Monday, January 11, 2010

ഉത്തിഷ്ഠതാ.. ജാഗ്രതാ..ഉത്തിഷ്ഠതാ ജാഗ്രതാ... പ്രാപ്യവരാന്‍ നിബോധതാ.. (എഴുന്നേല്‍ക്കൂ... ഉണര്‍ന്നിരിക്കൂ... ലക്ഷ്യപ്രാപ്തി വരെ യത്നിക്കൂ...)


ലോകം പരക്കെ അറിയപ്പെടുന്ന ഈ ആഹ്വാനം, നമുക്കെല്ലാവര്‍ക്കുമറിയുന്ന ഒരു യുവസന്ന്യാസിയുടേതായിരുന്നു... സ്വാമി വിവേകാനന്ദന്‍... നരേന്ദ്രനാഥ്‌ ദത്ത എന്ന പേരില്‍ പൂര്‍വ്വാശ്രമത്തില്‍ അറിയപ്പെട്ട അദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ്‌ ഭാരതം എല്ലാവര്‍ഷവും ജനുവരി 12-ന്‌ ദേശീയ യുവജനദിനം ആചരിക്കുന്നത്‌. 1984 മുതലാണ്‌ ഇന്ത്യ ഗവണ്‍മന്റ്‌ ഇത്‌ ആചരിച്ച്‌ തുടങ്ങിയത്‌.


1863 ജനുവരി 12-ന്‌ കല്‍ക്കട്ടയില്‍ വിശ്വനാഥ ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും പുത്രനായാണ്‌ അദ്ദേഹം പിറന്നത്‌. ബാല്ല്യത്തില്‍ തന്നെ അപാരമായ ആത്മീയ ചിന്തകളുമായി ഇഴുകിച്ചേര്‍ന്നിരുന്നു നരേന്ദ്രന്‍... വേദപുരാണേതിഹാസങ്ങളില്‍ എന്ന പോലെ സംഗീതത്തിലും ഗുരു ബെനിഗുപ്തന്റെയും ഉസ്താദ്‌ അഹമ്മദ്‌ ഖാന്റെയും കീഴില്‍ അദ്ദേഹം പ്രാവീണ്യം നേടി.


മെട്രോപോളിറ്റന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും പ്രസിഡന്‍സി കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസകാലഘട്ടം. ഈ കാലയളവിലാണ്‌ പാശ്ചാത്യ ചിന്തകരായ ഇമ്മാനുവെല്‍ കാന്റിന്റെയും ഹെര്‍ബര്‍ട്ട്‌ സ്പെന്‍സറിന്റെയും പോലുള്ളവരുടെ തത്ത്വങ്ങളില്‍ അദ്ദേഹം ആകൃഷ്ടനാവുന്നത്‌. പിന്നീട്‌ സ്പെന്‍സറിന്റെ 'ഇല്യൂഷന്‍' അദ്ദേഹം ബംഗാളിയിലേക്ക്‌ തര്‍ജ്ജമ ചെയ്തു.


ശ്രീരാമകൃഷ്ണ പരമഹംസരുമായുള്ള സമാഗമം ആണ്‌ അദ്ദേഹത്തിന്റെ ജീവിതഗതിയെ മാറ്റിമറിക്കുന്നത്‌... പരമഹംസരില്‍ നിന്ന് അദ്വൈതവേദാന്തവും, എല്ലാ മതങ്ങളും പരമമായ ഏകസത്യത്തിലേക്ക്‌ മനുഷ്യനെ നയിക്കുന്നു എന്ന തത്വവും അദ്ദേഹം തിരിച്ചറിഞ്ഞു.
 
ഭാരതത്തിന്റെ സ്വാതന്ത്ര്യ മോഹങ്ങളിലും സ്വാമിജി ചെലുത്തിയ സ്വാധീനം ചെറുതല്ല. അദ്ദേഹത്തിന്റെ ചിന്താധാരകള്‍ ദേശീയനേതാക്കളായ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ്‌ ചന്ദ്രബോസ്‌, അരബിന്ദോ ഘോഷ്‌ തുടങ്ങിയവരെ വളരെയധികം സ്വാധീനിച്ചിരുന്നു.


1893-ല്‍ ചിക്കാഗോയില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലൂടെ, ഭാരതീയ ദര്‍ശനങ്ങളുടെയും സനാതന മൂല്യങ്ങളുടെയും ആഴം പശ്ചിമദിക്കുകളിലും വ്യാപിക്കുകയും ഈ യുവസന്ന്യാസിക്ക്‌ അവിടങ്ങളിലും ആരാധകരും ശിഷ്യഗണങ്ങളും ഉണ്ടാവുകയും ചെയ്തു...
 
ഭവഗത്‌ ഗീതയും ഇമിറ്റേഷന്‍സ്‌ ഓഫ്‌ ക്രൈസ്റ്റും ഒരു കമണ്ഡലുവുമായി ഭാരതത്തിലങ്ങോളമിങ്ങോളം കാല്‍നടയായും തീവണ്ടിയിലുമായി ചുറ്റിനടന്ന ആ പരിവ്രാജകന്‍ എവിടെ.. പുഷ്പഹാരങ്ങളും പരിവാരങ്ങളുമായി ആള്‍ ദൈവങ്ങള്‍ ചമഞ്ഞ്‌ അനല്‍പമായ ആര്‍ഭാട ജീവിതചര്യകളുമായി ഭക്തിക്കച്ചവടം നടത്തുന്ന ഇന്നത്തെ ആത്മീയാചാര്യന്മാര്‍ എവിടെ..!


തീണ്ടലും അയിത്തവും കൊടികുത്തിവാണിരുന്ന യുഗത്തില്‍ ഭാരതത്തിന്‌ അദ്ദേഹം എറിഞ്ഞുകൊടുത്ത ചോദ്യം, "കണ്മുന്നില്‍ കാണുന്ന മനുഷ്യരെ സ്നേഹിക്കാന്‍ കഴിയാത്ത നമുക്ക്‌ അദൃശ്യനായ ദൈവത്തെ എങ്ങനെ സ്നേഹിക്കാന്‍ കഴിയും?" എന്നതായിരുന്നു..


നോവുന്ന ആത്മാക്കളെ സ്നേഹിക്കാതെ, മതവാദ തത്വശാസ്ത്രങ്ങളില്‍ ആണ്ടുപോകുന്ന യുവജനത ആ സിംഹഗര്‍ജ്ജനം ഹൃദയത്തില്‍ ഏറ്റുവാങ്ങണം... 'ഉത്തിഷ്ഠതാ ജാഗ്രതാ...'


നൂറ്റാണ്ട്‌ മുന്‍പ്‌ ജീവിച്ചുമരിച്ച ആ സന്ന്യാസിവര്യന്‍, കാവിയെ 'സിംബല്‍' ആക്കിത്തീര്‍ത്ത പാര്‍ട്ടി മന്ദിരങ്ങളിലല്ല, ഓരോ ഭാരതീയന്റെയും ഹൃദയത്തിലാണ്‌ കുടിയിരിക്കേണ്ടത്‌...


ആ തീക്ഷ്ണസന്ന്യാസം പൊലിഞ്ഞത്‌ 1902 ജൂലൈ 4-ന്‌ അദ്ദേഹത്തിന്റെ 39-ആം വയസ്സിലായിരുന്നു.അനുബന്ധം:

സ്വാമി വിവേകാനന്ദന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന പത്രങ്ങള്‍:

പ്രബുദ്ധഭാരത്‌, ഉദ്ബോധന്‍.


8 comments:

 1. ദേശീയ യുവജന ദിനത്തില്‍, ആ മഹാ തേജസ്സിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം...

  ReplyDelete
 2. "കണ്മുന്നില്‍ കാണുന്ന മനുഷ്യരെ സ്നേഹിക്കാന്‍ കഴിയാത്ത നമുക്ക്‌ അദൃശ്യനായ ദൈവത്തെ എങ്ങനെ സ്നേഹിക്കാന്‍ കഴിയും?"

  വളരെ പ്രസക്തമായ ഒരു ചോദ്യശരം തന്നെയായിരുന്നു അത്‌. ലളിതമായ യുക്തിയില്‍ നിന്നുയര്‍ന്ന ചോദ്യം...

  മതം എന്താണെന്ന് മനസ്സിലാക്കാത്ത ഭൂരിഭാഗത്തിന്റെ ചൊല്‍പ്പടിയിലായിരിക്കുന്നു ഇന്ന് മത നേതൃത്വങ്ങള്‍... മതം എന്ന തുറുപ്പ്‌ ചീട്ട്‌ വച്ച്‌ കൗശലത്തോടെ കളിക്കുന്ന രാഷ്ട്രീയനേതാക്കന്മാര്‍... എല്ലാവരും കൂടി ഭാരതത്തെ ഒന്നാകെ വീണ്ടും ഒരു ഭ്രാന്താലായമാക്കിക്കൊണ്ടിരിക്കുന്നു.

  ReplyDelete
 3. excellent expression of swamis thoughts and insight. i expect more from you. the post on onam i liked very much, yaa..... really nostalgic, keep it up

  ReplyDelete
 4. ഹാറ്റ്സ് ഒഫ് യൂ .. റെജീ ..
  യുവത്വം തിളക്കുന്നുന്റ് ആ ഞരമ്പുകളില്‍ ..
  ഈ വിവരണം അഭിനന്ദനമര്ഹിക്കുന്നു ..
  ഇന്നതിന്‍ പ്രസക്തീ വളരെ കൂടിയിരിക്കുന്നു ..

  ReplyDelete
 5. thank u all...bharathinu innu sanyasam enthennu polum ariyilla!

  ReplyDelete
 6. സ്വാമി വിവേകാനന്ദൻ നൽകിയ സന്ദേശം ഉൾക്കൊള്ളാൻ കഴിയാതെ പോയതാണു നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടേയും യുവതലമുറയുടേയും ശാപം. വിവേകാനന്ദ വിവരണങ്ങൾ വീണ്ടും സ്മ്രിതി പദത്തിലുണർത്തിയ കാട്ടുകുറിഞ്ഞിക്ക് അഭിനന്ദനങ്ങൾ.

  ReplyDelete
 7. ഉത്തിഷ്ഠതാ ജാഗ്രതാ... പ്രാപ്യവരാന്‍ നിബോധതാ.. (എഴുന്നേല്‍ക്കൂ... ഉണര്‍ന്നിരിക്കൂ... ലക്ഷ്യപ്രാപ്തി വരെ യത്നിക്കൂ...)
  ഞാൻ വർഷങ്ങളായി പലരോടും ചോദിച്ചു നടന്നതാ ആ വാചകത്തിന്റെ മുഴുവൻ അർത്ഥം. അത് കിട്ടി വര്രെയെന്തു വേണമെനിക്ക്,നിങ്ങളിൽ നിന്ന് ?

  ReplyDelete
 8. വിജ്ഞാന പ്രദമായ ഒരു പോസ്റ്റ്‌ വായിച്ച സുഖം..എനിക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. പിന്നെ ഈ പറഞ്ഞ "ജനുവരി 12-ന്‌ ദേശീയ യുവജനദിനം "അത് ഇപ്പോഴും നടക്കുന്നുണ്ടോ..ആദ്യമായിട്ടാണ് കേള്‍ക്കുന്നതു പോലും..

  നന്ദി കാട്ടുകുരുഞ്ഞി...ആശംസകള്‍

  ReplyDelete

www.anaan.noor@gmail.com