അതിരാവിലെ അടുക്കളക്കണ്ണാടിജനൽ തുറക്കുമ്പോൾ മുഖമൊട്ടി മേലാകെപ്പടരുന്നൊരു തണുപ്പൻ കാറ്റുണ്ട്. അതിലാണൊരു ദിവസം തുടങ്ങുക ചിലപ്പോളൊരു ചൂടൻ സൂര്യനും മഴക്കാലത്ത് കുഞ്ഞുകുഞ്ഞു മഴത്തുളളികളും മുഖമൊപ്പും . ഒരു കപ്പ് ചായ അടുക്കളത്തിണ്ണമേൽ വെച്ച് തുടങ്ങുന്ന ദിവസം പതുക്കെയതിന്റെ താളത്തിലാവുന്നത് അവിടെ നിന്നാണ് .കണ്ണാടിജനലിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന പറമ്പിൽ ചെറുകിളിയൊച്ചകളുണ്ടാവും .
ഇടയ്ക്കിടെ പുല്ലുവെട്ടൻ യന്ത്രത്തിന്റെ കിരുകിരുപ്പിൽ വളർന്നു നിൽക്കുന്ന പുല്ലുകളൊക്കെ നിലപരിശാകാറുണ്ട് ആ പറമ്പിൽ.
രാവിലത്തെ ഉറക്കപ്പശിമയിൽ നിന്ന് ഇന്നും തണുത്ത കണ്ണാടിജനൽ വലിച്ചു തുറന്നു. ആദ്യം കണ്ടത് ഒരു കുഞ്ഞു മരത്തിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുന്ന രണ്ടു ബുൾബുളുകളെയാണ്. ചുവന്ന തൊപ്പിയൊക്കെ വെച്ചുള്ള ഒരു സുന്ദരൻ ബുള്ബുളും അവന്റെ ചങ്ങാതിപ്പക്ഷിയും പിന്നെയടുത്ത മരക്കൊമ്പിലേക്കും മതിലിലേയ്ക്കും മാറിമാറിപറന്നിരുന്നു .
പിന്നെ നിലത്ത് ഒരു പട പൂത്താങ്കീരികൾ ...seven സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന അവരവിടെ മുഴുവൻ ബഹളമയമാക്കികൊണ്ടിരുന്നു .
ആദ്യമേ സ്ഥാനം പിടിച്ച കുറച്ച് കാക്കകൾ , പിന്നെയവിടെയ്ക്ക് പറന്നിറങ്ങുന്ന അഞ്ചാറു കൊറ്റികൾ ..
അപ്പോഴേക്കും മൂന്നു നാല് ഓലഞ്ഞാലിക്കുരുവികൾ വന്നു..നിലത്തു നിന്ന് അടുത്തുള്ള ഒരു തെങ്ങോലത്തുമ്പിലേക്ക് പാറിക്കളിച്ചു കൊണ്ടേയിരുന്നു.
കൂട്ടിനു നീളൻ വാലുള്ള കാക്കതമ്പുരാട്ടികുട്ടികൾ ..വെള്ളയും കറുപ്പും നിറത്തിലുള്ള വാലാട്ടിക്കിളികളും കൂടെച്ചേർന്നു . അപ്പോഴേക്കും എവിടെ നിന്നോ പാറി വന്ന വേലിത്തത്തകൾ ഇരുമ്പ് വേലിയിൽ ബാലൻസ് ചെയ്ത് ഇരുന്നു. തൊട്ടരികിലിലുള്ള ഒരു വീടിന്റെ മേൽപ്പുരയിൽ ഇരുന്നു രംഗം വീക്ഷിച്ചു കൊണ്ട് ഒരു നീലപൊന്മാനും ...
ഒരു മഴപ്പൊട്ടലിനു ശേഷം തൊടിയിൽ ഉണ്ടായ ഈയാംപാറ്റകളെയും മറ്റു പ്രാണികളെയും ഭക്ഷണമാക്കാനാണ് ഈ പക്ഷികളൊക്കെ എവിടെ നിന്നൊക്കെയോ എന്റെ പുലർകാലത്തിലേക്ക് കൂടി പറന്ന് ഇറങ്ങിയത് .ഒടുക്കം താഴ്ന്നു പറന്നു വന്ന രണ്ടു ചെമ്പരുന്തുകൾ കൂടി രംഗത്തെത്തിയതോടെ ഓരോരുത്തരുടെയും കുഞ്ഞു വയറിൽ കൊള്ളും വിധം മൃഷ്ടാന്നം കഴിച്ച് അവർ അവരുടെ ഇടങ്ങളിലേക്ക് തിരികെപ്പറന്നു . ഞാൻ എന്റെ അടുക്കളയിലേക്കും .
-------------
ഓരോരോ പായാരം ചൊല്ലി
പിന്നെ ഓരോ കിളികളും പറന്നു പോയി
ബ്ലോഗ്ഗിന്റെ പൂക്കാലം കഴിഞ്ഞു പോയി...
ReplyDeleteഅക്കൗണ്ടിന്റെ പാസ്‌വേര്‍ഡും കളഞ്ഞ് പോയി... :))
എന്നാലും ഈ കുറിഞ്ഞിച്ചെടിയില്‍ കാലം തെറ്റിപ്പിറന്നാലും പൂവിരിയുന്നത് കാണാനും വായിക്കാനും മോഹം. ഇഷ്ടം.
നിങ്ങളൊക്കെ എഴുത്ത് തുടങ്ങൂ...
ReplyDeleteപൂക്കാലം തിരിച്ചുവരട്ടെ!
ഓരോരോ പായാരം ചൊല്ലിയുള്ള
ReplyDeleteആനന്ദമേകും ചെറുകിളിയൊച്ചകൾ