Monday, January 12, 2015

പാട്ടുപോലൊരു പെണ്‍കൊടി; കൂട്ടിനുണ്ട് പാട്ടോര്‍മ്മകള്‍അരികിലെത്തിയപ്പോള്‍ നിറഞ്ഞു ചിരിച്ചു. എന്നിട്ട് കൈ എടുത്ത് എന്റെ കൈയ്ക്കു മുകളില്‍ വെച്ച്,സ്കൂള്‍ കാലത്തെ സഹപാഠിയോട് എന്ന പോലെ നിഷ്കളങ്കമായി ചിരിച്ചു ചോദിച്ചു, പറയൂ, എന്താണ് വിശേഷം. അഭിമുഖത്തിന് ചെല്ലുന്ന ഒരാളോട് അങ്ങോട്ട് ചോദ്യം ചോദിക്കുന്ന ആ നിഷ്കളങ്കതയുണ്ടല്ലോ , അതിന് പേര് വൈക്കം വിജയലക്ഷ്മി. ഒറ്റപ്പാട്ടു കൊണ്ട് മലയാളികളുടെ പാട്ടോര്‍മ്മയില്‍ സ്ഥിരം ഇരിപ്പിടം നേടിയ പാട്ടുകാരി. അഭിമുഖത്തിന്റെ പരിഭ്രമം അലിഞ്ഞില്ലാതെ ആയതും ഞാനും ഒരു പാട്ട് വഴിയില്‍ വീണതും ഒപ്പം ആയിരുന്നു. കൈകള്‍ മടിയില്‍ ചേര്‍ത്ത് വെച്ച് തൊട്ടറിഞ്ഞ് വിജയലക്ഷ്മി പാട്ട് വഴികളെ പറ്റി സംസാരിച്ചു. ഇടയ്ക്ക് അച്ഛനും അമ്മയ്ക്കും ഒപ്പം ചേര്‍ന്നിരുന്ന് അരുമക്കിടാവായി .

മസ്കറ്റില്‍  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിംഗ് ഒരുക്കിയ നാടക ഗാന സന്ധ്യയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിജയലക്ഷ്മിയുടെ അടുത്തെത്തിയത്. ഇത് മൂന്നാം തവണ ആണ്  വിജയലക്ഷ്മി മസ്കറ്റില്‍ എത്തുന്നത്. നാലാം വയസ്സില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസിന് ദക്ഷിണ വെച്ച് തുടങ്ങിയതാണ് പാട്ട് ജീവിതം. അതിനും മുന്‍പേ രണ്ട് രണ്ടര വയസ്സിന്റെ ശൈശവത്തില്‍ തന്നെ സിന്ധു ഭൈരവിയിലെ പാട്ടുകളൊക്കെ മൂളുമായിരുന്നത്രേ വിജയലക്ഷ്മി. ദക്ഷിണ വെച്ചപ്പോള്‍ ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ട ദാസേട്ടന് 'തോഡി ' രാഗത്തില്‍ വിസ്തരിച്ച് തായേ യശോദാ ആണ് പാടിക്കൊടുത്തത്. അന്നു മുതല്‍ യേശുദാസിന് ഏറെ പ്രിയങ്കരി . പിന്നെ രഹസ്യം പറയും പോലെ പറഞ്ഞു. 'ദാസേട്ടന്‍ എന്നെ ഫോണില്‍ പാട്ട് പഠിപ്പിക്കുന്നുണ്ട്'. എപ്പോള്‍ വേണമെങ്കിലും ഒരു വിളി അകലത്തുള്ള ദാസേട്ടന്റെ വാത്സല്യം ആദ്യ അവാര്‍ഡ് കിട്ടിയപ്പോളും ഉണ്ടായി. 'ഞങ്ങള്‍ക്കൊക്കെ എത്ര പാട്ട് പാടിയിട്ടാണ് വിജി അവാര്‍ഡ് കിട്ടിയത് . നിനക്ക് ആദ്യപാട്ടില്‍  തന്നെ അവാര്‍ഡ് ആയല്ലോ' എന്നായിരുന്നുവത്രേ മലയാളികളുടെ സ്വന്തം യേശുദാസിന്റെ അനുമോദന വാക്കുകള്‍. ദാസേട്ടൻ മാത്രമല്ല സിനിമാ ഗാനരംഗത്തേയ്ക്ക് കൈ പിടിച്ചു കയറ്റിയ എം ജയചന്ദ്രനും വിജയലക്ഷ്മിയ്ക്ക് ഫോണിലൂടെ സംഗീത പാഠങ്ങൾ പകർന്ന് കൊടുക്കാറുണ്ട് 


കാറ്റ് ,പൂക്കാമരത്തില്‍ പാട്ടും മൂളി വന്നപ്പോഴാണ് വൈക്കം വിജയലക്ഷ്മി  മലയാളികളുടെ നൊസ്റ്റാൽജിക്  പഴ മനസ്സുകളിലേയ്ക്ക്  ഒറ്റക്കമ്പിനാദമായി കയറി വന്നത്.ഏഴ് മലയാളം പാട്ടുകളും ഒന്‍പത് തമിഴ് പാട്ടുകളും ഇത് വരെ സിനിമയില്‍ പാടിക്കഴിഞ്ഞുവെങ്കിലും ശാസ്ത്രീയ സംഗീതം തന്നെ ആണ് ഇപ്പോഴും പ്രിയം . സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ 'കാറ്റേ കാറ്റേ നീ പൂക്കാ മരത്തില് പാട്ടും മൂളി വന്നു' എന്ന പാട്ടും 'നടന്‍' എന്ന ചിത്രത്തിന് വേണ്ടി  'ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ' എന്ന പാട്ടുമാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം. 

പതിനെട്ട് വര്‍ഷമായി സംഗീതകച്ചേരികളില്‍ വിസ്മയമാവുന്ന വിജയലക്ഷ്മിക്ക് മറ്റ് സംഗീത ഉപകരണങ്ങളും വഴങ്ങും എന്നാണു അച്ഛന്‍ മുരളി പറയുന്നത്. കളിപ്പാട്ടമായി കയ്യില്‍ വന്ന ഒറ്റക്കമ്പി വീണ പിന്നെ വിജയലക്ഷ്മിയുടെ കയ്യിലെ ഗായത്രി വീണ എന്ന മന്ത്ര വീണ ആയി മാറിയ കഥ മനോഹരമാണ്.  

സംഗീതത്തില്‍ എം എ പഠനം തുടരുന്നുണ്ട് വിജയലക്ഷ്മി. ഗള്‍ഫ് മേഖലയിലെ  രാജ്യങ്ങളിലും യൂറോപ്പിലും വൈക്കം വിജയലക്ഷ്മി തന്റെ സംഗീത യാത്രയുമായി എത്തിക്കഴിഞ്ഞു. ഉള്‍ക്കണ്ണു തിരിയിട്ട് തെളിയിച്ച സംഗീത പ്രപഞ്ചം ഉണ്ട് വിജയലക്ഷ്മിയുടെ ഉള്ളില്‍. അത് നല്‍കുന്ന അഭൌമ ആനന്ദം ഉണ്ട് അവരുടെ ഓരോ  പാട്ടിലും വാക്കിലും

യാത്ര പറഞ്ഞ് ആശംസകള്‍ നേര്‍ന്നു പോരുമ്പോള്‍ 'വിജയ ദശമി നാളിലാണ് ഞാന്‍  ജനിച്ചതെന്ന്  പറഞ്ഞില്ലേ അച്ഛാ' എന്ന് അച്ഛനോട്  പരിഭവിക്കുന്നുണ്ടായിരുന്നു,  . സംഗീതദേവതയുടെ നേരനുഗ്രഹമുള്ള വിജയലക്ഷ്മി അപ്പോഴും പാട്ട് മൂളുന്നുണ്ടായിരുന്നു. 'കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ 

6 comments:

 1. അനുഗ്രഹമുണ്ടാകട്ടെ!
  ആശംസകള്‍

  ReplyDelete
 2. വിജയലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍ . ഇതെഴുതിയ റജീനക്കും.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ആ പാട്ടുകാരി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ!!!!എനിക്കവരെക്കുറിച്ചൊന്നുമറിയത്തില്ലായിരുന്നു.
  നന്ദി .

  ReplyDelete
 5. ആഹാ.. പാട്ട് കാറ്റിനോട് മൂളുന്ന ഈ പാട്ടുകാരിയെ ഒത്തിരി ഇഷ്ടം.... നന്നായി സഖീ...
  സ്നേഹം..

  ReplyDelete
 6. സംഗീതത്തില്‍ എം എ പഠനം തുടരുന്നുണ്ട് വിജയലക്ഷ്മി. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളിലും യൂറോപ്പിലും വൈക്കം വിജയലക്ഷ്മി തന്റെ സംഗീത യാത്രയുമായി എത്തിക്കഴിഞ്ഞു. ഉള്‍ക്കണ്ണു തിരിയിട്ട് തെളിയിച്ച സംഗീത പ്രപഞ്ചം ഉണ്ട് വിജയലക്ഷ്മിയുടെ ഉള്ളില്‍. അത് നല്‍കുന്ന അഭൌമ ആനന്ദം ഉണ്ട് അവരുടെ ഓരോ പാട്ടിലും വാക്കിലും

  ReplyDelete

www.anaan.noor@gmail.com