Wednesday, January 8, 2014

ചില നേരക്കുറികൾ

(ചില നേരക്കുറികൾ - ഫേസ് ബുക്കിലെ കടലാഴങ്ങളിൽ താഴ്ന്നു പോവാതിരിക്കാൻ മാത്രം ഇവിടെ സൂക്ഷിച്ചു വയ്ക്കുന്നു ) 

1
കഥകളും പാട്ടുകളും കോർത്തിട്ട ഒരു പൂമരച്ചില്ല .. 
രണ്ടു തീരങ്ങളിൽ നിന്ന് വന്ന് രണ്ടു തവിട്ടു പൂച്ചകൾ അവിടെ കുട്ടികാലം നോല്ക്കുന്നുണ്ടായിരുന്നു .
രാക്ഷസൻ കോട്ടയിലെ പൂങ്കാവനത്തിൽ കളിയൊച്ചകൾ നിലച്ചപ്പോൾ പെയ്ത മഞ്ഞു കാലം പോലെ, 
പെട്ടെന്നൊരു മഞ്ഞു കാലം ! മഞ്ഞിൽ നിന്ന് തല നീട്ടി പുറത്ത് നോക്കിയ ലില്ലിപ്പൂ വീണ്ടും മഞ്ഞു പുതപ്പിലേക്ക് മടങ്ങി ....ഇനി കുട്ടികൾ വരുമ്പോഴേ കൂറ്റൻ മതിൽ കെട്ടിനുള്ളിൽ വസന്തം നിറയൂ ..അത് വരേയ്ക്കു മഞ്ഞുറക്കം !


                                                   *******************************************2
തീക്കാലത്തിനു ശേഷം വന്നതൊരു പൂക്കാലം..
പൂക്കളുടെ കിനാവിൽ ഒരു പൂമ്പാറ്റ ..
കഥ മരത്തിന്റെ ചില്ലയിൽ 
ചാഞ്ഞ് തൂങ്ങി ഇനിയുമേറെ കഥകൾ ..
ആയിരത്തി ഒന്ന് രാവും കഴിഞ്ഞ് ..
രാജകുമാരൻ ഉറക്കമൊഴിഞ്ഞിരിക്കും .


                                                 *******************************************3
ആദാമിന്റെ മഞ്ഞു പുതപ്പിലേക്ക് 
തുളഞ്ഞു കയറിയൊരു തീ -ഹവ്വ 
ഒരു കുഞ്ഞു പനി , കടൽ കടന്നു വന്ന് -
കാണിച്ചു തരാം എന്ന് പറഞ്ഞത് 
ഏദൻ തോട്ടത്തിലെ പച്ചമരത്തണൽ 
ഇലത്തലപ്പുകൾ ക്കപ്പുറം തന്ത്രശാലി ആയൊരു പാമ്പ്‌ 
ഇല്ല; ഒന്നുമില്ല-
ചിന്തകൾക്ക് മേലിപ്പോഴൊരു നീല മേലാപ്പ് 
അവിടെ; പുതിയ മഴവില്ലൊന്ന് വിരിയുന്നു 


( പനിയും മലായിക്കയും ഒന്നിച്ചു വന്നു പൊള്ളിച്ചപ്പോൾ ..) ..
                                                *******************************************

4
സ്വപ്നങ്ങളുടെ പല മാതിരി കഷണങ്ങൾ ..
ഒരു ജിഗ്ശോ പസിൽ പോലെ..

പിടി തരാതെ നീങ്ങുന്ന സ്വപ്നങ്ങളുണ്ട്. 
കാഴ്ചയുടെ കൊതി തന്നു മോഹിപ്പിച്ചു കടന്നു കളയുന്നവ 

പുലിയായും നരിയായും വന്ന "പൂതത്തെ " പോലെ 
പേടിപ്പിച്ചു രസിക്കുന്ന ചില സ്വപ്നങ്ങളും ഉണ്ട്.

ചെറി മരങ്ങളോട് വസന്തം ചെയ്യുന്നത് പോലെ 
സ്വപ്നങ്ങൾ ചിലപ്പോൾ അടിമുടി പൂത്തുലയുന്നു .

ക്ഷമാലുവായ ഒരു കുട്ടി 
കുറെ നേരത്തെ ശ്രമപ്പെടലിനു ശേഷം 
മുഴുവനാക്കിയ ചിത്ര സമസ്യയിൽ 
ഗോപുര മുകളിൽ നിന്ന് താഴേക്ക് വരെയും 
നീണ്ടു കിടക്കുന്നത് റപൂന്സലിന്റെ സ്വർണ്ണമുടിത്തിളക്കം. 


(ഒരേ തരത്തിലുള്ള ഭ്രാന്തുകളുമായി ലോകത്ത് ഒരു പാട് പേർ ജീവിക്കുന്നുണ്ടാവും ..
ഒരേ തരത്തിലുള്ള സ്വപ്നങ്ങൾ പലയിടങ്ങളിൽ ചിതറി കിടക്കുന്നുണ്ടാവും.)


 • " നേരക്കുറികൾ  " എന്ന തലക്കെട്ടിന് കടപ്പാട് മാധ്യമം ദിന പത്രത്തിൽ "ഹുംറ ഖുറൈഷി" എഴുതുന്ന കോളത്തിനോട് .
 •  മലായിക്ക - നാസിക് അൽ മലായിക്ക എന്ന ഇറാഖി കവയത്രി.
 • ചിത്രങ്ങൾക്ക്  കടപ്പാട് സാജിദ അബ്ദുറഹ്മാന്റെ പ്രൊഫൈൽ ചിത്രങ്ങളോട് .

10 comments:

 1. "ഒരേ തരത്തിലുള്ള ഭ്രാന്തുകളുമായി ലോകത്ത് ഒരു പാട് പേർ ജീവിക്കുന്നുണ്ടാവും ..
  ഒരേ തരത്തിലുള്ള സ്വപ്നങ്ങൾ പലയിടങ്ങളിൽ ചിതറി കിടക്കുന്നുണ്ടാവും".

  ചില എഴുത്തുകൾ വായിക്കുമ്പോൾ എനിക്കും തോന്നാറുണ്ട് ഇങ്ങിനെ . നന്നായിട്ടുണ്ട് കുഞ്ഞു കുഞ്ഞു കുറിപ്പുകൾ

  ReplyDelete
 2. നല്ല വരികളും ചിത്രങ്ങളും ...:)

  ReplyDelete
 3. ഇത് വേണ്ടി വന്നു ബ്ലോഗില്‍ വീണ്ടും ഒരു പോസ്റ്റിനായ്....

  ReplyDelete
 4. (ഒരേ തരത്തിലുള്ള ഭ്രാന്തുകളുമായി ലോകത്ത് ഒരു പാട് പേർ ജീവിക്കുന്നുണ്ടാവും ..
  ഒരേ തരത്തിലുള്ള സ്വപ്നങ്ങൾ പലയിടങ്ങളിൽ ചിതറി കിടക്കുന്നുണ്ടാവും.)

  അതെ വേറെ എന്ത് പറയാൻ..എന്നാലും വരികളിലെ സുഗന്ധം ആസ്വദിച്ചു ..

  ReplyDelete
 5. എല്ലാം ഒന്നാന്തരം കുറിപ്പുകളാണല്ലോ...

  ReplyDelete
 6. എഫ്ബിയുടെ ആഴത്തിലേക്ക് ഇറങ്ങി പോയി ആരും കാണാതെ പോയ ചിന്തകള്‍ ഇവിടെ കോറിയിട്ടത്‌ നന്നായി .. അവസാന വരികള്‍ എനിക്കും ഇഷ്ടായി

  ReplyDelete
 7. ഇങ്ങിനെ എഫ് ബി യിൽ ചിതറിക്കിടക്കുന്നതൊക്കെ ബ്ലോഗിൽ പോസ്റ്റാക്കാമല്ലേ....!! എനിക്കെന്താ ദാസാ ഈ ബുദ്ധി തോന്നാഞ്ഞത് :)

  നല്ല വരികളാടോ.....

  ReplyDelete
 8. ചിലനേരങ്ങളില്‍ ഉള്ളില്‍ നിറയുന്ന ചിന്തകള്‍ വരികളായി
  നിരന്നപ്പോള്‍.....
  മനോഹരം!
  ആശംസകള്‍

  ReplyDelete
 9. തീക്കാലത്തിനുശേഷമൊരു പൂക്കാലം
  ഫേസ് ബുക്കിലെ കുറിപ്പുകള്‍ അസ്സലായിരിയ്ക്കുന്നു

  ReplyDelete

www.anaan.noor@gmail.com