Showing posts with label Notes. Show all posts
Showing posts with label Notes. Show all posts

Sunday, March 22, 2020

Hush...


ഒരു പോസ്റ്റ് ഇടാൻ മാത്രമാണ് ഞാൻ വന്നത് .

എഴുതിക്കഴിഞ്ഞപ്പോൾ തൊണ്ടയിൽ ചില്ല് കുത്തിയിരിക്കുന്ന പോലെ .
കണ്ണിനറ്റം ഇറങ്ങി വരാത്തൊരു തുള്ളിയിൽ  എരിയുകയും തൊണ്ട കയ്ക്കുകയും ചെയ്യുന്നു .
സ്വാഭാവികമായ നീർച്ചാലുകൾ ...

കൊറോണക്കാലം എന്നെ ശീലിപ്പിക്കുന്നതും സോഷ്യൽ ഡിസ്റ്റൻസിങ് ആണ്.
ഒരൊറ്റ ദ്വീപിലേക്കുള്ള പോക്ക് .അതത്ര എളുപ്പമല്ലെങ്കിലും അതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല .
കുറ്റവാളിയായി നിരന്തരം മുദ്രിതമായി എങ്ങനെയാണു മുന്നോട്ട് പോവുക .
മുന്നോട്ടല്ലെങ്കിൽ പിന്നോട്ട് ...
ആലങ്കാരികമായി പറയാനെനിക്ക് വാക്കുകൾ കുറവാണ് .
അത്രയേറെ മുറിപ്പെട്ടിരിക്കുന്നു.
മനസ്സിന്റെ മുറിവുകൾക്ക് വെച്ച് കെട്ടാൻ മരുന്നിലയൊന്നുമില്ലല്ലോ .
ഏത് പരീക്ഷണശാലയിലും മരുന്ന് കണ്ടുപിടിക്കാത്ത ചിലത് .

എന്നാലും 

Silence






ഏകദേശം  എല്ലാം നിശബ്ദമാണ് .

അങ്ങനെ ഒരു കാലത്തിലാണ് നിൽക്കുന്നത് . കൊറോണ വൈറസ് പതുക്കെപ്പതുക്കെ കൊന്നൊടുക്കി കൊണ്ടിരിക്കുകയാണ് . ലോകം ആവുന്നത്ര പൊരുതിക്കൊണ്ട് നിൽക്കുന്നു . ലോകം ഇങ്ങനെ നിശബ്ദമാക്കപ്പെടുന്നത് ഈ കാലയളവിൽ ജീവിച്ചിരിക്കുന്ന ആരും കണ്ടുകാണില്ല
സ്വയം നിശബ്ദതയിലേക്കൂളിയിടുന്ന ഒരു  കൂടിയാണ് ഇതെനിക്ക് .
അത്രയേറെ ആത്മാനുരാഗത്തോടെ നിന്ന സമൂഹ മാധ്യമങ്ങൾ  . ഊർജസ്വലമായി മിണ്ടിയിരുന്ന കൂട്ടുകാർ .
ഹൃദത്തോളം ആഴത്തിലുള്ള ബന്ധം സൂക്ഷിച്ചിരുന്ന മനുഷ്യർ . പക്ഷെ പതിയെ ഒരു ചുവട് പിന്നോട്ട് വെക്കുകയാണ് .
എന്നാൽ , വീണു പോകാതിരിക്കാൻ മാത്രം , ഓ ഹെൻട്രിയുടെ ജോൺസിയെ ജീവിപ്പിച്ച അവസാനത്തെ ഇല പോലെ , ഇപ്പോളാരും വരാത്ത ഈയിടം കയറി നിൽക്കാനുള്ള ഇപ്പോളും ബാക്കിയുള്ള  ഒരു തണലിടം ആയി കരുതട്ടെ .
അടുക്കോ ചിട്ടയോ ഇല്ലാതെ .. ദിവസങ്ങളെ കുറിച്ചിടാനുള്ള ഒരേട് .
ഉള്ളിലെ തണലറ്റു പോയ ഇടങ്ങളിൽ നിന്നും ആർക്കുമല്ലാതെ കുറിക്കുന്ന ചിലത് .

സ്നേഹപൂർവ്വം



Thursday, August 11, 2011

സ്വപ്നം!

അവിടവിടെ വളർന്നു നില്‍ക്കുന്ന നിത്യ കല്യാണിയും മന്ദാരവും കാശിത്തുമ്പയും...
ഇത്തിരി തല ഉയർത്തി നില്‍ക്കുന്ന നീർ‍ മാതളവും.. കെട്ട് പിണഞ്ഞു പന്തലില്‍ പടർന്നു നില്‍ക്കുന്ന സൂചിമുല്ലയും പിച്ചകവും...
പിന്നെ പവിഴം മുറ്റത്ത് പൊഴിക്കുന്ന എന്റെ പ്രിയപ്പെട്ട മഞ്ചാടി മരം..

ഓര്‍ക്കിടിന്റെയും ആന്തൂരിയത്തിന്റെയും മൊസാന്തയുടെയും 
പ്രൌഢിയില്ലാത്ത  , വാടാമല്ലിയും ജമന്തിയും കമ്മല്‍പ്പൂക്കളും അതിരിട്ടു  നില്‍ക്കുന്ന  ഒരു പൂമുറ്റം..
മുറ്റം കടന്നു ഒതുക്കുകള്‍ കയറുമ്പോള്‍ ചുവന്ന തറയോടുകള്‍ പതിച്ച അകം. ദീവാന്റെയും കുഷ്യനുകളുടെയും ധാരാളിത്തം ഇല്ലാത്ത ഉമ്മറത്ത് ഒന്നോ രണ്ടോ ചൂരല്ക്കസേരകളും കാലു നീട്ടി ഇരുന്നു സൊറ പറയാന്‍ ഒരു ചാരുപടിയും.. മഴക്കാലം മനസ്സ് നിറഞ്ഞു പെയ്യുമ്പോള്‍ മഴ നനഞ്ഞു ഓടുന്ന എന്റെ കുട്ടികളുടെ പുറകെ ഓടാന്‍ ഒരു നടുമുറ്റം.. എന്റെ മഴ മുറ്റം..

വെറുതെ അന്തം വിട്ടിരിക്കാനും പിന്നെ ഒരലസ വായനയ്ക്കും തോന്ന്യാസങ്ങള്‍ കുത്തിക്കുറിക്കാനും നിലാവ് നോക്കിയിരിക്കാനും  ആട്ടുകട്ടില്‍ ഞാത്തിയ ഒരു പിന്‍ വരാന്ത..
അടുക്കലപ്പിന്നാമ്പുറത്തെ കിണർ‍..അതിനപ്പുറം വയലറ്റ് നിറത്തില്‍  പൂവിട്ടിരിക്കുന്ന അമരപ്പന്തല്‍..
കാര്‍ട്ടൂണ്‍ ചാനലുകളുടെയും പ്ലേ സ്റ്റെഷന്റെയും കംപ്യുട്ടര്‍ ഗെയിമുകളുടെയും ഒന്നും പിടിയില്‍ അമരരുത് എന്നെ ഞാന്‍ ആഗ്രഹിക്കുന്ന എന്റെ മക്കള്‍ക്ക് കളിച്ചു തിമിര്‍ക്കാന്‍   ഒരു ചക്കരമാവിന്‍  ചുവട്...പോന്മയെയും താറാവിനേയും നോക്കിയിരിക്കാനും നീന്തിത്തുടിക്കാനും അരികില്‍ കല്ല്‌ പാകിയ ആമ്പല്‍ വിരിഞ്ഞു നില്‍ക്കുന്ന തൊടിയിലെ കുളം...
കഴനിയും വെപ്പും മുളന്കൂട്ടവുമോക്കെ പരിഭവമില്ലാതെ വളര്‍ന്നു നില്‍ക്കുന്ന തൊടി.. മാമ്പൂ തിന്നു മദിച്ച് പാടുന്ന എവിടെയോ ഒളിഞ്ഞു പാർക്കുന്ന കുയില്‍  ശീല്‍ക്കാര ശബ്ദത്തോടെ ഇടയ്ക്കൊക്കെ പേടിപ്പിക്കുന്ന പാമ്പുകള്‍....

പിന്നെ ഒരു ചന്ദന മരം കൂടി..പാലക്കാടന്‍ കാറ്റ് ആഞ്ഞു വീശുമ്പോള്‍ എന്റെ വീടിനകം നിറയെ ചന്ദന ഗന്ധം നിറയാന്‍....അവിടെ ഒരുപാട് കാലം ..പൂമുഖ വാതില്‍ക്കലെ പൂന്തിങ്കളായി.. വഴിക്കണ്ണ്‍~ ഉം ആയി കാത്തു നില്‍ക്കുന്ന അമ്മ മനസ്സായി......

വെറുതെ നുണഞ്ഞ ഒരു സ്വപ്നമാണിത്..വൃഥാ സ്വപ്നം! ഈ സ്വപ്നത്തിന്റെ  കൈവഴികള്‍ അവസാനിക്കുന്നത് മീസാങ്കല്ലുകള്‍ പൂര്‍ത്തിയാകാത്ത സ്വപ്നങ്ങളെക്കുറിച്ച്‌ കാറ്റിനോട്  പറയുന്ന പുഴക്കരയിലാണ്..
ജാലകം