Thursday, August 11, 2011

സ്വപ്നം!

അവിടവിടെ വളർന്നു നില്‍ക്കുന്ന നിത്യ കല്യാണിയും മന്ദാരവും കാശിത്തുമ്പയും...
ഇത്തിരി തല ഉയർത്തി നില്‍ക്കുന്ന നീർ‍ മാതളവും.. കെട്ട് പിണഞ്ഞു പന്തലില്‍ പടർന്നു നില്‍ക്കുന്ന സൂചിമുല്ലയും പിച്ചകവും...
പിന്നെ പവിഴം മുറ്റത്ത് പൊഴിക്കുന്ന എന്റെ പ്രിയപ്പെട്ട മഞ്ചാടി മരം..

ഓര്‍ക്കിടിന്റെയും ആന്തൂരിയത്തിന്റെയും മൊസാന്തയുടെയും 
പ്രൌഢിയില്ലാത്ത  , വാടാമല്ലിയും ജമന്തിയും കമ്മല്‍പ്പൂക്കളും അതിരിട്ടു  നില്‍ക്കുന്ന  ഒരു പൂമുറ്റം..
മുറ്റം കടന്നു ഒതുക്കുകള്‍ കയറുമ്പോള്‍ ചുവന്ന തറയോടുകള്‍ പതിച്ച അകം. ദീവാന്റെയും കുഷ്യനുകളുടെയും ധാരാളിത്തം ഇല്ലാത്ത ഉമ്മറത്ത് ഒന്നോ രണ്ടോ ചൂരല്ക്കസേരകളും കാലു നീട്ടി ഇരുന്നു സൊറ പറയാന്‍ ഒരു ചാരുപടിയും.. മഴക്കാലം മനസ്സ് നിറഞ്ഞു പെയ്യുമ്പോള്‍ മഴ നനഞ്ഞു ഓടുന്ന എന്റെ കുട്ടികളുടെ പുറകെ ഓടാന്‍ ഒരു നടുമുറ്റം.. എന്റെ മഴ മുറ്റം..

വെറുതെ അന്തം വിട്ടിരിക്കാനും പിന്നെ ഒരലസ വായനയ്ക്കും തോന്ന്യാസങ്ങള്‍ കുത്തിക്കുറിക്കാനും നിലാവ് നോക്കിയിരിക്കാനും  ആട്ടുകട്ടില്‍ ഞാത്തിയ ഒരു പിന്‍ വരാന്ത..
അടുക്കലപ്പിന്നാമ്പുറത്തെ കിണർ‍..അതിനപ്പുറം വയലറ്റ് നിറത്തില്‍  പൂവിട്ടിരിക്കുന്ന അമരപ്പന്തല്‍..
കാര്‍ട്ടൂണ്‍ ചാനലുകളുടെയും പ്ലേ സ്റ്റെഷന്റെയും കംപ്യുട്ടര്‍ ഗെയിമുകളുടെയും ഒന്നും പിടിയില്‍ അമരരുത് എന്നെ ഞാന്‍ ആഗ്രഹിക്കുന്ന എന്റെ മക്കള്‍ക്ക് കളിച്ചു തിമിര്‍ക്കാന്‍   ഒരു ചക്കരമാവിന്‍  ചുവട്...പോന്മയെയും താറാവിനേയും നോക്കിയിരിക്കാനും നീന്തിത്തുടിക്കാനും അരികില്‍ കല്ല്‌ പാകിയ ആമ്പല്‍ വിരിഞ്ഞു നില്‍ക്കുന്ന തൊടിയിലെ കുളം...
കഴനിയും വെപ്പും മുളന്കൂട്ടവുമോക്കെ പരിഭവമില്ലാതെ വളര്‍ന്നു നില്‍ക്കുന്ന തൊടി.. മാമ്പൂ തിന്നു മദിച്ച് പാടുന്ന എവിടെയോ ഒളിഞ്ഞു പാർക്കുന്ന കുയില്‍  ശീല്‍ക്കാര ശബ്ദത്തോടെ ഇടയ്ക്കൊക്കെ പേടിപ്പിക്കുന്ന പാമ്പുകള്‍....

പിന്നെ ഒരു ചന്ദന മരം കൂടി..പാലക്കാടന്‍ കാറ്റ് ആഞ്ഞു വീശുമ്പോള്‍ എന്റെ വീടിനകം നിറയെ ചന്ദന ഗന്ധം നിറയാന്‍....അവിടെ ഒരുപാട് കാലം ..പൂമുഖ വാതില്‍ക്കലെ പൂന്തിങ്കളായി.. വഴിക്കണ്ണ്‍~ ഉം ആയി കാത്തു നില്‍ക്കുന്ന അമ്മ മനസ്സായി......

വെറുതെ നുണഞ്ഞ ഒരു സ്വപ്നമാണിത്..വൃഥാ സ്വപ്നം! ഈ സ്വപ്നത്തിന്റെ  കൈവഴികള്‍ അവസാനിക്കുന്നത് മീസാങ്കല്ലുകള്‍ പൂര്‍ത്തിയാകാത്ത സ്വപ്നങ്ങളെക്കുറിച്ച്‌ കാറ്റിനോട്  പറയുന്ന പുഴക്കരയിലാണ്..
ജാലകം