Monday, November 17, 2014

മഞ്ഞു കാലത്ത് ആത്മഹത്യ ചെയ്യാൻ പുറപ്പെട്ടു പോയ വെളുത്ത ലില്ലിപ്പൂവ്



പണ്ടൊരു,
മഞ്ഞുകാലത്തിന്റെ തണുത്ത നേരത്താണ്
ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് 
തീരുമാനിച്ചെന്നേ ഉള്ളൂ.
എങ്ങനെയാണ് ആത്മഹത്യ ചെയ്യുക എന്നത്
തുടരെ തുടരെ ആലോചിച്ചു കൊണ്ടേ ഇരുന്നു.
തോട്ടത്തിന്റെ മൂലയിൽ ഉടമസ്ഥൻ
കൊണ്ട് വെച്ച വിഷജലം ഉണ്ടായിരുന്നു.
എന്നെ പോലത്തെ പൂക്കളെ കരണ്ട് തിന്നു വികൃതമാക്കുന്ന
കീടങ്ങളെ നശിപ്പിക്കാനാ ണ ത് .
എന്നാലും അളവിൽ കൂടുതൽ അത് വേരിലമാർന്നാൽ
മരിക്കാമായിരുന്നു.
പക്ഷെ ഒരു പൂച്ചട്ടിയിൽ വളരുന്ന എനിക്ക്
നീട്ടിയെത്തിക്കാൻ വേരുക ളോ ഇലകളോ ഇല്ലല്ലോ
ഉള്ളതൊരു പാവം പുൽത്തലപ്പ് .
കമ്പിളിക്കുപ്പായവും ഇട്ടു രാത്രികളിൽ നാട് കാണാൻ ഇറങ്ങുന്ന
തുരപ്പൻ എലിയാണ് അവനെ കൊല്ലാൻ തോട്ടമുടമ
വെച്ചിരിക്കുന്ന എലിവിഷം വേണമെങ്കിൽ എടുത്ത്
തിന്നോളാൻ പറഞ്ഞത്.
എന്റെ വേരുകളുടെ ദൂര പരിധി മാത്രമല്ല
വെളുത്ത് മൃദുവായ എന്റെ പൂവിതളുകൾ
വിഷം തീണ്ടി കരി നീലച്ച് പോവില്ലേ ?
വേണ്ട ..അത് വേണ്ട..
ഒരു ചാണ്‍ കൂടെ ഉയരം വെച്ചാൽ എനിക്ക് മീതെ പടർന്നു നില്ക്കുന്ന
ശംഖു പുഷ്പത്തിന്റെ പുതിയ പൂവള്ളിയിൽ തല കുരുക്കി മരിക്കാമായിരുന്നു..
അങ്ങനെ തീർച്ചപ്പെടുത്തി ഇരുന്നപ്പോൾ ആണ്
മഞ്ഞുകാലത്തിന്റെ പുലരിയിലെയ്ക്ക്
ഇളം ചൂടിൽ ഒരു വെയിലുദിച്ചത്
മരിയ്ക്കുന്നതിന് മുൻപ് ഈ വെയിലെങ്കിലും
കൊള്ളാമെന്നു കരുതിയപ്പോഴാണ്
അപ്പോഴാണ്‌....
അങ്ങനെ ആണ് ഞാൻ ഇനി മരിക്കുന്നില്ലെന്ന്
തീർച്ച പ്പെടുത്തിയതാണ്...
അന്ന് മുതൽക്കാണ്
അന്ന് മുതൽക്കാണ് എന്റെ ഇതളുകളിൽ
ഈ ചുവപ്പ് രാശി പടർന്നു തുടങ്ങിയത്..!!

2 comments:

  1. അങ്ങനെ ആണ് ഞാൻ ഇനി മരിക്കുന്നില്ലെന്ന്
    തീർച്ച പ്പെടുത്തിയതാണ്...
    അന്ന് മുതൽക്കാണ്
    അന്ന് മുതൽക്കാണ് എന്റെ ഇതളുകളിൽ
    ഈ ചുവപ്പ് രാശി പടർന്നു തുടങ്ങിയത്..!!

    ഇതാണല്ലേ ലില്ലിയുടെ കഥ

    ReplyDelete
  2. അങ്ങനെതന്നെയാണ് വേണ്ടത്

    ReplyDelete

www.anaan.noor@gmail.com

ജാലകം