Monday, April 10, 2023

ഫ്രാൻസെസ് പെർക്കെൻസ് : തൊഴിൽ നിയമങ്ങളിലെ പെൺ പേര്


 അമേരിക്കയിൽ തൊഴിൽ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റ ആദ്യ വനിതയാണ് ഫ്രാൻസെസ് പെർക്കെൻസ് . ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ് പ്രസിഡണ്ട് ആയിരുന്ന 1933 മുതൽ  1945 വരെയുള്ള കാലഘട്ടത്തിൽ ആയിരുന്നു അത് . 

ഫാക്ടറി നിയമങ്ങളും തൊഴിൽ നിയമങ്ങളും ശൈശവ ദശയിലായിരുന്ന കാലത്ത് വ്യാവസായിക സുരക്ഷയെപ്പറ്റിയും തൊഴിൽ അവകാശങ്ങളെപ്പറ്റിയും സംസാരിച്ചു തുടങ്ങിയ സ്ത്രീയായിരുന്നു ഫ്രാൻസെസ് . 

 1911 ലെ മാർച്ച് 25 നെ ഫ്രാൻസെസ് വിശേഷിപ്പിക്കുന്നത്  “The day the New Deal was born" എന്നാണ് . അന്നത്തെ വൈകുന്നേരം  സുഹൃത്തുക്കളോടൊപ്പം ന്യൂയോർക്കിലെ വാഷിംഗ്‌ടൺ സ്‌ക്വയറിൽ ചിലവഴിക്കുമ്പോഴാണ് അഗ്നി ശമന വിഭാഗത്തിന്റെ സൈറൺ കേൾക്കുന്നുണ്ടായിരുന്നത് . അന്ന് നാല്പത്തി ഏഴു തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് ഫ്രാൻസെസ് പെർകെൻസ് സാക്ഷിയായി .അതിലധികവും ചെറുപ്പക്കാരികളായ സ്ത്രീകൾ ആയിരുന്നു . രക്ഷപ്പെടാനുള്ള ശ്രമത്തിനിടയ്ക്ക് എട്ടാമത്തെയും ഒന്പതാമത്തെയും നിലയിൽ നിന്ന് ചാടിയപ്പോൾ താഴെ തെരുവിൽ വീണ് മരണം സംഭവിച്ചതായിരുന്നു അവർക്ക് . പത്താമത്തെ നിലയിലേക്ക് തീ പടർന്നതിനെ തുടർന്ന് 146 തൊഴിലാളികളും മരിച്ചു . 

ഈ സംഭവത്തിന് ശേഷം തിയോഡർ റൂസ്‌വെൽറ്റിന്റെ നിർദ്ദേശപ്രകാരം ഫാക്ടറി തീപിടുത്തം അനേഷിക്കുന്നതിനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള  ഒരു പൗര സമിതി രൂപീകരിക്കുകയും അതിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ആയി ചുമതല ഏൽക്കുകയും ചെയ്തു . ഈ സമിതിയുടെ ആദ്യ നടപടി ഫാക്ടറി തൊഴിൽ സാഹചര്യങ്ങളുടെ അന്വേഷണത്തിനായി ഒരു സ്റ്റേറ്റ് കമ്മീഷനെ നിയോഗിക്കുകയും അതിനുള്ള നിയമ നിർമ്മാണങ്ങൾ നടത്തുകയും ചെയ്യുക എന്നതായിരുന്നു .  വ്യവസായിക സുരക്ഷ കാര്യങ്ങളിലും  തൊഴിലാളികളുടെ അവകാശങ്ങളിലും പ്രവർത്തന പരിചയമുള്ള   പെർക്കിൻസിന്റെ ഇടപെടലുകൾ ആ രംഗത്ത്  വലിയ മാറ്റങ്ങൾ വരുത്തി . 

കമ്മീഷന്റെ പ്രവർത്തന ഫലമായി രാജ്യത്ത് തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കായി നിയമ നിർമ്മാണങ്ങൾ നടന്നു . ഈ നിയമങ്ങൾ രാജ്യത്തിൻറെ  ഫെഡറൽ സംവിധാനത്തിലെ മറ്റു സ്റ്റേറ്റുകൾക്കും മാതൃകയായി . 



ഫ്രാൻസെസ് പെർക്കിന്റെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു പ്രധാന ഏട് കുടിയേറ്റ -അഭയാർത്ഥി പ്രശ്നങ്ങളിൽ സമീപിച്ച അലിവുള്ള നയമാണ്. പൊതു വികാരത്തിന് എതിരായിട്ടും നാസി ഭീകരതയിൽ നിന്ന് രക്ഷപ്പെട്ടു വരുന്ന ജർമ്മൻ അഭയാര്ഥികളോട് ഉദാരപരമായ സമീപനം സ്വീകരിക്കാൻ ഭരണകൂടത്തെ സ്വാധീനിക്കാൻ തക്ക കെൽപ്പ് ഫ്രാൻസെസ് പെർക്കിൻസിന് ഉണ്ടായിരുന്നു .

1945 ൽ ഡിപ്പാർട്മെന്റ് ഓഡിറ്റോറിയത്തിൽ മുഴുവൻ ബഹുമതിയോടെയും രാജ്യം ഒരുക്കിയ വിരമിക്കൽ ചടങ്ങിൽ എല്ലാ ജീവനക്കാരോടും വ്യക്തി പരമായി നന്ദി അറിയിച്ചു . റൂസ്‌വെൽറ്റിന്റെ ജീവചരിത്രമായ The Roosevelt I Knew യുടെ രചനയിലേക്കും പിന്നീട് അധ്യാപനത്തിലേക്കും തിരിഞ്ഞ ഫ്രാൻസെസ്  പെർക്കെൻസ് അടയാളപ്പെടുന്നത്   തൊഴിലിടങ്ങളിലെ സുരക്ഷയും സ്ത്രീകൾക്ക് ആഴ്ചയിൽ 48 മണിക്കൂർ തൊഴിൽ സമയവും നിശ്‌ചയിച്ച് നൽകപ്പെട്ട , ലോകം മുഴുവൻ പിന്നീട് പല തരം സമരങ്ങളിലൂടെ നേടിയെടുക്കേണ്ടി വന്ന തൊഴിൽ നിയമങ്ങളുടെ  വഴിയൊരുക്കിയ വ്യക്തി ആയിട്ടായിരിക്കും . പ്രത്യേകിച്ചും ഫാക്ടറികളിലെ തൊഴിലാളികൾ  ഭൂരിപക്ഷവും ആണുങ്ങൾ ആയിരിക്കുമ്പോൾ അവരുടെ തൊഴിൽ  സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയത്  ഒരു സ്ത്രീ ആണെന്നത് മറക്കരുതാത്ത ചരിത്രമാണ്. 

സ്വപ്രയത്നത്താൽ ഒരു ജീവിതം എങ്ങനെ കെട്ടിപ്പടുക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെ ആയിരിക്കും ഫ്രാൻസെസ് പെർക്കിൻസ്. അത് കൊണ്ട് തന്നെയാണ് ന്യൂ ഇംഗ്ളണ്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടിക്ക് അമേരിക്കയിലെ തൊഴിലവകാശങ്ങളുടെയും തൊഴിലിട സുരക്ഷയുടെയും ഏറ്റവും ശക്തവും ഉറച്ചതുമായ ശബ്ദമാകാൻ കഴിഞ്ഞത്.  

Frances Perkins

(10 April 1880 – 14 May 1965)

Born Day April 10th

#women

#Inspiringwomenseries

#30daysproject

#Day2

#ecriturefeminine


Posted by Adv Regina MK

No comments:

Post a Comment

www.anaan.noor@gmail.com

ജാലകം