Sunday, November 22, 2009

മധുരം നഷ്ടമായ ഒരു ഓര്‍മ്മ...

വീണുകിട്ടിയ ഒരു ഒഴിവുദിവസം ഉറങ്ങിത്തീർക്കുകയായിരുന്നു.. "ചേച്ചീ.. ചേച്ചീ.. ആരൂല്ലേ?" എന്നുള്ള വിളികേട്ടാണ്‌ ഉണർന്നത്‌. 'ഈ ഉറക്കം നശിപ്പിക്കാൻ വന്നതാരാണ്‌? "കുടുംബശ്രീ"ക്കാരെ കൊണ്ട്‌ തോറ്റു' എന്നൊക്കെ പിറുപിറുത്താണ്‌ വാതിൽ തുറന്നത്‌..

"ഹാ, ആരിത്‌? 'മുതിര'യോ? നീയിതെന്താ.. പണിക്കൊക്കെ പൂവാൻ തൊടങ്ങിയോ?"

"ഇക്കുട്ടിന്റെ ഒരു കാര്യം.." അവൾ വലിയ കണ്ണുകൾ വിടർത്തി ചിരിച്ചു..

അവളുടെ പേരു് 'മധുര' എന്നാണ്‌. എല്ലാവരും അവളെ 'മതുര' എന്നാണ്‌ വിളിക്കുക.. ഞാൻ 'മുതിര' എന്നവളെ വിളിക്കും. അവൾക്കെന്നെക്കാൾ മൂപ്പുണ്ടെങ്കിലും എന്റെ ആ വിളിയിൽ അവൾക്കും പരിഭവമില്ലായിരുന്നു..

അമ്മയുടെ തറവാടിന്റെ പുറകിലായിരുന്നു അവളുടെ വീട്‌; അവളുടേതല്ല, അവളെ കല്ല്യാണം കഴിച്ചു കൊണ്ടുവന്ന വീട്‌.. മധുരയ്ക്ക്‌ കറുപ്പുനിറമായിരുന്നു, പക്ഷെ അവളുടെ വലിയ കണ്ണുകൾക്ക്‌ നല്ല ഭംഗിയായിരുന്നു; നെറ്റിയിൽ വലുതായിടുന്ന ചുവന്ന പൊട്ടിനും..

കുഞ്ചിയമ്മയുടെ മകനായ ചെല്ലൻ ആണ്‌ അവളുടെ ഭർത്താവ്‌. ചെല്ലന്‌ ഒരു കാലിന്‌ സ്വാധീനക്കുറവുണ്ട്‌.. എപ്പോഴും അസംതൃപ്തവും അസ്വസ്ഥവുമായ ഒരു ഭാവമാണ്‌ അയാളുടെ മുഖത്ത്‌.. നെറ്റിയിൽ ചുളിവ്‌ വീഴ്ത്തിയിരിക്കുന്ന രണ്ടുവരകൾ ആ ഭാവത്തെ എടുത്ത്‌ കാണിക്കും..

മധുരയാവട്ടെ ദിവസം മുഴുവൻ വീട്ടുജോലികളിൽ വ്യാപൃതയായിരിക്കും.. പതുക്കെ പതുക്കെ അവളുടെ ചിരി മാഞ്ഞുതുടങ്ങി. അതിന്റെ കാരണം എന്താണെന്നെനിക്കറിയില്ല. ഒഴിവുദിവസങ്ങളിൽ അമ്മയെ കാണാനുള്ള പാച്ചിലിൽ ആണ്‌ അവളെ കാണാറുള്ളത്‌. പൈപ്പിൽ നിന്ന് വെള്ളം കൊണ്ടുപോവുകയോ ഒരുകുന്ന് തുണിയലക്കി പുഴയിൽ നിന്ന് വരികയോ വിറകുകെട്ട്‌ ചുമന്നുകൊണ്ട്‌ പോവുകയോ ഒക്കെയാവും അവൾ.. എന്റെ സ്കൂട്ടി അവളുടെ അരികിൽ ചേർത്തുനിർത്തി പേടിപ്പിക്കുമായിരുന്നു ഞാൻ എപ്പോളും. "ഇന്റെ കുട്ടിക്കളി ഇനീം മാറീല്ല ല്ലേ.." എന്നവൾ പരിഭവിക്കുന്നത്‌ കാണാൻ നല്ല രസമാണ്‌.

ഇപ്പോഴിതാ അവൾ വാതിൽക്കൽ നിൽക്കുന്നു.. "മോളേ, ത്തിരി വെള്ളം തായോ.." എന്നു പറഞ്ഞ്‌ കയ്യിലുണ്ടായിരുന്ന പിനോയിൽ സഞ്ചി താഴെവച്ച്‌ അവൾ ഉമ്മറപ്പടിയിലിരുന്നു. വെള്ളം കൊണ്ടുവന്ന് കൊടുത്തശേഷം, അവളുടെ വീർത്തുവരുന്ന വയർ നോക്കി ഞാൻ ചോദിച്ചു.. "നീയെന്തിനാ ഈ വയ്യാത്ത സമയത്ത്‌ ഇതൊക്കെ തൂക്കിപ്പിടിച്ച്‌ വെയിലത്ത്‌ നടക്കുന്നത്‌?"

"ചെല്ലണ്ണന്‌ വയ്യ.. സെന്ററിങ്ങ്‌ പണീന്റെ എടേൽ ബിൽഡിങ്ങിന്റെ മോളീന്ന് വീണു..അമ്മക്കും വയ്യ, വല്ല്യ പാടാണ്‌. ഇണ്ടായിരുന്ന പൊന്നും പൊടീമൊക്കെ വിക്കൂം പണയം വെക്കൂം ഒക്കെ ചെയ്തു.."

ശരിയാണ്‌, അവളുടെ കഴുത്തിൽ, ഒരു കറുത്ത ചരടിൽ താലി കോർത്തിട്ടിരിക്കുന്നു.. മൂക്കിലുണ്ടായിരുന്ന വെള്ളക്കൽ മൂക്കുത്തിയുടെ സ്ഥാനത്ത്‌ ഒരു ദ്വാരം മാത്രം അവശേഷിച്ചിരിക്കുന്നു. അവൾക്കുവേണ്ടി റോസ്‌ നിറത്തിലുള്ള പിനോയിൽ ഞാൻ മേടിച്ചു. തീയുരുകി വെയിലായി വീഴുന്ന പാലക്കാടൻ നട്ടുച്ചയിലേക്കവൾ വീണ്ടുമിറങ്ങി; രണ്ടുകയ്യിലും പിന്നെ വയറ്റിലും ഭാരവുമായി..

പിന്നെയും ഒന്നുരണ്ടുതവണ അവൾ വന്നു.. സ്വതേ ഒരൽപ്പം മഞ്ഞ നിറമുള്ള അവളുടെ കണ്ണുകൾ കൂടുതൽ മഞ്ഞച്ചു കാണപ്പെട്ടു. പിന്നെ കുറേ നാളുകൾ അവളെ കണ്ടതേയില്ല; തിരക്കുകൾക്കിടയിൽ ഞാനും മറന്നു.

പിന്നെയൊരുനാൾ അമ്മയെ കാണാൻ പോയപ്പോൾ ഞാൻ ചോദിച്ചു, "അമ്മാ, മധുരയിപ്പോൾ എവിടെ? അവളെ കണ്ടിട്ട്‌ കുറെയായി.. അവൾ പ്രസവിച്ചോ?"

"അപ്പോ നീ അറിഞ്ഞില്ലേ? ആ പെണ്ണു് ചത്തു, പ്രസവത്തിൽ.. കുറെ കഷ്ടപ്പെട്ടു; സഞ്ചീം തൂക്കിപ്പിടിച്ചുള്ള അലച്ചിലും വൈന്നേരം അവന്റെ ഇടീം ചവിട്ടും.. അത്‌ പോയി.. കുട്ടീണ്ട്‌, അതിനെ ഓൾടെ വീട്ടാര്‌ കൊണ്ട്പോയി.."

അന്ന് ഞാൻ ഏറെ ദു:ഖിതയായിരുന്നു...