ്യവസ്ഥയോടെ മകളുടെ പാട്ടു വഴിയ്ക്ക് അർദ്ധസമ്മതം മൂളി.

സാരംഗി സംഗീതജ്ഞനായ ഉസ്താദ് ഹുസൈൻ ബക്ഷ് വാലെ സാഹിബിന്റെയും ഉസ്താദ് ഗുലാം ഹൈദറിന്റെയും കീഴിൽ ഷംഷാദ് ബീഗം സംഗീത പഠനം തുടങ്ങി .1937 ൽ പെഷവാറിലെ ആൾ ഇന്ത്യ റേഡിയോക്ക് വേണ്ടി പാടിത്തുടങ്ങിയത് ഷംഷാദിന്റെ സംഗീത ജീവിതത്തിന് പുതിയ വാതിലുകൾ തുറന്നു.

പിന്നീട് അക്കാലത്തെ പ്രമുഖരായ സംഗീത സംവിധായകരായ നൗഷാദ്, ഓ പി നയ്യാർ , സി രാമചന്ദ്ര , എസ ഡി ബർമൻ തുടങ്ങിയവയോരോടൊപ്പമെല്ലാം  ഷംഷാദ് പാടുകയും എല്ലാ പാട്ടുകളും ഹിറ്റ് ആവുകയും ചെയ്തു.  നൗഷാദിന്റെ ഹിറ്റ് ചിത്രമായ മദർ ഇന്ത്യയിലെ നാല് പാട്ടുകളും ഷംഷാദിന്റേത് ആയിരുന്നു. തന്റെ സംഗീത ജീവിതത്തിന്റെ ഉയർച്ചയ്ക്ക്,  ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലേ  തന്നെ പ്രശസ്തയായിരുന്ന  ഷംഷാദ് ബീഗത്തിനോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു എന്നാണ് ഒരിക്കൽ നൗഷാദ് ബിബിസി ഇന്റർവ്യൂവിൽ പറഞ്ഞത്.


ഉസ്താദ് ഗുലാം ഹൈദറിന്റെ  കീഴിൽ പന്ത്രണ്ട് പാട്ടുകൾക്ക് പന്ത്രണ്ടര രൂപ പ്രതിഫലത്തിൽ പാടിത്തുടങ്ങിയ ഷംഷാദ് , നാല്പതുകൾക്കും അറുപതുകൾക്കുമിടയ്ക്ക് രണ്ടായിത്തിൽ അധികം പാട്ടുകളാണ് ഹിന്ദുസ്ഥാനി , ബംഗാളി , മറാത്തി , പഞ്ചാബി ,ഗുജറാത്തി ഭാഷകളിലായി പാടിയിട്ടുളളത് എന്നാണ് ലഭ്യമായിട്ടുള്ള വിവരം .ആദ്യകാല പാട്ടുകൾ പലതും നഷ്ട്ടപ്പെട്ടു പോയിട്ടുമുണ്ട് . മധു മോഹം ഇതേ  ( ആയിരം വിലക്ക് 1952 ) , നാൻ റാണിയെ രാജാവിൻ ( ആൺ 1953 ) എന്ന  പാട്ടുകളുമായി തമിഴിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള  ഷംഷാദ് ബീഗം, അന്ന്  ഇന്ത്യയിലെ  ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന പാട്ടുകാരി ആയിരുന്നു.  മറ്റു പ്രമുഖ പാട്ടുകാരായ നൂർജഹാൻ , സുരയ്യ എന്നിവരെ പോലെ പാട്ടിനൊപ്പം അഭിനയത്തിനുള്ള വഴികളും ഷംഷാദിന്റെ മുന്നിൽ തുറന്നെങ്കിലും പാട്ടു പഠിക്കാൻ വിടുമ്പോൾ പിതാവ് വെച്ച നിബന്ധന കൊണ്ടോ എന്തോ റെക്കോർഡ് റൂമിലെ മൈക്കിന് മുന്നിൽ നിന്ന്, മദർ ഇന്ത്യ , ബൈജു ബാവ് ര ,ലവ് ഇൻ ഷിംല തുടങ്ങിയ വൻഹിറ്റ്‌ സിനിമകളുടെ സംഗീതഭാഗമായിരുന്നിട്ട് പോലും  ചലച്ചിത്ര ക്യാമറയുടെ മുന്നിലേക്ക് വരാൻ ഒരിക്കലും ഷംഷാദ് താല്പര്യം കാണിച്ചില്ല.

1934 ൽ തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ഷംഷാദ് ബീഗം , ലാഹോറിലെ തന്നെ ഗണപത് ലാൽ ബത്തൂയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് . രണ്ടു മതങ്ങളിൽ നിനന്നുള്ളവരായത് കൊണ്ട് സമൂഹവും കടുംബവും മുന്നിൽ വെച്ച ബാരിക്കേഡുകളെ മറികടക്കാൻ കെല്പുള്ളതായിരുന്നു ആ പ്രണയം. 1955 അദ്ദേഹം ഒരു റോഡപകടത്തിൽ മരണമടഞ്ഞത് ഷംഷാദിനെ വൈകാരികമായി തകർത്തു കളഞ്ഞു. അത് സംഗീത ജീവിതത്തെയും ഉലയ്ക്കുകയും അവർ പ്രശസ്തിയിൽ  നിന്നും അകന്ന് മാറി തീർത്തും സ്വകാര്യമായ ജീവിതത്തിലേക്ക് തിരിയുകയും ചെയ്തു.

ഉസ്താദ് ഗുലാം ഹൈദറിനൊപ്പം ബോംബേയിലേക്ക് സംഗീതജീവിതം പറിച്ചു നട്ടതാണ് ഷംഷാദ് .എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യ-പാക്ക് വിഭജനത്തെത്തുടർന്ന് അദ്ദേഹം തിരികെ ലാഹോറിലേക്ക് പോകുകയും ഷംഷാദ് ബീഗം ഇന്ത്യയിൽ തന്നെ തുടരുകയും ചെയ്തു.

പലപ്പോഴും ഇന്ത്യയുടെ യഥാർത്ഥ വാനമ്പാടി എന്ന്  വിശേഷിപ്പിക്കപ്പെടുന്ന  ഷംഷാദ് ബീഗം  2012 ഏപ്രിൽ 23 ന് , തൊണ്ണൂറ്റി നാലാമത്തെ വയസ്സിൽ  മകൾ ഉഷ രത്രയുടെ യുടെ വസതിയിലാണ്  അന്തരിയ്കുന്നത് . ജീവിതത്തിലെ മൂല്യങ്ങൾ ആർക്ക് മുന്നിലും അടിയറ വെക്കാത്ത സ്ത്രീ ആയിരുന്നു തന്റെ 'അമ്മ എന്നാണ് ഉഷ , ഷംഷാദ് ബീഗത്തിനെ അനുസ്മരിക്കുന്നത്.  

 

2009 ൽ രാഷ്‌ട്രപതി പ്രതിഭാപാട്ടീലിൽ നിന്ന് പദ്മഭൂഷൺ ഏറ്റു വാങ്ങുന്നു

2009 ൽ ആ സംഗീത മാസ്മരികതയെ  ഭാരതം പദ്മഭൂഷൺ നൽകി ആദരിച്ചു, ആ വർഷം തന്നെയാണ് ഒപി നയ്യാർ അവാർഡും ഷംഷാദ് ബീഗത്തിനെ തേടി ഏത്തുന്നത് .  രാഷ്‌ട്രപതി ഭവനിൽ വെച്ച് പദ്മഭൂഷൺ സ്വീകരിക്കുമ്പോൾ ഏറെ വൈകാരികമായി പറഞ്ഞത് ," Mujhe duaaon mein yaad rakhna … mein aap logon ke dil mein rehna chahti hoon " നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കൂ...ഞാൻ നിങ്ങളുടെ ഹൃദയത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. ഇന്നും സ്പോട്ടിഫൈയിലോ യു ട്യൂബിലൊ മേരാ പിയാ ഗയേ രംഗൂൺ , എന്നും കജ് രാ മൊഹബ്ബത് വാല എന്നും തിരഞ്ഞ് ഒരു ദിവസത്തെ തൂവൽക്കാനത്തിലേക്ക് മാറ്റി വെക്കുമ്പോൾ ഷംഷാദ് ബീഗം , നിങ്ങൾക്ക് എങ്ങനെയാണ് ഇന്ത്യക്കാരുടെ ഹൃദയത്തിൽ നിന്ന് മരിച്ചു പോകാൻ ആവുക !


Prepared by Adv. Regina MK

Shamshad Begum ( 14 April 1919 – 23 April 2013)
Born Day April 14th

No comments:

Post a Comment

www.anaan.noor@gmail.com

ജാലകം