Friday, January 24, 2014

അത്ര പ്രിയപ്പെട്ട കേശവന്‍നായര്‍ക്ക് ഇത്രമേല്‍ സ്നേഹത്തോടെ സാറാമ്മ!!"പ്രണയ കാലത്ത് തമാശ ആയിട്ടെങ്കിലും ബേപ്പൂർ സുൽത്താന്റെ സാറാമ്മയും കേശവൻ നായരും ആവാത്ത സാക്ഷര കേരളം ഉണ്ടാവില്ല .അവരുടെ സ്വപ്‌നങ്ങൾ എമ്പാടും ആകാശ മിട്ടായികളാൽ മധുരിക്കുകയും ചെയ്യും  ..ഫേസ് ബുക്കിലെ 'മലയാളം ബ്ലോഗേഴ്സ് ' ഗ്രൂപ്പ് നടത്തിയ ഒരു പ്രണയ ലേഖന മത്സരത്തിലേക്ക് തമാശ മാറ്റി വെച്ച് എഴുതിയത്... സുൽത്താന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമ പൂർവ്വം സാറാമ്മയുടെ മറുപടി .."
----------------------------------------------------------------------------------------------------------

കേശവന് -

സന്തോഷം തരുന്നതാണ് ഈ കുറിപ്പ്.. തീക്ഷ്ണ യൗവനം പലപ്പോഴും സ്നേഹ നിരാസങ്ങളുടെ മുറിപ്പാടുകൾ ആണ് ബാക്കി വച്ചത്. എന്നിട്ടും ജീവിതം മുൻപോട്ട് ആയത്തിൽ തുഴയുന്നത് ജീവിതത്തോടുള്ള പ്രണയം കൊണ്ടാണ് . പ്രണയത്തിനു ഒരു ഇന്ദ്രജാലക്കാരന്റെ മായാവിലാസങ്ങൾ ആണല്ലോ.. ഉള്ളും ഉടലും ഒരു പോലെ പൂക്കുന്ന പ്രണയം ! പലപ്പോഴും മനസ്സിനെ അപ്പൂപ്പൻ താടി പോലെ ഭാരമില്ലാതെ ആക്കുന്ന പ്രണയം .

സ്കൂളില്‍ പഠിക്കുന്ന കാലത്ത്, കുന്നുകള്‍ക്കും പ്രായംചെന്ന മരങ്ങള്‍ക്കുമിടയിലെ ഓടുമേഞ്ഞ, മഞ്ഞച്ച പടവുകളുള്ള പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞിറങ്ങുമ്പോള്‍ നിഴലുപോലെ ഒപ്പം നടക്കുമായിരുന്നു സ്വപ്നങ്ങള്‍. ഒരു പതിനാറു വയസ്സുകാരിക്ക് മാത്രം കാണാനാവുന്ന കിനാക്കള്‍. അവയ്ക്കു മാത്രം ഉരുക്കഴിക്കാന്‍ കഴിയുന്ന സങ്കീര്‍ത്തനങ്ങള്‍. വീട്ടിലേക്ക് ഒറ്റ വഴിയാണ്. കരിയിലകള്‍ വീണുകിടക്കുകയാവും അവിടെ. ചുറ്റിലും വന്‍മരങ്ങളുടെ തണലാണ്. എനിക്കു മുമ്പേ കാലെടുത്തുവെയ്ക്കുന്ന സ്വന്തം നിഴലിന് ഞാന്‍ പ്രണയമെന്ന് പേരിട്ടിരുന്നു. 'പ്രണയമേ എന്റെ പ്രണയമേ' എന്ന് ഏകാന്തതകളില്‍ ഒറ്റയ്ക്ക് കേണിരുന്നു. വിജനമായ വഴിയിലൊരിടത്തു വെച്ച് ഒരു നാള്‍ എന്നിലേക്ക് പ്രണയാതുരമായ ഒരു നിലാവ് പൊടുന്നനെ പെയ്യുമെന്ന് സങ്കല്‍പ്പിച്ചു കൂട്ടിയിരുന്നു. 

ഓല മേഞ്ഞ വീടിന്റെ ഇറയത്തുനിന്ന് വിഷാദം കലര്‍ന്ന സ്വരത്തില്‍ ഇറങ്ങിയോടി മഴ മണ്ണിനെ പുല്‍കുമ്പോള്‍ ഏകാകിയായ ഒരു ജാലകത്തിലൂടെ ഞാന്‍ അത് നോക്കിയിരിക്കാറുണ്ടായിരുന്നു. മഞ്ഞു വീഴുന്ന ഡിസംബര്‍ രാത്രികളെ സ്വര്‍ണ്ണ വെളിച്ചം കൊണ്ട് മാറ്റിവരയുന്ന സൂര്യന്റെ പ്രണയം രാവുകള്‍ തോറും കിനാ കണ്ടിരുന്നു. വെയില്‍ വീഴുന്ന വൈകുന്നേരങ്ങളില്‍ ആരും വരാനില്ലാത്ത നടവഴിയിലൂടെ എന്നെ തിരക്കി വരുന്ന ഒരു വാക്കിനെ സങ്കല്‍പ്പിച്ചു വെച്ചിരുന്നു.
ഇപ്പോഴുമെപ്പോഴും കരുതുന്നതാണ്. കാര്യങ്ങള്‍ ഇങ്ങനെയല്ലെങ്കില്‍ മറ്റെന്താവുമായിരുന്നു എന്ന്! പ്രണയമേ പ്രണയമേ എന്നു കേഴുന്ന നേരത്ത് നിന്നെ കണ്ടിരുന്നെങ്കില്‍! എങ്കില്‍, പ്രണയത്തിന്റെ വൈകുന്നേരങ്ങള്‍ എന്നെ ഒരു വെള്ളപ്രാവാക്കിയേനെ. രാവ് വന്ന് ചേക്കേറുമ്പോള്‍, നിന്റെ സ്വപ്നത്തിലേക്ക് മെല്ലെ പറന്നുവന്ന് എന്നേക്കുമായി ഞാനവിടെ താമസിച്ചേനെ. ആകാശം നക്ഷത്രങ്ങളുടേത് എന്നു പറയാനുംവിധം ആ കൂടാവുമായിരുന്നു എന്റെ ലോകം. ..ആഴ്ച പതിപ്പുകളിലെ വെളുപ്പിൽ അച്ചടിച്ച് വരാറുള്ള കറുത്ത അക്ഷരങ്ങളോട് എനിക്ക് ഒടുങ്ങാത്ത പ്രണയം തോന്നിയിട്ടുണ്ട്.. അപ്പോഴൊന്നും സാക്ഷാൽ ആദി കേശവൻ എന്റെ മുന്നിൽ എനിക്ക് മാത്രമായി ഉള്ളു തുറക്കുമെന്ന് കരുതിയതെ ഇല്ല! എനിക്ക് പൂക്കാൻ മാത്രമുള്ള മരമായി മാറും എന്ന് കരുതിയതെ ഇല്ല ! 

നൊവേന ചൊല്ലിയും കൊന്ത ചൊല്ലിയും കുട്ടികളെ നോക്കിയും കാലം കഴിക്കേണ്ട ഒരു സാധാരണ ക്രിസ്ത്യാനി പെണ്ണാവുമായിരിക്കും ഞാൻ .ചിലപ്പോൾ സന്യാസത്തിന്റെ പരുക്കൻ വഴികളും എന്നെ മോഹിപ്പിക്കുന്നുണ്ട് . പ്രണയവും ദൈവവും ഒന്നായി മാറുന്ന അവസ്ഥ.. ഉടലുരുക്കങ്ങളിൽ നിന്ന് എത്രയോ മുകളിലുള്ള പ്രണയ പ്രപഞ്ചം ! എന്തായാലും ഈ കാലം ഇങ്ങനെ നിശ്ചലമായിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചു പൊവുന്നുവല്ലൊ സുഹൃത്തെ . പറഞ്ഞിട്ടെന്ത്, അതൊക്കെ പഴങ്കഥയാണിപ്പോള്‍. ജീവിതം അത്രയ്ക്കു ഒഴുകിപ്പോയിട്ടുണ്ടല്ലോ നമ്മുടെയൊക്കെ ഇടയിലൂടെ. എന്നിട്ടുമിപ്പോള്‍ അറിയാതെ ഞാനാ പതിനാറുകാരിയാവുന്നു ഇത് വായിക്കുമ്പോള്‍. ...... 


ഇപ്പോള്‍ കണ്ണാടിയില്‍ . നോക്കുമ്പോള്‍ കണ്ണുകള്‍ തുടിക്കുന്നു. നോക്കൂ, എന്റെ മുന്നിലിപ്പോള്‍ ആ കത്തുണ്ട്. അതില്‍നിന്ന് ഇറങ്ങി വന്ന് എന്റെ കൈ പിടിക്കുന്ന വാക്കുകളുണ്ട്. പ്രലോഭനീയമായ അതിന്റെ ഒളിഞ്ഞു നോട്ടമുണ്ട്. കണ്ണിറുക്കിയുള്ള ആ വിളിയുണ്ട്. എന്റെ സാറാമ്മേ എന്ന ചിരിയുണ്ട്. നമ്മളിത് വരെ പരസ്പരം കണ്ടിട്ടില്ല എന്നത് സത്യത്തിൽ ഞാൻ എപ്പോഴും മറന്നു പോവുന്നു. കാഴ്ചയുടെ രൂപഭംഗികളിൽ നിന്നുമൊക്കെ ഒരുപാടു മുന്നേറിയിരിക്കുന്നുവല്ലോ നമ്മൾ . ജന്മങ്ങളുടെ പിൻനടത്തങ്ങൾക്കിടയിൽ എവിടെ വച്ചെങ്കിലും നാം കണ്ടിരിക്കുമോ ? അല്ലെങ്കിൽ അനാദി ആയ ഭാവികാലങ്ങളിൽ എന്നെങ്കിലും ? ഒരു കയ്യകലകത്തിൽ നമ്മൾ ഇരുവരും ഉണ്ടെന്നാണ് എനിക്ക് തോന്നാറ് ..എനിക്ക് ചുറ്റും എനിക്ക് മാത്രം കാണാവുന്ന വസന്തം പിറക്കുമ്പോൾ കേശവനെ ഞാൻ അറിയാതിരിക്കുന്നത് എങ്ങനെ ?

 ആദി കേശവന്റെ പുല്ലാങ്കുഴലിൽ ഒരു വിഷാദരാഗം ബാക്കിയാവും ...യമുനയിൽ പതിയെ അത് അലയടിക്കുന്നുണ്ടാവും .മറ്റൊരു ജന്മത്തിൽ ഒരു പ്രണയ സുരഭിലകാലത്ത് ശ്രീ രാധയ്ക്കായി ഉതിർന്നൊഴിഞ്ഞത് !


-- പ്രിയ സാറ15 comments:

 1. പ്രണയം മരിക്കുന്നതേയില്ല

  ReplyDelete
 2. എന്‍റെ പ്രണയമേ...

  ReplyDelete
 3. ഇന്ദ്രജാലാക്കാരന്റെ കയ്യിലെ തൂവാല പ്രാവാകുന്ന പോലെ ...പ്രണയം ...ഇനിയെങ്ങനെ പ്രണയത്തെ വര്‍ണ്ണിക്കും ...സാറാമ്മയും ..കേശവനും തലമുറകളോളം അക്ഷരങ്ങളുടെ ഇന്ദ്രജാലക്കാരന്‍ സുല്‍ത്താന്റെ വരികളിലൂടെ പ്രണയിച്ചു പ്രണയിച്ചു പൂത്തുലയും ....

  ReplyDelete
 4. പൂത്തുലയട്ടെ!
  ആശംസകള്‍

  ReplyDelete
 5. ബാല്യകാലസഖീഈഈഈഈഈഈഈഈഈ

  ReplyDelete
 6. പ്രണയം പൂത്തുലഞ്ഞിരിക്കുകയാണല്ലോ...

  ReplyDelete
 7. കാട്ടുകുറിഞ്ഞിയുടെ പ്രണയം മനോഹരം ..

  ReplyDelete
 8. മരണമില്ലാത്ത പ്രണയം..

  ReplyDelete
 9. പ്രണയവര്‍ണനകളുടെ മര്‍മ(ര)ത്തേരിലേറി.... :)

  ReplyDelete
 10. നന്നായിരിക്കുന്നു ഈ പ്രണയ മഴ..

  ReplyDelete
 11. പതിനാറിലേക്കും, തിരിച്ചും, പിന്നെയും പുനരാവർത്തിച്ചും കാലാതീതമായി ഹൃദയവഴികളിലൂടെ മുന്നോട്ടും പിന്നോട്ടും പായുന്ന പ്രണയത്തിന്റെ മഹാപ്രയാണം ആറ്റിക്കുറുക്കിയ അക്ഷരങ്ങളിൽ...

  ReplyDelete

www.anaan.noor@gmail.com