Friday, January 3, 2014

രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ഒരു പുതിയ ലോകം പിറക്കുന്നു!


    അറബിക്കടലിൽ നിന്നും അസ്ഥി തുളപ്പിക്കുന്ന തണുപ്പിനെ ചുമന്ന് വീശുന്ന ഷമാൽ ശീതക്കാറ്റ് അവരെ  തൊടുന്നതേ  ഉണ്ടായിരുന്നില്ല.ലോകത്തെ മുഴുവനും വാതിലിനു പുറത്താക്കി കൊട്ടിയടച്ചു കൊണ്ട് അത്ര മേൽ  ഗാഢമായൊരു ചുംബനലഹരിയിൽ ആയിരുന്നു അവരപ്പോൾ . ബുർജ് ഖലീഫയുടെ നെടുങ്കൻ ഗോപുരത്തിന് കീഴെ ഉള്ള കൃത്രിമ ജലാശയത്തിലെ സംഗീതത്തിനൊപ്പം ,നൃത്തം വെയ്ക്കുന്ന ജലധാര കാണാൻ ആ തണുപ്പൻ വൈകുന്നേരത്തിൽ ആളേറെ ഉണ്ടായിരുന്നു. സംഗീതം നിലച്ച ഇടവേളകളിലൊന്നിൽ കണ്ടവർ തിരിച്ചു പോവുകയും പുതിയ സംഘം ആളുകൾ വന്നു കൊണ്ടിരിക്കുകയും ഒരിക്കൽ കണ്ടവർ തന്നെ വീണ്ടുമൊരിക്കൽ കൂടി ആകാശത്തെ തുളഞ്ഞു പൊങ്ങുന്ന ജലനൃത്തം കാണുവാനുമായി തിങ്ങുന്നുണ്ടായിരുന്നു .അവിടെയാണ് ഒരു വിളക്ക് കാലിന് കീഴെ നീലക്കണ്ണുള്ള ആ ചെറുപ്പക്കാരനും സ്വർണ്ണത്തലമുടിയുള്ള  പെണ്‍കുട്ടിയും ഒരു ചുംബനമുദ്രയിൽ ലോകത്തെ മറന്ന് വെച്ചത് .

   
   കൈകോർത്ത് എത്തിയ ചില പ്രണയക്കണ്ണുകൾ അത് കാണ്‍കെ പാരവശ്യത്തോടെ പരസ്പരം കൊത്തിവലിച്ചു .ചില സദാചാരക്കണ്ണുകൾ വെറുപ്പിന്റെ തിരയിളക്കത്തോടെ കണ്ണുകൾക്ക്‌ മേൽ അമർത്തി വെക്കുന്ന വികാരങ്ങളുടെ മൂടുപടം ഒന്ന് കൂടെ വലിച്ചിട്ടു .അമ്മക്കണ്ണുകൾ ഇല്ലാത്ത അമ്പിളി മാമനെ കാണിക്കാൻ കുഞ്ഞിക്കണ്ണുകളെ ആകാശത്തേക്ക് പറിച്ചു നട്ടു. വികൃതികളായ ചെറുപ്പക്കാർ ക്യാമറ കണ്ണുകളിലേക്ക് ആ ദൃശ്യം പകർത്തി ഗൂഢമായ ആനന്ദം സ്വയം നിറച്ചു. അപ്പോഴും എല്ലാ കണ്ണുകളും തെന്നി മാറി അവരുടെ മേൽ പതിച്ചു കൊണ്ടേ ഇരുന്നു. ഒരു ബെല്ലി ഡാൻസറുടെ മെയ് വഴക്കത്തോടെ അപ്പോഴേക്കും ജലധാര ദ്രുതതാളത്തിൽ ചുവട് വെക്കാൻ തുടങ്ങിയിരുന്നു . അവർക്ക് മാത്രം കേൾക്കാൻ ആവുന്ന ശബ്ദത്തിൽ അവരപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. അവന്റെ കൈകൾക്കുള്ളിൽ ചേർന്ന് അവളും , ലോകത്തിന്റെ നിറുകയിൽ എന്ന പോലെ അവനും അവിടെ തനിച്ചു നിന്നു . എന്നിട്ട് പതിയെ മറു ലോകത്തേക്ക് തിരിച്ചു നടന്നു. ഒരു ചുംബനം കൊണ്ട് ലോകത്തിനു ഒന്നും സംഭവിച്ചതും ഇല്ല ! അവർക്കിടയിൽ ജനിച്ചത് ഒരു പുതിയ ലോകവും !
The world is born when two people kiss – Octavio Paz 

(ചിത്രം :  വിഖ്യാത ആസ്ട്രിയൻ  ചിത്രകാരൻ Gustav Klimt ന്റെ "The  Kiss ")


Thursday, December 5, 2013

നോവിന്റെ പെണ്‍ചിറകുകൾ - (പുടവയുടെ പ്രവാസ പതിപ്പിന് എഴുതിയത്)



പെട്രോൾ സ്റ്റേഷനിലെ ജീവനക്കാരനു പൈസ കൊടുത്ത് കൈ വലിക്കുന്നതിനിടെ ജപമാലകളും പ്രാർത്ഥനാ  സൂക്തങ്ങളും കൊരുത്തിട്ട ഒരു കുഞ്ഞു കൈ ഗ്ലാസിനിടയിലൂടെ നീണ്ടു. പുറകിൽ കറുത്ത പർദ്ദയിൽ പൊതിഞ്ഞ ചെളി പിടിച്ച ഒരു വെളുത്ത മുഖവും . 

ഇന്ധനം നിറയ്ക്കുന്നതിനിടയ്ക്ക് ജീവനക്കാരനോട് മിണ്ടാൻ എടുത്ത അൽപ നേരത്തിനിടയ്ക്ക്   അകത്തേക്ക് കയറിയ തീക്ഷ്ണ സൂര്യനോട്  മുഖം  കോട്ടി ഇരിക്കുകയായിരുന്നു  ഞാൻ. ചൂടിനെ പുറത്താക്കാനും എയർ  കണ്ടീഷന്റെ  ശീതളിമയിലേക്ക് വേഗത്തിൽ മടങ്ങാനും വേണ്ടി , ഞാൻ അവളോട്‌ നിഷേധ ഭാവത്തിൽ തലയാട്ടുമ്പോഴേക്കും എന്റെ ഭർത്താവ് അതിലൊന്ന് വാങ്ങിയിരുന്നു. വെൽ വെറ്റ്  തുണിയിൽ തുന്നിപ്പിടിപ്പിച്ച യാത്രയിൽ സംരക്ഷണം തേടിയുള്ള   പ്രാർത്ഥന   ഒരു റിയാലിൽ കുറഞ്ഞ്  കടയിൽ  കിട്ടുമല്ലോ എന്ന എന്റെ ചോദ്യക്ക ണ്ണുകൾക്ക്  അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. "അവളും പ്രവാസി ആണ് നമ്മളെ പോലെ, പക്ഷെ അവൾ രാജ്യമില്ലാത്ത പ്രവാസി . നമുക്ക് തിരിച്ചു പോകാൻ രാജ്യം എങ്കിലും ഉണ്ട്..! " 

എന്റെ നോട്ടം പൊടുന്നനെ പിറകിലെ സീറ്റിൽ നോമ്പിന്റെ യും ചൂടിന്റെയും ആലസ്യത്തിൽ മയങ്ങിക്കിടക്കുന്ന, ആ പലസ്തീൻ പെണ്‍ കിടാവിനോപ്പം പോന്ന എന്റെ മകൾക്ക് മേലെ  പാറി വീണു. പിന്നെ എന്റെ മനസ്സഞ്ചാരങ്ങൾ  അവളുടെ ശൈശവത്തിലെക്കും ഹാജറാ  ദീദിയിലെക്കും പിറകിലേക്ക് പിച്ച വെച്ചു .  രാജ്യമുണ്ടെങ്കിലും എപ്പോഴും ദേശാടന പക്ഷികളെ പോലെ തിരിച്ചു പറക്കുന്ന ഞാനടക്കമുള്ള ചില പെണ്‍  പ്രവാസങ്ങലിലേക്കും അത് ആയത്തിൽ നീണ്ടു.

 നാല്പത്തി അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞു മകളെ ആരെ ഏൽപ്പിച്ചാണ് ജോലിയിൽ  തിരികെ പ്രവേശിക്കേണ്ടത് എന്ന എന്റെ ആകുലതകൾക്ക്  മുന്നിലേക്ക് ദൈവം പറഞ്ഞയച്ചത് പോലെ വന്നു വന്നു ചേർന്നതാണ് ഹാജറ  ദീദി. അവരുടെ പ്രവാസത്തിന്റെ മൂന്നാം ഊഴമായിരുന്നു അത്. ഏഴാം മാസം നാട്ടു നടപ്പനുസരിച്ച് അമ്മ വീട്ടിൽ പ്രസവത്തിനു പോയ ദീദിക്ക് പിന്നീട് ഒരിക്കലും ഭർത്താവിന്റെ സംരക്ഷണയിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞില്ല . വൃദ്ധ പിതാവിന്റെ മരണവും നാലഞ്ച് അനുജത്തിമാരും രണ്ട് അനുജന്മാരും മാതാവും അടങ്ങിയ കുടുംബത്തിനു അര വയറെങ്കിലും നിറച്ചുണ്ണാൻ വേണ്ടി  ആയിരിന്നു , കിട്ടിയ വിസയിൽ ഭാഷയറിയാത്ത മറ്റൊരു രാജ്യത്തേക്ക് അവർ തനിച്ച് പറന്നിറങ്ങിയത്. വയസ്സൻ അറബിയുടെ കാമാർത്തിക്ക് മുന്നിൽ ഭയന്ന് ചൂളി നില്ക്കേണ്ടി വന്നതും  അയാളുടെ ഭാര്യയുടെ സഹായത്തോടു കൂടെ തന്നെ രക്ഷപ്പെട്ടതുമായ  കഥ പറയുമ്പോൾ ഇപ്പോഴും ആ നല്ല സ്ത്രീയോടുള്ള യോടുള്ള നന്ദി അവരുടെ കണ്ണുകളിൽ തിളങ്ങും. പ്രാരാബ്ധങ്ങൾ അവരെ  വീണ്ടും വീണ്ടും പ്രവാസത്തിന്റെ  കരിം കുപ്പായം എടുത്തണിയിപ്പിച്ചു .പാൽ  മണം മാറും  മുൻപ് അനുജത്തിമാരുടെ കൈകളിൽ ഏൽപ്പിച്ച് കൊടുത്ത ഹാജറ  ദീദിയുടെ മകൻ ഇന്ന് ഇരുപതുകളിലെത്തിയ  യുവാവായി. താഴെയുള്ളിത്തിരി പോന്ന കിടാങ്ങൾ ക്കൊക്കെയും കുടുബം ആയി .എങ്കിലും  തീരാത്ത ആവലാതികളുമായി  ഇത്തവണയും നാട്ടിലേക്ക് അവധിക്ക് പോവുമ്പോൾ  അത്തറു കുപ്പികളും സോപ്പുകളും ബദാം പായ്ക്കറ്റുകളും കുത്തി നിറച്ച  പെട്ടികളുമായി മുൻ  വരിയിൽ വീണു പോയ പല്ലിന്റെ വിടവും കാട്ടി നിറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് നടന്നകലുമ്പോൾ അവർ പറഞ്ഞു ; ഒരിക്കൽ കൂടി വരണം അഞ്ചു സെന്റ്‌ കിടപ്പാടം ഇനിയും ആയിട്ടില്ല .

പ്രവാസത്തിലെ പുരുഷപക്ഷത്തോളം  ഇല്ലെങ്കിലും, ദൈവ വിധിക്ക് മുന്നില് നിസ്സഹായതയും ദൃഡ നിശ്ചയവും കൂടിക്കലരുമ്പോൾ മാതൃത്വം  മറന്നു വെക്കുന്ന ഹാജറമാർ അനേകായിരം ഉണ്ട് . ഇന്തോനേഷ്യയിൽ  നിന്നും ഫിലിപ്പൈൻസിൽ  നിന്നും ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമൊക്കെ ആയി ഒരുപാട് . അവരിൽ  വീട്ടു ജോലിക്കാരും ആതുര ശുശ്രൂഷകരിലെ ഒരു വലിയ വിഭാഗവും മറ്റു ജോലിക്കാരും ഉൾപ്പെടും . സമൂഹത്തിന്റെ താഴെ ത്തട്ടിൽ നില്ക്കുന്ന ഇവർക്കിടയിൽ  ചൂഷണത്തിന്റെ ചെന്നായ് കുപ്പായം അണിഞ്ഞ ദല്ലാളുമാരും കൂട്ടിക്കൊടുപ്പുകാരും ഉണ്ടാകും! ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്‍ മനസ്സുകളെ ശരീരം ആയി മാത്രം കാണുന്ന ആർത്തി പൂണ്ട ആണ്‍ നോട്ടങ്ങൾ അവർക്ക് മേൽ ചെന്ന് പതിക്കും !  എന്നാലും   വീണ്ടും ഇണയില്ലാതെ പറക്കുന്ന പെണ്‍ പക്ഷികൾ ചിറകു പൊള്ളി യാത്ര തുടരും 

പ്രവാസം ഒരു കലഹം ആണെന്നാണ്‌ എനിക്ക് തോന്നാറുള്ളത്. നിരന്തരമായ കലഹം. വിരഹത്തോടും ഇല്ലായ്മകളോടും  പ്രാരബ്ധങ്ങളോടും  ഗൃഹാതുരത്വത്തോടും  സുഖ ലോലുപതകളോടും  ഉള്ള കലഹം! കലഹത്തിന്റെ നൈരന്തര്യം ! കലഹിച്ച് കലഹിച്ച് അവസാനം കലഹത്തോട്  സമരസപ്പെട്ട് പോവുന്ന പ്രവാസത്തിന്റെ ചില പെണ്ണി ടങ്ങൾ  ഇങ്ങനെയും !

ജാലകം