Tuesday, February 18, 2014

എന്നിട്ടും, ആ വഴി ആവോളം കൂടെ പോന്നു.



വഴി അടച്ചിരുന്നു;
വഴിയുടെ പിന്നറ്റത്ത് ആ വീട്ടിലേക്കുള്ള വാതിലും. 

അടഞ്ഞ വാതിലിനപ്പുറം 
എന്റെ കുട്ടിക്കാലം ഉണ്ടായിരുന്നു.
ചെമ്പകച്ചോട്ടില്‍ ഒരൂഞ്ഞാലും.

അവിടെ,
കര്‍ട്ടന്‍ പ്ലാന്റിനിടയില്‍
കോലായിലിരുട്ടില്‍ വീഴുന്ന 
വെയില്‍ വട്ടം,
പുത്തരി ചോറിന്റെയും 
വരമ്പത്തുണ്ടായ വള്ളിപ്പയറിന്റെയും 
കൊതിയൂറും രുചി ,
ആകാശത്തോളം ഉയരത്തില്‍ 
ഒരു വൈക്കോല്‍ കൂന,
ആഞ്ഞു  ചവിട്ടി ദൂരെ മറയുന്നൊരു 
ഹെര്‍ക്കുലീസ് സൈക്കിള്‍.

പിന്നെ, 
മരപ്പാവ ഉണ്ടാക്കി തരാം തരാം 
എന്ന് പറഞ്ഞു പറ്റിക്കുന്നൊരു 
ചെറിയച്ഛനും  ഉണ്ടായിരുന്നു.
മുഖക്കുരുപ്പാടുകളില്‍ കസ്തൂരി മഞ്ഞള്‍ തേച്ച് 
മഞ്ഞച്ചിരിക്കുന്ന ഒരു കുഞ്ഞമ്മയും 
തീവണ്ടിപ്പാതയില്‍  ചെവി ചേര്‍ത്താല്‍ 
തീവണ്ടി ഇരമ്പം കേള്‍ക്കാമെന്ന് 
പറഞ്ഞ കളി ചങ്ങാതിയും.

ഇപ്പോള്‍  
ആ വാതില്‍ അടച്ചിരിക്കുന്നു 
ആ വഴിയും. 
എന്നിട്ടും ആ വഴി ആവോളം കൂടെ പോന്നു..



തേജസ് -ഖതർ രണ്ടാം വാർഷിക സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചത്..

14 comments:

  1. എന്നിട്ടും ആ വഴി ആവോളം കൂടെ പോന്നു..

    ReplyDelete
  2. ആ വഴി എന്നെങ്കിലും വിട്ടുപിരിയുമെന്നും കരുതേണ്ട!

    ReplyDelete
  3. നഷ്ടപ്പെട്ട കുട്ടിക്കാലത്തിലെയ്ക്ക് ഒരു തിരിഞ്ഞുനോട്ടം.......

    ReplyDelete
  4. വഴിയടച്ചാലും,വാതിലടച്ചാലും ഓര്‍മ്മക്കെടുവോളം ആ ഇരമ്പലുകള്‍ ചെവിയില്‍ മുഴങ്ങുകയും,ചിത്രങ്ങള്‍ മനോമുകുരത്തില്‍ തെളിഞ്ഞുകൊണ്ടേയിരിക്കും....
    നന്നായിരിക്കുന്നു വഴിവരികള്‍
    ആശംസകള്‍

    ReplyDelete
  5. ആഞ്ഞടച്ചാലും വീണ്ടും വീണ്ടും ആ വാതില്‍ തുറന്നുകൊണ്ടേയിരിക്കും...

    ReplyDelete
  6. നന്നായി വരികള്‍, പ്രത്യേകിച്ചും അവസാന ഭാഗങ്ങള്‍. ഈ വഴി ഏവര്‍ക്കും പരിചിതമായിരിക്കും.

    ReplyDelete
  7. സുഗമുള്ള ഓര്‍മ്മകള്‍

    ReplyDelete
  8. അടഞ്ഞ വാതിലിനപ്പുറം
    എന്റെ കുട്ടിക്കാലം ഉണ്ടായിരുന്നു.

    ReplyDelete
  9. എന്നിട്ടും ആ വഴി ആവോളം കൂടെ പോന്നു ....അനന്യം ...ഈ വരിയിലെ കവിത കുറച്ചു നാളെങ്കിലും കൂടെ നടക്കും തീര്‍ച്ച ....കവിക്ക്‌ ..ഒരു കുപ്പാടി സലുട്ട്

    ReplyDelete
  10. ഇവിടെ ഓര്‍മ്മകള്‍ക്ക് എന്തൊരു സുകന്തം ...നന്നായിരിക്കുന്നു റജീനാ ...

    ReplyDelete
  11. ഈ കവിത വായിച്ചുകഴിഞ്ഞ്, വെറുതെ കണ്ണൊന്നടക്കുമ്പോൾ, ഓർമ്മച്ചിത്രങ്ങളായി ആ ‘വഴിക്കാഴ്ച്ചകൾ’ ഓരൊന്നായി...

    ReplyDelete

www.anaan.noor@gmail.com

ജാലകം