Sunday, September 6, 2015

ലോകത്തെ അവസാനത്തെ പെണ്ണ്.

സെപ്തംബര്‍ ആറിനു കുറിച്ചതെന്ന് ഫേസ്ബുക്ക്‌ വീണ്ടും ഓര്‍മ്മിപ്പിച്ചത് എന്തിനാണാവോ..
ചില പേരില്ലായ്മകള്‍ക്കൊപ്പം ഇവിടെ ചേര്‍ത്ത് വെക്കട്ടെ..
ഒടുക്കം ലോകത്ത് ഒരുത്തി ബാക്കിയാവും
ആത്മഹത്യ ചെയ്യുന്ന ഒടുവിലത്തെ പെണ്ണ്..
വാതിലുകൾ സാക്ഷ ഇടേണ്ടതുണ്ട്
ഒരു തുള്ളി വെളിച്ചവും വരാതെ എല്ലാജനലും
ഇറുക്കെ അടയ്ക്കേണ്ടതുണ്ട് .
കണ്ണാടി ജനലുകൾ കറുത്ത തിരശ്ശീലയാൽ മൂടെണ്ടതുണ്ട് .

ലോകത്തെ അവസാനത്തെ പെണ്ണാകിലും
ലോകം അവസാനിക്കും മുൻപ് ആത്മഹത്യ ചെയ്യണമെങ്കിലും
അടുക്കളപ്പണി തീർക്കേണ്ടതുണ്ട് .
മുലപ്പാൽ തീർന്ന് പോയത് കൊണ്ട്
കുറുക്കെ കാച്ചിയ പശുവിൻ പാൽ
ഇന്നലെയാണ് മരിച്ച കുട്ടിക്ക് കൊടുത്തത് .
ഉറുമ്പരിക്കും മുൻപ് ആ പാത്രം കഴുകി വെക്കേണ്ടതുണ്ട്
September 6, 2014 at 6:36pm · 

Thursday, September 3, 2015

വീട് ഇങ്ങനെയൊക്കെയുമാണ്



വീട് എപ്പോഴാണ് ഇത്രയധികം വര്‍ത്തമാനം പറഞ്ഞു തുടങ്ങിയത്
ഓരോ മുറികള്‍ക്കും ഓരോ ഭാഷയായിരുന്നു.
ആദ്യമൊക്കെ വീട്ടു ഭാഷയുടെ അകംപൊരുളുകള്‍
മറുഭാഷ പോലെ അപരിചിതമായി
ചിലപ്പോള്‍ ശബ്ദമില്ലാതെ പിറുപിറുത്തും
മറ്റു ചിലപ്പോള്‍ ഉച്ചത്തില്‍ ചിരിച്ചും
ചിലപ്പോള്‍ മൂളിപ്പാട്ട് പാടിയും
ഉച്ചക്കിറുക്ക് പറഞ്ഞുമിരിക്കുന്ന  വീട്ടുഭാഷ
ഇപ്പോള്‍ ഹൃദിസ്ഥമായിരിക്കുന്നു..
നോക്കൂ, എനിക്കെന്നല്ല മധ്യവയസ്സിലെത്തുന്ന വീട്ടു സ്ത്രീകള്‍ക്ക്
ആ ഭാഷ അത്രമേല്‍ പരിചിതമത്രേ..
ഇരുള്‍, നിഴല്‍ , മടുപ്പ് എന്നിങ്ങനെയും
മുഷിഞ്ഞ വസ്ത്രങ്ങള്‍ , അഴുക്ക് പാത്രങ്ങള്‍ , പഴകിയ മണങ്ങള്‍
എന്നിങ്ങനെയും അത് ചിലപ്പോള്‍ മൊഴി മാറ്റം നടത്തും.
അല്ല, മുന്‍പത്, മഴ , വെയില്‍, മഞ്ഞ് എന്നൊക്കെ ആയിരുന്നുവല്ലോ...
വീട് അരൂപികളുടെ രേഖാചിത്രങ്ങള്‍ വരയ്ക്കാറുണ്ടെന്നതും
അകം ഭാഷകളുടെ തര്‍ജ്ജമയറിയാത്ത
പുറം ഭാഷയെക്കുറിച്ച് ഒന്നരപ്പുറത്തില്‍
കവിയാതെ ഉപന്യസിക്കാം എന്നു പറഞ്ഞതും
കഴിഞ്ഞ രാത്രിയിലാണ് കേട്ടത് .
അപ്പോള്‍ വീടെ ഒന്ന് പറയൂ..
ഉമ്മകള്‍  ഉടലിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത് എങ്ങനെയാണ് ?--
ജാലകം