Thursday, December 5, 2013

നോവിന്റെ പെണ്‍ചിറകുകൾ - (പുടവയുടെ പ്രവാസ പതിപ്പിന് എഴുതിയത്)പെട്രോൾ സ്റ്റേഷനിലെ ജീവനക്കാരനു പൈസ കൊടുത്ത് കൈ വലിക്കുന്നതിനിടെ ജപമാലകളും പ്രാർത്ഥനാ  സൂക്തങ്ങളും കൊരുത്തിട്ട ഒരു കുഞ്ഞു കൈ ഗ്ലാസിനിടയിലൂടെ നീണ്ടു. പുറകിൽ കറുത്ത പർദ്ദയിൽ പൊതിഞ്ഞ ചെളി പിടിച്ച ഒരു വെളുത്ത മുഖവും . 

ഇന്ധനം നിറയ്ക്കുന്നതിനിടയ്ക്ക് ജീവനക്കാരനോട് മിണ്ടാൻ എടുത്ത അൽപ നേരത്തിനിടയ്ക്ക്   അകത്തേക്ക് കയറിയ തീക്ഷ്ണ സൂര്യനോട്  മുഖം  കോട്ടി ഇരിക്കുകയായിരുന്നു  ഞാൻ. ചൂടിനെ പുറത്താക്കാനും എയർ  കണ്ടീഷന്റെ  ശീതളിമയിലേക്ക് വേഗത്തിൽ മടങ്ങാനും വേണ്ടി , ഞാൻ അവളോട്‌ നിഷേധ ഭാവത്തിൽ തലയാട്ടുമ്പോഴേക്കും എന്റെ ഭർത്താവ് അതിലൊന്ന് വാങ്ങിയിരുന്നു. വെൽ വെറ്റ്  തുണിയിൽ തുന്നിപ്പിടിപ്പിച്ച യാത്രയിൽ സംരക്ഷണം തേടിയുള്ള   പ്രാർത്ഥന   ഒരു റിയാലിൽ കുറഞ്ഞ്  കടയിൽ  കിട്ടുമല്ലോ എന്ന എന്റെ ചോദ്യക്ക ണ്ണുകൾക്ക്  അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. "അവളും പ്രവാസി ആണ് നമ്മളെ പോലെ, പക്ഷെ അവൾ രാജ്യമില്ലാത്ത പ്രവാസി . നമുക്ക് തിരിച്ചു പോകാൻ രാജ്യം എങ്കിലും ഉണ്ട്..! " 

എന്റെ നോട്ടം പൊടുന്നനെ പിറകിലെ സീറ്റിൽ നോമ്പിന്റെ യും ചൂടിന്റെയും ആലസ്യത്തിൽ മയങ്ങിക്കിടക്കുന്ന, ആ പലസ്തീൻ പെണ്‍ കിടാവിനോപ്പം പോന്ന എന്റെ മകൾക്ക് മേലെ  പാറി വീണു. പിന്നെ എന്റെ മനസ്സഞ്ചാരങ്ങൾ  അവളുടെ ശൈശവത്തിലെക്കും ഹാജറാ  ദീദിയിലെക്കും പിറകിലേക്ക് പിച്ച വെച്ചു .  രാജ്യമുണ്ടെങ്കിലും എപ്പോഴും ദേശാടന പക്ഷികളെ പോലെ തിരിച്ചു പറക്കുന്ന ഞാനടക്കമുള്ള ചില പെണ്‍  പ്രവാസങ്ങലിലേക്കും അത് ആയത്തിൽ നീണ്ടു.

 നാല്പത്തി അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞു മകളെ ആരെ ഏൽപ്പിച്ചാണ് ജോലിയിൽ  തിരികെ പ്രവേശിക്കേണ്ടത് എന്ന എന്റെ ആകുലതകൾക്ക്  മുന്നിലേക്ക് ദൈവം പറഞ്ഞയച്ചത് പോലെ വന്നു വന്നു ചേർന്നതാണ് ഹാജറ  ദീദി. അവരുടെ പ്രവാസത്തിന്റെ മൂന്നാം ഊഴമായിരുന്നു അത്. ഏഴാം മാസം നാട്ടു നടപ്പനുസരിച്ച് അമ്മ വീട്ടിൽ പ്രസവത്തിനു പോയ ദീദിക്ക് പിന്നീട് ഒരിക്കലും ഭർത്താവിന്റെ സംരക്ഷണയിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞില്ല . വൃദ്ധ പിതാവിന്റെ മരണവും നാലഞ്ച് അനുജത്തിമാരും രണ്ട് അനുജന്മാരും മാതാവും അടങ്ങിയ കുടുംബത്തിനു അര വയറെങ്കിലും നിറച്ചുണ്ണാൻ വേണ്ടി  ആയിരിന്നു , കിട്ടിയ വിസയിൽ ഭാഷയറിയാത്ത മറ്റൊരു രാജ്യത്തേക്ക് അവർ തനിച്ച് പറന്നിറങ്ങിയത്. വയസ്സൻ അറബിയുടെ കാമാർത്തിക്ക് മുന്നിൽ ഭയന്ന് ചൂളി നില്ക്കേണ്ടി വന്നതും  അയാളുടെ ഭാര്യയുടെ സഹായത്തോടു കൂടെ തന്നെ രക്ഷപ്പെട്ടതുമായ  കഥ പറയുമ്പോൾ ഇപ്പോഴും ആ നല്ല സ്ത്രീയോടുള്ള യോടുള്ള നന്ദി അവരുടെ കണ്ണുകളിൽ തിളങ്ങും. പ്രാരാബ്ധങ്ങൾ അവരെ  വീണ്ടും വീണ്ടും പ്രവാസത്തിന്റെ  കരിം കുപ്പായം എടുത്തണിയിപ്പിച്ചു .പാൽ  മണം മാറും  മുൻപ് അനുജത്തിമാരുടെ കൈകളിൽ ഏൽപ്പിച്ച് കൊടുത്ത ഹാജറ  ദീദിയുടെ മകൻ ഇന്ന് ഇരുപതുകളിലെത്തിയ  യുവാവായി. താഴെയുള്ളിത്തിരി പോന്ന കിടാങ്ങൾ ക്കൊക്കെയും കുടുബം ആയി .എങ്കിലും  തീരാത്ത ആവലാതികളുമായി  ഇത്തവണയും നാട്ടിലേക്ക് അവധിക്ക് പോവുമ്പോൾ  അത്തറു കുപ്പികളും സോപ്പുകളും ബദാം പായ്ക്കറ്റുകളും കുത്തി നിറച്ച  പെട്ടികളുമായി മുൻ  വരിയിൽ വീണു പോയ പല്ലിന്റെ വിടവും കാട്ടി നിറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് നടന്നകലുമ്പോൾ അവർ പറഞ്ഞു ; ഒരിക്കൽ കൂടി വരണം അഞ്ചു സെന്റ്‌ കിടപ്പാടം ഇനിയും ആയിട്ടില്ല .

പ്രവാസത്തിലെ പുരുഷപക്ഷത്തോളം  ഇല്ലെങ്കിലും, ദൈവ വിധിക്ക് മുന്നില് നിസ്സഹായതയും ദൃഡ നിശ്ചയവും കൂടിക്കലരുമ്പോൾ മാതൃത്വം  മറന്നു വെക്കുന്ന ഹാജറമാർ അനേകായിരം ഉണ്ട് . ഇന്തോനേഷ്യയിൽ  നിന്നും ഫിലിപ്പൈൻസിൽ  നിന്നും ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമൊക്കെ ആയി ഒരുപാട് . അവരിൽ  വീട്ടു ജോലിക്കാരും ആതുര ശുശ്രൂഷകരിലെ ഒരു വലിയ വിഭാഗവും മറ്റു ജോലിക്കാരും ഉൾപ്പെടും . സമൂഹത്തിന്റെ താഴെ ത്തട്ടിൽ നില്ക്കുന്ന ഇവർക്കിടയിൽ  ചൂഷണത്തിന്റെ ചെന്നായ് കുപ്പായം അണിഞ്ഞ ദല്ലാളുമാരും കൂട്ടിക്കൊടുപ്പുകാരും ഉണ്ടാകും! ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്‍ മനസ്സുകളെ ശരീരം ആയി മാത്രം കാണുന്ന ആർത്തി പൂണ്ട ആണ്‍ നോട്ടങ്ങൾ അവർക്ക് മേൽ ചെന്ന് പതിക്കും !  എന്നാലും   വീണ്ടും ഇണയില്ലാതെ പറക്കുന്ന പെണ്‍ പക്ഷികൾ ചിറകു പൊള്ളി യാത്ര തുടരും 

പ്രവാസം ഒരു കലഹം ആണെന്നാണ്‌ എനിക്ക് തോന്നാറുള്ളത്. നിരന്തരമായ കലഹം. വിരഹത്തോടും ഇല്ലായ്മകളോടും  പ്രാരബ്ധങ്ങളോടും  ഗൃഹാതുരത്വത്തോടും  സുഖ ലോലുപതകളോടും  ഉള്ള കലഹം! കലഹത്തിന്റെ നൈരന്തര്യം ! കലഹിച്ച് കലഹിച്ച് അവസാനം കലഹത്തോട്  സമരസപ്പെട്ട് പോവുന്ന പ്രവാസത്തിന്റെ ചില പെണ്ണി ടങ്ങൾ  ഇങ്ങനെയും !

17 comments:

 1. പ്രവാസത്തിന്റെ മറ്റൊരു പദമാണ് കലഹം...അല്ലേ?

  ReplyDelete
 2. എല്ലാത്തിനോടും ഉള്ള കലഹം തന്നെ പ്രവാസം.
  ഹാജറ ദീദിയെപ്പോലെ നിരവധി...

  ReplyDelete
 3. അതെ... ഒരുപാട് ഹാജറ ദീദിമാര്‍, പെട്രോള്‍ ബങ്കില്‍ കണ്ട മാതിരിയുള്ള കുഞ്ഞുങ്ങള്‍..

  ReplyDelete
 4. പ്രവാസത്തിന് പുരുഷപക്ഷം ,സ്ത്രീപക്ഷം എന്നൊന്നുമില്ല ,തീവ്രമായ വേദനയുടെ ദുരവസ്ഥ എന്നേ അതിനര്‍ത്ഥമുള്ളു ..മോഹിപ്പിക്കുന്ന എഴുത്ത് ..വെല്‍ ഡണ്‍..

  ReplyDelete
 5. നന്നായിട്ടുണ്ട് കുറിഞ്ഞീ ഈ എഴുതീത്..........

  ReplyDelete
 6. നല്ല ഭാഷയുള്ള എഴുത്ത് നന്നായങ്ങു വായിച്ചു വരവേ,വേഗം തീര്‍ന്നു.
  പ്രവാസം ഒരു കലഹം തന്നെ.ഒഴിവാക്കാനാവാത്ത കലഹം

  ReplyDelete
  Replies
  1. എനിക്ക് കിട്ടുന്ന സ്ഥിരം പരിഭവം ആണ് പെട്ടെന്ന് തീർന്നു പോവുന്നു എന്നത്...ഇനിയെങ്കിലും എന്റ അശ്രദ്ധ കളഞ്ഞേ തീരൂ അല്ലെ..

   Delete
 7. വളരെ നല്ല എഴുത്ത്, മനസ്സിൽ തട്ടി.

  ReplyDelete
 8. ഗദദാമ എന്ന സിനിമയില്‍ കണ്ടത് പോലെ...മനസിനെ പൊള്ളിക്കുന്ന ജീവിതങ്ങളുടെ കഥ.

  ReplyDelete
 9. പ്രവാസത്തിലെ പുരുഷപക്ഷത്തോളം ഇല്ലെങ്കിലും, ദൈവ വിധിക്ക് മുന്നില് നിസ്സഹായതയും ദൃഡ നിശ്ചയവും കൂടിക്കലരുമ്പോൾ മാതൃത്വം മറന്നു വെക്കുന്ന ഹാജറമാർ അനേകായിരം ഉണ്ട്..
  ദുരിതക്കയങ്ങളുടെ പ്രവാസം..

  ReplyDelete
 10. പ്രവാസത്തിലെ പുരുഷപക്ഷത്തോളം ഇല്ലെങ്കിലും, ദൈവ വിധിക്ക് മുന്നില് നിസ്സഹായതയും ദൃഡ നിശ്ചയവും കൂടിക്കലരുമ്പോൾ മാതൃത്വം മറന്നു വെക്കുന്ന ഹാജറമാർ അനേകായിരം ഉണ്ട്

  ReplyDelete
 11. ശരിയാണ്. പ്രവാസത്തിന്റെ പുരുഷപക്ഷവും സ്ത്രീപക്ഷവും വേർതിരിച്ച് വിലയിരുത്തേണ്ടത് തന്നെയാണ്. ഇവിടെ അതിനുള്ള ശ്രമം മാത്രമേ നടന്നിട്ടുള്ളൂ എന്നത് ഒരു പരിഭവമായി രേഖപ്പെടുത്തുന്നു. സ്ത്രീപക്ഷപ്രവാസത്തെക്കുറിച്ച് കാര്യമായി ആരും എഴുതിയിട്ടില്ലെന്ന് തോന്നുന്നു. അതിനു തുടക്കം കുറിച്ചതിൽ അഭിനന്ദനങ്ങൾ.

  ReplyDelete
 12. വിഷയത്തെ പറ്റി കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല..

  നല്ല ഭാഷ.. ഒഴുക്ക്.. പെട്ടന്ന് തീര്‍ന്നുപോയി..

  ReplyDelete
  Replies
  1. എനിക്ക് കിട്ടുന്ന സ്ഥിരം പരിഭവം ആണ് പെട്ടെന്ന് തീർന്നു പോവുന്നു എന്നത്...ഇനിയെങ്കിലും എന്റ അശ്രദ്ധ കളഞ്ഞേ തീരൂ അല്ലെ.. നന്ദി മനോജ്‌

   Delete

www.anaan.noor@gmail.com