Saturday, January 11, 2014

മൂന്ന് പുസ്തകങ്ങൾവായനയുടെ കറുത്ത പക്ഷത്തിലേക്ക് നടന്നടുക്കുമ്പോൾ ഒക്കെ പിണങ്ങിപ്പോയ വാക്കുകളെ തിരിച്ചു പിടിക്കുക മാധവിക്കുട്ടി എന്ന കമലയുടെ അക്ഷരങ്ങളിലൂടെ ആണ്. "നീല വർണ്ണവും ശംഖ നാദവും ഉള്ളതാണ് ഏകാന്തത " എന്ന് വായിക്കുമ്പോൾ പ്രാണനിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഏകാന്തത മെല്ലെ തൊട്ടു വിളിക്കും. 'മുഖത്ത് സുഷിരങ്ങൾ ഉള്ള ഗന്ധർവപ്രതിമ' ആവട്ടെ 'നീലപ്പക്ഷീ സൂര്യാസ്തമനം' ആവട്ടെ - ചന്ദന ഗന്ധമുള്ള വാക്കുകൾ അക്ഷരം പൂക്കുന്ന താഴ്‌വരയിൽ എന്നെ വീണ്ടും കൊണ്ട് ചെന്നാക്കും.  ഓരോ മനുഷ്യരും വ്യത്യസ്ഥർ  ആണല്ലോ ഓരോ വായനയും വ്യത്യസ്ഥവും. പ്രിയമുള്ളൊരു പാട്ട് എങ്ങനെ മനസ്സിന്റെ കുഴഞ്ഞു മറിഞ്ഞ അലകളെ  നിശ്ചിത ക്രമത്തിലേക്ക് വീണ്ടെടുക്കുന്നുവോ അങ്ങനെ !  ഇത്തവണ അങ്ങനെ പാകപ്പെടുത്തിയത് "മാധവിക്കുട്ടിയുടെ "ഡയറി കുറിപ്പുകൾ " ആണ് .

"ഒരുവൾ നടന്ന വഴികൾ " എന്ന തലക്കെട്ട് തന്ന ഇഷ്ടം മാത്രമായിരുന്നു അത് വാങ്ങിക്കുമ്പോൾ ഉണ്ടായിരുന്നത്. ഇന്നത് വായിക്കാൻ എടുക്കും വരേയ്ക്കും ആ പേര്   തന്ന പിടയ്ക്കുന്ന കൊളുത്തി വലിക്കൽ അല്ലാതെ അത് എന്തിനെ കുറിച്ച് പറയുന്നു എന്ന് പോലും അറിയില്ലായിരുന്നു. ഒരു കാലത്ത് നാമജപം പോലെ എപ്പോഴും ഞാൻ കേട്ടിരുന്ന പേര് ആണ് "സാറ ടീച്ചർ " എന്നത്. 'വിക്ടോറിയ കോളേജിൽ പഠിച്ചിരുന്ന കാലത്തെ എന്റെ മൂത്ത സഹോദരിയുടെ പ്രിയപ്പെട്ട അദ്ധ്യാപിക.  ആലാഹയുടെ പെണ്‍ മക്കളും പാപത്തറയും നിലാവ് അറിയുന്നവരും തന്ന "സാറ ടീച്ചർ " പുസ്തകത്തിന്റെ മുഖപേജിൽ ചിരിച്ചിരിക്കുന്നു .

സാറ എന്ന പതിനഞ്ചര വയസ്സുകാരി ആയ ഒരുവൾ താണ്ടി വന്ന വഴികൾ തന്നെ ആണ് അത് . ചെറിയ കുറിപ്പുകളായി സ്നേഹവും കലഹവും പ്രണയവും കലർന്ന ജീവിതം സധൈര്യം കുറിച്ചിട്ടത് .വ്യവസ്ഥിതി കളോട് കലഹിക്കുന്ന ഓരോ സ്ത്രീയിലും ഉണ്ടാവും ഇത് പോലെ നടന്ന വഴികൾ . സമൂഹം വാരിയിടുന്ന കനലും മുള്ളും ചേർന്ന വഴികൾ .

 യാദൃശ്ചികമെന്നോണം രണ്ടും ആത്മാംശം ഉള്ള കുറിപ്പുകൾ .! അതിശയകരമായി ഈ  രണ്ടു പുസ്തകങ്ങളും എന്നെ കൊണ്ട് ചെന്ന് എത്തിച്ചതാവട്ടെ സത്യവതിയിലും .ബംഗാളിന്റെ അഞ്ജേയമായ ഗ്രാമങ്ങളിലും.! പ്രിയ ചങ്ങാതി പറഞ്ഞറിഞ്ഞു വാങ്ങിച്ച പുസ്തകം ആണ് 'പ്രഥമ പ്രതിശ്രുതി ' കഠിനമായൊരു ക്ഷോഭ കാലത്താണ് സത്യവതിയെ ഞാൻ അതിരറ്റ സ്നേഹത്തോടെ മനസ്സിലേക്ക് എടുത്ത് വെച്ചത് .

ചതുര വടിവുകളിൽ തീർത്ത സാമൂഹ്യക്രമങ്ങളോട് കലഹിക്കാതെ ആശാ പൂർണ്ണ ദേവി എന്ന അമ്മയ്ക്ക് സത്യവതിയോടുള്ള കടമ നിറവേറ്റാൻ ആവില്ല. ബകുളിനെയോ പാറുൾമാരെയോ ഇത്ര ഹൃദ്യമായി വരച്ചിടാൻ ആവില്ല !ദീനതാരിണിയും ഭുവനേശ്വരിയും ശാരദയും മോക്ഷദയും സൌദയുടെയുമൊക്കെ യായി അനവധി സ്ത്രീ ജീവിതങ്ങൾ 'പ്രഥമ പ്രതിശ്രുതി ' കാണിച്ചു തരുന്നുണ്ട്. സുമംഗലിയുടെയും വിധവയുടെയും സപത്നിയുടെയും കാമുകിയുടെയും വൃദ്ധയുടെയും യുവതിയുടെയുമൊക്കെ വികാരങ്ങൾ -വിചാരങ്ങൾ -വിക്ഷോഭങ്ങൾ.!

ഇനി ഒരിക്കൽ കൂടി 'പ്രഥമ പ്രതിശ്രുതി '  വായിക്കാതിരിക്കുന്നതെങ്ങിനെ !

10 comments:

 1. പല പുസ്തകങ്ങളും വായനയില്‍ നിന്നകന്നു നില്‍ക്കുന്നത് ഈ ഗള്‍ഫ് ജീവിതം ആണെന്ന് തോന്നുന്നു.
  കുറിപ്പ് വായിച്ച് ഒതുങ്ങുന്നു.

  ReplyDelete
  Replies
  1. പലരും ഇപ്പോൾ ഒരുപാടു വായിക്കുന്നു എന്നാണു എനിക്ക് തോന്നുന്നത് ( ഞാനല്ല )

   Delete
 2. വായന മരിയ്ക്കുന്നില്ല അല്ലേ?

  ReplyDelete
  Replies
  1. ഇല്ല..ബകുളിന്റെ കഥയും സുവർണ്ണ ലതയും കൂടെ വായിക്കണം എന്നെങ്കിലും അതിന്റെ സമയം വരുമ്പോൾ

   Delete
 3. വായനയിലേക്ക് മൂന്നു പുസ്തകങ്ങള്‍ കൂടിയല്ലേ...കുറച്ചുകുടി വിശദമായ കുറിപ്പ് ആകാമായിരുന്നു..

  ReplyDelete
  Replies

  1. സാജൻ - യാതൊരു വിധ മുന്നൊരുക്കങ്ങളും ഇല്ലാതെ സംഭവിക്കുന്നതാണ് വായന .ചില നേരങ്ങൾ ..ചില മാനസിക ഭാവങ്ങൾ ..എന്തിനു പ്രകൃതി പോലും വായനയെ സ്വാധീനിക്കാറുണ്ട്. ഒരിക്കലും കണക്കാക്കി വെച്ച വായനാ വഴികളിലൂടെ എനിക്ക് നടക്കാൻ ആയിട്ടില്ല..വായന എന്നെ കൊണ്ട് പോകുന്ന വഴികളിൽ അല്ലാതെ ! എഴുത്തും അങ്ങനെ തന്നെ... ഈ വായന നല്കിയ ചിത്രങ്ങൾ കരുതി വെയ്ക്കാത്ത വാക്കുകളിൽ വെരുറ്റെഹ് പകർത്തി എഴുതി..നന്ദി സാജൻ

   Delete
 4. സാറ എന്ന പതിനഞ്ചര വയസ്സുകാരി ആയ ഒരുവൾ താണ്ടി വന്ന വഴികൾ തന്നെ ആണ് അത് . ചെറിയ കുറിപ്പുകളായി സ്നേഹവും കലഹവും പ്രണയവും കലർന്ന ജീവിതം സധൈര്യം കുറിച്ചിട്ടത് .വ്യവസ്ഥിതി കളോട് കലഹിക്കുന്ന ഓരോ സ്ത്രീയിലും ഉണ്ടാവും ഇത് പോലെ നടന്ന വഴികൾ . സമൂഹം വാരിയിടുന്ന കനലും മുള്ളും ചേർന്ന വഴികൾ .

  ReplyDelete
 5. ഇങ്ങനെയൊക്കെ പരിചയപ്പെടുത്തിയാല്‍ പിന്നെ വായിക്കാതിരിക്കുന്നതെങ്ങനെ!! അഭിനന്ദങ്ങള്‍

  ReplyDelete

www.anaan.noor@gmail.com