Tuesday, August 16, 2016

ഓർഫ്യൂസ് - ഒന്നാം ചില്ലയിലെ പക്ഷിമണം



ഓർഫ്യൂസ് എന്ന് പേരിട്ട ആ വീട്ടിൽ നിന്ന് അവളിറക്കപ്പെട്ടു .
വയസ്സായ തലയോടെ , വയസ്സായ നെഞ്ചോടെ ,
വയസ്സായ കാലോടെ ...
പിന്നീട് ചെന്ന് കയറിയത് ഒരുറക്കത്തിലേക്കാണ് .
പഴകിയ ഉറക്കത്തിന്‍റെ പാതാള രാജ്യത്തേക്ക്
യൂരിദൈസ് - നിന്റെയുടൽ
യൂരിദൈസ്- നിന്റെ ഉൾപ്പൂവ്
യൂരിദൈസ് - നിന്റെ കുഞ്ഞ്
എന്നിങ്ങനെ പഴകിയ ഉറക്കം പിറു പിറുത്ത് കൊണ്ടിരുന്നു
ഉറക്കത്തിന്റെ ഒന്നാം ചില്ലയിലേക്ക് പക്ഷി മണങ്ങൾ
പറന്നു വന്ന് പെരുകി . പിന്നെ തൂവൽ പൊഴിച്ചു.
ഉറക്കത്തിന്റെ രണ്ടാം ചില്ലയിൽ സൂര്യനുദിക്കുകയും മഞ്ഞുരുകുകയും ചെയ്തു
അടി വയറിന് ഭാരമുണ്ട് .എട്ടാം ഭാരം .
അടിവയറിന്റെ നീലച്ച എട്ടാം ഭാരം
ഏഴ് കുരുന്നുകൾ ഉയിരെടുക്കുകയും നീലച്ച് ഉടലൊടുക്കുകയും
പേറിന്റെ നീൾവരയടയാളങ്ങൾ ഉടലിലും
അഴുകിയ മുലപ്പാൽ മണം നെഞ്ചിലും അവശേഷിപ്പിച്ച്
ഘന നീലിമയിലേക്ക് പെയ്തൊഴിഞ്ഞതും .
ഉറക്കത്തിന്റെ മൂന്നാം ചില്ലയിൽ നനഞ്ഞ മണ്ണിന്റെ
മണത്തിൽ പാതാളരാജ്യത്ത് മഞ്ഞച്ചേരകള്‍ ഇഴഞ്ഞിറങ്ങി .
യൂരിദൈസ് - നിനക്കായി ഒന്നാം ചില്ലയിലവശേഷിച്ച പക്ഷിയുടലിലിപ്പോള്‍ ഓർഫ്യൂസ്ഗീതം .
കരുതി വെച്ച പാട്ട് .
( ഇത് എനിക്കെന്ന് ഞാൻ കരുതിവെച്ച ഗീതം )
* ഓർഫ്യൂസ് - സംഗീതത്തിന്റെ ഗ്രീക്ക് ദേവൻ
*യൂരിദൈസ്- പാതാള രാജ്യത്ത് അകപ്പെട്ട് പോയ ഓർഫ്യൂസിന്റെ പ്രിയതമ 

2 comments:

  1. ഉറക്കത്തിന്റെ മൂന്നാം ചില്ലയിൽ നനഞ്ഞ മണ്ണിന്റെ
    മണത്തിൽ പാതാളരാജ്യത്ത് മഞ്ഞച്ചേരകള്‍ ഇഴഞ്ഞിറങ്ങി .
    യൂരിദൈസ് - നിനക്കായി ഒന്നാം ചില്ലയിലവശേഷിച്ച പക്ഷിയുടലിലിപ്പോള്‍ ഓർഫ്യൂസ്ഗീതം .
    കരുതി വെച്ച പാട്ട് .

    ReplyDelete
  2. വായിച്ചു..ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete

www.anaan.noor@gmail.com

ജാലകം