Tuesday, December 15, 2015

കടലെന്നോ ഉടലെന്നോ പേരിടാം

കടലിനും പകലിനുമിടയ്ക്ക് ഒരു നീണ്ട കപ്പൽ നങ്കൂരമിട്ടിട്ടുണ്ട് .
കടലിനും പകലിനുമിടയിലേക്ക് നിഴൽ വീഴ്ത്തി
നേർത്ത കപ്പൽ വെളിച്ചങ്ങൾ കടൽ കവിയുന്നുണ്ട്
കടൽ നടത്തത്തിന്റെ രസച്ചരടിനിടയ്ക്കാണ്
ഉടലിൽ പറ്റിയ കടൽപ്പായലുകളെ തൂത്ത് കളയുന്നൊരാൾ
ഞാനാണ് കപ്പിത്താനെന്ന് പറഞ്ഞത്
കൂർമ്പൻ തൊപ്പിയോ വെഞ്ചാമരം പോലത്തെ നീളൻ താടിയോ
ഇല്ലാതെന്ത് കപ്പിത്താൻ എന്നതിശയം കൊള്ളവെയാണ്‌
നൂറ്റാണ്ടുകളായി കണ്ണിലുറഞ്ഞ കടൽപ്പകർച്ച
എനിക്ക് വെളിച്ചപ്പെട്ടത് .
അപ്പോഴാണ്‌ , ഇത് തന്നെയാണാ കപ്പിത്താൻ എന്നെനിക്കുറപ്പായതും.
പിന്നെയാ കപ്പിത്താന്റെ കണ്ണിൽ ഒളിച്ചാണ് ഞാൻ
സമുദ്ര സഞ്ചാരങ്ങളത്രയും നടത്തിയത്.
കടൽകാറ്റെന്റെ മുടിയിഴകളിൽ കടൽനിലാവ് വകഞ്ഞിട്ടത്
കപ്പൽപ്പായകള്‍ ഒരേയാകാശത്തില്‍ നൂര്‍ത്തിട്ടത്.

കപ്പൽച്ചേതങ്ങളില്‍ ഞങ്ങളൊരുമിച്ച് ഒറ്റ ദ്വീപായത്
അങ്ങനെയാണ് ഉടലിൽ കടൽനീലമുള്ള
കടൽപ്പെണ്ണായി ഞാൻ കര കടന്നത്
സാരമില്ല; നിങ്ങൾക്കിത് മനസ്സിലായില്ലെങ്കിലും കടലിളക്കങ്ങളുടെ
ഭാഷ പഠിപ്പിച്ച് തന്ന കപ്പിത്താനിത് മനസ്സിലാവും .
(ഹേയ്! അങ്ങനെയിങ്ങനെ കരയാനുള്ളതല്ല കടലുറങ്ങുന്ന കണ്ണുകള്‍ )

6 comments:

  1. കടൽ പോലെയാണല്ലോ

    ReplyDelete
  2. കടലോളം പോന്ന എഴുത്ത്

    ReplyDelete
    Replies
    1. സ്നേഹം -നന്ദി രോസപ്പൂവേ

      Delete
  3. കടൽ പെണ്ണ്...

    കടൽകാറ്റെന്റെ മുടിയിഴകളിൽ കടൽനിലാവ് വകഞ്ഞിട്ടത്
    ‘കപ്പൽപ്പായകള്‍ ഒരേയാകാശത്തില്‍ നൂര്‍ത്തിട്ടത്.
    കപ്പൽച്ചേതങ്ങളില്‍ ഞങ്ങളൊരുമിച്ച് ഒറ്റ ദ്വീപായത്
    അങ്ങനെയാണ് ഉടലിൽ കടൽനീലമുള്ള
    കടൽപ്പെണ്ണായി ഞാൻ കര കടന്നത്

    ReplyDelete

www.anaan.noor@gmail.com

ജാലകം