Monday, May 5, 2014

സൂര്യകാന്തിപ്പൂക്കൾക്ക് വേനലിന്റെ ചിരിയാണ്.



ഗ്രീഷ്മത്തിന് ക്ഷുരകന്റെ മുഖച്ഛായ ആണ് എന്നാരാണ് എന്നോട് പറഞ്ഞത്..? 
ക്യാമ്പസ്സിലെ പ്രിയ ചങ്ങാതി. നീണ്ടു കൊലുന്നനെയുള്ള അക്കേഷ്യ മരങ്ങള്‍ ഇല പൊഴിച്ച്, മുണ്ഡന ശിരസ്കരായി നില്‍ക്കുന്ന, വേനല്‍ വഴികളില്‍ വെച്ചാണ് അവന്‍ അങ്ങനെ പറഞ്ഞത്. 

നാഷണല്‍ ഹൈവേയ്ക്ക് ഇരുവശവുമായി ആകാശത്തേക്ക് കൈ നീട്ടി നില്ക്കുന്ന തീച്ചില്ലകളുമായി മെയ് മാസത്തിന്റെ കൊന്നകള്‍, പാലക്കാടിന്റെ ആവി പറക്കുന്ന പുഴുക്കമുള്ള വഴികളിലേക്ക് ഇത്തിരി തണല്‍ വിരിയ്ക്കുന്നതും കടും വേനലിലാണ്. അതിനു കീഴെ മൂര്‍ച്ചയുള്ള എലവഞ്ചേരി കൊടുവാള്‍ത്തലപ്പ് കൊണ്ട് പനംനൊങ്കും ഇളംകരിക്കും വെട്ടി വില്ക്കുന്ന കച്ചവടക്കാര്‍ സഞ്ചാരികളുടെ ദാഹമകറ്റിയും തോളിലെ ചുവന്ന തോര്‍ത്ത് വട്ടത്തില്‍ ചുറ്റി വിയര്‍പ്പാറ്റിയും നില്‍ക്കുന്നുണ്ടാവും.

വഴിയരികിലെ കുഞ്ഞു പുല്‍ത്തലപ്പ് പോലും ദാക്ഷിണ്യമേതുമില്ലാത്ത സൂര്യാഘാതങ്ങളില്‍ പെട്ട് നീര് വാര്‍ന്നു മരിച്ചിരിക്കും.ആരോ കത്തിച്ച ഉണക്കയിലകളിലെ കൊഴുത്ത മഞ്ഞപ്പുകയില്‍ വേനല്‍ ചൂര് കലര്‍ന്നിരിക്കും. പുകയില്‍ കണ്ണ് നീറിയപ്പോള്‍ ഉള്ളിലൊരു കുട്ടി വിശ്വാസത്തോടെ പുക മന്ത്രം ഉരുവിടുന്നുണ്ടായിരുന്നു. 'വെള്ളാരം കല്ല് കാട്ടിത്തരാം' എന്ന് പറഞ്ഞ് പറ്റിച്ച് പുകയെ പാലക്കാടന്‍ കാറ്റിനൊപ്പം പറഞ്ഞയച്ച അതേ കുട്ടി. 

കുട്ടിക്കാലത്തിന്റെ പുകമറ അകന്നപ്പോള്‍ മുന്നില്‍ തെളിഞ്ഞ വെയില്‍പ്പാതയ്ക്കിരുവശവും സൂര്യകാന്തി പൂക്കള്‍ ചിരിച്ചു നില്ക്കുന്നുണ്ടായിരുന്നു. തോട്ടക്കാരന്റെ കണിശമായ കത്രികത്തലപ്പറിയാതെ ഒരു പുല്‍ക്കൊടി പോലും സ്ഥാനം തെറ്റി വളരാത്ത രാജപാതകള്‍ക്കിരുവശവുമായി വേനലിന്റെ ചിരിയുമായി എപ്പോഴാണീ സൂര്യകാന്തികള്‍ ചിരിച്ചെഴുന്നേറ്റു നിന്നത് ? 

അപ്പോളോയുടെ സഞ്ചാര പഥങ്ങളെ കണ്ണിമ ചിമ്മാതെ നോക്കി നിന്ന് നിശãബ്ദം പ്രണയിച്ച് പൂവിന്റെ ജന്മമെടുത്ത ദേവാംഗനയാണ് ഇവള്‍. ഗ്രീക്കുകഥയിലെ ക്ലൈറ്റിയെന്ന ജല ദേവത! നില മറന്ന് സൂര്യനെ പ്രണയിച്ച് മണ്ണില്‍ വേരുറച്ച് പോയ ഭഗ്ന പ്രണയിനി. 

അതിനാലാവും സൂര്യകാന്തിപ്പൂക്കള്‍ വേനലിനെ പോലെ തീക്ഷ്ണമായി ചിരിക്കുന്നത്. 
വിദൂരമായ സ്വപ്നസഞ്ചാരങ്ങളിലേക്ക് ഇപ്പോഴും പ്രത്യാശയോടെ കണ്ണയ്ക്കുന്നത് . 
ഓര്‍മ്മയുടെ വേനലടുപ്പിലേക്ക് മഞ്ഞപ്പൂക്കള്‍ നീട്ടി എറിയുന്നത് .


11 comments:

  1. വരികള്‍ക്ക് നല്ല ആകര്‍ഷണമുണ്ട് , എഴുത്ത് മനോഹരം ,ആശംസകള്‍

    ReplyDelete
  2. സൂര്യകാന്തിപ്പൂക്കള്‍

    ReplyDelete
  3. Manoharam ezuthu,,,, thudaruka. Aashamsakalode,,,,

    ReplyDelete
  4. അപ്പോളോയുടെ സഞ്ചാര പഥങ്ങളെ കണ്ണിമ ചിമ്മാതെ നോക്കി നിന്ന് നിശãബ്ദം പ്രണയിച്ച് പൂവിന്റെ ജന്മമെടുത്ത ദേവാംഗനയാണ് ഇവള്‍. ഗ്രീക്കുകഥയിലെ ക്ലൈറ്റിയെന്ന ജല ദേവത! നില മറന്ന് സൂര്യനെ പ്രണയിച്ച് മണ്ണില്‍ വേരുറച്ച് പോയ ഭഗ്ന പ്രണയിനി.

    ReplyDelete
  5. നൊസ്റ്റാള്‍ജിക് :)

    ReplyDelete
  6. നന്നായിട്ട് എഴുതി..

    ReplyDelete
  7. വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ആകര്‍ഷകമായ ശൈലി.............
    ആശംസകള്‍

    ReplyDelete
  8. വേനലില്‍ ചിരിക്കുന്ന സൂര്യകാന്തി പൂക്കള്‍.. ആകര്‍ഷകമായ എഴുത്ത്..

    ReplyDelete

www.anaan.noor@gmail.com

ജാലകം