Friday, July 5, 2013

Miles to go Before I Sleep....


ചെറിയ കുട്ടിയായിരുന്നപ്പോൾ ജാതിപരമായി നേരിടേണ്ടി വന്ന ഏറ്റവും നിഷ്കളങ്കമായ ചോദ്യം ‘നീ എന്താ പൊട്ട് വെയ്ക്കാത്തത്‌ എന്നായിരുന്നു. മുസ്ലീം എന്തു കൊണ്ട് പൊട്ട് വെയ്ക്കാൻ പാടില്ല എന്ന് അറിയില്ലായിരുന്നു. “പാടില്ല ” എന്ന് പാടിപ്പതിഞ്ഞ ഉത്തരം ഞാൻ എന്റെ കൂട്ടുകാർക്ക് കൊടുത്തു. എന്നിട്ട് ആരും കാണാതെ അവർ തരുന്ന പൊട്ടുകൾ വെച്ച് നോക്കി എനിക്ക് ചേരുന്നുണ്ടോ എന്നു ചോദിച്ചു. നെറ്റിയോട് നെറ്റി ചേർത്ത് ഒട്ടിച്ച് തരാറുള്ള ചാന്ത് ചിലപ്പോൾ മായ്ക്കാൻ മറന്ന് വീട്ടിൽ പോകും. കർശന നിലപാടുകൾ ഒന്നുമില്ലെങ്കിലും “അത് നമുക്ക് പാടില്ല, മുഖം കഴുകി വരൂ” എന്ന ശാസനത്തുമ്പിൽ പൊട്ട് അലിഞ്ഞില്ലാതെയായി.

കുറച്ച് കൂടെ വലുതായി തട്ടമിടാൻ തുടങ്ങിയപ്പോൾ കൂട്ടുകാരിൽ നിന്ന് നേരിട്ട ചോദ്യം മുസ്ലീമിൽ നിങ്ങളേതാ ജാതി സുന്നിയോ മുജാഹിദോ എന്നതായിരുന്നു. ചങ്ങാതീ ഇസ്ലാമിൽ ജാതി വ്യവസ്ഥ ഇല്ലെന്നും സമത്വവും ഏകത്വവും മാത്രമാണ്‌ അതിന്റെ അസ്ഥിത്വം എന്നും ഒക്കെ എന്റെ ചെറിയ അറിവുകൾ ഞാൻ അവരിലേക്കും പകർന്നു. എന്നിട്ടും കൂട്ടുകാരിൽ അവിശ്വാസം തെളിഞ്ഞു നിന്നു.എങ്ങിനെ അവിശ്വാസം ഇല്ലാതിരിക്കും..? നോട്ടീസ് യുദ്ധങ്ങളും മൈക്ക് യുദ്ധങ്ങളുംകൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ കൈക്കൊള്ളൂന്ന പുരോഗമനാശയ സംഘടനകളും, കുറച്ച് കൂടെ പരമ്പര്യ വാദങ്ങൾ ഉള്ള സംഘടനകളും ഞങ്ങളുടെ ആരോഗ്യപരമായ സംവാദങ്ങളിൽ പലപ്പോഴും കടന്നു വന്നു.
മുസ്ലീം സ്ത്രീകളുടെ സാമൂഹ്യ ജീവിതത്തിലെയും വിദ്യാഭ്യാസത്തിലെയും വലിയ മുന്നേറ്റങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന, സമൂഹത്തിലെ വിപത്തുകളായ സ്ത്രീധനത്തിനും മറ്റുമൊക്കെ എതിരേ യുദ്ധം പ്രഖ്യാപിച്ച മുജാഹിദ് ആദർശങ്ങളോട് താദാത്മ്യം പ്രാപിച്ചപ്പോൾ ഞാൻ കരുതി ഞാൻ സുന്നി അല്ല മുജാഹിദ് ആണെന്ന്.

പിന്നെയും ലോകമെന്റെ മുന്നിൽ വിശാലമായി. അറബി നാട്ടിൽ കൂടെ ജോലി ചെയ്യുന്ന അറബ് കൂട്ടുകാരികൾ ചില സൌഹൃദ ഭാഷണങ്ങൾക്കിടയ്ക്ക് ചോദിച്ചു. നീ സുന്നി ആണോ ഷിയാ ആണോ? അതിനു മുൻപ് ഇറാഖിലും പാകിസ്ഥാനിലുമൊക്കെ കേട്ടിട്ടുള്ള സംഘട്ടന വാർത്തകളിലെ ഒരു പദം മാത്രം ആയിരുന്നു ഷിയ എനിക്ക്. ഞാൻ വീണ്ടും എന്നെ തിരുത്തി. ഞാൻ സുന്നി തന്നെ ആയിരിക്കും. പ്രവാചക ഗുരു ജീവിതത്തിൽ പകർത്തെണ്ടുന്ന കാര്യങ്ങൾ സ്വന്തം ജീവിതം തന്നെ ഉദാഹരണമാക്കി കാണിച്ച് തന മഹാ മനീഷി ആണല്ലൊ. (സുന്നത് )അതു പിൻ പറ്റുന്നവർ (അതിനു ശ്രമിക്കുന്നവർ) ആണല്ലോ സുന്നികൾ ..അപ്പോൾ ഞാൻ സുന്നി തന്നെ. ഞാൻ ഉറപ്പിച്ചു.

പിന്നെ ഷിയാ എന്തെന്നായി എന്റെ അന്വേഷണം. പലരിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെ വിവരം ശേഖരിച്ചു. പ്രവാചക കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്നവർ ആണ്‌ ഷിയാക്കൾ. അവർ ഖുലഫാ ഉർ റാഷിദുനിലെ (Rightly Guided Caliphs)ആദ്യ മൂന്നു ഖലീഫമാരെ അവർ മാനിക്കുന്നില്ല(അബൂ ബക്കർ, ഉമർ , ഉത്മാൻ).മറിച്ച് പ്രവാചകനു ശേഷം മരുമകനയ അലിയിൽ ആണ്‌ അവർ നേതൃത്വം കാണുന്നത്.
ബദർ ഉഹദ് യുദ്ധങ്ങൾക്ക് ശേഷം കർബലയിൽ നടന്ന രക്തവിപ്ലവത്തെ അവർ നെഞ്ചോട് ചേർക്കുന്നു...പ്രവാചക പുത്രിയെയും പൗത്രന്മാരെയും അതിരറ്റ് സ്നേഹിക്കുന്നു. ചാന്ദ്രമാസങ്ങളിലെ മുഹറത്തിൽ യുദ്ധാനുസ്മറണ നടത്തുകയും ’മാതം‘ എന്ന പ്രതീകാത്മകമായ ദുഖാചരണം നടത്തുകയും ചെയ്യുന്നു.!

അവിടെയും നില്ക്കുന്നില്ല സംശയം. ഷിയാ വിഭാഗത്തിലും അനേകം വിഭാഗങ്ങൾ.ഇസ്മായിലി വിഭാഗവും ഇന്ത്യയിലെ ബൊഹ്ര വിഭാഗവും അവയിൽ ചിലത് മാത്രം.

തൗഹീദ് അഥവാ ഏകദൈവ സന്ദേശവും മനുഷ്യന്‌ വർഗ്ഗ വർണ്ണ വിവേചനം ഇല്ലെന്നും പഠിപ്പിക്കുന്ന സുന്ദരമായ ആശയങ്ങൾ ഉള്ള ഇസ്ലാമിൽ ഇത്ര അധികം വിഭാഗങ്ങളോ?! സംശയങ്ങൾ തീരുന്നില്ല. അന്വേഷണങ്ങളും.!

തന്നെ എല്ലാദിവസവും അധിക്ഷേപങ്ങളാലും മാലിന്യങ്ങളാലും ഉപദ്രവിച്ച സ്ത്രീയെ പല ദിവസം കാണാതെ ആയപ്പോൾ അവരുടെ സുഖ വിവരം അന്വേഷിച്ച് പോയ, ക്ഷമ ആയുധമാക്കിയ , പ്രവാചക ഗുരുവിന്റെ അനുയായികളെ എവീടെയാണ്‌ കാണാനാവുക? കീഴൊതുങ്ങി ജീവിക്കുന്ന ,അയല്പക്കത്തെ വിശപ്പിനുത്തരം നല്കുന്ന, ക്ഷമ കവചമാക്കിയ അന്യനെ ഭർത്സിക്കാത്ത പ്രവാചകാനുയായികളെ എവിടെയാണ്‌ കാണാനാവുക? യഥാർത്ഥ മനുഷ്യനിലേക്കും മാനവികതയിലേക്കും നീളുന്ന പാതകളിൽ എവിടെ വച്ചെങ്കിലും ആർദ്ര മാനസമുള്ള മനുഷ്യരെ കണ്ടെത്തും എന്ന വിശ്വാസത്തോടെ , ഏവർക്കും നന്മയുടെ വ്രത ദിനങ്ങൾ നേരുന്നു.

Smiling in your brother’s face is an act of charity.
So is enjoining good and forbidding evil,
giving directions to the lost traveller,
aiding the blind and
removing obstacles from the path.

(Graded authentic by Ibn Hajar and al-Albani: Hidaayat-ur-Ruwaah, 2/293)”
― Muhammad (PBUH)
 —

21 comments:

 1. ആധികാരികമായി അറിയില്ലെങ്കിലും ഒരു കാര്യം മനസ്സിലായി....ഈ രണ്ടു വര്‍ഷത്തെ സൗദി ജീവിതത്തില്‍ നിന്നും....

  സുന്നി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഷിയാ വിഭാഗത്തില്‍ പെട്ടവരെ കണ്ണെടുത്താല്‍ കണ്ടു കൂടാ....

  തിരിച്ചും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു!!!!


  --------------------------------------

  ഈ വിഷയത്തില്‍ ഇതിലും മികച്ച ഒരു ലേഖനം ഞാന്‍ വായിച്ചിട്ടില്ല..... നന്ദി

  ReplyDelete
 2. തന്റെ സമുദായം എഴുപതിൽ പരം (എണ്ണമറ്റ ) സംഘങ്ങളായി വേർപിരിയും എന്നും അതിൽ എന്നെ പിൻപറ്റുന്നവർ മാത്രമാണ് യഥാർത്ഥ വിജയികൾ എന്നും പ്രവാചകൻ തന്നെ പറഞ്ഞിട്ടുണ്ട്. ആ സത്യം നാൾക്കു നാൾ പുലർന്നു കൊണ്ടിരിക്കുന്നു.

  സുന്നി, ജമാഅത്ത്, മുജാഹിദ് ഇങ്ങിനെ ഒക്കെ മാറി മാറി നോക്കി ഇപ്പൊ എനിക്കൊരു കാര്യം ബോധ്യമായി, നല്ലൊരു മുസ്ലിമാവാൻ ഇതൊന്നും ആവശ്യം ഇല്ലെന്നു. നല്ലത് മാത്രം തിരഞ്ഞെടുത്തു ജീവിതത്തിൽ പകർത്തി ജീവിക്കുക. നല്ല ലേഖനം. പ്രസക്തമായ ചിന്ത.

  ReplyDelete
 3. എന്‍റെ സ്കൂള്‍ കാലഘട്ടതില്‍ ഇത്തരം തരം തിരിവുകള്‍ അപൂര്‍വമായേ കേട്ടിട്ടുള്ളൂ.ഇപ്പോള്‍ ജാതിയും മതവും വിഭാഗീയതയും തട്ടിതടഞ്ഞു നടക്കാന്‍ കഴിയാതെയായി.കാലം
  പുരോഗമിക്കുകയല്ല,അധപതിക്കുകയാണ്.ഈ കാലഘട്ടത്തില്‍ അനിവാര്യമായ രചന.

  ReplyDelete
 4. അരുത് ,പാടില്ല ,വേണ്ട .....തുടങ്ങി പലതിനും അതിരുകള്‍.'എല്ലാം അനുസരികേണ്ടി മാത്രം വരേണ്ടിവരുന്നു. സഹികേണ്ടി വരുന്നു.

  http://kaathi-njan.blogspot.com/2013/06/blog-post_27.html

  ReplyDelete
 5. അന്വോഷിച്ചുനടന്ന ചില വിവരങ്ങള്‍ കിട്ടി.നന്ദി.

  ഒരു സമുദായത്തില്‍ പെട്ടവര്‍ എന്തെങ്കിലും കുഴപ്പം സൃഷ്ടിക്കുമ്പോള്‍ പറയുന്നത് കേള്‍ക്കാം..അവര്‍ യഥാര്‍ത്ഥ ഹിന്ദുവല്ല..യഥാര്‍ത്ഥ മുസ്ലിമല്ല ...യഥാര്‍ത്ഥ ക്രിസ്ത്യാനി അല്ല...എന്നിങ്ങനെ.പക്ഷെ ഒരിക്കലും ഈ യഥാര്‍ത്ഥ സാധനങ്ങളെ കാണാന്‍ കിട്ടാറില്ല എന്നതാണ് സത്യം.

  ReplyDelete
 6. ഒരു ജീവിത ചര്യ ആണ് പ്രവാചകഗുരു ലോകത്തിനു സമർപ്പിച്ച് പോയത്. ഇസ്ലാം എന്ന ജീവിത ചര്യ. സൌകര്യത്തിനു നാം അതിനെ മതം എന്ന പേരിട്ടു വിളിക്കുന്നു . അറബിയിൽ ഹജ്ജത്തുൽ വിദാ എന്നാ പേരില് അറിയപ്പെടുന്ന വിട വാങ്ങൽ ഹജ്ജ് പ്രസംഗത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചതും അത് തന്നെ ..ഇന്നോട് കൂടി ഇസ്ലാം പൂർണ്ണമായിരിക്കുന്നു. ഇനി ഇതിൽ കൂട്ടിച്ചെർക്കലു കളോ വെട്ടിച്ചുരുക്കലുകളൊ ഉണ്ടാവില്ല എന്നായിരുന്നു ആ അവസാന പ്രസംഗത്തിന്റെ രത്ന ചുരുക്കം. (അൽ -യൗമ അക്മൽതു ലകും ദീന കും വ അത്മംതു 'അലൈക്കും നീ -മതി വരലീതു ലകുമുൽ ഇസ്ലാമ ദീന..)...അതിനാൽ ഇസ്ലാം എന്ന ജീവിത ചര്യ ഒന്നേ ഉള്ളൂ.. മനസ്സിലാവുന്തോറും അതിൽ വിശ്വ മാനവികത തന്നെ ആണ് കാണാൻ ആവുനന്ത്.

  നന്ദി ..വായിച്ചു പോയവര്ക്കും നൽ വാക്കുകൾക്കും ...നന്മ പുലരട്ടെ.കാരുണ്യവും ..എഴുത്തിലോ വാക്കിലോ മാത്രം അല്ല... മനസ്സിലും...

  ReplyDelete
 7. ഇസ്ലാം എന്ന ജീവിത ചര്യ. സൌകര്യത്തിനു നാം അതിനെ മതം എന്ന പേരിട്ടു വിളിക്കുന്നു . അറബിയിൽ ഹജ്ജത്തുൽ വിദാ എന്നാ പേരില് അറിയപ്പെടുന്ന വിട വാങ്ങൽ ഹജ്ജ് പ്രസംഗത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചതും അത് തന്നെ ..ഇന്നോട് കൂടി ഇസ്ലാം പൂർണ്ണമായിരിക്കുന്നു. ഇനി ഇതിൽ കൂട്ടിച്ചെർക്കലു കളോ വെട്ടിച്ചുരുക്കലുകളൊ ഉണ്ടാവില്ല എന്നായിരുന്നു ആ അവസാന പ്രസംഗത്തിന്റെ രത്ന ചുരുക്കം. (അൽ -യൗമ അക്മൽതു ലകും ദീന കും വ അത്മംതു 'അലൈക്കും നീ -മതി വരലീതു ലകുമുൽ ഇസ്ലാമ ദീന..)...അതിനാൽ ഇസ്ലാം എന്ന ജീവിത ചര്യ ഒന്നേ ഉള്ളൂ.. മനസ്സിലാവുന്തോറും അതിൽ വിശ്വ മാനവികത തന്നെ ആണ് കാണാൻ ആവുനന്ത്.

  ReplyDelete
 8. വായിച്ചു.
  പാരമ്പര്യമായി കിട്ടിയ ഒരു മതത്തിന്‍റെ ലേബല്‍ ഉണ്ടെന്നതൊഴിച്ചാല്‍, മതങ്ങളോട് പ്രത്യേകിച്ച് ഒരാഭിമുഖ്യവും ഇല്ലാത്തതിനാല്‍ ഒരഭിപ്രായം എഴുതുന്നത്‌ അനുചിതമല്ല എന്ന് തോനുന്നു.

  ഭാവുകങ്ങള്‍.

  സസ്നേഹം,

  ReplyDelete
 9. ഇസ്ലാമില്‍ പല വിഭാഗം ഇല്ല പക്ഷെ നിരഭാഗ്യവശാല്‍ സുന്നി, മുജാഹിദ് ,ഷിയാ ആഹ്മദിയ എന്നിങ്ങനെ പല വിഭാഗങ്ങള്‍ ഇന്ന് നില നിലനില്‍കുന്നു അല്ലാഹുവിലും മുത്ത്‌ നബിയുടെ സുന്നത്തിലും പൂര്‍ണമായും വിശ്വാസം അര്‍പ്പിക്കുന്നവര സുന്നികള്‍ .ആശയപരമായി ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും മുജാഹിധുകളും സുന്നികള്‍ തന്നെ പക്ഷെ ഷിയാ മുസ്ലീങ്ങളെ ഇന്നും ഗള്‍ഫ്‌ രാജ്യത്തിലെ മുസ്ലീങ്ങള്‍ മുസ്ലീം ആയി കരുതാന്‍ തയാരാകുനില്ല കാരണം അവര്‍ ആശയപരമായ പ്രവര്തനപരമായും ഒരുപാട് വിത്യാസം പുലര്‍ത്തുന്നു ആഹ്മധിയ മുസ്ലീം ലോകം ഒരികലും അംഗീകരികാത്ത ഒരു വിഭാഗം ആണ് കാരണം ഇസ്ലാമില്‍ മുഹമ്മദു നബിയോട്(സ:ആ ) കൂടെ നബി പരമ്പര വസാനിച്ചു ഇനി ഒരു പ്രവാചകന്‍ ലോകത്ത് വരാനില്ല എന്ന് ഖുരാനിലൂടെ പഠിപ്പിച്ചു പക്ഷെ ആഹ്മധിയ വിഭാഗം അതില്‍ നിന്നും വിഭിന്നമായി പ്രവാചക പരമ്പര അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞു അഹ്മധ് എന്നാ ആത്മീയ നേതാവിനെ അവര്‍ മുഹമ്മദു നബിയോട്(സ:ആ ) ശേഷം അവതരിച്ചു എന്ന് വിശ്വസിക്കുന്നു അതിനാല്‍ ഇസ്ലാമിക ലോകം അവരെ അന്ഗീകരികുനില്ല .ഇസ്ലാമിന്റെ പി തുടര്‍ച്ച സുന്നിസത്തില്‍ തന്നെ ആണ് അള്ളാഹു നമ്മള്‍ എല്ലാര്‍ക്കും യെതാര്‍ത്ത മുസ്ലീം ആയി ജീവിക്കാന്‍ അനുഗ്രഹം നല്‍കട്ടെ എന്നും പ്രാര്തികുന്നു .

  ReplyDelete
 10. എന്തൊരു കഷ്ടമാണിത്...?.ജാതി തിരിച്ചുള്ള അടി പിടി കൂടാതെ ജാതിക്കുളിലും...?
  :( :(

  ReplyDelete
 11. ബ്ലോഗ്‌ നന്നായിരിക്കുന്നു.
  ''അല്ലല്ലെന്തു കഥയിതു കഷ്ടമേ
  അല്ലലാലങ്ങ് ജാതി......''

  ReplyDelete
 12. മനുഷ്യറോന്ന് എന്ന് ആര് പറഞ്ഞാലും അംഗീകരിക്കാം. രണ്ട് എന്ന് ആര് പറഞ്ഞാലും തള്ളിക്കളയാം. നല്ല ചിന്തകള്‍

  ReplyDelete
 13. ദേവൂട്ടിയുടെ ആശംസകള്‍ !!!!!!!

  ReplyDelete
 14. നല്ല ചിന്തകൾക്കെന്റെ നമസ്കാരം..........

  ReplyDelete
 15. വായിച്ചു..വളരെ നല്ല ചിന്തകള്‍

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. ചിന്ത ഒകെ .....
  പക്ഷെ അതൊക്കെ തന്നെ അല്ലേ ,മറ്റു മതങ്ങളും പറയുന്നത് ?????
  എനിക്കു തോന്നുന്നത് നീരീശ്വരവാദികളും ഇതൊക്കെതന്നെയാണ് പറയുന്നത് ,ഒരു പ്രത്യേക മതത്തിന്‍റെ Label ല്‍ ഇതു പറയേണ്ട ആവശ്യമുണ്ടോ ?????????
  " മനുഷ്യനാണ് , മതങ്ങളല്ല ....മതങ്ങളല്ല ........."

  ReplyDelete
 18. ഈ വിഷയത്തില്‍ ഇതിലും മികച്ച ഒരു ലേഖനം ഞാന്‍ വായിച്ചിട്ടില്ല..... നന്ദി

  ആശംസകൾ ...
  വീണ്ടും വരാം ....
  സസ്നേഹം ,
  ആഷിക് തിരൂർ

  ReplyDelete

www.anaan.noor@gmail.com