Wednesday, June 9, 2010

ചോക്ലേറ്റ്‌ നിറമുള്ള കുട്ടി

                          ചോക്ലേറ്റ്‌ നിറമുള്ള കുട്ടി




ഒരു അഭിനവ തത്വം:ജീവിതവും പ്രണയവും കാമവും വെവ്വേറെ ആണ്‌.അതല്ല, അത്‌ ഒന്നിനോടൊന്ന് ഇഴ ചേര്‍ന്നതാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ മൂഢന്മാരും മൂഢത്തികളും ആണ്‌.


 1.
വൈബ്രേഷന്‍ മോഡില്‍ ഇട്ടിരിക്കുന്ന മൊബൈലിന്റെ മുരള്‍ച്ചയാണ്‌ പാതി മയക്കതില്‍ നിന്നും കാതറീനെ ഉണര്‍ത്തിയത്‌.
"വണ്‍ മെസ്സേജ്‌ ഇന്‍ ഇന്‍ബോക്സ്‌." 3 ദിവസമായി ഒരായിരം തവണയെങ്കിലും അതെടുത്ത്‌ നോക്കിയിട്ടുണ്ട്‌.പ്രതീക്ഷാപൂര്‍വ്വം..  
'സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍-ശ്യാം.'  
ഒരു വല്ലാത്ത ഈര്‍ഷ്യയാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.വലത്‌ കൈ അറിയാതെ അടിവയറ്റിന്റെ പതുപതുപ്പില്‍ അമര്‍ന്നു.  
എന്റെ കുഞ്ഞു ഘനശ്യാം...  
പല രാത്രികളില്‍ തങ്ങള്‍ ഒന്നിച്ചുറങ്ങിയ നഗരത്തിലെ വാടകമുറി വിട്ട്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ശ്യാം ,അവന്റെ സ്ഥായിയായ സ്നേഹത്തിലേക്ക്‌, ജീവിതത്തിലേക്ക്‌ തിരിച്ച്‌ നടന്നത്‌.
-ജീവിതം, അല്ലെങ്കില്‍ സൗകര്യപൂര്‍വ്വമുള്ള പൊളിച്ചെഴുത്തുകള്‍ - 



2

അസാധാരണമാം വിധം മിടിയ്ക്കുന്ന ഹൃദയത്തോടെ ഒരു സാധാരണ ജോലി ദിവസത്തേയ്ക്ക്‌ അവള്‍ ശ്രദ്ധ തിരിച്ചു. 
വാലെന്റൈന്‍സ്‌ ഡേ അടുത്തിരിക്കുന്നത്‌ കൊണ്ട്‌ "ബെല്ല ഡെ റൊസ്‌"ന്റെ അലങ്കാരങ്ങള്‍ മുഴുവനും മാറ്റാനുള്ള തിരക്കിലായിരുന്നു പകല്‍ മുഴുവന്‍..ചുവന്ന ഹൃദയങ്ങള്‍ കൊണ്ട്‌ കടയ്ക്കു മുഴുവനും പുതു ചന്തം നല്‍കി, ഹൃദയാകൃതിയില്‍ അലങ്കരിച്ചു വെക്കേണ്ട ഡാര്‍ക്ക്‌ ചൊക്കൊലേറ്റുകള്‍..അജ്ഞാതരായ ഏതൊക്കെയോ പ്രണയികളെ കാത്തിരിക്കുന്ന കടും മധുരങ്ങള്‍...  
എന്നിട്ടും അയഞ്ഞ എതോ നിമിഷത്തില്‍ മനസ്സ്‌ തിരിച്ച്‌ നടന്ന് പ്രഗ്നന്‍സി ഹോം ചെക്കിംഗ്‌ കിറ്റില്‍ പോസിറ്റിവ്‌ ഫലം തെളിയിച്ച രണ്ട്‌ ചുകന്ന വരകളില്‍ തങ്ങി നിന്നു.നിഗൂഢമായ ഒരു ഭാവത്തൊടെയാണ്‌ കാതറീന്റെ വിരലുകള്‍ മൊബെയില്‍ കീ പാഡില്‍ ദ്രുത ഗതിയില്‍ ചലിച്ചത്‌.."ഇറ്റ്‌ ഈസ്‌ യെസ്‌!"..ഇളം ചൂടുള്ള, രോമക്കാടായ അവന്റെ നെഞ്ചില്‍ തല ചായചു നില്‍ക്കാനാണ്‌ അവള്‍ക്കന്നേരം തോന്നിയത്‌..മയില്‍പ്പീലിക്കണ്ണുള്ള കുഞ്ഞു ഘനശ്യാമിനെ സ്വപ്നം കണ്ട്‌ കൊണ്ട്‌.. 
നിമിഷങ്ങള്‍ക്ക്‌ ശേഷം ഫോണ്‍ ശബ്ദിച്ചപ്പോള്‍, ആദി മനുഷ്യന്റെ ശബ്ദമാണ്‌ മറു തലയ്ക്കല്‍ കേട്ടത്‌...വെളിവാക്കപ്പെട്ട നഗ്നത അത്തിയിലകളാല്‍ മറയ്ക്കാന്‍ ശ്രമിച്ച ആദി മനുഷ്യന്റെ...പാപബോധം തീണ്ടിയ ആദി മനുഷ്യന്‍!.സ്ത്രീയാല്‍ വഞ്ചിക്കപ്പെട്ട ആദിമനുഷ്യന്‍...സര്‍പ്പത്താല്‍ വഞ്ചിക്കപ്പെട്ട സ്ത്രീ. 
വീണ്ടും.. 
സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍-ശ്യാം.
3. 
ഫെബ്രുവരിയുടെ വൈകുന്നേരങ്ങളിലെ തണുപ്പ്‌ പതുക്കെ വിട്ടു തുടങ്ങി..പെറ്റ്‌ പെരുകാനിരിക്കുന്ന ഉഷ്ണത്തിന്റെ മുന്നൊരുക്കമെന്നോണം.. 
നഗരത്തെ പച്ച പുതപ്പിക്കുന്ന പുല്‍ത്തകിടികളെ സ്പ്രിംഗ്ലറില്‍ നിന്നും ചീറ്റിത്തെറിക്കുന്ന വെള്ളം നനയ്ക്കുന്നുണ്ടായിരുന്നു. സൂര്യ രശ്മികള്‍ അതില്‍ മഴവില്ലു തീര്‍ക്കുന്നതും നോക്കി കാതറീന്‍ വേഗം നടന്നു..നടപ്പാത്തയില്‍ നിന്ന് വിട്ട്‌ പുല്‍ത്തകിടിയിലൂടെയായൈരുന്നു അവള്‍ നടന്നിരുന്നത്‌. പോയിന്റെട്‌ ഹീല്‍സ്‌ ഉള്ള ചെരുപ്പ്‌ പുല്‍ത്തകിടിയില്‍ പൂണ്ട്‌ പോകുന്നത്‌ കൊണ്ടാവാം അതു ഒരു കയ്യില്‍ കോര്‍ത്ത്‌ പിടിച്ചായിരുന്നു അവള്‍ നടക്കുനന്ത്‌. ചവിട്ടടികളില്‍ നനവ്‌..
 4. 
ഹൃദയവും ആമാശയവും വന്‍ കുടലും ചെറു കുടലും ഒക്കെ വെളിവാക്കുന്ന വിധത്തില്‍ ശരീരത്തിന്റെ മുന്‍ഭാഗം ചെത്തിയിറക്കിയ അനാട്ടമിക്കല്‍ മോഡല്‍.ഡോ.മധുശ്രീഗുപ്തയുടെ മേശപ്പുറം. 
കുഞ്ഞുഘനശ്യാമന്മാര്‍ എവിടെയാവും കൈവിരലുണ്ട്‌ കൊണ്ട്‌ പതുങ്ങിക്കിടക്കുക? അല്ല അത്‌ ആദി മനുഷ്യന്റെ ശരീരം ആണ്‌..പുരുഷനെ വഞ്ചിച്ച കുറ്റത്തിന്‌ സൃഷ്ടിയുടെ നോവറിയാന്‍ ദൈവ ശാപം ലഭിച്ച സ്ത്രീയുടെതല്ല. 
ഡോ.മധു ശ്രീ ഗുപ്തയുടെ മുന്നില്‍ കുറ്റവാളിയുടെ കണ്ണുകളോടെ അവള്‍ ഇരുന്നു.ലിപ്‌ ലൈനര്‍ അതിരിട്ട ചെറിയ ചുണ്ടുകളില്‍ ഭംഗിയുള്ള പുഞ്ചിരി വിരിയിച്ച്‌ ഡോ.മധുശ്രീ പറഞ്ഞു.."റിലാക്സ്‌..ഐ വില്‍ ഡു ഇറ്റ്‌". 
എ.റ്റി.എം ഇലെ അവസാന നാണയവും ചുരണ്ടി കൗണ്ടറില്‍ പണമടച്ച്‌ ഊഴത്തിനായി കാതറിന്‍ കാത്തു. 
കൈകോര്‍ത്ത്‌ പിടിച്ച്‌ കണ്ണുകളില്‍ സന്തോഷം നിറച്ച ഒരു ഭാര്യയും ഭര്‍ത്താവും എതിരില്‍.അവളുടെ കൈ അയാളുടെ മടിയില്‍ വിശ്രമിക്കുന്നു.ഗര്‍ഭപാത്രത്തില്‍ കിഴുക്കാം തൂക്കായി കിടക്കുന്ന ഉണ്ണിയുടെ ഘട്ടം ഘട്ടമായുള്ള വളര്‍ച്ച വ്യക്തമാക്കുന്ന പോസ്റ്ററില്‍ അവര്‍ സാകൂതം നോക്കിക്കൊണ്ടിരുന്നു... 
കാതറീന്റെ മൗനം പിടഞ്ഞു. 
കുഞ്ഞേ..നീ ഭാഗ്യവാന്‍..സ്നേഹത്തില്‍ കുരുത്ത്‌ സ്നേഹത്തില്‍ പിറക്കാന്‍ വിധിക്കപ്പെട്ടവന്‍..കുഞ്ഞു ഘനശ്യാം..അമ്മയോട്‌ പൊറുക്കുക..നീ അംഗീകരിക്കപ്പെടാത്തവനാണ്‌..പിതൃത്വം നിഷേധിക്കപ്പെട്ടവനാണ്‌.സൂര്യ തേജസ്സ്‌ ആവാഹിക്കുവാന്‍ ഈ അമ്മ കുന്തീദേവിയല്ല..നിന്നെ വളര്‍ത്താന്‍ ഒരു അതിരഥനും അവശേഷിക്കുന്നുമില്ല..
ഒബ്സര്‍വേഷന്‍ ടേബിളില്‍, കിടക്കുവാന്‍ ജീന്‍സിന്റെ ബട്ടണ്‍ അഴിച്ചപ്പോള്‍ അകത്തെവിടെയോ ഒരു സ്പന്ദനം..കിഴുക്കാം തൂക്കായി തുടയൊടുരസി നീ പിറന്നു വീഴേണ്ട യോനീമുഖത്തേക്ക്‌,ഡോക്റ്ററുടെ വെളുത്ത ഗ്ലൗസിട്ട കൈ കൊണ്ട്‌ നിനക്കുള്ള വിഷം തിരുകി.. മുലക്കണ്ണില്‍ വിഷം തേച്ച പൂതന!-നിന്റെ അമ്മ!
-കാമത്തിന്റെ ഒടുക്കം-
5. 
ഇഞ്ചക്ഷനുകള്‍ നല്‍കിയ തളര്‍ന്ന മയക്കം..എണ്ണ മിനുപ്പും, മയില്‍പ്പീലിക്കണ്ണും ഇരുണ്ട മുടിയഴകുമുള്ള കുഞ്ഞു ഘനശ്യാം അവളുടെ സ്വപ്നങ്ങളില്‍ കൈകാല്‍ കുടഞ്ഞ്‌ ചിരിച്ചു. 
ഉണര്‍ച്ചയില്‍... 
തൊണ്ടയിലേയ്ക്ക്‌ തികട്ടി വരുന്ന മരുന്നിന്റെ കയ്പ്പിനൊപ്പം വീണ്ടും മൊബൈല്‍ അതേ മെസ്സേജ്‌ ശര്‍ദ്ദിക്കുന്നു.."സെന്റ്‌ മി യുവര്‍ അക്കൗണ്ട്‌ നമ്പര്‍.." തുടരെത്തുടരെ വരുന്ന മുരള്‍ച്ച കട്ട്‌ ചെയ്ത്‌ റിപ്ലൈ ബട്ടനില്‍ അവള്‍ വിരലമര്‍ത്തി..
"സംഹാരതിനു ചിലവഴിക്കേണ്ടി വന്ന അക്കങ്ങളുടെ കണക്കെടുക്കുന്നതിനു മുന്‍പ്‌ എന്റെ ഘനശ്യാം നീയറിയുക..നമ്മുടെ കുഞ്ഞുഘനശ്യാം ചോക്ലേറ്റ്‌ ബ്രൗണ്‍ നിറത്തിലുള്ള രക്തക്കട്ടകളായി സാനിറ്ററി നാപ്കിന്റെ വെളുപ്പില്‍ അലിഞ്ഞില്ല്ലാതായി..എങ്കിലും ഘനശ്യാം നീയറിയുക.പ്രണയവും ജീവിതവും കാമവും വെവ്വെറെയാവുന്ന നീ നവയുഗത്തില്‍..ഞാന്‍ നിനക്കുള്ള പ്രണയം കരുതി വെച്ച്‌ കൊണ്ട്‌ യുഗങ്ങള്‍ക്കപ്പുറം...ഒരു യമുനാതീരവും ഇനി അതിന്റെ ഉള്ളുരക്കം അറിയാതിരിക്കട്ടെ" 
"മെസ്സേജ്‌ ഡെലിവേഡ്‌" 
-പ്രണയം മാത്രം..തുടര്‍ച്ച-
ശേഷം... 
മൊബൈലിന്റെ ചുവന്ന ബട്ടണില്‍ അവള്‍ അമര്‍ത്തി പ്രസ്സ്‌ ചെയ്തു..

Sunday, February 21, 2010

പഴയൊരോണം..

ഇത്‌ ഇന്നിന്റെ ബാല്യമല്ല..ഇച്ഛാനുസൃതം റെഡിമെയ്ഡുകള്‍ കിട്ടൂന്ന കാലത്തിനു മുന്‍പേ..

മുറ്റത്തെ പൂക്കളത്തിന്‌ തമിഴന്റെ പൊള്ളുന്ന വിലയുള്ള പൂക്കളെ ആശ്രയിക്കേണ്ടീ വരുന്നതിനും മുന്‍പെ...


ഓണസദ്യ ചാനല്‍ വിരുന്നുകള്‍ക്ക്‌ വഴി മാറുന്നതിന്‌ മുന്‍പേ ഉള്ള ഒരാറു വയസ്സുകാരിയുടെ ഓണനിനവുകള്‍..
ആറും നാലും ഒന്നരയും വയസ്സുള്ള എന്റെ മക്കള്‍ക്ക്‌ സമര്‍പ്പണം.



പഴയൊരോണം..



രാവിലെ മുതല്‍ ഗേറ്റില്‍ കാത്ത്‌ നില്‍ക്കുകയാണ്‌ ദേവൂട്ടി. കണ്ണൊന്ന് തെറ്റിയാല്‍ തുന്നക്കാരന്‍ വാസേവേട്ടന്‍ പോകും. രാത്രി മഴ പെയ്തത്‌ കൊണ്ട്‌, ഗേറ്റിന്റെ കമ്പിയില്‍ കുറേ വെള്ളത്തുള്ളികള്‍ ഉണ്ട്‌., അത്‌ ഓരോന്നായി ഉള്ളം കയ്യില്‍ എടുക്കുകയാണ്‌ അവള്‍. വെള്ളത്തുള്ളികള്‍ക്ക്‌ നനഞ്ഞ ഇരുമ്പിന്റെ മണം. ഇടക്കിടെ വാസേവേട്ടനെയും നോക്കുന്നുണ്ട്‌.എന്നും വെളുത്ത മുണ്ടും ഷര്‍ട്ടുമിട്ട്‌, കുടവയറും കുലുക്കി, കക്ഷത്ത്‌ നീളത്തിലുള്ളൊരു കുടയും വെച്ചിട്ടാണ്‌ മൂപ്പര്‍ വരിക.കൃത്യം ഏഴേ മുക്കാലിന്‌. ഹൊ! ഇനിയെന്നാണാവോ മഞ്ഞപ്പട്ട്‌ പാവാട തുന്നിക്കിട്ടുക. ഓണത്തിന്‌ ഇനി എത്ര ദൂസന്നെണ്ട്‌.. അങ്ങനെ ദെവൂട്ടി അക്ഷമയോടെ നില്‍ക്കുമ്പോളാണ്‌, പിച്ചകപ്പന്തലിന്റെ ചുവട്ടില്‍ അമ്മ വച്ചിരിക്കുന്ന ഏതോ പൂച്ചട്ടിയുടെ വലിയ ഇലയ്ക്ക്‌ കീഴെയായി ഒരു കുരുവിക്കൂട്‌ കണ്ടത്‌. അതില്‍ രണ്ട്‌ കിളിക്കുഞ്ഞുങ്ങള്‍.! തൂവലൊന്നും വന്നിട്ടില്ല.പാവങ്ങള്‍, പറക്കാന്‍ ആയിട്ട്ല്ലാ തോന്നുണു.അമ്മക്കിളീ എവിടെ? തീറ്റ തേടി പൊയതാവും ല്ലെ..നിങ്ങളെ ഞാന്‍ തൊടില്ല .തൊട്ടാപിന്നെ അമ്മക്കിളീ അടുത്ത്‌ വരില്യാത്രെ..അവടെ ഇരുന്നോ വൈന്നെരം വന്ന് നോക്കാം..അയ്യോ..വാസേവേട്ടന്‍ പൊയിട്ടുണ്ടാവും..മറന്നു..ഈ കിളിക്കുഞ്ഞുങ്ങള്‍ കാരണം.ഇനീപ്പൊ നാളെയാവണം തുന്നിക്കഴഞ്ഞൊന്നറിയണെങ്കില്‌...
ഉം.. അമ്മ വിളിക്ക്ണ്ട്‌..ദോശക്കല്ലില്‍ എണ്ണ പെരട്ടാന്‍ വാഴക്കണ മുറിക്കാനാവും..ഇന്നാള്‌ അലക്കണ കല്ലിന്റെ മോളില്‍ കേറി നിന്നാണ്‌ വാഴക്കണ മുറിച്ചത്‌.അങ്ങനെ വെള്ള ഷിമ്മീസില്‍ കറയും ആയി. തേങ്ങ പൊട്ടിക്ക്ണ്ട്‌ ആരോ..കുട്ടേട്ടന്‍ ആണോ എന്തോ..കുട്ടേട്ടന്‍ ആണെങ്കില്‍ ഓടിപ്പൊയിട്ടും ഒരു കാര്യൂല്ല.ഒരു തുള്ളീ തേങ്ങ വെള്ളം കിട്ടില്ല.കോളെജില്‍ പോവാന്‍ തൊടങ്ങിയ ശേഷം വല്യ ഗമയാ കുട്ടേട്ടന്‌..ബൈക്കില്‍ ഒന്ന്‌ കേറ്റാന്‍ പറഞ്ഞിട്ട്‌ ഇത്‌ വരെ കേട്ടില്ല..വല്യ ഗമക്കാരന്‍. മുറ്റത്തെ ചെമ്പക മരത്തില്‍ മുത്തച്ഛന്‍ ഇട്ട്‌ തന്ന ഊഞ്ഞാലില്‍ കുട്ടേട്ടനെയും ഇരുത്തില്ല..മണിക്കുട്ടനെയും സ്വപ്നേം ദീപെയും മാത്രേ ഇരുത്തൂ.

അവരെ എന്താണാവോ കാണാത്തത്‌.അവര്‍ വന്നിട്ട്‌ വേണം പൂവിറുക്കാന്‍ പോകാന്‍..തൊടീല്‍ മുക്കുറ്റീം തുമ്പക്കുടവും ഒക്കെ ണ്ടാകും.എത്ര തുമ്പക്കുടം വേണം ഇത്തിരി പൂ കിട്ടണെങ്കില്‍..വേലീന്ന് മഞ്ഞരളിപ്പൂവും മുറ്റത്ത്ന്ന് നന്ദിയാര്‍ വട്ടവും വലിക്കാം ബാക്കിക്ക്‌.

തുമ്പികളും പൂമ്പാറ്റകളും ഒക്കെണ്ട്‌ മുറ്റത്തും തൊടി നിറച്ചും.മിനിഞ്ഞാന്ന് ഒരു തുമ്പിയെ പിടിക്കാന്‍ നോക്കിയതാ..കാലില്‍ മുള്ള്‌ കൊണ്ടു. ചോരയും വന്നു.അതീപ്പിന്നെ നൊണ്ടിയായി നടത്തം.ഇപ്പൊഴും ണ്ട്‌ കുറേശ്ശെ വേദന. അമ്മ പറഞ്ഞത്‌ തുമ്പിയെ പിടിക്കുന്നത്‌ പാപാണെന്നാ..അതോണ്ട്‌ ദൈവാത്രെ കാലില്‍ മുള്ള്‌ കുത്തിച്ചത്‌..ദൈവത്തിന്‌ ഭയങ്കര ശക്തിയാവും..ദൈവത്തിന്‌ ദേവൂട്ടിയോട്‌ ദേഷ്യം തോന്നീട്ടുണ്ടാവ്വൊ എന്തോ..

അവരെ കാണാനില്ല ..എന്നാ പിന്നെ കൊളത്തില്‍ പോയാലോ..വേണ്ട ഒറ്റയ്ക്ക്‌ പോയിട്ട്‌ പിന്നെ അമ്മ കണ്ടാ അത്‌ മതി.വേനക്കാലത്ത്‌ കനാലില്‌ വെള്ളം വരാത്തപ്പോ തൊടീലെ കൊളത്ത്ന്നാ പാടത്തേക്ക്‌ വെള്ളം തിരിച്ച്‌ വിടുക.നടുക്ക്‌ നെറയെ താമരപ്പൂക്കളാ..അടീല്‌ മല്‍സ്യകന്യകയും ഉണ്ടാവും.കുട്ടേട്ടനോട്‌ ചോദിച്ചപ്പോ, "നിനക്ക്‌ വട്ടാടി ദെവൂട്ടി" ന്ന് പറഞ്ഞു.വട്ടൊന്നും അല്ല. ചിത്രകഥാ പുസ്തകത്തിലുണ്ടല്ലോ. പിന്നെ സ്വപ്ന ഒരിക്കല്‍ കണ്ടിട്ടൂണ്ടത്രെ.!!

കൊളത്തിന്റെ മറ്റേ ഭാഗത്ത്‌ കൈതക്കാടാ..കൈത പൂക്കുമ്പൊ നല്ല മണാ..പക്ഷേ, കൈതക്കാട്ടില്‍ പാമ്പുണ്ടാവും. അതോണ്ട്‌ ഞങ്ങള്‍ അവിടെ പോവില്ല. ഒരിക്ക അവിടെ പോയ ദിവസാണ്‌ പാദസരം കാണാതെ പോയത്‌. എന്നിട്ട്‌ എവെടെയൊക്കെ നോക്കി. പാടത്തും തൊടീലും കൊളക്കടവിലും ഒക്കെ തെരഞ്ഞു. അമ്മയോടു ചോദിച്ചപ്പൊ കണ്ടില്ലാന്ന് പറഞ്ഞു. എന്നിട്‌ ശ്രദ്ധ ഇല്ലാതെ നടക്കണതിന്‌ ചീത്തയും പറഞ്ഞു.

പിറ്റേ ദിവസം ഉറങ്ങി എണീറ്റപ്പോ പാദസരം ഉണ്ട്‌ കാലില്‍.! അമ്മേടെ മുഖത്ത്‌ ഒരു കള്ളച്ചിരി. അമ്മയ്ക്ക്‌ വിരിപ്പിന്റെ ഉള്ളീന്ന് കിട്ടീയതാത്രെ.

ഈ സ്വപനെം മണീക്കുട്ടനും എവെടെപ്പോയി .ഇനി ഇന്നവര്‍ വരണീല്ലെ ആവോ..ഇന്നലെ ണ്ടാക്കിയ പൂക്കളം ഒക്കെ മഴയത്ത ഒലിച്ച്‌ പോയതിന്റെ സങ്കടം കൊണ്ടാവും. ഇന്നലെ നല്ല ഭങ്ങീള്ള പൂക്കളമായിരുന്നു. ഇത്തിരി കഴിഞ്ഞപ്പൊ ഒരു പെരും മഴയത്ത്‌ ഒക്കെ ഒലിച്ച്‌ പോയി.

ങാ..ഇന്നവര്‍ വരില്ലായിരിക്കും.. ഇന്നവടെ മാതോല്‌ ഉണ്ടക്ക്ണ്ടാവും. അമ്മേം മുതശ്ശീം കൂടെ ഇവിടെം ണ്ടാക്കും മണ്ണ്‍ കുഴച്ച്‌ നീളത്തില്‌ എന്നിട്‌ അതിന്റെ മോളില്‍ പച്ഛീര്‍ക്കില്‍ കുത്തി നിര്‍ത്തും.ഈര്‍ക്കിലില്‍ ചെണ്ട്‌ മല്ലി പൂ കുത്തി നിര്‍ത്തും..എന്നിട്ട്‌ മാതോലിന്റെ നെറുകയില്‍ അരിമാവു കലക്കി ഒഴിക്കും. തിരുവോണതിന്റെ അന്നുണ്ടാക്കണ വല്യ പൂക്കളതിന്റെ നടുക്ക്‌ വെക്കും എന്നിട്ട്‌..നോക്കട്ടെ അവര്‌ മാതോല്‌ ണ്ടാക്ക്ക്കി കഴിഞ്ഞോാ എന്ന്.

ഇനി നാളേയാവാന്‍ എത്ര നേരണ്ടാവോ..വാസെവേട്ടനോട്‌ പറയണം വേഗം മഞ്ഞപ്പട്ട്‌ പാവാട തുന്നി തരാന്‍.

ദേവൂട്ടി പതുക്കെ സ്വപ്നയുടേയും മണിക്കുട്ടന്റെയും വീട്ടീലെക്കു നടന്നു. ഒരു കാല്‍ പൊക്കി വെച്ചാണ്‌ നടത്തം.എന്തായലും ഇനി തുമ്പിയെയും പൂമ്പാറ്റയെയും ഒന്നും പിടിക്കാന്‍ പോവില്ലെന്ന് അവള്‍ തീരുമാനിച്ചിട്ടുണ്ട്‌.



(മാതോല്‍= മാവേലിയെ പ്രതിനിധീകരിച്ച്‌ മണ്ണീല്‍ തീര്‍ത്ത്‌ വെയ്ക്കുന്ന രൂപത്തിന്റെ പാലക്കാടന്‍ വാമൊഴി.)
ജാലകം