Monday, October 29, 2012

മന്ദ സമീരെ.....


            ശബരി എക്സ്പ്രസ് നമ്പള്ളി സ്റ്റേഷനില്‍ കിതച്ചു നിന്നു. ഈ യാത്രയില്‍ ഞാന്‍ ഒറ്റയ്ക്കാണ്. അതങ്ങനെ തന്നെ ആവും എന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ തീര്‍ച്ചപ്പെടുത്തിയതാണല്ലോ. സ്വന്തമായി കൈകാര്യം ചെയ്യാവുന്ന ഒരു ട്രോളി ബാഗ് മാത്രം കയ്യില്‍ ഉണ്ടായിരുന്നത് കൊണ്ടാവാം റെയില്‍ വേ പോര്‍ട്ടര്‍മാര്‍ എന്നെ തീരെ ഗൌനിച്ചതേ ഇല്ല. 'ഭായീ സാബ്' ബഹന്‍ ജീ' എന്നൊക്കെ വിളിച്ച് അവര്‍ കനപ്പെട്ട ഇരകള്‍ക്ക് ചുറ്റും വട്ടം കറങ്ങി. നമ്പള്ളിയില്‍ നിന്നു ഒരു റിക്ഷ പിടിച്ചാല്‍ മുസീ നദീ തീരത്തുള്ള 'ആഷിയാന' എന്ന ഹോട്ടല്‍ അപാര്‍ട്ട് മെന്റില്‍
    എത്താം. ട്രാവല്‍ ഗൈഡിനോട് പ്രത്യേകം പറഞ്ഞു സംഘടിപ്പിച്ചതാണ് 'മുസി' യിലേക്ക് തുറക്കുന്ന ജനാലകള്‍ ഉള്ള അപാര്‍ട്ട് മെന്റ് . സ്വപ്നങ്ങളുടെ ചില്ല മേല്‍ സമീറുമൊരുമിച്ചു കൂടൊരുക്കുമ്പോള്‍ വെറുതെ ഇടാറുള്ള പേരായിരുന്നു 'ആഷിയാന'. യാദൃശ്ചികം ആവാം ഈ കൂടിനും അതേ പേര്.
    ആഷാഡ മാസത്തിലെ നിലാവില്‍ മുസി നിറഞ്ഞൊഴുകുന്നു. വര്‍ഷകാലങ്ങളില്‍ യൌവനം തിരിച്ചു കിട്ടാറുള്ള കല്‍പ്പാത്തി പുഴയെ പോലെ ..മുസീ നദീ തീരത്ത് കുലി ക്വുതുബ് ഷാ പടുത്തുയര്‍ത്തിയ ഔറംഗസേബ് പിടിച്ചടക്കിയ , അനേകം നൈസാമുമാരുടെ രാജ വാഴ്ച കണ്ട , മുത്തുകളുടെയും തടാകങ്ങളുടെയും നഗരം..ഹൈദരാബാദ്!
    സമീര്‍ , ഞാന്‍ വാക്ക് പാലിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം നിന്റെയീ നഗരത്തില്‍ ഞാനുണ്ട്.
    ഹൈദരാബാദ് ഒരു ആശ്ചര്യമായി ഉള്ളിലെവിടെയോ കിടന്നിരുന്നു കുട്ടികാലം മുതല്‍ക്ക് തന്നെ . ആദ്യം ആ പേര് കേട്ടത് മുത്തച്ഛന്റെ കൂട്ടുകാരനായ "ഡെക്കാണ്‍ " ഹംസക്കയില്‍ നിന്നാണ്. ഒരുപാടുകാലം ഈ നഗരത്തിലെ മന്സിലുകളിലെ സുന്ദരികളായ ബേഗമുകള്‍ക്ക് ചിത്രത്തുന്നലുകള്‍ ഉള്ള പട്ടു കുപ്പായങ്ങള്‍ നെയ്തു കൊടുത്ത് അവരുടെ മെയ്യഴക് കൂട്ടിയിട്ടുണ്ടാകണം അദ്ദേഹം.
    പിന്നീട് നാട്ടിലേക്ക് ചേക്കേറിയപ്പോള്‍ ഈ ചിത്ര നഗരിയുടെ ഓര്‍മ്മയ്ക്കാവണം അദ്ദേഹം ഡെക്കാണ്‍  ടെയിലെഴ്സ് എന്ന സ്ഥാപനം തുടങ്ങിയത്. ആസ്ത്മ രോഗികളെ സുഖപ്പെടുത്തുന്ന മന്ത്ര മരുന്ന നിറച്ച ജീവനുള്ള മീനുകളും മീന്‍ വിഴുങ്ങാന്‍ വര്‍ഷാവര്‍ഷം എത്തുന്ന ആയിരക്കണക്കിന് ആസ്ത്മ രോഗികളും അവരുടെ നാട്ടു വര്‍ത്തമാനങ്ങളില്‍ നിറഞ്ഞപ്പോള്‍ ചുമച്ചു തുപ്പുന്ന ഒരു നഗരം ആയിരുന്നു എനിക്കത്.
    ഒരു യാത്രയ്ക്ക് ശേഷം ചേച്ചി കൊണ്ട് തന്ന ഒരു പിടി വെളുത്ത മുത്തു മണികളും പിന്നെയൊരിക്കല്‍ വസീം ഭയ്യ എന്ന് ഞാന്‍ വിളിക്കുന്ന സഹപ്രവര്‍ത്തകന്‍ കൊണ്ട് തന്ന പച്ചക്കല്ല് പതിപ്പിച്ച നെക്ലേസും ഹൈദരാബാദിനെ എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു. കരീം നഗറില്‍ നിന്നും നിസാമാബാദില്‍ നിന്നും സെക്കന്തരാബാദില്‍ നിന്നും പശ്ചിമ ഗോദാവരിയില്‍ നിന്നും കര്‍ണ്ണൂലില്‍ നിന്നുമൊക്കെയായി ഹൈദ്ദരാബാദിനോട് അടുത്തവര്‍ എന്റെ ജീവിതത്തില്‍ വന്നു കൊണ്ടേ ഇരുന്നു. പിന്നീട് അടര്‍ത്തി മാറ്റാന്‍ ആവാത്ത വിധം നീയും സമീര്‍. ...

    മക്കാ മസ്ജിദില് ചിതറി തെറിച്ച മനുഷ്യ മാംസ തുണ്ടുകളും ചോരക്കറകളും കാലം തുടച്ചു മാറ്റിയിരിക്കുന്നു. അല്ലെങ്കിലും മഹാനഗരങ്ങള്ക്ക് മുറിവുണക്കാന്‍ അസാമാന്യ വിരുത് ആണല്ലോ.. സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും അല്പായുസ് മാത്രമുള്ള തണലിടങ്ങള്.. 
    ചാര്മിനാറും പരിസരപ്രദേശങ്ങളും നഗരത്തിന്റെ കുതിപ്പില് അമര്ന്നു കഴിഞ്ഞിരുന്നു. ലിമ്ര ഹോട്ടലിലെ ഇറാനി ചായ കുടിച്ച ശേഷം നഗരത്തിരക്കിലൂടെ ഞാനും. വഴികള് ഏതും എനിക്ക് അപരിചിതം അല്ലല്ലോ.. ലാഡ് ബസാറിലെ കുപ്പി വളക്കടകളില് നിന്നു കൈ നിറയെ കണ്ണാടി ചില്ലുകള് പതിപ്പിച്ച കുപ്പി വളകള് ഇട്ടും ഷാലീ ബണ്ടിലെ പിസ്ത ഹൌസില് നിന്നു ഹലീം കഴിച്ചും പാരമ്പര്യ വൈദ്യന്മാരുടെ ഗലികളിലൂടെ അലഞ്ഞു തിരിഞ്ഞും , എത്രയോ തവണ ഞാന് നിനക്കൊപ്പം സ്വപ്ന സഞ്ചാരം നടത്തിയിരിക്കുന്നു.!ഫലക് നാമ പാലസും മുര്ഗീ ചൌക്കും ബാര്ക്കസും പഹാഡീ ഷരീഫ് ദര്ഗ്ഗയും ഒന്നും എന്നെ വഴി തെറ്റിച്ചതെ ഇല്ല..ഓരോ വഴികളും ഓരോ ഗലികളും എനിക്ക് ഏറെ പരിചിതം..
    ഗോല്ക്കൊണ്ട കിലയില് സഞ്ചാരികള് എത്തി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ..കോട്ടവാതിലിനടുത്ത് നിന്ന് ആളുകള് കൈ കൊട്ടിയും ശബ്ദം ഉണ്ടാക്കിയും പ്രതിധ്വനികള് ഉണ്ടാക്കുന്നുണ്ടായിരുന്നു..ഒരു ചെറു ചിരിയോടെ ഞാന് ഓര്ത്തു. വികൃതിയായ ഒരു കൗമാരക്കാരിയായ പെണ്കുട്ടിയെപ്പോലെ നിന്റെ പേര് ഉറക്കെ വിളിച്ചാലോ?പലയിടങ്ങളില് തട്ടിത്തെറിച്ച് അതു എന്നിലേക്ക് തിരിച്ചു വരുമോ? പടവുകള് കയറി മുകളിലെത്തും തോറും കാറ്റിന്റെ ഹുങ്കാരത്തിനു ശക്തി കൂടുന്നത് പോലെ.. കാറ്റിന് കൊടുക്കാതെ എന്റെ നീളന്‍ ദുപ്പട്ടയെ ഒതുക്കി നിര്‍ത്തല്‍ ശ്രമപ്പെട്ടൊരു പണി തന്നെ !
                     
    രാജവാഴ്ചയുടെയും പ്രതാപത്തിന്റെയും നഷ്ടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ വെറുതെ ഞാന്‍ അലഞ്ഞു.. കല്ലേപ്പിളര്‍ക്കുന്ന കല്പനകളും ചക്രവര്‍ത്തിയുടെയും ബേഗത്തിന്റെയും രാസക്രീഡകളും അടിയാളത്തി പെണ്ണുങ്ങളുടെ വില പറയാത്ത മാനത്തിന്റെ അടക്കിപ്പിടിച്ച തേങ്ങലുകളും മദ ഗജങ്ങളുടെ ചിന്നം വിളിയും കുതിരച്ചാണകത്തിന്റെയും പഠാന്‍മാരുടെ ചൂരും ഒക്കെ ഈ കാറ്റില്‍ അലിഞ്ഞിട്ടുണ്ടാകണം..
    സമീര്‍ , നീ പറഞ്ഞിരുന്ന ചുമര്‍ എവിടെയാണ്? വളരെ ചെറിയ ശബ്ദത്തില്‍ സംസാരിച്ചാല്‍ പോലും ചുമരിന്റെ മറ്റൊരിടത്ത്‌ നില്‍ക്കുന്ന ആള്‍ക്ക്‌ കേള്‍ക്കാം എന്നു പറഞ്ഞത്? ഞാന്‍ അവിടെ ചെവി ചേര്‍ത്തു വെയ്ക്കട്ടെ... 
    ആഭരണ വിഭൂഷിതരായ ഒരു കൂട്ടം പെണ്ണുങ്ങള്‍  തലയില്‍ കലശമേന്തി മഞ്ഞള്‍ നീരാടി എന്നെ കടന്നു  പോയിഅവരെ അനുഗമിച്ചു കൊണ്ട് വാദ്യ ഘോഷങ്ങളുമായി അവരുടെ ആണുങ്ങളും. ബോനലുവാണല്ലോ അത്. യെല്ലമ്മ ദേവിക്കുള്ള ഉപചാരവും ആയിട്ടാണ് അവര്‍ കോട്ടയില്‍ നിന്ന് പുറപ്പെടുന്നത് എന്ന് നീ എപ്പോഴോ പറഞ്ഞിരുന്നുവല്ലോ .
    കോട്ടയുടെ മുകളില്‍ നിന്ന് എനിക്ക്‌ ഹൈദരാബദ്‌ നഗരം കാണാം.. ചാര്‍ മിനാര്‍ കാണാം.. പൗരാണികത ബാക്കി നില്‍ക്കുന്ന നഗരത്തില്‍ വൈദ്യുത വിളക്കുകള്‍ തെളിഞ്ഞു തുടങ്ങി..കോട്ടയും ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ഷോയ്ക്കുള്ള ഒരുക്കത്തില്‍ ആണെന്ന് തോന്നുന്നു. സഞ്ചാരികളുടെ ബഹളത്തിലും മിനാരങ്ങളിലും കൊത്തളങ്ങളിലും സുഖമായ പകലുറക്കം കഴിഞ്ഞ വാവലുകളും നിശാ ജീവിതത്തിലേക്ക് പറക്കാന്‍ തുടങ്ങി..
    നെക്ലേസ് റോഡ്‌ രാത്രിയില്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. ഹുസൈന്‍ സാഗര്‍ തടാകത്തിനു നടുവിലുള്ള ശാന്ത സ്വരൂപിയായ ബുദ്ധന്‍ വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്നു.. ശ്രീ ബുദ്ധന്റെ ജന്മസ്ഥലം ആയ ലുംബിനി ഭക്തി നിര്‍ഭരം ആവുമ്പോള്‍ ഹൈദരാബാദിലെ ലുംബിനി അനുരാഗ നിര്‍ഭരമാണ്.. ഭക്തിയുടെയും അനുരാഗത്തിന്റെയും ലയന ഭാവം.. തടാകത്തിലെ ബോട്ട് സവാരിയിലും ലുംബിനി പാര്‍ക്കിലും ഒക്കെ യായി ഒരുപാട് പ്രണയികള്‍ . ബോട്ട് യാത്ര ഞാന്‍ വേണ്ടെന്നു വെച്ചു... അന്ന് രാവില്‍ ആഷിയാനയിലെ   ജനാലക്കരികില്‍ ഇരുന്നപ്പോള്‍ വിഷാദ മധുരമായ ശബ്ദത്തില്‍ എവിടെ നിന്നോ  ഒഴുകിയെത്തിയ  ഗസല്‍ എന്നെ വലയം ചെയ്തു...മുസിയില്‍ നിന്നെത്തിയ ഇളം കാറ്റിനൊപ്പം  മെഹ്ദി ഹസന്റെ ശബ്ദം സമീറിന്റെ ശബ്ദത്തിലെക്ക് പ്രയാണം ചെയ്തു.. ഉറക്കത്തെ കാത്തു കൊണ്ട് കണ്ണുകള്‍ ഞാന്‍ ചിമ്മിയടച്ചു..
    സിന്ദഗി മേഇന്‍ തോ സഭി പ്യാര്‍ കിയ കര്തെ ഹൈന്‍ ...
    മെയിന്‍ തോ മര്‍ കെ ഭി മേരി ജാന്‍ തുജെ ചാഹൂംഗാ...
    .തു മില ഹേ തോ എഹ്സാസ് ഹുവാ ഹേ മുജ്കോ.....
    യെ മേരി ഉമ്ര് മോഹബ്ബത് കെ ലിയെ ഥോഡീ ഹേ..

  • (LIMRA Hotel : LIMRA is Short form of La Ilahaillallaha Muhammadu RasoolullA)
ജാലകം