Tuesday, April 11, 2023

ജെയിൻ ബോലിൻ : നീതി -സ്ത്രീ -കറുപ്പ്


 

അച്ഛന്റെ ഓഫീസിലെ തോൽ പുറം ചട്ടയുള്ള തടിച്ച നിയമ പുസ്തകങ്ങൾ കണ്ടും തൊട്ടും വളർന്ന പെൺകുട്ടി വളർന്നു വലുതായപ്പോൾ അമേരിക്കയിലെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ ജഡ്ജ് ആയി മാറിയ കഥയാണ് 1908 ഏപ്രിൽ 11 ന് ന്യൂയോർക്കിൽ ജനിച്ച ജെയിൻ ബോലിൻ (Jane Bolin) അല്ലെങ്കിൽ ജെയിൻ മെറ്റിൽഡ ബോലിന്റേത്  .

“There was little opportunity for women in law, and absolutely none for a ‘coloured one’”. Jane Bolin 

പിക്കാസോയുടെ പ്രശസ്തമായ ഒരു വാചകമുണ്ട് . " എന്റെ 'അമ്മ എന്നോട് പറഞ്ഞു , നീയൊരു പട്ടാളക്കാരൻ ആവുക ആണെങ്കിൽ ജനറൽ ആവണം .ഒരുസന്യാസം ആണ് സ്വീകരിക്കുന്നത് എങ്കിൽ പോപ്പ് ആവണം . അങ്ങനെ ഞാൻ പിക്കാസോ ആയി "  എന്ന് .  നിയമ രംഗത്ത് സ്ത്രീകൾക്ക് പൊതുവിൽ സ്ത്രീകൾക്ക് അവസരം കുറവായിരിക്കുകയും അതിൽ തന്നെ കറുത്ത വർഗ്ഗക്കാരികൾക്ക് തീരെ സാധ്യത ഇല്ലാതെയുമിരുന്ന കാലത്താണ് ജെയിൻ നിയമ രംഗത്ത് എത്തുന്നത് . അതിൽ തന്നെ ജഡ്ജി ആവുന്നത് !




ന്യൂയോർക്ക് സിറ്റി ഡൊമെസ്റ്റിക്ക് കോടതിയിൽ ജഡ്ജി ആയി നിയമിത ആവുമ്പോൾ ജെയിനിന്റെ വയസ്സ്  31 . ചെറുപ്പത്തിലേ തന്നെ സാമൂഹ്യ നീതിയിലും ലിംഗ നീതിയിലും  ഉറച്ച  ബോധ്യം അഭിഭാഷാകനായ അച്ഛൻ ഗൈസ് ബോലിനിൽ നിന്ന് പകർന്ന് കിട്ടിയിരുന്നു .വെല്ലസ്ലി കോളേജിലെ ബിരുദ പഠനത്തിന് ശേഷം Yale Law School ൽ നിയമപഠനത്തിന് ഒരുങ്ങുമ്പോൾ വംശീയവും ലിംഗപരവുമായ അധിക്ഷേപമാണ് ഒരു പ്രശസ്ത തൊഴിൽ ഉപദേഷ്ടാവിൽ നിന്ന് ജെയിനിന്‌ ലഭിച്ചത് ! ഈപ്പണി പെണ്ണുങ്ങൾക്ക് പറ്റിയതല്ല എന്ന്! അതും ഒരു കറുത്ത വർഗ്ഗക്കാരിയായ പെണ്ണിന് തീരെ പറ്റിയതല്ല എന്ന് !

ഒരവസരവും ആർക്കും വെള്ളിത്താലത്തിൽ വെച്ച് നീട്ടി തരുന്നതല്ല, പ്രത്യേകിച്ചും സ്ത്രീകൾക്ക്.   ഇക്കാലത്തും അതിന് വലിയ മാറ്റം ഒന്നുമില്ലെങ്കിലും   ജെയിനിനത്  അന്നേ  ബോധ്യമുള്ള സംഗതി ആയിരുന്നു . 1961 മുതൽക്ക് കുടുംബ കോടതി  (Family Court )എന്ന പേരിൽ അറിയപ്പെട്ട   ന്യൂയോർക്ക് സിറ്റി ഡൊമെസ്റ്റിക്ക് കോടതിയിൽ ജഡ്ജി ആയി ജെയിൻ ബോലിൻ നിയമിത ആവുമ്പോൾ  അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരിൽ നിന്നുള്ള ആദ്യത്തെ സ്ത്രീ ന്യായാധിപ ആയി മാറി ജെയിൻ. അത് ചരിത്രവുമായി. 




അങ്ങനെ ഒരു സ്ത്രീ ന്യായാധിപ ആവുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങൾ നീതിയുടെ സമവാക്യങ്ങളിലും മാറ്റം വരുത്തുമല്ലോ. .കുട്ടിക്കുറ്റവാളികളുടെയും ബാലപീഡനങ്ങളുടെയും കേസുകളിൽ  കുട്ടികളുടെ അവകാശങ്ങൾക്കായി അവർ നിരന്തരം ശബ്ദിച്ചു .  " മുതിർന്നവരുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ   ഒരു കുഞ്ഞിനെ  സഹായിക്കാൻ പറ്റുന്ന അവസരമാണ് ഞാൻ മെച്ചമായി കാണുന്നത്  എന്നാണ് ജെയിൻ  അതേപ്പറ്റി അഭിപ്രായപ്പെടുന്നത്. അത് ജീവിതം കൊണ്ട് തന്നെയാണ് ജെയിൻ ബോലിൻ പ്രാവർത്തികമാക്കിയത് . വംശീയ വ്യത്യാസങ്ങളില്ലാതെ കുട്ടികൾക്കായുള്ള ചെയർ ഹോമുകൾ പബ്ലിക് ഫണ്ട് കൊണ്ട് നിർമ്മിക്കാൻ ന്യായാധിപ ആയിരിക്കെ ജെയിൻ ഉത്തരവിട്ടു.  അരക്ഷിതരായ സ്ത്രീകൾക്ക് വേണ്ടി , സാഹചര്യം കുറ്റവാളികളാക്കിയ കുട്ടികൾക്ക് വേണ്ടി , ദത്തെടുക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി ഒക്കെ നിരന്തരം ജീവിതം കൊണ്ട് പ്രവർത്തിക്കുമ്പോൾ ഒരു സ്ത്രീ ആയിരിക്കുക എന്നത് പ്രധാനമാണ് . അത് ഒരു അഭിഭാഷക ആയിരിക്കുക എന്നതും ന്യായാധിപ ആയിരിക്കുക എന്നതും പരമപ്രധാനമാണ് . അവരൊരുക്കിയ മണ്ണിലാണ് നമ്മൊളൊക്കെ ചുവടുറപ്പിക്കുന്നതും.

ജനുവരി എട്ട് 2007 ൽ ജെയിൻ ബോലിൻ ജീവിതത്തിൽ നിന്ന് വിട വാങ്ങുമ്പോൾ അതൊരു സമ്പൂർണ്ണ ജീവിതമായിരുന്നു. സമ്പൂർണ്ണമായ ഒരു സ്ത്രീ ജീവിതം !


Prepared by Adv.Regina MK


Justice Jane Bolin

(April 11, 1908 – January 8, 2007) 

Born Day April 11th

#women

#Inspiringwomenseries

#30daysproject

#Day3

#ecriturefeminine 

No comments:

Post a Comment

www.anaan.noor@gmail.com

ജാലകം