ദീദിയോട് ഇന്നും വഴക്കിട്ടു. അതിന് അമ്മ എന്നെ ചീത്തയും പറഞ്ഞു. എന്നാണാവോ അമ്മ ഇനി എന്നെ സ്നേഹിക്കുക?'
അവിചാരിതമായി കണ്ണില്‍ പെട്ടതാണ് ആ ഡയറിക്കുറിപ്പ്. അത് ഉള്ളിലൊന്നു തൊട്ടു . പതുക്കെ ഒന്ന് പൊള്ളുകയും ചെയ്തു .ആശ്ചര്യം, അമ്പരപ്പ് എന്നിങ്ങനെയൊക്കെ പറയാമെങ്കിലും അവളെ ചേര്‍ത്തണച്ചു പിടിക്കാനാണ് തോന്നിയത്. ആ വാക്കുകള്‍ മനസ്സിനെ ആഴത്തില്‍ തന്നെ തൊട്ടു. കഴിഞ്ഞ അവധിക്കാലത്ത് നാട്ടില്‍പോവുന്നതിനു മുമ്പാണ് അവര്‍ക്ക് രണ്ടു പേര്‍ക്കും, പിങ്ക് നിറത്തിലുള്ള ഡാഫോഡില്‍ പൂക്കള്‍ വിരിഞ്ഞ് നില്ക്കുന്ന പുറം ചട്ടയുള്ള ഓരോ കുഞ്ഞു നോട്ടു പുസ്തകം കൊടുത്തത്. അമ്മ അരികില്‍ ഇല്ലാത്ത നേരത്തെ അവധിക്കാല കാഴ്ചകള്‍,ദിവസങ്ങള്‍ ഒക്കെ കുറിച്ച് വെക്കാനും അവരോട് പറഞ്ഞു .

ഉറങ്ങാന്‍ വിളിക്കുമ്പോള്‍ 'ഇതാ വരുന്നു'വെന്ന് പറഞ്ഞു ചിലപ്പോഴൊക്കെ ആ ഡയറിയില്‍ അവള് കുനുകുനാ കുത്തിക്കുറിക്കുന്നത് കാണാമായിരുന്നു . ഓഫീസിനും വീടിനുമിടയ്ക്ക് വീതം വെയ്ക്കുന്ന നേരങ്ങളിലെ തിരക്കിനിടയ്ക്ക് അവള് എന്താവും എഴുതി നിറയ്ക്കുന്നതെന്ന് ആലോചിച്ചിട്ടേയില്ലായിരുന്നു . ഒരു ഒഴിവു ദിവസത്തില്‍ 'എന്റെ കയ്യെത്തിയില്ലെങ്കില്‍ ഇവിടൊന്നും ശരിയാവില്ല'എന്ന സ്ഥിരം ഡയലോഗുമായി വീട്ടമ്മ വേഷം അണിഞ്ഞു നില്‍ക്കുമ്പോഴാണ് മേശപ്പുറത്ത് ചിതറി കിടക്കുന്ന സ്കൂള്‍ പുസ്തകങ്ങളുടെയും കഥാ പുസ്തകങ്ങളുടെയും ഏറ്റവും അടിയില്‍ നിന്ന് ആ കുഞ്ഞിപ്പുസ്തകം എന്റെ കയ്യില്‍ പെട്ടത്.
ഉപയോഗം കൊണ്ട് അരികു ചുളിഞ്ഞ കുഞ്ഞു ഡയറിയില്‍ നീല മഷി കൊണ്ട് ദിവസം അടയാളപ്പെടുത്താതെ അവള് എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ ആദ്യം അമ്പരന്നു...പിന്നെയാശ്ചര്യപ്പെ
'ദീദിയോട് ഇന്നും വഴക്കിട്ടു. അതിന് അമ്മ എന്നെ ചീത്തയും പറഞ്ഞു. വൈകുന്നേരം നൂഡില്‍സ് പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ ഒരല്പം താഴെ വീണു. അതിനമ്മ എന്നെ അടിയ്ക്കൂം ചെയ്തു. ഇനി എന്നാണാവോ അമ്മ എന്നെ സ്നേഹിക്കുക? '' എന്ന് തുടങ്ങി 'ഇന്ന് അമ്മ വരുമ്പോള്‍ രസ്മലായി വാങ്ങിക്കൊണ്ടു വന്നു , ഹോ! എന്തൊരു ടേസ്റ് ആണ് അതിന്' എന്നിങ്ങനെ ദേഷ്യവും സങ്കടവും സന്തോഷവും ഒക്കെ ഇടകലരുന്ന, അക്ഷരത്തെറ്റുകള്‍ നിറഞ്ഞതും വ്യാകരണ ശുദ്ധി ഇല്ലാത്തതുമായ അനേകം കുറിപ്പുകള്‍ ഇംഗ്ളീഷില്‍ അവള് കുറിച്ചിട്ടിരുന്നു.
നല്ലൊരമ്മ ആണെന്നുള്ള എന്റെ സ്വകാര്യ അഹങ്കാരം ആണ്,അക്ഷരത്തെറ്റ് ഒന്നും ഇല്ലാതെ അവൾ തിരുത്തി തന്നത് . ഏത് തിരക്കുകള്‍ക്കിടയിലും കുഞ്ഞുങ്ങളെ കൂടുതല്‍ അറിയണം എന്നും അവരുടെ മനസ്സിലൂറുന്ന കുഞ്ഞു സങ്കടങ്ങളുടെ പരലുകള്‍ തിരിച്ചറിയണം എന്നും അതിനെപ്പോഴും ഉറപ്പുള്ള പരിഹാരസാന്നിദ്ധ്യം ആവണമെന്നും ഉള്ള തിരിച്ചറിവാണ് ആ ഒരൊറ്റ നിമിഷം എനിക്ക് തന്ന് പോയത് .
ആരോഗ്യ മാഗസിനുകളിലും വനിതാ മാഗസിനുകളിലുമൊക്കെയുള്ള മനശ്ശാസ്ത്ര കോളങ്ങളില്‍ അക്കമിട്ട് നിരത്താറുണ്ട്, കുട്ടികളെ വ്യക്തികളായി തന്നെ കാണണം എന്നും നമ്മുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഉള്ള പരീക്ഷണ ശാലകള്‍ അല്ല അവരെന്നുമുള്ള പാരന്റിംഗ് ടിപ്സുകള്‍.
അവര്‍ക്കൊരുപാട് പറയാന്‍ ഉണ്ടാവും. തിരക്കുകള്‍ക്കുള്ളിലേക്ക് തല പൂഴ്ത്തി ഇരിക്കുമ്പോള്‍, ചിലപ്പോഴൊക്കെ നമ്മള് മറന്നു പോവാറുണ്ട് അവരെ കേള്‍ക്കാന്‍ . അവരുടെ ദിവസങ്ങളില്‍ മഴവില്ല് വിരിയുന്നുണ്ട് . ചില നേരങ്ങളില്‍ കാര്‍മേഘം മൂടുന്നുണ്ട് ..അതൊക്കെ കേള്‍ക്കാന്‍ അല്പ നേരം മാറ്റി വെച്ചാല്‍ വിഷാദത്തിന്റെ ചെങ്കുത്തായ കയറ്റം കയറി ചിലപ്പോഴൊക്കെ ആത്മഹത്യാ മുനമ്പിലേക്ക് നടന്നു കയറുന്ന കൌമാര മനസ്സുകളെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ ആയേക്കും.
കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ മനസ്സില്‍ തറഞ്ഞു പോയി അസ്വസ്ഥത പടര്‍ത്തിയ മുഖം ആണ് ഷാർജയിലെ ഇന്ത്യൻ സ്കൂളിൽ പഠിച്ചിരുന്ന അഭിമന്യുവിന്റെത്. പരീക്ഷയ്ക്കു തൊട്ടുമുമ്പായിരുന്നു അവന്റെ ആത്മാഹുതിയെന്ന് വാര്‍ത്തകള്‍ പറയുന്നു. ബോര്‍ഡ് എക്സാം കൊണ്ട് ജീവിതം തീരുന്നില്ല എന്ന് പറയാന്‍ അവനെ പോലെ ഉള്ള എല്ലാ കുട്ടികള്‍ക്കുമൊപ്പം അച്ഛനമ്മമാരും അദ്ധ്യാപകരും ഉണ്ടാവട്ടെ..
ആമിയുടെ ഡയറി എല്ലാ പേജും അവസാനിക്കുന്നത് ഇങ്ങനെ ആണ്. 'Tomorrow will be a nice day'
( ഈ ചിത്രങ്ങൾ ആമി വരച്ചതാണ്. ഇന്ത്യൻ സ്കൂൾ മാബേല യിൽ അവൾ രണ്ടാം ക്ളാസ്സിൽ പഠിക്കുന്നു . )