Tuesday, February 25, 2014

അലിഫെഴുത്തുകള്‍

അലിഫെഴുത്തിൽ , അബുന്‍ - അര്‍സുന്‍ പഠിച്ച മദ്രസ വീട്,
മുഹമ്മദുസ്താദിന്റെ വീടിന്റെ പുറം കോലായ , അല്ലെ റുബീ ?

സൂചി മുല്ലയുടെ മണം ആയിരുന്നു ഇളം നിറത്തിലുള്ള  മല്ലിന്റെ എന്റെ തട്ടത്തിന് .
നിന്റേത്,  മുക്കോണിലുള്ള തിളങ്ങുന്ന ദുബായ് തട്ടം.

കോലായയിലൊരറ്റത്ത് ഉസ്താദിന്റെ മിനുങ്ങുന്ന മൊട്ടത്തല.
നീളന്‍ ചാരു കസേരയില്‍ വെളുത്ത ജുബ്ബയും മുണ്ടും,
അരികില്‍ ആരെയും അടിക്കാത്തൊരു  പാവം ചൂരലും ...
ചുമന്നു മിനുത്ത തിണ്ണയിൽ ഞാനും നീയും അഷ്റഫുമൊക്കെ
ഉസ്താദിന്റെ നരച്ച സ്നേഹ കണ്ണിനു കീഴെ അലിഫെഴുത്തുകാർ

കോലായയുടെ മറ്റേ അറ്റത്ത് തര്‍ക്കുത്തരം പറയുന്നൊരു തത്തമ്മ.
സഫിയാന്റെ വല്ലിമ്മാന്റെ സ്വര്‍ണ്ണനിറത്തിലുള്ള കോളാമ്പി
ആടലോടകത്തിന്റെ കരിമ്പച്ച തിളങ്ങുന്ന വേലിത്തലപ്പ് ..
പെരുന്നാള്‍ക്കാലത്ത്  മൊട്ടയായി പോവുന്ന,
നല്ലോണം ചോക്കുന്ന 'ഉസ്താദിന്റവടത്തെ' മൈലാഞ്ചി.


ഇപ്പോള്‍ മദ്രസ രണ്ടായല്ലോ ,
റെയില്‍ പാളത്തിനപ്പുറവും ഇപ്പുറവുമായി -
 മഞ്ഞ വെയിലത്ത്
പാളം മുറിച്ച് ഒരു കറുത്ത പര്‍ദ്ദക്കുട്ടി അങ്ങോട്ട് ,
ഒരു വെളുത്ത തൊപ്പിക്കുട്ടി ഇങ്ങോട്ടും .
പുറത്ത് തൂങ്ങുന്ന പുസ്തക സഞ്ചിയില്‍ ശ്വാസം മുട്ടി അലിഫെഴുത്തുകള്‍...

അല്ലേ  റുബീ ...:)

27 comments:

  1. ഈ വരികളില്‍ എവിടെയൊക്കെയോ ഞാനുമുണ്ട്. തട്ടമെടുത്ത് അരികൊന്ന് മടക്കി തലയിലിട്ട് കറുത്ത സ്ലൈഡ് രണ്ട് ഭാഗത്തും കുത്തികയറ്റി ഖുര്‍ ആനൊപ്പം ദീനിയാത്തും അഖ് ലാഖും താരിഖുമെല്ലാം വാരിയെടുത്ത് മാറോടടുക്കി മദ്രസയിലേക്കോടുന്ന ഒരു ഞാന്‍.

    വായനയിലൂടെ പൊയ്പോയ ഒരു കാലഘട്ടത്തെ തന്നെ തിരിച്ചു പിടിക്കാന്‍ പ്രാപ്തമാക്കുന്നത് എഴുത്തിന്‍റെ വശ്യത തന്നെയാണ്. ആശംസകള്‍

    ReplyDelete
  2. ഓര്‍മ്മകള്‍ സ്വരുക്കൂട്ടി വെക്കാനൊരിടം.
    മറക്കാതെ ചെറുപ്പകാലം....

    ReplyDelete
    Replies
    1. അതെ- കയ്യെത്തും ദൂരത്തൊരു കുട്ടിക്കാലം

      Delete
  3. പണ്ട് ഓത്തുപള്ളിയായിരുന്നു...മൊല്ലാക്കയും ഓത്തുപലകയും ഉണ്ടായിരുന്നു.. ഇപ്പോള്‍ മദ്രസ്സ മാത്രമല്ല..മാറിയത് ..മോല്ലാക്കമാരെല്ലാം ഉസ്താദുമാരായി.. കുട്ടികള്‍ക്കൊന്നും കളിച്ചു ചിരിക്കുന്ന ഒരു മനസ്സില്ല,കറുപ്പിലും വെളുപ്പിലും കുളിപ്പിച്ച ഒരു വെറും നിഴല്‍മാത്രം..

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ ആറങ്ങോട്ടുകര...വായനയ്ക്ക്

      Delete
    2. കാലത്തിന്റെ സഞ്ചാരത്തിനിടക്ക് പഠനരീതികളിലെന്ന പോലെ വിദ്യാർഥികളിലും മാറ്റങ്ങൾ പ്രകടമായിട്ടുണ്ട്. മദ്റസകളിൽ നടപ്പിലാക്കുന്ന തദ്രീബ് എന്നൊരു രീതിയിലൂടെ പാഠ്യഭാഗങ്ങൾ ലളിതമാക്കിയിട്ടുണ്ട്. കഥകൾ, കവിതകൾ, ലളിതമായ അവതരണരീതി എന്നിവയിലൂടെ കുട്ടികൾക്ക് പഠനം ആയാസ രഹിതമാണ്. കുട്ടിത്തം നിറഞ്ഞ കൂട്ടുകാർക്കൊപ്പം ഒരു ഉസ്താദായി ഈ വിനീതനും ഉണ്ട്.

      Delete
  4. This comment has been removed by the author.

    ReplyDelete
  5. മനോഹരം...! ഓർമയുടെ തീരത്തിരുന്ന് ഓത്തുപള്ളി സ്പന്ദനങ്ങൾ ഫാതിഹാ ഓതുന്നു. 'ഒന്നി'ന്റെ ഗതകാലത്തെ ഗൃഹാതുരസ്മരണകൾ നെഞ്ചേറ്റുമ്പോഴും ഭിന്നിപ്പിന്റെ പാളങ്ങൾ നെഞ്ചുപിളർത്തുന്ന സമകാലത്തെ അടയാളപ്പെടുത്തുമ്പോൾ വസ്ത്രധാരണരീതിയിൽ ഉണ്ടായ വിപ്ലവം വരെ വരച്ചുകാട്ടുമ്പോൾ താങ്കളുടെ സൂക്ഷ്മദൃഷ്ടിക്ക് എ പ്ലസ് തരാം.

    ReplyDelete
    Replies
    1. :) നന്ദി ചങ്ങാതീ..ഈ നല്ല വായനയ്ക്ക്

      Delete
  6. തീരെ പരിചയമില്ലാത്തൊരു ബാല്യം! വായിച്ച് ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. ബാല്യത്തിന്റെ കൈവഴികൾ അജിത്തെട്ടാ

      Delete
  7. ഓര്മ്മകളിലെ ബാല്യത്തിൻറെ നഷ്ട നോമ്പരങ്ങൾക്ക്‌ എന്നും വല്ലാത്തൊരു കുളിരാണ്.
    പോയ്‌ പോയ കാലത്തിന്റെ ഗദ കാല സ്മരണയിൽ എന്റെ മദ്ദ്രസ്സ കാലം വീണ്ടും പൂത്തുലഞ്ഞു.

    ഓര്മ്മകളെ വീണ്ടെടുക്കാൻ നമ്മളെ പ്രാപ്തമാക്കുന്നത് പലപ്പോഴും ഇത്തരം പോസ്റ്റുകളാണ് .
    ഭാവുകങ്ങൾ..റജീ......"

    ReplyDelete
    Replies
    1. സഹീർ ! :) മദ്രസ കൾ ഇന്നിൽ ഭിന്നിപ്പ് കുത്തി വയ്ക്കുന്നുവല്ലോ എന്നൊരാകുലത ബാക്കി !

      Delete
  8. ഓത്തുപള്ളീല്‍ അന്ന് പോയിരുന്ന കാലം !

    ReplyDelete
    Replies
    1. ഓര്‍ത്തുകണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണു നീലമേഘം....:)

      Delete
  9. അതെ ഓർമ്മകൾ മരിക്കാത്ത ആ സുന്ദര ബാല്യകാലം...!

    ReplyDelete
    Replies
    1. അതേ ! ആ വഴികൾ പിന്നെയും പിന്നെയും കൂടെ പോരുകയാണല്ലോ ..:)

      Delete
  10. അന്നത്തെ ഓത്തുപള്ളി കാലത്തിന്‍റെ മധുരം ഇന്നില്ലായെന്ന് തോന്നുന്നു... വീണ്ടും അതൊക്കെ ഓര്‍ക്കാനായി, സന്തോഷം :)

    ReplyDelete
    Replies
    1. സന്തോഷം തന്നെ ..മുബീ..എന്റെ റുബിക്കും അതെ..സന്തോഷം :)

      Delete
  11. ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം
    ഓര്‍ത്തുകണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണു നീലമേഘം..

    ReplyDelete
    Replies
    1. പക്ഷെ ഇത് ചൂരൽ വീശാത്ത മൊല്ലാക്ക ആയിരുന്നു റിയാസ് ..:)

      Delete
  12. ആരെയും അടിക്കാത്തൊരു ചൂരല്‍. ഈ ഓര്‍മ്മയ്ക്ക് ഇത്രയും സുഗന്ധം അതുകൊണ്ടുതന്നെയാവണം. നീട്ടിപ്പിടിച്ച കൈകളിലേക്ക് പുളഞ്ഞെത്തുന്ന ചൂരല്‍ കഷണം പോലെ പേടിപ്പെടുത്തുന്ന ഒന്നുമില്ലായിരുന്നു അക്കാലത്ത്. വെളുത്ത കൈത്തലത്തില്‍ ചുവന്ന ചോരപ്പാട് വീഴ്ത്തിയ ആ ചൂരല്‍ത്തിണര്‍പ്പുകളുടെ ഓര്‍മ്മകള്‍ക്കു ചാരെ ഇരുന്ന്, ഇത് വായിക്കുമ്പോള്‍ ആ അന്തരീക്ഷത്തിന്റെ വ്യത്യസം അറിയുന്നു. അതു കൊണ്ടു തന്നെയാവണം ഈ ഓര്‍മ്മയ്ക്കിത്ര മൈലാഞ്ചിച്ചോപ്പ്. അക്കാലത്തോടുള്ള സ്നേഹം. സന്തോഷം...

    ReplyDelete
  13. പരിചയമില്ലെങ്കിലും വരികളില്‍ നിറയുന്ന സൌന്ദര്യത്തിന്‍റെ തിളക്കം അനുഭവിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. അലിഫെന്നാൽ അറബിയിലെ ആദ്യാക്ഷരം .. അലിഫിൽ (അ യിൽ തുടങ്ങുന്ന വാക്കുകളാണ് അബുൻ (അച്ഛൻ) , അർസുൻ (നെൽക്കതിർ)തുടങ്ങിയവ

      Delete
  14. പശ്ചാത്തലത്തിൽ ഗ്രാമഫോണിലൂടെ നിലമ്പൂർ ഷാജിയുടെ ഗാനവും.

    ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം
    ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണ്‌ നീലമേഘം
    കോന്തലക്കല്‍ നീ എനിക്കായ് കെട്ടിയ നെല്ലിക്കാ...

    ReplyDelete
  15. അപ്പുറവും ഇപ്പുറവും.... ചില ഓർമ്മകൾ.

    ReplyDelete

www.anaan.noor@gmail.com

ജാലകം