Tuesday, June 25, 2013

വിവാഹമോ വിദ്യാഭ്യാസമോ ?

ഒമ്പതു മുതല്‍ പത്തുവരെയാണ് ഋതു മതിയാവുന്ന പുതിയ പ്രായക്കണക്കുകള്‍. അപ്പോള്‍, ഒമ്പതാം വയസ്സ് മുതല്‍ സ്ത്രീ ശരീരം തയ്യാറാണ് -വിവാഹിതയാവാനും കൌമാര പ്രായത്തിലേ തന്നെ അമ്മയാവാനും, പിന്നീട് വരുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടാനും. നിയമപ്രകാരം തന്നെ നടക്കുന്ന ഭര്‍ത്താവിന്റെ രണ്ടാം (പല ) വിവാഹങ്ങളെ നേരിടാനും ഒക്കെ അവള്‍ ഒമ്പതിലേ പ്രാപ്തയാണ് എന്നര്‍ത്ഥം. ഹലാലിന്റെ പേരില്‍ നടക്കുന്ന അതിക്രമം ആണല്ലോ അതും! എന്തിന് പ്രായം 16 ആക്കുന്നു ?
വിദ്യാഭ്യാസം നേടേണ്ട പ്രായം ആണ് കൌമാരം. ഈ നിയമം , മിഡില്‍ / അപ്പര്‍ മിഡില്‍ ക്ലാസ്സില്‍ നില്ക്കുന്ന വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്കുന്ന മുസ്ലിം കുടുംബങ്ങളെ ഒരു തരത്തിലും ബാധിക്കില്ല . നിയമ സാധുതയില്‍ കരിഞ്ഞുണങ്ങാന്‍ പോവുന്നത് ലോവര്‍ കാറ്റഗറിയില്‍ ഉള്ള പെണ്‍കിനാക്കള്‍ ആണ് . ഉള്‍ നാടുകളില്‍ ഇപ്പോഴും പ്ലസ് ടു (മുന്‍പ് അത് പത്താം ക്ലാസ്സ് ) വരെയേ പെണ്‍ചിരികള്‍ക്ക് നിറമുള്ളൂ. . അത് കഴിയുമ്പോള്‍ അവള്‍ പളപളപ്പുള്ള ചോളിയും കനം കൂടിയ സ്വര്‍ണ്ണ മാലകളും ധരിച്ച് പുയ്യാപ്ലയുടെ അവധി തീരും വരെ ,(അല്ലെങ്കില്‍ പുതുക്കം മാറും വരെ ) വിരുന്നുണ്ട് നടക്കും. അതു കഴിയുമ്പോള്‍ അടുക്കളക്കലമ്പലുകളിലേക്കും, കുട്ടിത്തം മാറുന്നതിനു മുമ്പേ ഉള്ള അമ്മയാവലിലേക്കും അവള്‍ വീണു പോകും.
അപവാദങ്ങള്‍ എന്നോണം വിവാഹ ശേഷവും പഠനം തുടരുന്ന പെണ്‍കുട്ടികള്‍ ഉണ്ട്. ചെറു പ്രായത്തില്‍ തന്നെ വിവാഹം കഴിച്ചു പോവുന്നവരല്ല, ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്നവര്‍ ആണെങ്കില്‍ പഠിപ്പ് പൂര്‍ത്തീകരിക്കാറുമുണ്ട്.
ഒരു ബന്ധുവിന്റെ മകളുടെ കല്യാണം കൂടേണ്ടി വന്നു ഒരവധിക്കാലത്ത് . അവരുടെ കുടുംബത്തില്‍ 18 വയസ്സൊക്കെ പെണ്ണിനു ചെക്കനെ കിട്ടാത്ത പ്രായം ആണ് .പ്ലസ് ടു വിനു പഠിക്കുന്ന പെണ്‍കുട്ടി കല്യാണത്തിന് സാധാരണ വധുക്കള്‍ അണിയാറുള്ള മേക്ക് അപ്പ് പോലും വിസമ്മതിച്ചിരിക്കുന്നു. കരഞ്ഞു കലങ്ങിയിരുന്നു അവളുടെ കണ്ണുകള്‍. അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, പഠിക്കാന്‍ മിടുക്കി ആയിരുന്നു ആ കുട്ടി എന്നാണ്. പക്ഷേ ആ പ്രായത്തില്‍ കല്യാണം കഴിഞ്ഞു പോയില്ലെങ്കില്‍ ആ ഗ്രാമത്തില്‍ (ഒറ്റപ്പാലത്തിനടുത്തുള്ള പാലക്കാടന്‍ ഉള്‍നാടന്‍ ഗ്രാമം) കല്യാണ മാര്‍ക്കറ്റില്‍ രണ്ടാം കെട്ടുകാര്‍ക്ക് നിന്ന് കൊടുക്കണ്ടി വരും എന്ന ഭീതിയൊ അജ്ഞാനമോ ആണ് ആ നാട്ടുകാരെകൊണ്ട് അവരുടെ പെണ്‍കുഞ്ഞുങ്ങളെ ഇങ്ങനെ നേരത്തെ കല്യാണം കഴിച്ചയപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. പുയ്യാപ്ലയുടെ അവധി തീരുന്നതിനു മുന്‍പ് തന്നെ അവള്‍ ഗര്‍ഭിണിയും ആയി. ആദ്യ ദിവസങ്ങളില്‍ ആരും കാണാതെ ചാടുകയായിരുന്നു അവള്‍. സന്തോഷത്തിന്റെ തുള്ളിച്ചാട്ടമല്ല. ഗര്‍ഭം, അലസാനും വീണ്ടും സ്കൂളില്‍ പോകാനുമുള്ള ചാട്ടം..
ബോധവല്‍ക്കരണം നടത്തുന്നതിന് പകരം ഈ നിയമത്തിനു കുട പിടിക്കാതിര്‍ക്കുക, ദയവ് ചെയ്ത്. ഗള്‍ഫില്‍ 50 ഡിഗ്രി ചൂടിലും പര്‍ദ്ദ പുതയ്ക്കുന്ന അറബിക്കൊച്ചമ്മമാരെ ഉദാഹരണം ആക്കുന്നതിനൊപ്പം , ഈ നാടുകളില്‍ നില നില്‍ക്കുന്ന ശക്തമായ മെഹര്‍ സമ്പ്രദായം കൊണ്ട് വരാന്‍ ധൈര്യമുണ്ടാവുമോ നമ്മുടെ ഭരണനേതൃത്വത്തിന്?
പാശ്ചാത്യ നാടുകളിലെയും ആഫ്രിക്കന്‍ നാടുകളിലെയും വിവാഹപ്രായനിരക്കുകള്‍ ഉയര്‍ത്തിക്കാട്ടി ഈ സര്‍ക്കുലറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നു കൂടി പറയാന്‍ ഉണ്ട്. 15^16 വയസ്സു മുതല്‍ പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ സ്വയം പര്യാപ്തര്‍ ആവാന്‍ ശീലിച്ച് തുടങ്ങണം. അവരവരുടെ വിദ്യാഭ്യാസത്തിനും മറ്റുള്ള ആവശ്യങ്ങള്‍ക്കുമുള്ള തുകകള്‍ പാര്‍ട് ടൈം ജോലി ചെയ്തും മറ്റും അവര്‍ തന്നെ സംഘടിപ്പിക്കണം. ഉന്നത വിദ്യാഭ്യാസം തീരുന്നത് വരെ മാതാപിതാക്കളെ ആശ്രയിക്കുന്ന നമ്മുടെ നാട്ടില്‍ അതാണോ അവസ്ഥ? സ്വയം പര്യാപ്തരാണോ അവര്‍? ഉണ്ടെങ്കില്‍ പാശ്ചാത്യ നാടുകളിലെ പോലെ ആരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങാതെ പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്യ്രവും 16 വയസ്സും മുതല്‍ ലിംഗ ഭേദമെന്യേ നമ്മുടെ കുട്ടികള്‍ക്ക് കൂടി കൊടുക്കേണ്ടതാണ്.
പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തര ശ്രമങ്ങളും കാലാകാലങ്ങളില്‍ ഉള്ള ഗവണ്‍മന്റുകള്‍ നല്കി വന്ന ജോലി വിദ്യാഭ്യാസ സംവരണങ്ങളും ഒക്കെ മുസ്ലീം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനു നല്ല പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ജോലി സമ്പാദനത്തിനുള്ള കുറുക്ക് വഴി മാത്രമല്ല , അതു സംസ്കാരികോന്നതിയിലേക്കും അവകാശബോധങ്ങളിലേക്കുമുള്ള ചുവട് വെയ്പ്പുകള്‍ കൂടി ആണ്.

കൌമാര കുതൂഹലങ്ങളുടെയും കളിചിരികളുടെയും പ്രായം ഈ കുട്ടികളില്‍ നിന്ന് തട്ടി എടുക്കാതിരിക്കൂ. ഇവരില്‍ നിന്ന് ഒരു കിരണ്‍ ബേദിയോ സുനീത വില്യംസോ തവക്കുല്‍ കര്‍മാനോ ഒക്കെ ഉണ്ടായേക്കാം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്കുന്ന സര്‍ക്കാറുകള്‍ ഉണ്ടാകും എന്ന ശുഭ ചിന്തയോടെ നാന്ദി! നന്ദിയും!!

14 comments:

 1. ഇതിനെതിരെ പ്രതികരിക്കാന്‍ അതേ സമൂഹത്തില്‍നിന്നും ആള്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ മാത്രമേ കാര്യമുള്ളൂ..മറ്റുള്ളവര്‍ ഇടപെടുമ്പോള്‍ അത് അസഹിഷ്ണുതകൊണ്ടാണ് എന്ന് പറഞ്ഞു വര്‍ഗീയ വാദികളായി മുദ്രകുത്തപ്പെടുന്നു. അതുകൊണ്ട് തന്നെ ഇതുപോലെയുള്ള ലേഖനങ്ങള്‍ വളരെ സന്തോഷം നല്‍കുന്നു..
  എല്ലാവിധ പിന്തുണയും.

  ReplyDelete
 2. അംഗീകരിക്കുന്നു പറഞ്ഞെതെല്ലാം പക്ഷെ കാരണവന്മാരുടെ മനസ്സിലെ തീ അത് കുറച്ചു കാണരുത്. ഒരു പെണ്‍കുട്ടി വളര്‍ന്നു വരുമ്പോള്‍ ചുറ്റുനിന്നും കാമാര്‍ത്തതയോടെ വരുന്ന കഴുകന്‍ കണ്ണുകളില്‍ നിന്നും രക്ഷിച്ചെടുത്ത് ഒരുവന്റെ കയ്യില്‍ ഏല്‍പ്പിക്കും വരെ സ്വസ്തയില്ലാതെ ഉറക്കം നഷപ്പെട്ടു ജീവിക്കുന്നവര്‍ ഈ താഴെക്കിടയിലുള്ളവര്‍ തന്നെ . എങ്ങിനെയെങ്കിലും കൈപിടിച്ച് ഒരുത്തനെ ഏല്പിക്കുക എന്നത് മാത്രമേ ഇക്കുട്ടരുടെ ആഗ്രഹം തന്നെ, അവിടെ പെണ്‍കുട്ടിയുടെ ആഗ്രഹങ്ങള്‍ ഹനിക്കപ്പെടുന്നതില്‍ നമുക്ക് ലജ്ജിക്കാം പക്ഷെ അവളുടെ കാരണവന്മാരുടെ അവസ്ഥ കൂടി കണക്കിലെടുത്താല്‍ നമ്മളും മറിച്ചു ചിന്തിച്ചെന്നിരിക്കും .പെണ്‍കുട്ടിയുടെ സുരക്ഷ , അല്പം സൌന്ദര്യം ഉള്ള പെണ്കുട്ടിയായാല്‍ പിന്നെ പറയുകയേ വേണ്ട അതും ഇപ്പോഴത്തെ കമാതുരമായ ലോകത്ത് .

  ReplyDelete
 3. കൌമാര കുതൂഹലങ്ങളുടെയും കളിചിരികളുടെയും പ്രായം ഈ കുട്ടികളില്‍ നിന്ന് തട്ടി എടുക്കാതിരിക്കൂ. ഇവരില്‍ നിന്ന് ഒരു കിരണ്‍ ബേദിയോ സുനീത വില്യംസോ തവക്കുല്‍ കര്‍മാനോ ഒക്കെ ഉണ്ടായേക്കാം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്കുന്ന സര്‍ക്കാറുകള്‍ ഉണ്ടാകും എന്ന ശുഭ ചിന്തയോടെ ...

  ReplyDelete
 4. ഇതിനെതിരെ പ്രതികരിക്കാന്‍ അതേ സമൂഹത്തില്‍നിന്നും ആള്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ മാത്രമേ കാര്യമുള്ളൂ.

  അതാണ് വേണ്ടതും ശരിയായ കാര്യവും. അപ്പോഴാണ് അത് നീതിപൂര്‍വകമാകുന്നതും.

  ReplyDelete
 5. ഞാനും ശൈശവ വിവാഹം വിഹാതിന് എതിര് തന്നെ ആണ് .എനിക്കും ഉള്ളത് ഒരു പെണ്‍കുട്ടി ആണ് ::: പക്ഷെ ലോകത്തെ എല്ലാ രാജ്യങ്ങളിലെയും വിവാഹ പ്രായം നോക്കാന്‍ വേണി മാത്രം ഈ ലിങ്ക ഒന്ന് നോക്കൂ ::: പിന്നെ ഇത് തെറ്റാണോ എന്ന് പറയു https://www.facebook.com/photo.php?fbid=10200937518631829&set=a.2197008616364.117556.1581713849&type=1&theater

  ReplyDelete
  Replies
  1. പാശ്ചാത്യ നാടുകളിലെയും ആഫ്രിക്കന്‍ നാടുകളിലെയും വിവാഹപ്രായനിരക്കുകള്‍ ഉയര്‍ത്തിക്കാട്ടി ഈ സര്‍ക്കുലറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നു കൂടി പറയാന്‍ ഉണ്ട്. 15^16 വയസ്സു മുതല്‍ പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ സ്വയം പര്യാപ്തര്‍ ആവാന്‍ ശീലിച്ച് തുടങ്ങണം. അവരവരുടെ വിദ്യാഭ്യാസത്തിനും മറ്റുള്ള ആവശ്യങ്ങള്‍ക്കുമുള്ള തുകകള്‍ പാര്‍ട് ടൈം ജോലി ചെയ്തും മറ്റും അവര്‍ തന്നെ സംഘടിപ്പിക്കണം. ഉന്നത വിദ്യാഭ്യാസം തീരുന്നത് വരെ മാതാപിതാക്കളെ ആശ്രയിക്കുന്ന നമ്മുടെ നാട്ടില്‍ അതാണോ അവസ്ഥ? സ്വയം പര്യാപ്തരാണോ അവര്‍? ഉണ്ടെങ്കില്‍ പാശ്ചാത്യ നാടുകളിലെ പോലെ ആരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങാതെ പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്യ്രവും 16 വയസ്സും മുതല്‍ ലിംഗ ഭേദമെന്യേ നമ്മുടെ കുട്ടികള്‍ക്ക് കൂടി കൊടുക്കേണ്ടതാണ്.

   Delete
 6. അജിത്തേട്ടൻ പറഞ്ഞതിനോടു യോജിക്കുന്നു..പരിഷ്കരണം വേണമെന്ന് തോന്നേണ്ടതും അതിനു മുൻകൈ എടുക്കേണ്ടതും അതാത് സമുദായങ്ങൾ തന്നെയാണ്..

  വിഷയസംബന്ധിയായ രണ്ട് ലേഖനങ്ങൾ :

  1. http://www.madhyamam.com/news/231936/130626

  2. http://www.mathrubhumi.com/article.php

  ReplyDelete
 7. എല്ലാ പിന്തുണയും നല്‍കി കൊണ്ട് തന്നെ ഉറക്കെ പ്രഖ്യാപിക്കുന്നു.. ഈ കാടത്ത നിയമം പിന്‍വലിക്കണം ..കുറഞ്ഞ പക്ഷം മുസ്ലിം പെണ്‍കുട്ടികളില്‍ ഇതിനെതിരെ ഒരു അവബോധമുണ്ടാക്കിയെടുക്കണം .അതിനു സ്ത്രീ സംഘടനകള്‍ മുന്നിട്ടറങ്ങണം .പെണ്‍കുട്ടികളുടെ വിവാഹം .ഒരു കാന്നുകാലി കച്ചവടമാല്ലെന്നും മൂത്ത് പോയാല്‍ ഡിമാണ്ട് കുറയുമെന്ന മൂരാച്ചി ചിന്താഗതികളെ തച്ചുടക്കേണ്ട കാലം കഴിഞ്ഞെന്നും സ്വയം പര്യാപ്തത നേടാനും പെണ്‍കുട്ടികളെ ഉദ്ബോധിപ്പിക്കണം ....നല്ല കുറിപ്പ് കാട്ടുകുറുഞ്ഞി ...

  ReplyDelete
 8. അനുഭവമുള്ളവരുപോലും മൌനം ഭൂഷണമായി കരുതുമ്പോള്‍ ജാതിയും മതവും രാഷ്ട്രീയവും മനുഷ്യന്റെ മേല്‍ ആധിപത്യം ഉറപ്പിക്കുക തന്നെ ചെയ്യും. മനുഷ്യ സഹജമായ കരുണ ഉണ്ടായാല്‍ മതി എല്ലാവര്ക്കും. പതിനാറും ഒന്ബതും ആന വന്നു കരിമ്പില്‍ തോട്ടത്തില്‍ കയറിയപോലെയിരിക്കും ജീവിതം...

  ReplyDelete
 9. പുരുഷന്‍ നയിക്കുന്ന ലോകത്ത് ഇനി എന്തെല്ലാം വരാന്‍ കിടക്കുന്നു....അനുഭവിക്കാനും.

  ReplyDelete
 10. കാട്ടു കുറിഞ്ഞി എനിക്കും പറയാനുണ്ട് ചിലത് ,

  എന്തിനു വേണ്ടിയാണു മുസ്ലിങ്ങൾ വിദ്യാഭ്യാസം ചെയ്യേണ്ടത്? .. ഒന്ന്പറഞ്ഞു തരാമോ ?,,, നമ്മുടെ നാട്ടിൽ സർകാർ ജോലികളിൽ ഉള്ള മുസ്ലിം സമുധയതിന്റെ അര്ഹമായ പ്രാധിനിധ്യം വളരെ കുറവ് ആണ് ആ ബാക്ക് ലോഗ് നികത്തണം എന്നും അതിനായി സ്പെഷ്യൽ രിക്രുട്മെന്റ്റ് അടക്കം വേണ്ടതെല്ലാം ചെയ്യണം എന്നും സച്ചാർ കമ്മീഷനും മറ്റും നിര്ദേശം നൽകിയിട്ട് അത് നടപ്പിൽവരുത്താൻ ആരെങ്കിലും എന്തെങ്കിലും ചെയ്തോ .. മറ്റു സമുധയങ്ങങ്ങലെ പോലെ അര്ഹമായ പ്രാധിനിത്യം ലഭിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞത് ആരാണ് ? ഇപ്പോഴും അത് നടപ്പിൽ വരുത്തുന്നതിന് തടസ്സം എന്താണ് ആലോചിച് നോക്കിയിട്ടുണ്ടോ . അര്ഹമായത് ലഭിക്കാൻ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നത് വരെ സമുധയിക വിഭാഗിയത്ക്ക് കാരണം ആകും എന്ന് പുലമ്പുന്ന സംഗ പരിവര് ചിന്തകള്ക്ക് ചൂട്ടു പിടിക്കുന്ന രാഷ്ട്രീയ മുൻ നിര നേതാക്കളെയും നമ്മൾ കണ്ടു . ഇപ്പൊ മുസ്ലിം പെണ്‍കുട്ടികളെ വിദ്യാഭാസം ചെയ്യിക്കാതെ 16 വയസ്സിൽ വിദ്യാഭ്യാസം ചെയ്യിക്കാതെ കെട്ടിച്ചയക്കാൻ പോണു എന്ന തരത്തിൽ കിടന്നു കൂവുന്ന നിങ്ങളുടെ ഉദ്ധേശ ശുധിയിൽ ഞങ്ങള്ക്ക് സംശയം ഉണ്ട് . മുസ്ലിങ്ങല്ക്ക് നല്ലതാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ ആ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി സര്ക്കാര് ജോലികളിൽ ആനുപാതികമായി പിന്നോക്കം നില്ക്കുന്ന വിദ്യാഭ്യാസം നേടിയ മുസ്ലിം സ്ത്രീ പുരുഷന്മാരുണ്ട് അവരെ നിങ്ങൾ മുഖ്യ ധാരയിലേക്ക് കൊണ്ട് വരൂ അതിനായി വേണ്ടത് ചെയ്യാൻ ഒന്ന് സഹകരിക്കൂ നടക്കുമോ ഇല്ല അല്ലെ ,, അപ്പൊ പ്ലീസ് ഞങ്ങള്ക്ക് വേണ്ടി ഇങ്ങനെ മുതല കണ്ണീർ ഒഴുക്കല്ലേ . പിന്നെ banglore പോലുള്ള ഇടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി തേടുന്ന അഭ്യസ്ത വിദ്യരായ യുവാക്കൾക് കിട്ടുന്ന മറുപടി സ്വതന്ത്ര ഇന്ത്യയെന്ന് പറയുന്ന രാജ്യത്ത് കേൾക്കാൻ പാടില്ലാത്ത മറുപടിയാണ്‌ കേൾക്കുന്നത് എന്തെന്നല്ലേ ? ' മുസ്ലിങ്ങളെ ജോലിക്ക് എടുകേണ്ട എന്നാണ് മാനേജ് മെന്റിന്റെ തീരുമാനം എന്ന് , അതിശയിക്കേണ്ട ഞാനും എന്നെ പോലെയുള്ള നിരവധി ആളുകളും ഇപ്പോഴും കേൾക്കുന്ന മറുപടി ആണിത് ' ഒരു ജനതയെ ആ രാജ്യത്തിൻറെ മുഖ്യ ധാരയിൽ നിന്ന് അകറ്റി നിറുത്തിയാൽ ഉണ്ടായേക്കാവുന്ന തിക്ത ഫലം ഭയാനകമായിരിക്കും .
  ഇനിയും പറയട്ടെ 16 ഇൽ പെണ്‍ കുട്ടിയെ കേട്ടിച്ചയക്കനല്ല ഈ സര്കുലർ .. മുൻകാലങ്ങളിൽ 16 ഇൽ വിവാഹം കഴിച്ചു കൊടുക്കപെട്ട ഒരു പാട് ആളുകൾ ഇന്നും മാര്യേജ് രജിസ്റ്റർ ചെയ്യാനാവാതെ ജീവിക്കുന്നുണ്ട് അവർക്ക് നിയമ വിധേയരായി ജീവിക്കാൻ ( അവർക്ക് ഇപ്പോഴും പതിനാർ അല്ല പ്രായം ) അവരുടെ മക്കള്ക്ക് ഒരു സർട്ടിഫിക്കറ്റ് അത് പോലെ നിയമ പ്രകാര മായ രേഖകൾ ലഭിക്കാൻ അനുവധിക്കുന്നതിനാണ് ഈ സർകുലർ , മുൻപെങ്ങൊ വിവാഹം കഴിഞ്ഞു പോയി എന്നത് കൊണ്ട് അവർ നിയമ പരിരക്ഷ ലഭിക്കെണ്ടാന്നോ ?.. വിചിത്രം തന്നെ ഈ ചിന്ത .. അപ്പൊ കിട്ടിയ വടി എടുത്ത് മുസ്ലിങ്ങല്ക്ക് നേരെയുള്ലാ ആക്രമണം എന്നല്ലാതെ ഇതിനെയൊക്കെ എന്ത് പറയാൻ ,, ദയവായി കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കുക .. ഇനിയും ഏറെ പറയാനുണ്ട് പിന്നെയാകാം

  ReplyDelete
 11. പുരോഗമന ചിന്താഗതി. നന്നായി. 16 വയസുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യിക്കാന്‍ ലൈസന്‍സ് കൊടുക്കുന്ന നടപടി ക്രൂരമാണ്.

  ReplyDelete
 12. ഇയാള്‍ ഇത്‌ എവിടത്ത്‌ കാരനാ , സഹോദരാ ഈ സര്‍കുലര്‍ കൊണ്ട് പതിനാറു വയസ്സില്‍ വിവാഹം നടത്താന്‍ പറ്റില്ല .. പതിനെട്റ് വയസ്സ്‌ തികയത്ത പെണ്‍കുട്ടികളെ ഈ സര്‍കുലര്‍ വഴി കെട്ടിച്ചയക്കാന്‍ പറ്റില്ല

  അപ്പോ പിന്നെ എന്തിനാ ഈ സര്‍കുലര്‍ എന്നു അല്ലേ .. ഒരു ടൈമ് ബാര്‍ നു മുന്‍പ്‌ പതിനെട്ട് വയസ്സ്‌ പൂര്‍ത്തി യാകുന്നതിനു മുന്‍പ്‌ ‍ വിവാഹം കഴിഞ്ഞു പോയ ആളുകളുടെ വിവാഹം ഇത്‌ വരെ നിയമ വിധേയം അല്ല അത്‌ നിയമ വിധേയ മാക്കാന്‍ വേണ്ടി ഉള്ളതാണ് ഈ സര്‍കുലര്‍ . പല കാരണങ്ങള്‍ കൊണ്ട് അന്നു പ്രായപൂര്‍ത്തി ആവുന്നതിനു മുന്‍പ്‌ നടത്തി വിവാഹം കൊടുക്കേണ്ടി വന്നത്‌ കൊണ്ട്‌ അവര്‍ക്‌ ഇനിയും നിയമ വിധേയമായി ജീവിക്കാന്‍ അനുവാദം ഇല്ല എന്നു പറയുന്നതില്‍ എന്ത്‌ ന്യായം ആണ് ഉള്ളത് . ഈ സര്‍കുല രിന് മറ്റ് മാനങ്ങള്‍ കൊടുക്കുന്നവര്‍ക്ക് വേറെ പല ഉദ്ദേശങ്ങളാണ് ഉള്ളത് എന്നു തിരിച്ചറിയുക . വേറെ ഒരു സംശയം വിവാഹ പ്രായം പുരുഷന്മാര്‍ക് ഇരുപത്തി മൂന്ന് , പെണ്‍കുട്ടികള്‍ക്ക് പതിനെട്ട് ഇതെന്ത് ന്യായം ? എന്തേ സ്ത്രീ പുരുഷ സമത്വം ഇവിടെ വേണ്ടേ ..അതെന്താ പെണ്‍കുട്ടികളുടേയും വിവാഹ പ്രായം ഇരുപത്തി മൂന്നാക്കി മാറ്റാത്തത്‌ അവര്‍ക്ക് കുറച്ച്‌ കൂടെ pakwatha വരെട്ട്ന്നേ ...

  ReplyDelete
 13. വളരെ നന്നായിട്ടുണ്ട് ഇതൊക്കെ നമ്മുടെ ഭരണനേതൃത്വവും പണ്ഡിത വര്‍ഗ്ഗവും ഒന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍!

  ReplyDelete

www.anaan.noor@gmail.com