Thursday, September 3, 2015

വീട് ഇങ്ങനെയൊക്കെയുമാണ്



വീട് എപ്പോഴാണ് ഇത്രയധികം വര്‍ത്തമാനം പറഞ്ഞു തുടങ്ങിയത്
ഓരോ മുറികള്‍ക്കും ഓരോ ഭാഷയായിരുന്നു.
ആദ്യമൊക്കെ വീട്ടു ഭാഷയുടെ അകംപൊരുളുകള്‍
മറുഭാഷ പോലെ അപരിചിതമായി
ചിലപ്പോള്‍ ശബ്ദമില്ലാതെ പിറുപിറുത്തും
മറ്റു ചിലപ്പോള്‍ ഉച്ചത്തില്‍ ചിരിച്ചും
ചിലപ്പോള്‍ മൂളിപ്പാട്ട് പാടിയും
ഉച്ചക്കിറുക്ക് പറഞ്ഞുമിരിക്കുന്ന  വീട്ടുഭാഷ
ഇപ്പോള്‍ ഹൃദിസ്ഥമായിരിക്കുന്നു..
നോക്കൂ, എനിക്കെന്നല്ല മധ്യവയസ്സിലെത്തുന്ന വീട്ടു സ്ത്രീകള്‍ക്ക്
ആ ഭാഷ അത്രമേല്‍ പരിചിതമത്രേ..
ഇരുള്‍, നിഴല്‍ , മടുപ്പ് എന്നിങ്ങനെയും
മുഷിഞ്ഞ വസ്ത്രങ്ങള്‍ , അഴുക്ക് പാത്രങ്ങള്‍ , പഴകിയ മണങ്ങള്‍
എന്നിങ്ങനെയും അത് ചിലപ്പോള്‍ മൊഴി മാറ്റം നടത്തും.
അല്ല, മുന്‍പത്, മഴ , വെയില്‍, മഞ്ഞ് എന്നൊക്കെ ആയിരുന്നുവല്ലോ...
വീട് അരൂപികളുടെ രേഖാചിത്രങ്ങള്‍ വരയ്ക്കാറുണ്ടെന്നതും
അകം ഭാഷകളുടെ തര്‍ജ്ജമയറിയാത്ത
പുറം ഭാഷയെക്കുറിച്ച് ഒന്നരപ്പുറത്തില്‍
കവിയാതെ ഉപന്യസിക്കാം എന്നു പറഞ്ഞതും
കഴിഞ്ഞ രാത്രിയിലാണ് കേട്ടത് .
അപ്പോള്‍ വീടെ ഒന്ന് പറയൂ..
ഉമ്മകള്‍  ഉടലിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത് എങ്ങനെയാണ് ?--

7 comments:

  1. വീട്ട്‌ ഭാഷ നന്നായി.വീടിനിങ്ങനെയൊക്കെ ആകാൻ കഴിയുമല്ലെ??

    ReplyDelete
  2. ഒന്നരപ്പുറത്തില്‍ ഉപന്യസിക്കുക?
    ആശംസകള്‍

    ReplyDelete
  3. വീടിന്‍റെ ഉള്‍മുറികളിലെ കാഴ്ച്ചകള്‍

    ReplyDelete
  4. വീട്ടുഭാഷ ഇപ്പോള്‍ ഹൃദിസ്ഥമായിരിക്കുന്നു.
    എല്ലാ വീടുകളുടേയും ഉള്ളകങ്ങൾ ഇങ്ങിനെയൊക്കെ തന്നെയാണ് ..!

    ReplyDelete
  5. ചില വീടുകളിൽ ഉമ്മകളില്ലാത്ത തേങ്ങ്ലുകളും ..!

    ReplyDelete
  6. വീടുകള്‍ക്ക് പറയാനുണ്ടേറെ

    ReplyDelete

www.anaan.noor@gmail.com

ജാലകം