Tuesday, April 18, 2023

എസ്തർ അഫുവ ഒക്‌ലൂ : മെയ്‌ഡ്‌ ഇൻ ഘാന



2017 ലെ ഏപ്രിൽ പതിനെട്ടിന് ഗൂഗിളിന്റെ ഡൂഡിൽ ആദരം എസ്തർ അഫുവ ഒക്‌ലൂ എന്ന ഘാന വനിതയ്ക്ക് ആയിരുന്നു. എസ്തറിന് തൊണ്ണൂറ്റി ഏഴ് വയസ്സ് തികയുന്ന ദിവസമായിരുന്നു അന്ന്.

 കൊല്ലപ്പണിക്കാരനായ ജോർജ്ജ് എൻകുലേനിന്റെയും മൺപാത്രനിർമ്മാണക്കാരിയായ ജോർജ്ജിയയുടെയും മകളായിട്ടാണ് പഴയ ഗോള്‍ഡ്‌ കോസ്റ്റില്‍  എസ്തർ ജനിക്കുന്നത്. വളരെ ദരിദ്രമായ ചുറ്റുപാടിലായിരുന്നു എസ്തറിന്റെ കുട്ടിക്കാലം. പഠനത്തിൽ മിടുക്കിയായിരുന്ന എസ്തറിന് സ്കോളർഷിപ്പോടു കൂടി ആച്ചിമോറ്റ  (Achimota School) ബോർഡിങ് സ്‌കൂളിലേക്ക് പ്രവേശനം ലഭിച്ചു . എങ്കിലും സാഹചര്യം മോശമായതിനാൽ വാരാന്ത്യത്തിൽ വീട്ടിൽ പോയി ഭക്ഷണ സാധനങ്ങൾ കൊണ്ട് വന്ന് തനിയെ പാചകം ചെയ്ത് കഴിച്ച് ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു എസ്തർ. അക്കാലത്താണ് ഒരു  ബന്ധു കൈച്ചിലവുകൾക്കായി 10 ഘാന ഷില്ലിംഗ് എസ്തറിന് നൽകുന്നത്.  ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ ഒരു അമേരിക്കൻ ഡോളറിന് താഴെ മാത്രം നിൽക്കുന്ന ആ പൈസ കൊണ്ട് എസ്തർ വാങ്ങിച്ചത്   പഞ്ചസാരയും ഓറഞ്ചുകളും കുറച്ച് ചില്ലുഭരണികളും ആയിരുന്നു!

 

ഗൂഗിളിന്റെ ഡൂഡിൽ ആദരം

"ആ പത്ത് ഷില്ലിങ്ങുകൾ രണ്ട് പൗണ്ട് ആക്കാമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പഴക്കട്ടി ( marmalade -ജാം പോലൊന്ന് ) ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ആണ് ഞാൻ വാങ്ങിച്ചത്" എന്ന് എസ്തർ പിന്നീടൊരു ഇന്റർവ്യൂവിൽ ഓർമ്മിക്കുന്നുണ്ട്. തെരുവിലേക്കിറങ്ങി  നിന്ന്  ഉറക്കെ വിളിച്ച് പറഞ്ഞ് വില്പന ആരംഭിച്ച എസ്തറിനെത്തന്നെ ഞെട്ടിച്ച് കൊണ്ട് ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ ജാം കുപ്പികളും വിറ്റു പോയി. ആ പത്തു ഷില്ലിംഗും തെരുവിൽ നിന്ന് കിട്ടിയ ആത്മവിശ്വാസവുമാണ് പിന്നീട് എൻകുലേനു (Nkulenu ) എന്ന മെയ്‌ഡ്‌ ഇൻ ഘാന സംരംഭകയുടെ മൂല ധനമാകുന്നത്.

 അക്കാലത്ത് സെക്കണ്ടറി വിദ്യാഭ്യാസം നേടാനാവുന്ന ഒരാൾക്ക്  വൈറ്റ് കോളർ ജോലികൾ  എളുപ്പത്തിൽ കണ്ടെത്തി  ജീവിതനിലവാരം ഉയർത്താൻ പറ്റുമായിരുന്നു . അപ്പോഴാണ് സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി കേംബ്രിഡ്ജ് സ്‌കൂള്‍ സർട്ടിഫിക്കറ്റ് ഉള്ള ഒരു പെണ്ണ്  തെരുവുകളിൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു നടന്നു  ജാം വിൽപ്പന നടത്തുന്നത്. അതിന്  എസ്തറിനെ കൂട്ടുകാർ കുറച്ചൊന്നുമല്ല കളിയാക്കിയത്. എന്നാൽ എസ്തറിന് പൂർവ വിദ്യാലയമായ ആച്ചിമോറ്റ സ്‌കൂളിന് എസ്തറിന്റെ കഴിവിൽ അവിശ്വാസമൊന്നും ഉണ്ടായിരുന്നില്ല . സ്‌കൂളിലേക്ക്   ആഴ്ചയിൽ രണ്ടു തവണ marmalade എത്തിച്ചു കൊടുക്കാനുള്ള കച്ചവടം എസ്തറിന് കിട്ടി . അതിനിടയ്ക്ക് തന്നെ റോയൽ വെസ്റ്റ് ആഫ്രിക്കൻ സേനയുമായും ഒരു കച്ചവടക്കരാറിൽ ഒപ്പ് വെയ്ക്കുകയും ചെയ്തു . ആ കരാറിനെ തുടർന്ന് കൂടുതൽ അളവിൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനായി വായ്പാസഹായത്തോടെ  കച്ചവടം വിപുലീകരിച്ചു . അതാണ് എസ്തർ അഫുവ 1942 ൽ സ്ഥാപിച്ച  ഘാനയിലെ ആദ്യ ഭക്ഷ്യ സംസ്കരണ വ്യവസായമായ Nkulenu Industries.


 പിന്നീട് എസ്തർ ഇംഗ്ളണ്ടിൽ നിന്ന് ഫുഡ് ടെക്‌നോളജി , സംസ്കരണം , പോഷകസമ്പന്നത എന്നീ മേഖലകളിൽ  ഉപരിപഠനം നടത്തി. തിരികെ ഘാനയിൽ എത്തിയ എസ്തർ സ്വന്തം ബിസിനസ് വിപുലീകരണത്തിൽ മാത്രമല്ല ശ്രദ്ധ കൊടുത്തത് , ചുറ്റുമുള്ള മനുഷ്യരിലേക്ക് കൂടിയാണ്. സാമ്പത്തികമായും സാമൂഹികമായും താഴെ നിൽക്കുന്ന സ്ത്രീകളെ സഹായിക്കുന്നതിനും അവരെ തൊഴിലിന് പ്രാപ്തരാക്കുന്നതിനുമുള്ള പല സംരംഭങ്ങളും എസ്തർ തുടങ്ങി. സംരംഭക സഹായങ്ങളും പുതിയ തൊഴിൽ മേഖലകളും അവർക്ക് പരിചയപ്പെടുത്തി.അതിനുള്ള പ്രാരംഭ പ്രവർത്തങ്ങൾക്കായുള്ള NGO തുടങ്ങി.

  സാമൂഹ്യ -സാംസ്‌കാരിക -സാമ്പത്തിക രംഗങ്ങളിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാവുകയും ആ ഇടങ്ങളിൽ സ്ത്രീകളുടേത് കൂടി ആവുക എന്നത് എസ്തറിന്റെ സ്വപ്നമായി. അതിൽ നിന്നാണ് സ്ത്രീകൾക്ക് സംരംഭക സഹായകമായി ചെറു തുകകൾ വായ്പ കൊടുക്കാനുള്ള പദ്ധതികൾ തുടങ്ങിയത് . പത്ത് ഷില്ലിംഗിന്റെ സഹായം തന്നെ എവിടെ എത്തിച്ചു എന്ന് അറിയാവുന്ന എസ്തർ സാമ്പത്തികപ്രശ്നം കൊണ്ട് സ്ത്രീകൾ ബിസിനസ്സിൽ തോറ്റ് പോകരുതെന്ന ഉദ്ദേശത്തോടെ വിമെൻ വേൾഡ് ബാങ്കിങ് ( Women's World Banking )  1976 ൽ സ്ഥാപിച്ചു .ഏകദേശം ഇതേ കാലഘട്ടത്തിലാണ് സാമ്പത്തിക വിദഗ്ധനായ മുഹമ്മദ്  യൂനസ് ബംഗ്ലാദേശിൽ വലിയ തുക വായ്പ എടുക്കാൻ സാഹചര്യമില്ലാത്ത ദരിദ്രർക്ക് ലഘു വായ്പാ വിതരണത്തിനുള്ള ജനതാ ബാങ്ക് സംരംഭവുമായി ഗ്രാമീണരുടെ ഇടയിൽ പ്രവർത്തിക്കുന്നത് . അതേ പ്രവർത്തനങ്ങൾ പിന്നീട് അദ്ദേഹത്തെ നോബൽ സമ്മാനത്തിലേക്ക് എത്തിച്ചു . ഇങ്ങ് കേരളത്തിൽ ഇന്ന് അനേകം സ്ത്രീകളുടെ തൊഴിൽ സംരംഭമായ  കുടുംബശ്രീയുടെ പൂർവ്വ മാതൃക എന്ന് വേണമെങ്കിലും എസ്തറിന്റെ പരിശ്രമങ്ങളെ അടയാളപ്പെടുത്താം.

 2019 ൽ എസ്തറിന്റെ നൂറാം ജന്മ വാർഷിക സ്മരണയിൽ , അസോസിയേഷൻ ഓഫ് ഘാന ഇൻഡസ്ട്രീസിന്റെ (AGI ) സി ഇ ഓ Seth Twum Akwaboa ആദ്യ AGI പ്രസിഡന്റ് എസ്തർ അഫുവ ഒക്‌ലൂ ആണെന്ന് ഓർമ്മിക്കുകയുണ്ടായി. എസ്തർ പ്രസിഡൻറ് ആയിരുന്ന കാലത്താണ് ഘാന സംരംഭകർക്ക് അവരുടെ  ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള   ആദ്യ മെയ്‌ഡ്‌ ഇൻ ഘാന എക്സിബിഷനുള്ള അവസരം ഒരുങ്ങിയത്.

 എസ്തർ സ്വന്തം ആളുകൾക്ക് നൽകിയ സ്നേഹം രാജ്യം ഒരിക്കലും മറന്നില്ല . ആൺലോകത്ത് നിന്ന് കൊണ്ട് പെൺ അവകാശങ്ങൾക്ക് വേണ്ടി അവർ പ്രയത്നിച്ചു. സമ്പത്തിന്റെയും ജീവിത വിജയത്തിന്റെയും ഔന്നത്യത്തിൽ നിൽക്കുമ്പോഴും എസ്തർ ഘാനയിലെ  ഗ്രാമീണ സ്ത്രീകൾക്ക് സംരഭകരായി വളരാനുള്ള വഴി വെട്ടിക്കൊടുത്തു . മെക്സിക്കോയിൽ നടന്ന ആദ്യ ലോക വനിതാ സമ്മേളത്തിനത്തിൽ (First World Women Conference) ഉപദേശകയായിരുന്നത് എസ്തർ അഫുവ ഒക്‌ലൂ ആയിരുന്നു. ആ സമ്മേളനത്തിൽ എസ്തർ സംസാരിച്ചതും സ്ത്രീകൾക്ക് നൽകാവുന്ന ലഘു വായ്പാ സംരംഭങ്ങളെകുറിച്ചായിരുന്നു. ആ സംവാദം Women’s World Banking ലേക്ക് എത്തുകയും ഇന്ന് ലോകത്താകമാനം 25  മില്യണിൽ അധികം സ്ത്രീ സംരംഭകർ ഉണ്ടാവുകയും ചെയ്തു.

 1990African Prize of Leadership , 2001 ൽ  African Entrepreneurship Award തുടങ്ങി നിരവധി ബഹുമതികൾ എസ്തറിന്റെ നിസ്വാർത്ഥ ജീവിതത്തെ തേടിയെത്തി. 2002 ഫെബ്രുവരി എട്ടിന് , എൺപത്തി രണ്ടാമത്തെ വയസ്സിൽ പിടിപെട്ട ഒരു ന്യൂമോണിയയെ അതി ജീവിക്കാനാവാതെ എസ്തർ അഫുവ ഒക്‌ലൂ മരിച്ചപ്പോൾ രാജ്യം പൂർണ്ണ ബഹുമതികളോടെയാണ് അവർക്ക് വിട നൽകിയത്. 

 

Prepared by Adv. Regina MK

 

Esther Afua Ocloo (born Esther Afua Nkulenu, 18 April 1919 - 8 February 2002)

Born Day April 18th

#women

#day9

#april18

#Inspiringwomenseries

#30daysproject

#ecriturefeminine

#Entrepreneur

#Africa

#coluredwomen 


No comments:

Post a Comment

www.anaan.noor@gmail.com

ജാലകം