Thursday, March 6, 2014

എന്നാണാവോ അമ്മ ഇനി എന്നെ സ്നേഹിക്കുക?

ദീദിയോട് ഇന്നും വഴക്കിട്ടു. അതിന് അമ്മ എന്നെ ചീത്തയും പറഞ്ഞു. എന്നാണാവോ അമ്മ ഇനി എന്നെ സ്നേഹിക്കുക?'
അവിചാരിതമായി കണ്ണില്‍ പെട്ടതാണ് ആ ഡയറിക്കുറിപ്പ്. അത് ഉള്ളിലൊന്നു തൊട്ടു . പതുക്കെ ഒന്ന് പൊള്ളുകയും ചെയ്തു .ആശ്ചര്യം, അമ്പരപ്പ് എന്നിങ്ങനെയൊക്കെ പറയാമെങ്കിലും അവളെ ചേര്‍ത്തണച്ചു പിടിക്കാനാണ് തോന്നിയത്. ആ വാക്കുകള്‍ മനസ്സിനെ ആഴത്തില്‍ തന്നെ തൊട്ടു. 

കഴിഞ്ഞ അവധിക്കാലത്ത് നാട്ടില്‍പോവുന്നതിനു  മുമ്പാണ് അവര്‍ക്ക് രണ്ടു പേര്‍ക്കും,  പിങ്ക് നിറത്തിലുള്ള ഡാഫോഡില്‍ പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന പുറം ചട്ടയുള്ള ഓരോ കുഞ്ഞു നോട്ടു പുസ്തകം കൊടുത്തത്. അമ്മ അരികില്‍  ഇല്ലാത്ത നേരത്തെ അവധിക്കാല കാഴ്ചകള്‍,ദിവസങ്ങള്‍  ഒക്കെ കുറിച്ച് വെക്കാനും അവരോട് പറഞ്ഞു . 
അവധി കഴിഞ്ഞ് വന്നപ്പോള്‍ ഡയറിയുടെ കാര്യം ചോദിച്ചു. ആമിയുടെ ദീദി (അന്ന) എന്നുമുള്ള ഉത്സാഹത്തോടെ അവളുടെ പുസ്തകം കാണിച്ചു തന്നു. മുത്തച്ഛന്റെ കൂടെ ഉത്സവത്തിനു പോയതും പുഴയില്‍ കുളിച്ചതും കോഴിക്കുഞ്ഞ് ഉണ്ടായതും കുഞ്ഞമ്മ കൊണ്ട് കൊടുത്ത പുതിയ ഉടുപ്പിനെപറ്റിയും അമ്മ കാണാന്‍ സമ്മതിക്കാത്ത പോഗോ കുറെ നേരം  കണ്ടതുമൊക്കെ  എഴുതി വെച്ചത് അവള്‍ കാണിച്ചു തന്നു. ആമിയോടു ചോദിച്ചപ്പോള്‍ 'ഞാന്‍ ഒന്നും എഴുതിയില്ല' എന്ന് പറഞ്ഞ്  കണ്ണിറുക്കി ചിരിക്കുക മാത്രമാണ് ചെയ്തത്. 

ഉറങ്ങാന്‍ വിളിക്കുമ്പോള്‍ 'ഇതാ വരുന്നു'വെന്ന് പറഞ്ഞു ചിലപ്പോഴൊക്കെ ആ ഡയറിയില്‍ അവള്‍ കുനുകുനാ കുത്തിക്കുറിക്കുന്നത്  കാണാമായിരുന്നു . ഓഫീസിനും വീടിനുമിടയ്ക്ക് വീതം വെയ്ക്കുന്ന നേരങ്ങളിലെ തിരക്കിനിടയ്ക്ക് അവള്‍ എന്താവും എഴുതി നിറയ്ക്കുന്നതെന്ന്  ആലോചിച്ചിട്ടേയില്ലായിരുന്നു . ഒരു ഒഴിവു ദിവസത്തില്‍ 'എന്റെ കയ്യെത്തിയില്ലെങ്കില്‍ ഇവിടൊന്നും ശരിയാവില്ല'എന്ന സ്ഥിരം ഡയലോഗുമായി  വീട്ടമ്മ വേഷം അണിഞ്ഞു നില്‍ക്കുമ്പോഴാണ്  മേശപ്പുറത്ത് ചിതറി കിടക്കുന്ന സ്കൂള്‍ പുസ്തകങ്ങളുടെയും കഥാ പുസ്തകങ്ങളുടെയും ഏറ്റവും അടിയില്‍ നിന്ന് ആ കുഞ്ഞിപ്പുസ്തകം എന്റെ കയ്യില്‍ പെട്ടത്. 

ഉപയോഗം കൊണ്ട് അരികു ചുളിഞ്ഞ കുഞ്ഞു ഡയറിയില്‍  നീല മഷി കൊണ്ട് ദിവസം അടയാളപ്പെടുത്താതെ അവള്‍ എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ ആദ്യം അമ്പരന്നു...പിന്നെയാശ്ചര്യപ്പെട്ടു!

'ദീദിയോട് ഇന്നും വഴക്കിട്ടു. അതിന് അമ്മ എന്നെ ചീത്തയും പറഞ്ഞു. വൈകുന്നേരം നൂഡില്‍സ് പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ ഒരല്‍പം താഴെ വീണു. അതിനമ്മ എന്നെ അടിയ്ക്കൂം ചെയ്തു. ഇനി എന്നാണാവോ അമ്മ എന്നെ സ്നേഹിക്കുക? ''  എന്ന് തുടങ്ങി 'ഇന്ന് അമ്മ വരുമ്പോള്‍ രസ്മലായി വാങ്ങിക്കൊണ്ടു വന്നു , ഹോ! എന്തൊരു ടേസ്റ്  ആണ് അതിന്' എന്നിങ്ങനെ ദേഷ്യവും സങ്കടവും സന്തോഷവും ഒക്കെ ഇടകലരുന്ന, അക്ഷരത്തെറ്റുകള്‍ നിറഞ്ഞതും വ്യാകരണ ശുദ്ധി ഇല്ലാത്തതുമായ അനേകം കുറിപ്പുകള്‍ ഇംഗ്ളീഷില്‍ അവള്‍ കുറിച്ചിട്ടിരുന്നു. 

നല്ലൊരമ്മ ആണെന്നുള്ള എന്റെ സ്വകാര്യ അഹങ്കാരം ആണ്,അക്ഷരത്തെറ്റ് ഒന്നും ഇല്ലാതെ അവൾ തിരുത്തി തന്നത്  . ഏത്  തിരക്കുകള്‍ക്കിടയിലും കുഞ്ഞുങ്ങളെ കൂടുതല്‍ അറിയണം എന്നും അവരുടെ മനസ്സിലൂറുന്ന കുഞ്ഞു സങ്കടങ്ങളുടെ പരലുകള്‍ തിരിച്ചറിയണം എന്നും അതിനെപ്പോഴും ഉറപ്പുള്ള പരിഹാരസാന്നിദ്ധ്യം  ആവണമെന്നും ഉള്ള തിരിച്ചറിവാണ് ആ ഒരൊറ്റ നിമിഷം എനിക്ക് തന്ന് പോയത് .

ആരോഗ്യ മാഗസിനുകളിലും  വനിതാ മാഗസിനുകളിലുമൊക്കെയുള്ള മനശ്ശാസ്ത്ര   കോളങ്ങളില്‍ അക്കമിട്ട് നിരത്താറുണ്ട്,  കുട്ടികളെ വ്യക്തികളായി തന്നെ  കാണണം എന്നും നമ്മുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍  ഉള്ള പരീക്ഷണ ശാലകള്‍ അല്ല അവരെന്നുമുള്ള പാരന്റിംഗ് ടിപ്സുകള്‍.

അവര്‍ക്കൊരുപാട് പറയാന്‍ ഉണ്ടാവും. തിരക്കുകള്‍ക്കുള്ളിലേക്ക് തല പൂഴ്ത്തി ഇരിക്കുമ്പോള്‍, ചിലപ്പോഴൊക്കെ  നമ്മള്‍ മറന്നു പോവാറുണ്ട്  അവരെ കേള്‍ക്കാന്‍ . അവരുടെ ദിവസങ്ങളില്‍ മഴവില്ല് വിരിയുന്നുണ്ട് . ചില  നേരങ്ങളില്‍ കാര്‍മേഘം മൂടുന്നുണ്ട് ..അതൊക്കെ കേള്‍ക്കാന്‍ അല്‍പ നേരം മാറ്റി വെച്ചാല്‍ വിഷാദത്തിന്റെ ചെങ്കുത്തായ കയറ്റം കയറി  ചിലപ്പോഴൊക്കെ ആത്മഹത്യാ മുനമ്പിലേക്ക് നടന്നു കയറുന്ന കൌമാര മനസ്സുകളെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ ആയേക്കും. 

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ മനസ്സില്‍ തറഞ്ഞു പോയി അസ്വസ്ഥത പടര്‍ത്തിയ  മുഖം ആണ് ഷാർജയിലെ  ഇന്ത്യൻ സ്കൂളിൽ  പഠിച്ചിരുന്ന  അഭിമന്യുവിന്റെത്. പരീക്ഷയ്ക്കു തൊട്ടുമുമ്പായിരുന്നു അവന്റെ ആത്മാഹുതിയെന്ന് വാര്‍ത്തകള്‍ പറയുന്നു. ബോര്‍ഡ് എക്സാം കൊണ്ട് ജീവിതം തീരുന്നില്ല എന്ന് പറയാന്‍ അവനെ പോലെ ഉള്ള  എല്ലാ കുട്ടികള്‍ക്കുമൊപ്പം  അച്ഛനമ്മമാരും അദ്ധ്യാപകരും ഉണ്ടാവട്ടെ..


ആമിയുടെ ഡയറി എല്ലാ പേജും അവസാനിക്കുന്നത് ഇങ്ങനെ ആണ്.  'Tomorrow will be a nice day'  
അവളാശിക്കുന്ന പോലെ എല്ലാ നാളെകളും നല്ലതായിരിക്കട്ടെ . അവളുടെ മാത്രം അല്ല , എല്ലാ കുഞ്ഞുങ്ങളുടെയും . അമിത വാത്സല്യത്തിന്റെ അകമ്പടി ഇല്ലാതെ, ചോദിക്കുന്നതെന്തും മുന്നില്‍ എത്തിച്ചു കൊടുക്കുന്ന അലാവുദ്ദീന്റെ ജീനികള്‍ ആവാതെ നമുക്കവര്‍ക്കൊപ്പം നടക്കാം. ചിന്താ ശേഷിയുള്ള വ്യക്തി ആയി അവര്‍ വളരട്ടെ. അവരുടെ  മനസ്സു കാണാനുള്ള കണ്ണ് നമുക്കുണ്ടാവട്ടെ.

( ഈ ചിത്രങ്ങൾ ആമി വരച്ചതാണ്. ഇന്ത്യൻ സ്കൂൾ മാബേല യിൽ അവൾ  രണ്ടാം ക്ളാസ്സിൽ പഠിക്കുന്നു . )

31 comments:

 1. നൊമ്പരത്തിന്റെ കാട്ടുകുറിഞ്ഞിപ്പൂമണം മനസിനെ അസ്വസ്ഥമാക്കുന്നു. നാളെ നല്ലൊരു ദിവസമാവട്ടെ എന്ന് സ്വപ്നം കാണുമ്പോൾ ആ കുട്ടി ഇന്നനുഭവിച്ചുതീർത്തത് നിരാശയാർന്നൊരു ദിവസമായിരുന്നു എന്നൊരു സന്ദേശമുണ്ട് അതിന്റെ പിറകിലെവിടെയോ..., ഇന്നത്തെപ്പോലെ നാളെയുമാവട്ടെ എന്നൊരു പ്രതീക്ഷയിലേക്ക് നമ്മുടെ കുട്ടികൾ സന്തോഷഭരിതമായി വികസിക്കുമ്പോൾ നല്ലൊരമ്മയും അച്ഛനുമാകാൻ നമുക്ക് സാധിക്കുന്നു. ഈ എഴുത്ത് എവിടെയൊക്കെയോ കൊളുത്തിവലിച്ചുകളഞ്ഞല്ലോ...:(

  ReplyDelete
  Replies
  1. 'പുളിവാറു കൊണ്ട് ചന്തീറ്റ് രണ്ടു പെട ' കിട്ടാതെ കയറി വന്ന ബാല്യ കൌമാരങ്ങൾ ഒന്നും ഉണ്ടാവില്ല കഴിഞ്ഞു പോയ കാലത്തിൽ. പക്ഷെ , ഇന്നത്തെ പുതു കാലത്ത് കുട്ടികളെ ഒരു കുഞ്ഞടി കൊടുക്കുന്നത് പോലും അവരിൽ ചെറുതല്ലാത്ത മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ കുട്ടികളെ 'grounding ' എന്ന ' behavioral punishment ' നാണ് വിധേയമാക്കാറുള്ളത് . അവർ ചെയ്യുന്ന എല്ലാ സാമൂഹ്യ ഇടപാടുകളിൽ നിന്നും വിലക്കേർപ്പെടുത്തുന്ന രീതി ആണ് അത് . കുറുമ്പനായ ഉണ്ണിക്കണ്ണനെ ഉരലിൽ കെട്ടിയിട്ട യശോദാമ്മയുടെ അമ്മ മനസ്സേ ഓരോ കുഞ്ഞടികൾക്ക് പിറകിലും ഉണ്ടാവൂ.. (അദിതിയുടെയും ഷഫീക്കിന്റെയും അമ്മ മനസ്സുകൾ തുലോം വിരളമാണല്ലോ ) .പക്ഷെ അത്തരം കുഞ്ഞടികൾ പോലും കടന്നു കയറാൻ ഇന്നത്തെ കുഞ്ഞുങ്ങൾക്കാവുന്നില്ല എന്നതാണ് സങ്കടകരം.
   'എന്നാണാവോ അമ്മ ഇനി എന്നെ സ്നേഹിക്കുക?' എന്നവൾ എഴുതുമ്പോൾ അതന്നേരത്തെ മാനസികാവസ്ഥ മാത്രം ആണ്. അതിനു ശേഷം അവളിൽ സന്തോഷം വിരിയുന്നുണ്ട് .പക്ഷെ ഓരോ കുഞ്ഞു മനസ്സും ഓരോ നൂൽ പാലം ആണ്. ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടത്.
   തലയിൽ വെച്ചാൽ പേനരിക്കും, താഴെ വെച്ചാൽ ഉറുമ്പരിക്കും ' എന്നാ മട്ടിലുള്ള വാത്സല്യ പ്രകടനങ്ങൾ dependency kids നെ ഉരുവാക്കാനേ സഹായിക്കൂ.. ശ്രദ്ധിക്കുക ആദ്യം അവനവനെ- പിന്നെ കുഞ്ഞുങ്ങളെ..അതെ ഉള്ളൂ ഈ നൂൽപ്പാലം ഇഴ പൊട്ടാതിരിക്കാൻ ചെയ്യേണ്ടത് . നന്ദി

   Delete
 2. മോളോട് എഴുതിവെയ്ക്കാന്‍ പറഞ്ഞത് അവള്‍ നിഷ്കളങ്കമായി എഴുതിവെച്ചു....... അത് നല്ലതല്ലേ????
  നല്ലൊരമ്മയാണെന്ന് ഉള്ള അഹങ്കാരമല്ല, ആത്മവിശ്വാസമല്ലേ നല്ലത്...... രണ്ടുപേരോടും അന്വേഷണം പറയുക..........

  ReplyDelete
  Replies
  1. അതെ , അത് തന്നെ ആണ് തിരുത്തി എഴുതപ്പെട്ടത് സൈഫി .സ്നേഹാന്വേഷണങ്ങൾ രണ്ടു പേർക്കും കൈമാറാം ..:) നന്ദി

   Delete
 3. അമിത വാത്സല്യത്തിന്റെ അകമ്പടി ഇല്ലാതെ, ചോദിക്കുന്നതെന്തും മുന്നില്‍ എത്തിച്ചു കൊടുക്കുന്ന അലാവുദ്ദീന്റെ ജീനികള്‍ ആവാതെ നമുക്കവര്‍ക്കൊപ്പം നടക്കാം...Tomorrow will be nice

  ReplyDelete
  Replies
  1. നന്ദി മനെഫ് ഭായി വരവിനും വായനയ്ക്കും ..:)

   Delete
 4. ഡയറി എഴുത്തെന്ന നല്ലൊരു സ്വഭാവമാണ് കുട്ടിക്ക് പകര്ന്നു നല്കിയത്. ഇതിലൂടെ അവളെ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ.
  എന്റെ കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ അന്നത്തെ സ്കൂൾ ദിനത്തിൽ അവര്ക്കുണ്ടായ എന്തെങ്കിലും അനുഭവമൊക്കെ പറയും. അത് പറഞ്ഞു തീരുന്നത് വരെ കഴിക്കില്ല. അതൊക്കെ പകുതി കേട്ട് പകുതി കേള്ക്കാതെ വിടാറാണ് പതിവ്. അങ്ങനെ പോരാ എന്ന് മനസ്സിലാക്കി തന്നതിന് നന്ദി...!

  ReplyDelete
  Replies
  1. :) നന്ദി ..നല്ല വായനയ്ക്ക്...

   Delete
 5. അവര്‍ക്കൊരുപാട് പറയാന്‍ ഉണ്ടാവും. തിരക്കുകള്‍ക്കുള്ളിലേക്ക് തല പൂഴ്ത്തി ഇരിക്കുമ്പോള്‍, ചിലപ്പോഴൊക്കെ നമ്മള്‍ മറന്നു പോവാറുണ്ട് അവരെ കേള്‍ക്കാന്‍

  കുട്ടികളല്ലേ എന്ന നിസ്സാരമാക്കലും.

  ReplyDelete
  Replies
  1. :) നന്ദി ..നല്ല വായനയ്ക്ക്...

   Delete
 6. കുട്ടികളിലേക്ക്‌ നല്ല ചിന്തകളും ആശയങ്ങളും വളര്‍ത്താനുള്ള ശ്രമം
  നടത്തിയാല്‍ അവരുടെ ഭാവി ശോഭനമാകും....
  നന്നായിട്ടുണ്ട് കുറിപ്പ്
  ആശംസകള്‍

  ReplyDelete
  Replies
  1. കാട്ടു കുറിഞ്ഞിയുടെ പുതിയ ഈ വായനക്കാരന് നന്ദി.. നല്ല വാക്കുകൾക്കൊപ്പം തിരുത്തലുകളും പ്രതീക്ഷിക്കുന്നു

   Delete
 7. കുട്ടികളുമായി അടുത്തിടപഴകുവാന്‍ ഒരു പാട് താല്പര്യവും പക്ഷെ അതിനു കഴിയാത്ത , ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാന്‍ രണ്ടു ദ്രുവങ്ങളില്‍ കഴിയേണ്ടി വരുന്ന മാതാപിതാക്കളും ...., സ്വരച്ചേര്‍ച്ചയില്ലാത്ത മാതാപിതാക്കളുടെ, സ്നേഹം നിഷേധിക്കപ്പെട്ട കുട്ടികളും , ....ഒരു നിമിഷം ചിന്ത ആ വഴിക്ക് പൊയി .

  ReplyDelete
  Replies
  1. അല്ലെങ്കിലും ഉട്ടോപ്പിയൻ ചിന്ത ആണല്ലോ !..:)

   Delete
 8. കുട്ടികള്‍ക്കും പറയാനുണ്ട്‌ ഒത്തിരി..

  കുറിപ്പ് നന്നായിട്ടുണ്ട്..

  ആമിയുടെ ചിത്രവും നന്നായി

  ReplyDelete
  Replies
  1. കാട്ടു കുറിഞ്ഞിയുടെ പുതിയ ഈ വായനക്കാരന് നന്ദി.. നല്ല വാക്കുകൾക്കൊപ്പം തിരുത്തലുകളും പ്രതീക്ഷിക്കുന്നു..:)

   Delete
 9. ചിന്തനീയ വിഷയം. മോള്‍ക്ക് എല്ലാ നന്മകളുമേകട്ടെ സര്‍വ്വേശ്വരന്‍. സന്തോഷം നിറഞ്ഞൊരു മനസ്സുതന്നെയാണ് അതിലേറ്റവും പ്രധാനം. ഈ ഡയറികുറിപ്പുകള്‍ നാളെ അവള്‍ക്ക് പൊട്ടിച്ചിരിക്കാന്‍ വകയേകും.

  ReplyDelete
 10. നന്മ നിറഞ്ഞ് വിളയട്ടെ കുഞ്ഞുഹൃദയത്തില്‍.ഇങ്ങനെയൊരു അമ്മയുള്ളത് അവളുടെ പുണ്യം.

  ReplyDelete
 11. നമ്മുടെ അളവുപാത്രങ്ങള്‍ നാം മാറേണ്ടിയിരിക്കുന്നു.
  അവരെ
  നമ്മളറിയുന്നുവെന്നതവര്‍ക്ക് ബോധ്യമാവുന്നുണ്ട് എന്നു നാം ഉറപ്പുവരുത്തേണ്ടതുണ്ട്.
  പരിഗണനയില്‍ക്കവിഞ്ഞൊന്നുമില്ല.
  ചെറിയൊരവഗണന പോലും അവര്‍ പൊറുക്കുകയുമില്ല.
  അവരെ ചേര്‍ത്തുനിര്‍ത്തുക ഹൃദയത്തോടു മാത്രമല്ല, ശരീരത്തോടും....
  അതവര്‍ക്ക് സുരക്ഷിതാബോധവും ആത്മവിശ്വാസവും നല്‍കും.

  ഇനിയെന്നാണാവോ അമ്മയെന്നെ സ്നേഹിക്കുക...!!
  അകം പൊള്ളക്കുന്നൊരോര്‍മ്മപ്പെടുത്തലാണത്.
  അത്ഭുതം..! മാറിയ കാലത്തിലെ ഈ കുട്ടികളുടെ മനസ്സ് ആര്‍ക്കു വായിക്കാനാവും....
  അവരുടെ ഇന്നും നാളെയുമെന്നും നല്ല ദിവസങ്ങളാവട്ടെ.....

  *ആമി വരച്ച ചിത്രങ്ങള്‍ ശരാശരിക്കുമീതെ നിലവാരം പുലര്‍ത്തുന്നു.... :)

  ReplyDelete
 12. നല്ല പോസ്റ്റ്.
  ഈ പോസ്റ്റ് വായിക്കുന്ന മാതാപിതാക്കള്‍ കുട്ടികളെ കൂടുതല്‍ സ്നേഹിക്കും ഉറപ്പ്

  ReplyDelete
 13. കുറച്ചു കാലമായി ശീലിക്കുന്നതും പരിശീലനം നല്കുനതും parenting ആണ്. "'പുളിവാറു കൊണ്ട് ചന്തീറ്റ് രണ്ടു പെട ' കിട്ടാതെ കയറി വന്ന ബാല്യ കൌമാരങ്ങൾ ഒന്നും ഉണ്ടാവില്ല കഴിഞ്ഞു പോയ കാലത്തിൽ. പക്ഷെ , ഇന്നത്തെ പുതു കാലത്ത് കുട്ടികളെ ഒരു കുഞ്ഞടി കൊടുക്കുന്നത് പോലും അവരിൽ ചെറുതല്ലാത്ത മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ട്"

  ഇത് ശരിയല്ല പണ്ട് അടി കിട്ടിയതോക്കെയും നമ്മുടെ സ്വഭാവത്തിന്‍റെ ഉള്ളില്‍ വികലമായി കിടപ്പുണ്ട്. അടി കൊണ്ട് ആരും നന്നായിട്ടില്ല . ഗുരുത്തരമായ സ്വഭാവ വൈകല്യം മാത്രമേ ഉണ്ടാവുന്നുള്ളൂ . അതു കൊണ്ടാണ് നന്നാവനാണെന്ന് പറഞ്ഞു നാം നമ്മുടെ മക്കളെ അടിക്കുന്നത്. അടി കൊണ്ട മനസിലെ വേദനകള്‍ അന്നും ഇന്നും ഉണ്ട് അത് ഒരുപോലെ ആണ്. ഇന്ന് വാത്സല്യം കൂടി കുട്ടികള്‍ക്ക് വേദന ഉണ്ടാക്കുന്നുണ്ട് . നല്ല കാര്യം മാത്രമല്ല ചീത്ത എന്ന് നമുക്ക് തോനുന്ന കാര്യങ്ങളും പങ്കു വെക്കാന്‍ കഴിയുന്ന സുഹൃത്തുക്കള്‍ ആവണം രക്ഷാകര്താക്കള്‍. അത്തരം കാര്യങ്ങള്‍ വികാര വിക്ഷോഭം ഇല്ലാതെ നമുക്ക് ശ്രവിക്കാന്‍ കഴിയണം. അല്ലെങ്കില്‍ ആമിയെ പോലെ അമ്മക്ക് വേദനിക്കുമോ എന്ന് ഉള്ളു നൊന്ത് ആ കാര്യം suppress ചെയ്യപെടും. അത് വലുതാവുമ്പോള്‍ പല രീതിയിലും പുറത്തു വരും . അതിനെ ആണ് ഞാന്‍ വൈകല്യം എന്ന് പറഞ്ഞത്. സമയം ഇനിയും വൈകീട്ടില്ല അടി കൊടുക്കാതെ, എന്തും പങ്കുവെക്കാനും ആശ്രയിക്കാനും ഉള്ള അമ്മ ആവട്ടെ

  ReplyDelete
 14. നന്ദേട്ടാ , ഗുരുവചനം ആണിത് ,..ഞാൻ ശ്രദ്ധയോടെ കേൾക്കേണ്ടതും !! വളരെ അധികം സന്തോഷം ഈ വായനയ്ക്ക് ..സ്നേഹത്തിന് ..നന്ദി

  ReplyDelete
 15. റ്റുമോറോ വില്‍ ബീ എ ബെറ്റര്‍ ഡേ!!

  ReplyDelete
 16. മക്കളുടെ കൂടെ കിട്ടുന്ന അവസരങ്ങളിലെല്ലാം കളിക്കണം എന്നാണ് ഞാൻ കരുതാറു ..
  അവർക്ക് പറയാനുള്ളത് കേട്ട് അവരുടെ ഇഷ്ടങ്ങൾക്ക് കൂടെ നില്ക്കണം ന്നു തന്നെ കരുതും
  എന്നാൽ അത് പലപ്പോഴും നടക്കാറില്ല ...

  സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് എത്ര കഥകളാണ് ഞാൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തിരുന്നത് എന്നറിയില്ല ... എന്നാൽ ഇപ്പോൾ ഉറങ്ങാൻ മോനെപ്പോഴും കഥ കേൾക്കണം ഒരു കഥ പോലും മനസ്സിൽ വരുന്നില്ല ...

  എന്നെയും അവളെയും ഞെട്ടിച്ചുകൊണ്ട് മൂന്നര വയസ്സുകാരാൻ ഒരിക്കൽ പറഞ്ഞു

  ''ചെച്ചൂന്നു ഇവിടെ ഒരു സന്തോഷോം ഇല്ല ...
  ഉമ്മാന്റെ ഉപ്പന്റെം കൂടെ ചെച്ചൂനെ കൂട്ടുന്നെ ഇല്ല
  ചെച്ചൂന്നു ഉമ്മുമ്മാന്റെ അടുത്തേക്ക് പോയാൽ മതി '' എന്ന്

  വാക്കുകൾ കൂട്ടി ചൊല്ലാൻ തുടങ്ങുമ്പോഴേക്കും മക്കൾക്ക് അവരവരുടെ ഇഷ്ടാനിഷ്ടങ്ങളും ചിന്തകളും അഭിപ്രായങ്ങളും ഉണ്ടാവുന്നു ...

  ആമിയുടെ ദിവസങ്ങളെല്ലാം മനോഹരമാവട്ടെ

  ReplyDelete
 17. ചെറുതെങ്കിലും ഗൌരവമായ ഒരു ചിന്ത നല്‍കുന്നു ഈ പോസ്റ്റ്‌.പാരന്റിംഗ് എന്നത് എന്നും ശ്രദ്ധയോടെ കൈകാര്യം ചെയ്യണ്ടേ ഒന്ന് തന്നെ , ആമിയുടെ വരയും കൊള്ളാം .

  ReplyDelete
 18. അവര്‍ക്കൊരുപാട് പറയാന്‍ ഉണ്ടാവും.
  തിരക്കുകള്‍ക്കുള്ളിലേക്ക് തല പൂഴ്ത്തി ഇരിക്കുമ്പോള്‍,
  ചിലപ്പോഴൊക്കെ നമ്മള്‍ മറന്നു പോവാറുണ്ട് അവരെ കേള്‍ക്കാന്‍
  അവരുടെ ദിവസങ്ങളില്‍ മഴവില്ല് വിരിയുന്നുണ്ട് . ചില നേരങ്ങളില്‍ കാര്‍മേഘം മൂടുന്നുണ്ട് ..
  അതൊക്കെ കേള്‍ക്കാന്‍ അല്‍പ നേരം മാറ്റി വെച്ചാല്‍
  വിഷാദത്തിന്റെ ചെങ്കുത്തായ കയറ്റം കയറി ചിലപ്പോഴൊക്കെ
  ആത്മഹത്യാ മുനമ്പിലേക്ക് നടന്നു കയറുന്ന കൌമാര മനസ്സുകളെ
  നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ ആയേക്കും.

  ReplyDelete
 19. മധുരം സന്ദേശം.

  ReplyDelete
 20. I dont know why.. tears got into my eyes.. Thanks for a nice reminding...

  ReplyDelete
 21. എല്ലാ നാളെകളും നല്ലതായിരിക്കട്ടെ...

  :)

  ReplyDelete

www.anaan.noor@gmail.com