Sunday, November 11, 2018

നാടില്ലാത്തവർക്ക് ..പല കാലങ്ങളിൽ പല നാടായവർക്ക് ..

നാടില്ലാത്തവർക്ക് ..പല കാലങ്ങളിൽ പല നാടായവർക്ക് .

ഒരു  വേനലിന്റെ ഓർമ്മയായിരിക്കണം അത്. അല്ലെങ്കിൽ ചെമ്മണ്ണ് പറക്കുന്ന ഒരു വഴിയുടെ.
അങ്ങനെ പോകുമ്പോൾ ഓർമ്മയുടെ അറ്റത്ത്  ഇപ്പോഴും തങ്ങി  നിൽക്കുന്ന ഒരു വീടിൻറെ ...
മുൻവശം നിറയെ കടമുറികളുള്ള ഒരു വീട്. ആ വീടിന് പലതരം നിഗൂഢമായ വാതിലുകൾ ഉണ്ടെന്നാണ് കുട്ടിക്കാലം തോന്നിച്ചത്.
ഇന്നും ആ വീടുണ്ട് . അനവധി സ്വത്ത് തർക്കങ്ങളിൽപ്പെട്ട് ജീർണ്ണാവസ്ഥയിൽ ആരുടൊക്കെയോ നിശ്വാസങ്ങൾ ജനിച്ചു മരിച്ചൊരിടമായി , ഒരു ജീർണ്ണസ്ഥലിയായി ആ വീട് നിൽക്കുന്നു. ഒരുപക്ഷേ നാട് തുടങ്ങുന്നത് അവിടുന്നായിരിക്കും.  മുൻവശത്ത് കടമുറികളിൽ ഒന്നിൽ ആ വീടിന്റെ ഉടമയുടെ ചിത്രം തൂക്കിയിട്ടിരുന്നു. ഉമ്മർ സാഹിബ് എന്ന് പിന്നീട് ആരൊക്കെയാലോ പറഞ്ഞു കേട്ടിരുന്ന എന്റെ വലിയുപ്പ . ഞാൻകണ്ടിട്ടില്ല.   പഴകി  മഞ്ഞച്ച ഏതോ ഒരാൽബത്തിലാണ് വലിയുമ്മയുടെ ചിത്രം കണ്ടിട്ടുള്ളത് .
പക്ഷെ , അതാണെന്റെ വീട്.
എന്റെ എന്നത് വെറുതെ   ഓർമ്മയ്ക്ക് വേണ്ടിയുള്ള ഒരാവകാശമാണ്. ശരീഅത്ത് നിയമം അനുസരിച്ചുള്ള അവകാശമല്ല .  പെണ്ണുങ്ങൾക്ക് പൊതുവിൽ അവകാശക്കുറവും കയ്യൂക്കുള്ളവർ  സ്വത്തവകാശത്തതിനായി അനേകമനേകം വ്യവഹാരങ്ങൾ നടത്തുകയും ചെയ്തിരുന്ന  വീടാണത് .
അനേകം ഉൾവേവുകളുടെ ഗന്ധമായിരുന്നു ആ വീടിന് .ഒരേ വീട്ടിലെ  പലയകങ്ങളിലെ പലതരം ഉൾ വേവുകളുടെ ഗന്ധം .


musaafir hun yaaron,
na ghar hai na thhikaana
Mujhe chalate jaana hai,
bas chalate jaana
(വീണ്ടും നാടെന്ന് ഓർക്കുമ്പോൾ )
ജാലകം