Sunday, February 21, 2010

പഴയൊരോണം..

ഇത്‌ ഇന്നിന്റെ ബാല്യമല്ല..ഇച്ഛാനുസൃതം റെഡിമെയ്ഡുകള്‍ കിട്ടൂന്ന കാലത്തിനു മുന്‍പേ..

മുറ്റത്തെ പൂക്കളത്തിന്‌ തമിഴന്റെ പൊള്ളുന്ന വിലയുള്ള പൂക്കളെ ആശ്രയിക്കേണ്ടീ വരുന്നതിനും മുന്‍പെ...


ഓണസദ്യ ചാനല്‍ വിരുന്നുകള്‍ക്ക്‌ വഴി മാറുന്നതിന്‌ മുന്‍പേ ഉള്ള ഒരാറു വയസ്സുകാരിയുടെ ഓണനിനവുകള്‍..
ആറും നാലും ഒന്നരയും വയസ്സുള്ള എന്റെ മക്കള്‍ക്ക്‌ സമര്‍പ്പണം.പഴയൊരോണം..രാവിലെ മുതല്‍ ഗേറ്റില്‍ കാത്ത്‌ നില്‍ക്കുകയാണ്‌ ദേവൂട്ടി. കണ്ണൊന്ന് തെറ്റിയാല്‍ തുന്നക്കാരന്‍ വാസേവേട്ടന്‍ പോകും. രാത്രി മഴ പെയ്തത്‌ കൊണ്ട്‌, ഗേറ്റിന്റെ കമ്പിയില്‍ കുറേ വെള്ളത്തുള്ളികള്‍ ഉണ്ട്‌., അത്‌ ഓരോന്നായി ഉള്ളം കയ്യില്‍ എടുക്കുകയാണ്‌ അവള്‍. വെള്ളത്തുള്ളികള്‍ക്ക്‌ നനഞ്ഞ ഇരുമ്പിന്റെ മണം. ഇടക്കിടെ വാസേവേട്ടനെയും നോക്കുന്നുണ്ട്‌.എന്നും വെളുത്ത മുണ്ടും ഷര്‍ട്ടുമിട്ട്‌, കുടവയറും കുലുക്കി, കക്ഷത്ത്‌ നീളത്തിലുള്ളൊരു കുടയും വെച്ചിട്ടാണ്‌ മൂപ്പര്‍ വരിക.കൃത്യം ഏഴേ മുക്കാലിന്‌. ഹൊ! ഇനിയെന്നാണാവോ മഞ്ഞപ്പട്ട്‌ പാവാട തുന്നിക്കിട്ടുക. ഓണത്തിന്‌ ഇനി എത്ര ദൂസന്നെണ്ട്‌.. അങ്ങനെ ദെവൂട്ടി അക്ഷമയോടെ നില്‍ക്കുമ്പോളാണ്‌, പിച്ചകപ്പന്തലിന്റെ ചുവട്ടില്‍ അമ്മ വച്ചിരിക്കുന്ന ഏതോ പൂച്ചട്ടിയുടെ വലിയ ഇലയ്ക്ക്‌ കീഴെയായി ഒരു കുരുവിക്കൂട്‌ കണ്ടത്‌. അതില്‍ രണ്ട്‌ കിളിക്കുഞ്ഞുങ്ങള്‍.! തൂവലൊന്നും വന്നിട്ടില്ല.പാവങ്ങള്‍, പറക്കാന്‍ ആയിട്ട്ല്ലാ തോന്നുണു.അമ്മക്കിളീ എവിടെ? തീറ്റ തേടി പൊയതാവും ല്ലെ..നിങ്ങളെ ഞാന്‍ തൊടില്ല .തൊട്ടാപിന്നെ അമ്മക്കിളീ അടുത്ത്‌ വരില്യാത്രെ..അവടെ ഇരുന്നോ വൈന്നെരം വന്ന് നോക്കാം..അയ്യോ..വാസേവേട്ടന്‍ പൊയിട്ടുണ്ടാവും..മറന്നു..ഈ കിളിക്കുഞ്ഞുങ്ങള്‍ കാരണം.ഇനീപ്പൊ നാളെയാവണം തുന്നിക്കഴഞ്ഞൊന്നറിയണെങ്കില്‌...
ഉം.. അമ്മ വിളിക്ക്ണ്ട്‌..ദോശക്കല്ലില്‍ എണ്ണ പെരട്ടാന്‍ വാഴക്കണ മുറിക്കാനാവും..ഇന്നാള്‌ അലക്കണ കല്ലിന്റെ മോളില്‍ കേറി നിന്നാണ്‌ വാഴക്കണ മുറിച്ചത്‌.അങ്ങനെ വെള്ള ഷിമ്മീസില്‍ കറയും ആയി. തേങ്ങ പൊട്ടിക്ക്ണ്ട്‌ ആരോ..കുട്ടേട്ടന്‍ ആണോ എന്തോ..കുട്ടേട്ടന്‍ ആണെങ്കില്‍ ഓടിപ്പൊയിട്ടും ഒരു കാര്യൂല്ല.ഒരു തുള്ളീ തേങ്ങ വെള്ളം കിട്ടില്ല.കോളെജില്‍ പോവാന്‍ തൊടങ്ങിയ ശേഷം വല്യ ഗമയാ കുട്ടേട്ടന്‌..ബൈക്കില്‍ ഒന്ന്‌ കേറ്റാന്‍ പറഞ്ഞിട്ട്‌ ഇത്‌ വരെ കേട്ടില്ല..വല്യ ഗമക്കാരന്‍. മുറ്റത്തെ ചെമ്പക മരത്തില്‍ മുത്തച്ഛന്‍ ഇട്ട്‌ തന്ന ഊഞ്ഞാലില്‍ കുട്ടേട്ടനെയും ഇരുത്തില്ല..മണിക്കുട്ടനെയും സ്വപ്നേം ദീപെയും മാത്രേ ഇരുത്തൂ.

അവരെ എന്താണാവോ കാണാത്തത്‌.അവര്‍ വന്നിട്ട്‌ വേണം പൂവിറുക്കാന്‍ പോകാന്‍..തൊടീല്‍ മുക്കുറ്റീം തുമ്പക്കുടവും ഒക്കെ ണ്ടാകും.എത്ര തുമ്പക്കുടം വേണം ഇത്തിരി പൂ കിട്ടണെങ്കില്‍..വേലീന്ന് മഞ്ഞരളിപ്പൂവും മുറ്റത്ത്ന്ന് നന്ദിയാര്‍ വട്ടവും വലിക്കാം ബാക്കിക്ക്‌.

തുമ്പികളും പൂമ്പാറ്റകളും ഒക്കെണ്ട്‌ മുറ്റത്തും തൊടി നിറച്ചും.മിനിഞ്ഞാന്ന് ഒരു തുമ്പിയെ പിടിക്കാന്‍ നോക്കിയതാ..കാലില്‍ മുള്ള്‌ കൊണ്ടു. ചോരയും വന്നു.അതീപ്പിന്നെ നൊണ്ടിയായി നടത്തം.ഇപ്പൊഴും ണ്ട്‌ കുറേശ്ശെ വേദന. അമ്മ പറഞ്ഞത്‌ തുമ്പിയെ പിടിക്കുന്നത്‌ പാപാണെന്നാ..അതോണ്ട്‌ ദൈവാത്രെ കാലില്‍ മുള്ള്‌ കുത്തിച്ചത്‌..ദൈവത്തിന്‌ ഭയങ്കര ശക്തിയാവും..ദൈവത്തിന്‌ ദേവൂട്ടിയോട്‌ ദേഷ്യം തോന്നീട്ടുണ്ടാവ്വൊ എന്തോ..

അവരെ കാണാനില്ല ..എന്നാ പിന്നെ കൊളത്തില്‍ പോയാലോ..വേണ്ട ഒറ്റയ്ക്ക്‌ പോയിട്ട്‌ പിന്നെ അമ്മ കണ്ടാ അത്‌ മതി.വേനക്കാലത്ത്‌ കനാലില്‌ വെള്ളം വരാത്തപ്പോ തൊടീലെ കൊളത്ത്ന്നാ പാടത്തേക്ക്‌ വെള്ളം തിരിച്ച്‌ വിടുക.നടുക്ക്‌ നെറയെ താമരപ്പൂക്കളാ..അടീല്‌ മല്‍സ്യകന്യകയും ഉണ്ടാവും.കുട്ടേട്ടനോട്‌ ചോദിച്ചപ്പോ, "നിനക്ക്‌ വട്ടാടി ദെവൂട്ടി" ന്ന് പറഞ്ഞു.വട്ടൊന്നും അല്ല. ചിത്രകഥാ പുസ്തകത്തിലുണ്ടല്ലോ. പിന്നെ സ്വപ്ന ഒരിക്കല്‍ കണ്ടിട്ടൂണ്ടത്രെ.!!

കൊളത്തിന്റെ മറ്റേ ഭാഗത്ത്‌ കൈതക്കാടാ..കൈത പൂക്കുമ്പൊ നല്ല മണാ..പക്ഷേ, കൈതക്കാട്ടില്‍ പാമ്പുണ്ടാവും. അതോണ്ട്‌ ഞങ്ങള്‍ അവിടെ പോവില്ല. ഒരിക്ക അവിടെ പോയ ദിവസാണ്‌ പാദസരം കാണാതെ പോയത്‌. എന്നിട്ട്‌ എവെടെയൊക്കെ നോക്കി. പാടത്തും തൊടീലും കൊളക്കടവിലും ഒക്കെ തെരഞ്ഞു. അമ്മയോടു ചോദിച്ചപ്പൊ കണ്ടില്ലാന്ന് പറഞ്ഞു. എന്നിട്‌ ശ്രദ്ധ ഇല്ലാതെ നടക്കണതിന്‌ ചീത്തയും പറഞ്ഞു.

പിറ്റേ ദിവസം ഉറങ്ങി എണീറ്റപ്പോ പാദസരം ഉണ്ട്‌ കാലില്‍.! അമ്മേടെ മുഖത്ത്‌ ഒരു കള്ളച്ചിരി. അമ്മയ്ക്ക്‌ വിരിപ്പിന്റെ ഉള്ളീന്ന് കിട്ടീയതാത്രെ.

ഈ സ്വപനെം മണീക്കുട്ടനും എവെടെപ്പോയി .ഇനി ഇന്നവര്‍ വരണീല്ലെ ആവോ..ഇന്നലെ ണ്ടാക്കിയ പൂക്കളം ഒക്കെ മഴയത്ത ഒലിച്ച്‌ പോയതിന്റെ സങ്കടം കൊണ്ടാവും. ഇന്നലെ നല്ല ഭങ്ങീള്ള പൂക്കളമായിരുന്നു. ഇത്തിരി കഴിഞ്ഞപ്പൊ ഒരു പെരും മഴയത്ത്‌ ഒക്കെ ഒലിച്ച്‌ പോയി.

ങാ..ഇന്നവര്‍ വരില്ലായിരിക്കും.. ഇന്നവടെ മാതോല്‌ ഉണ്ടക്ക്ണ്ടാവും. അമ്മേം മുതശ്ശീം കൂടെ ഇവിടെം ണ്ടാക്കും മണ്ണ്‍ കുഴച്ച്‌ നീളത്തില്‌ എന്നിട്‌ അതിന്റെ മോളില്‍ പച്ഛീര്‍ക്കില്‍ കുത്തി നിര്‍ത്തും.ഈര്‍ക്കിലില്‍ ചെണ്ട്‌ മല്ലി പൂ കുത്തി നിര്‍ത്തും..എന്നിട്ട്‌ മാതോലിന്റെ നെറുകയില്‍ അരിമാവു കലക്കി ഒഴിക്കും. തിരുവോണതിന്റെ അന്നുണ്ടാക്കണ വല്യ പൂക്കളതിന്റെ നടുക്ക്‌ വെക്കും എന്നിട്ട്‌..നോക്കട്ടെ അവര്‌ മാതോല്‌ ണ്ടാക്ക്ക്കി കഴിഞ്ഞോാ എന്ന്.

ഇനി നാളേയാവാന്‍ എത്ര നേരണ്ടാവോ..വാസെവേട്ടനോട്‌ പറയണം വേഗം മഞ്ഞപ്പട്ട്‌ പാവാട തുന്നി തരാന്‍.

ദേവൂട്ടി പതുക്കെ സ്വപ്നയുടേയും മണിക്കുട്ടന്റെയും വീട്ടീലെക്കു നടന്നു. ഒരു കാല്‍ പൊക്കി വെച്ചാണ്‌ നടത്തം.എന്തായലും ഇനി തുമ്പിയെയും പൂമ്പാറ്റയെയും ഒന്നും പിടിക്കാന്‍ പോവില്ലെന്ന് അവള്‍ തീരുമാനിച്ചിട്ടുണ്ട്‌.(മാതോല്‍= മാവേലിയെ പ്രതിനിധീകരിച്ച്‌ മണ്ണീല്‍ തീര്‍ത്ത്‌ വെയ്ക്കുന്ന രൂപത്തിന്റെ പാലക്കാടന്‍ വാമൊഴി.)

13 comments:

 1. വളരെ നന്നായിട്ടുണ്ട്... എന്നോ നഷ്ടപ്പെട്ട ബാല്യത്തിലേക്ക് അറിയാതെ തിരിഞ്ഞു നടന്നതുപോലെ...

  ഇന്നിന്‍റെ കുരുന്നുകള്‍ക്ക് അന്യമാവുന്ന ആ നല്ല ഇന്നലെകളെ ഓര്‍മ്മയില്‍ എത്തിച്ചതിന് നന്ദി..

  ReplyDelete
 2. വരാന്‍ കുറച്ച്‌ വൈകി.

  പോയ്‌ മറഞ്ഞ ആ നാളുകളുടെ അയവിറക്കല്‍ ... മനോഹരമായിരിക്കുന്നു...

  ReplyDelete
 3. nandi suhruthaukkale...

  ReplyDelete
 4. ഓണത്തിന് പ്ലാസ്ട്ടിക്ക് പൂക്കള്‍ മുന്‍പേ ലഭിക്കുന്നുണ്ട് . പ്ളാസ്റിക് തുമ്പിയെ അടുത്ത വര്ഷം മുതല്‍ ലഭിച്ചു തുടങ്ങും...

  ReplyDelete
 5. വൈകിയാണ് ഇത് വായിയ്ക്കുന്നതെങ്കിലും ഇപ്പോഴാണ് ശരിയ്ക്കും വായിയ്ക്കേണ്ടതും എന്ന് തന്നെ തോന്നി. ഓണമൊക്കെ അടുത്തു വരികയല്ലേ?

  നല്ലൊരു പോസ്റ്റ്. വായിയ്ക്കുമ്പോള്‍ മുഴുവനും എനിയ്ക്കും ഇതിലെ ദേവൂട്ടിയുടെ പ്രായം തന്നെ ആയിരുന്നു... ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു, ഈ എഴുത്ത്... നന്ദി.

  [മാതോല്‌ - ഞങ്ങള്‍ തൃക്കാക്കരയപ്പന്‍ എന്നാണ് പറയാറ്. മാതോല്‌ എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണ്.]

  അഡ്വാന്‍സായി ഓണാശംസകള്‍!

  ReplyDelete
 6. sree.. njan ee commentum ithiri late aayanu kandath..ethaayalum, pranja pole..advance onam mubarak!!

  ReplyDelete
 7. Kadannu poya aa nalla nalukalekkurichu orkkumbol oru nishwasam mathram thengi varunnu...Ennal ente makkalkku oru nashtabodhavum illa. Karanam avar channel yugathinte santhathikalanallo..Avarku Onavum Vishuvum ellam pandathe oru thamashayalle..

  ReplyDelete
 8. Oru devootiyo...kuttano okke nammute ullil urangikkitakkunnund.....oru maarivillupole aa ormakal veendum vidarnnu varumpol santhosham thonnunnu. nanni...

  ReplyDelete
 9. Wilson..& sasi-kurinjiyude nandi

  ReplyDelete
 10. വേനക്കാലത്ത്‌ കനാലില്‌ വെള്ളം വരാത്തപ്പോ തൊടീലെ കൊളത്ത്ന്നാ പാടത്തേക്ക്‌ വെള്ളം തിരിച്ച്‌ വിടുക.നടുക്ക്‌ നെറയെ താമരപ്പൂക്കളാ..അടീല്‌ മല്‍സ്യകന്യകയും ഉണ്ടാവും.കുട്ടേട്ടനോട്‌ ചോദിച്ചപ്പോ, "നിനക്ക്‌ വട്ടാടി ദെവൂട്ടി" ന്ന് പറഞ്ഞു.വട്ടൊന്നും അല്ല. ചിത്രകഥാ പുസ്തകത്തിലുണ്ടല്ലോ. പിന്നെ സ്വപ്ന ഒരിക്കല്‍ കണ്ടിട്ടൂണ്ടത്രെ.!!

  റെജീനച്ചേച്ചീ നന്നായിട്ടുണ്ട് ആ കുഞ്ഞുകുട്ടിയുടെ മനസ്സിലൂടെ സഞ്ചരിച്ച ഓണക്കാലങ്ങൾ. നല്ല ഒരു വായന,നന്ദി. ആശംസകൾ.

  ReplyDelete
 11. പിന്നെയും എത്ര ഓണം കഴിഞ്ഞുപോയ്.........!!

  ReplyDelete

www.anaan.noor@gmail.com