Wednesday, April 12, 2023

കെയ്‌ക്കോ ഫുകുഡ : ആയോധന കലയിലെ പെൺ മുറ



അടവുകൾ പഠിച്ച പെണ്ണിന് , അഭിനന്ദനം ആയിട്ടായാലും പരിഹാസമായിട്ടായാലും ഒരൊറ്റ പേരെ ഉള്ളൂ നമ്മുടെ നാട്ടിൽ . " ഓ ! അവളൊരു ഉണ്ണിയാർച്ച ! " 

ജപ്പാനിൽ നിന്ന് അങ്ങനൊരു ഉണ്ണിയാർച്ച ഉണ്ട് .കെയ്‌ക്കോ ഫുകുഡ ( Keiko Fukuda ).സമൂഹം തീർത്ത  നടപ്പു വഴികളിൽ നിന്ന് മാറി സ്വന്തമായ വഴി വെട്ടിയവർ മാത്രമേ ഏത് നാട്ടിലായാലും ചരിത്രം തീർത്തിട്ടുള്ളൂ . കെയ്‌ക്കോയുടെ ജീവിതവും മറ്റേതൊരു പെണ്ണിന്റെയും ജീവിതം പോലെ എളുപ്പത്തിൽ ഉണ്ടാക്കി എടുത്തതല്ല. 

കുടുംബം ഉണ്ടാക്കുക , അമ്മയാവുക എന്ന വ്യവസ്ഥാപിത പെൺ ജീവ്ത്തതിന്റെ തിരഞ്ഞെടുപ്പ് മാത്രമായിരുന്നു കെയ്‌കോയുടെ മുന്നിലും ഉണ്ടായിരുന്നത്. എന്നാൽ കെയ്‌ക്കോ തിരഞ്ഞെടുത്തതാവട്ടെ ആൺകോയ്മ മാത്രം നിലനിൽക്കുന്ന ജൂഡോ എന്ന ആയോധന കലയുടെ പരിശീലനമാണ് . 

പലപ്പോഴും ആകസ്മികമായിട്ടായിരിക്കും ജീവിതത്തിൽ ചില തിരഞ്ഞെടുപ്പുകൾ ഉണ്ടാവുക .1934 ൽ  തന്റെ 21 വയസിലാണ് ജപ്പാൻ ആയോധന കലയായ ജൂഡോയുടെ കൊഡോക്കൻ ശൈലിയിലുള്ള പരിശീലത്തിന്റെ ഒരു പരിപാടിയിൽ സന്നിഹിതയാവുന്നത്.  ജപ്പാന്റെ പരമ്പരാഗത ആയോധനമുറയായ Jujutsu വിൽ നിന്നാണ് ജൂഡോ പിറവിയെടുക്കുന്നത്.അതിൽ തന്നെ കൊഡോക്കൻ ചിട്ട സ്ഥാപിക്കുന്നത് കാനോ ജിഗാരോ സിഹാൻ (  Kano Jigoro Shihan ) ആണ് . അവിടെ വെച്ചാണ് കെയ്‌ക്കോ മനസ്സിലാക്കുന്നത് കാനോ ജിഗാരോ സിഹാന്റെ പരിശീലകനും അധ്യാപകനും തന്റെ മുത്തച്ഛൻ ആയ സമുറായ് ഹച്ചിനോസുകെ ഫുകുഡ   (Hachinosuke Fukuda) ആണെന്നത്. ആ പരിചയമാണ് കെയ്‌ക്കോ ഫുകുഡയുടെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളുടെ ഗതി മാറ്റുന്നത്. പെൺകുട്ടികൾക്കായി തുടങ്ങുന്ന പുതിയ പരിശീലനക്കളരിയിലേക്ക് കെയ്‌ക്കോയെ  ഗുരു കാനോ സ്വാഗതം ചെയ്തു. 

ആയോധന കല ജപ്പാൻകാരുടെ ജീവിതരീതി ആണെന്ന് പറയുമ്പോൾ തന്നെ വ്യക്തമായ പെണ്ണതിരുകൾ തീർത്ത ഇടം തന്നെ ആയിരുന്നു അതും. പരമ്പരാഗത ജാപ്പനീസ് പുഷ്പാലങ്കാരമായ ഇക്കെബാനയോ ആചാരപ്രകാരമുള്ള ചായ സൽക്കാരമായ ചാനോയുവോ  (chanoyu) ഒക്കെ ആണ് പരമ്പരാഗതമായി ജാപ്പനീസ് പെൺകുട്ടികൾ പഠിക്കേണ്ടത്. എന്നാൽ ആയോധനച്ചിട്ടയുടെ ആ ആൺ  ലോകത്തിലേക്കാണ് ഇക്കെബാനയ്ക്കും ചനോയുവിനും പുറത്തുള്ള   പെണ്മുറയുമായി കെയ്‌ക്കോ കടന്നു ചെല്ലുന്നത്. 

ജപ്പാനിലെ ആയോധന കലകളിൽ അഗ്രഗണ്യ രായ യുദ്ധതന്ത്രങ്ങൾ വശമുള്ള പോരാളികളുടെ വംശമായ ടോക്കിയോവിലെ സമുറായ് ധനിക  കുടുംബത്തിലാണ് 1913 , ഏപ്രിൽ 12 ന്  കെയ്‌ക്കോ ജനിച്ചത് . എന്നിട്ട് പോലും   കെയ്‌കോയുടെ അമ്മാവൻ , ലോകത്തിലെ മറ്റേതൊരു അമ്മാവനെയും പോലെ ഇത് പെണ്ണുങ്ങൾക്ക് പറ്റിയ ഇടമല്ലെന്നു മുരണ്ടു. എന്നാൽ കെയ്‌ക്കോക്ക് അമ്മയുടെയും  സഹോദരന്റെയും പിന്തുണ നേടാനായി. ജൂഡോയുടെ തതാമി  ( കളരിത്തറ പോലെ ഗുസ്‌തിയിലെ അഖാഡ പോലെ ജൂഡോ പരിശീലിക്കുന്ന ഇടമാണ് തതാമി) യിൽ വെച്ച് കൊയ്‌ക്കോ അവളുടെ ജീവിത പങ്കാളിയെ കണ്ടെത്തിയേക്കുമെന്നുള്ള പ്രതീക്ഷ കൂടി ഉണ്ടായിരുന്നു അവരുടെ പിന്തുണയ്ക്ക് പിന്നിൽ.  

ഒരു സ്ത്രീയ്ക്ക് നേരിടാവുന്ന എല്ലാ വെല്ലുവിളികളും കെയ്‌ക്കോയെയും കാത്തിരുന്നിരുന്നു . പരമ്പരാഗത സാംസ്കാരിക മൂല്യങ്ങളെയും ശാരീരിക പരിമിതികളെയും മറികടക്കേണ്ടത് ഉണ്ടായിരുന്നു. കാൽ കവച്ചു വെക്കേണ്ടി വരുന്ന പെണ്ണ് എല്ലായിടത്തും മൂല്യങ്ങൾക്ക് പുറത്താണല്ലോ. കെയ്‌ക്കോ ആണെങ്കിൽ വെറും നാല്പത്തി അഞ്ചു കിലോയും 147 സെന്റി മീറ്റർ ഉയരവുമുള്ള ചെറിയ മനുഷ്യനുമാണ്!  ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അവസാനത്തിൽ കെയ്‌ക്കോ , ജൂഡോയുടെ കൊഡോക്കൻ ചിട്ടയിലെ വിദഗ്‌ദ പരിശീലകയായി മാറി . ഔദ്യോഗികമായ ഏഴ് കൊഡോക്കൻചിട്ടയിലെ ജൂ നോ കത  ( Ju-no-kata ) (കത - ചുവട് ) യിൽ പ്രാവീണ്യം നേടിയ ചുരുക്കം പരിശീലകരിൽ ഒരാളുമായി. 

അക്കാലത്താണ് കെയ്‌ക്കോ മറ്റൊരു സുപ്രധാന തീരുമാനം എടുക്കുന്നത്. വിവാഹം കഴിക്കുന്നില്ല എന്നതായിരുന്നു അത് . വിവാഹവും ഭാവി ഭർത്താവും മറ്റേതൊരു കുടുംബത്തിലേയും എന്ന പോലെ കെയ്‌കോയുടെ ജീവിതത്തിനും അഭിലാഷങ്ങൾക്കും പ്രയത്നങ്ങൾക്കും  മുകളിൽ  വരാവുന്ന അധികാരം ആയേക്കാമെന്ന് കെയ്‌ക്കോ ഭയപ്പെട്ടു. 

കെയ്‌ക്കൊവിന്റെ ഗുരു സെൻസെയ്‌ കാനോ ജൂഡോ പരിശീലത്തിലെ വരും തലമുറ സ്ത്രീകളുടെ കാര്യത്തിൽ ദീർഘദർശി ആയിരുന്നു . ജൂഡോയിൽ പ്രാവീണ്യമുള്ള വരും തലമുറ സ്ത്രീകളെ അദ്ദേഹം സ്വപ്നം കണ്ടു എന്നാൽ 1940 പന്ത്രണ്ടാം ഒളിപിക്‌സിന് ജപ്പാൻ ആതിഥേയമരുളാനുള്ള ചർച്ചകൾ പുരോഗമിക്കെ , ഒരു കപ്പലപകടത്തിൽ സെൻസെയ് കാനോ ജിഗാരോ സിഹാൻ മരണമടഞ്ഞു . അദ്ദേഹത്തിന്റെ അകാല മരണത്തെ തുടർന്ന് വീണ്ടും  സ്ത്രീകൾ ആയോധനകലകൾ പഠിക്കുന്നതിൽ സമൂഹത്തിൽ നിലനിന്നിരുന്ന ആണധികാരങ്ങളിൽ തളയ്ക്കപ്പെട്ടു . സ്ത്രീകളുടെ പരിശീലങ്ങൾക്ക് വളരെ ചുരുങ്ങിയ ഇടം മാത്രമാണ് നൽകപ്പെട്ടത്. അതിനിടയ്ക്ക് രണ്ടാം ലോക മഹായുദ്ധവും പൊട്ടിപ്പുറപ്പെട്ടു. ലഭ്യമായ പരിമിതമായ സാഹചര്യങ്ങളിൽ അപ്പോളും കെയ്‌ക്കോ ജൂഡോ അദ്ധ്യാപനം തുടർന്നു. ജൂഡോയുടെ പ്രശസ്തി വിദേശ രാജ്യങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ഗുരുവുന്റെ സ്വപ്നം അപ്പോഴും കെയ്‌ക്കോയെ വിട്ടൊഴിഞ്ഞിരുന്നില്ല .

1953 ൽ അമേരിക്ക സന്ദർശിച്ച കെയ്‌ക്കോ ജൂഡോയുടെ പരിശീലന-പ്രചാരണാർഥം രണ്ട് വർഷം അവിടെ തങ്ങി. പിന്നീട് ന്യൂസീലൻഡ് , ഫിലിപ്പൈൻസ് , കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും പരിശീലന പരിപാടികളുമായി യാത്രകൾ നടത്തി. 1964  ലെ ടോക്കിയോ ഒളിമ്പിക്സ് ഉൽഘാടന ചടങ്ങിലേക്ക് കെയ്‌ക്കോ ക്ഷണിക്കപ്പെട്ടു.  സഹ പരിശീലകയായ  സെൻപെയ്‌ മസാക്കോ നോരിറ്റോമിയ്ക്ക് ( senpai Masako Noritomi) ഒപ്പം  ടോക്കിയോ ഒളിമ്പിക്സിൽ ജൂഡോയുടെ അടവുകൾ പ്രദർശിപ്പിച്ചു . ലോകത്തിന് മുൻപിൽ ജൂഡോയ്ക്ക് വൻ പ്രചാരം നേടിക്കൊടുത്തത് ടോക്കിയോ ഒളിംപിക്സ് ആണ് . എന്നിട്ടും  1992 ലെ ബാർസിലോണ ഒളിമ്പിക്സ് വരെ കാത്തിരിക്കേണ്ടി വന്നു  ജൂഡോയിൽ  സ്ത്രീ പ്രാതിനിധ്യം ഉണ്ടാവാൻ .

കെയ്‌കോയുടെ കാര്യത്തിൽ ആവട്ടെ , ലോകത്തിലെ തന്നെ ചുരുക്കം അടവറിഞ്ഞ ജൂഡോ പരിശീലക ആയിട്ടും  ജപ്പാനിൽ ജീവിച്ച 1953 വരെയുള്ള കാലത്ത്  5 th ഡാൻ റാങ്കിങ് വരെയേ എത്താൻ സാധിച്ചിട്ടുള്ളൂ .എന്നാൽ  കെയ്‌ക്കോയുടെ ഇളമുറയിൽ പഠിച്ച് വന്ന പുരുഷ ആയോധന കലാകാരന്മാർ ആകട്ടെ എത്രയോ നേരത്തെ തന്നെ കെയ്‌ക്കോയെക്കാൾ ഉയർന്ന ഡാൻ പദവികളാൽ ആദരിക്കപ്പെടുകയും ചെയ്തു .അടുത്ത ഇരുപത് വർഷത്തേയ്ക്ക് കെയ്‌ക്കോക്ക്  പുതിയ അടുത്ത റാങ്കിങ് നൽകിയതുമില്ല . കെയ്‌കോയുടെ തന്നെ ശിഷ്യ ആയ ഷെല്ലി ഫെർണാണ്ടസ് അക്കാലത്ത് സാൻ ഫ്രാൻസിസ്‌കോ നാഷണൽ  ഓർഗനൈസേഷൻ ഓഫ് വിമൻ ന്റെ പ്രസിഡന്റ് ആവുകയും അവർ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കെയ്‌ക്കോക്ക് 1960 ൽ അടുത്ത റാങ്കിങ് ആയ ഡാൻ 6 നൽകപ്പെടും ചെയ്തു .അക്കാലത്ത് ഡാൻ 6 ലഭിക്കുന്ന ലോകത്തിലെ ഏക സ്ത്രീ ആയിരുന്നു കെയ്‌ക്കോ.  അടുത്ത മുപ്പത് കൊല്ലത്തിൽ കെയ്‌ക്കോ ഉയർന്ന ഡാൻ റാങ്കുകളിലേക്ക് വരികയും ഉയർന്ന പദവിയായ ഷിഹാൻ പട്ടം നേടുകയും ചെയ്തു. 

1990 ൽ ജപ്പാൻ ചക്രവർത്തി ആയ അകിഹിതോ Japan’s living national treasure ബഹുമതി നൽകിക്കൊണ്ട് കെയ്‌ക്കോ ഫുകുഡയ്ക്ക് രാജ്യത്തിൻറെ ആദരം അർപ്പിച്ചു. 2011 ൽ കെയ്‌കോയുടെ 98 ആമത് വയസ്സിലാണ് US Judo Federation കെയ്‌ക്കോയ്ക്ക് പത്താമത് ഡാൻ റാങ്കിങ് നൽകിയത് . ലോകത്തിൽ ഇന്നേ വരെ ആ പദവി നേടുന്ന ഏക സ്ത്രീ ആയി കെയ്‌ക്കോ ഫുകുഡ. തൊണ്ണൂറ്റി ഒൻപതാമത്തെ വയസ്സിൽ 2013 ൽ  സ്വന്തം ജീവിതം തന്നെ ആയോധന കലയ്ക്ക് സമർപ്പിച്ച ആ ജൂഡോ പെൺ ഇതിഹാസം ലോകത്തോട് വിട പറഞ്ഞു . "ധൈര്യവതി ആയിരിക്കുക , ദയവുള്ളവളായി ഇരിക്കുക മനോഹരി ആയി ഇരിക്കുക" എന്ന സന്ദേശം വരും കാല പെൺ തലമുറയ്ക്ക് ബാക്കി വെച്ച് കൊണ്ട് ! 


Prepared by Adv. Regina MK


Keiko Fukuda (Fukuda Keiko, April 12, 1913 – February 9, 2013)

Born Day April 12th

#women

#day4

#april12

#Inspiringwomenseries

#30daysproject

#ecriturefeminine

#marialarts

#martialaertswomen


No comments:

Post a Comment

www.anaan.noor@gmail.com

ജാലകം